കടമ്മനിട്ടയും പടയണി ഗ്രാമവും

നിങ്ങളെന്‍റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!
(കുറത്തി, കടമ്മനിട്ട രാമകൃഷ്ണന്‍)

കടമ്മനിട്ട രാമകൃഷ്ണന്‍

കടമ്മനിട്ട രാമകൃഷ്ണന്‍

കവിതയിലൂടെയും ചൊല്‍ക്കാഴ്ചകളിലൂടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ നാവായി മാറിയ കലാകാരനായിരുന്നു എം ആര്‍ രാമകൃഷ്ണ പണിക്കര്‍ എന്ന കടമ്മനിട്ട രാമകൃഷ്ണന്‍. കവിത, നാടകം, സാഹിത്യം, വിവര്‍ത്തനം, രാഷ്ട്രീയം, സാംസ്‌കാരികം തുടങ്ങിയ പല മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രാമമായ കടമ്മനിട്ടയെക്കുറിച്ചും ഇത്തവണത്തെ യാത്രയിലൂടെ അറിയാം. കടമ്മനിട്ട രാമകൃഷ്ണന്‍ മാത്രമല്ല കടമ്മനിട്ട രാമന്‍ നായര്‍ ആശാന്‍ (പടയണി ആചാര്യന്‍), കടമ്മനിട്ട വാസുദേവന്‍ പിള്ള (മുന്‍ നാടന്‍ കല അക്കാദമി വൈസ് ചെയര്‍മാന്‍, പടയണി ആചാര്യന്‍) തുടങ്ങിയ ഒട്ടേറെ പ്രഗല്ഭരായ കലാകാരന്മാരുടെ നാട് കൂടിയാണ് ഈ പ്രദേശം.

മേലേത്തറയില്‍ കടമ്മനിട്ട രാമന്‍ നായര്‍ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി 1935 മാര്‍ച്ച് 22ന് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് രാമകൃഷ്ണന്‍ ജനിച്ചത്. പടയണി ആചാര്യനായിരുന്ന പിതാവിന്റെയും, ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനമായ പടയണിക്ക് പ്രശസ്തമായ കടമ്മനിട്ട ഗ്രാമത്തിന്റെയും സ്വാധീനമാണ് രാമകൃഷ്ണനെ നമ്മള്‍ ഇന്നറിയുന്ന ‘കടമ്മനിട്ട’യാക്കിയത്. ബിരുദ പഠനത്തിനുശേഷം അദ്ദേഹം കല്‍ക്കട്ട (ഇന്നത്തെ കൊല്‍ക്കത്ത)യിലേക്ക് പോവുകയും, പിന്നീട് മദ്രാസിലെത്തി (ചെന്നൈ) 1959ല്‍ പോസ്റ്റല്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്‌സ് വകുപ്പില്‍ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. 1963ല്‍ പത്തനംതിട്ട കോന്നിയിലെ വള്ളിക്കോട് സ്വദേശിയായ ശാന്തമ്മയെ വിവാഹം കഴിച്ചു.

മായായക്ഷി കോലം

മായായക്ഷി കോലം

1967-ല്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം, 1992ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്നതുവരെ തലസ്ഥാന നഗരിയില്‍ തന്നെയായിരുന്നു വാസം ഉറപ്പിച്ചിരുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. 1996-ല്‍ ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെയും പുരോഗമന കലാ-സാഹിത്യ സംഘത്തിന്റെയും നേതൃസ്ഥാനത്തെ പദവികളും വഹിച്ചിരുന്നു. അര്‍ബുദരോഗബാധിതനായതിനെ തുടര്‍ന്ന് 2008 മാര്‍ച്ച് 31-ന് പത്തനംത്തിട്ടയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശാന്‍ പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയുള്ള കടമ്മനിട്ടയുടെ പ്രധാന കൃതികള്‍ കുറത്തി, കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്, കോഴി, കാട്ടാളന്‍ തുടങ്ങിയവയാണ്.

കുതിരക്കോലം

കുതിരക്കോലം

നാടകവും കവിതയും ഒക്കെയായി സജീവമായിരുന്നെങ്കിലും തിരുവനന്തപുരത്തേക്ക് എത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷി മലയാളത്തിന് കൂടുതല്‍ പരിചതമായി തുടങ്ങിയത്. അന്നുവരെ മലയാള കവികള്‍ പിന്തുടര്‍ന്നു പോന്ന വൃത്ത-അലങ്കാര രചനകളെയെല്ലാം ലംഘിച്ചും ആധുനികവും എന്നാല്‍ മണ്ണിനോട് മനുഷ്യരോടും ഇഴുകിചേര്‍ന്നുമുള്ള ഒട്ടേറെ സാഹിത്യസൃഷ്ടികളുമായി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുകയായിരുന്നു കടമ്മനിട്ട. പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സംസ്‌കാരങ്ങളെയും കോര്‍ത്തിണക്കി അടിസ്ഥാന ജനവിഭാഗത്തിന് നിഷേധിച്ച നീതിയ്ക്കുവേണ്ടി അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ശബ്ദിച്ചു.

പടയണി കോലം നിർമ്മാണം

പടയണി കോലം നിർമ്മാണം

മണ്ണും മരവും പ്രകൃതിയും വന്യതയും സൗമ്യതതയും പച്ചമനുഷ്യരും ഒക്കെ വരികളിലെത്തിച്ച് അത് പടയണി താളത്തനൊപ്പം വായ്ത്താരികളായും ചൊല്‍കാഴ്ചകളായുമൊക്കെ ലോകത്തിന് മുമ്പിലേക്ക് അദ്ദേഹം അവതരിപ്പിച്ചു. നാടന്‍ കലാരൂപങ്ങളെ പാട്ടുകളെയും മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തി. അതില്‍ എടുത്തുപറയേണ്ടത് കടമ്മനിട്ട ഗ്രാമത്തിലെയും പരിസര ജില്ലാ പ്രദ്ദേശങ്ങളിലെയും അനുഷ്ഠാന കലയായ പടയണിയുടെ പ്രചരണമായിരുന്നു. കടമ്മനിട്ടയില്‍ ഒരു ‘പടയണി ഗ്രാമം’ സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ കൂടി സ്വാധീനമുണ്ടായിരുന്നു.

കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളുടെ ശില്പ നിര്‍മ്മിത സ്മാരകം, കടമ്മനിട്ട രാമകൃഷ്ണന്‍ സ്മൃതിമണ്ഡപം, പടയണി ക്ഷേത്രങ്ങള്‍, കടമ്മനിട്ട പടയണി ഗ്രാമം, കടമ്മനിട്ട ഗോത്രകലാകളരി, കടമ്മനിട്ട കലാവേദിയുടെ ആസ്ഥാന മന്ദിരം ഈ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കുള്ള ഇടങ്ങളാണ്. കുംഭം, മീനം മാസങ്ങളില്‍ (ഫെബ്രുവരി-മാര്‍ച്ച്-ഏപ്രില്‍) കടമ്മനിട്ടയില്‍ എത്തിയാല്‍ പരമ്പരാഗത ആചാരആനുഷ്ഠാനങ്ങളോടെ ദ്രാവിഡ അനുഷ്ഠാന-കലാരൂപമായ പടയണി നടക്കുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. കടമ്മനിട്ട ഭഗവതി ക്ഷേത്രം,താഴൂര് ഭഗവതി ക്ഷേത്രം, വലംചുഴി ക്ഷേത്രം തുടങ്ങിയിടങ്ങളിലെല്ലാം പടയണിയ്ക്ക് വളരെ പ്രാധാന്യമുള്ളയിടങ്ങളാണ്. കടമ്മനിട്ടയില്‍ നിന്ന് അഞ്ച് കി.മീ താഴെ മാത്രമേ ഈ ക്ഷേത്രങ്ങളിലേക്ക് ദൂരമുള്ളൂ.

പടയണി

പടയണി

കടമ്മനിട്ടക്കാവ് എന്ന് വിളിക്കുന്ന കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിന് എട്ട് നൂറ്റാണ്ടോളം പഴക്കമുണ്ട്. ദ്രാവിഡരീതിയിലുള്ള ഈ ആരാധനാലയമാണ് കടമ്മനിട്ട പടയണിയുടെ പ്രധാന കേന്ദ്രം. മധ്യതിരുവിതാംകൂറിലെ ചിദംബരം എന്നാണ് അപൂര്‍വ കൊത്തുപണികളുള്ള താഴൂര് ഭഗവതി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. അച്ചന്‍ക്കോവിലാറിന്റെ കരയിലുള്ള താഴൂര് ഭഗവതി ക്ഷേത്രത്തിന് 300 വര്‍ഷത്തെ ഐതിഹ്യമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനോഹരമായ വലംചുഴി ക്ഷേത്രവും അച്ചന്‍ക്കോവിലാറിന്റെ കരയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

പത്തനംതിട്ടയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിന് സമീപമാണ് കടമ്മനിട്ട പടയണി ഗ്രാമം സ്ഥിതിചെയ്യുന്നത്. ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു കലാകേന്ദ്രമാണ് കടമ്മനിട്ട പടയണി ഗ്രാമം. പുതിയ തലമുറയ്ക്ക് പടയണിയെയും പടയണി അനുബന്ധ കലാരൂപങ്ങളെയും പറ്റി അറിയാനും പഠിക്കാനും ഒരു പരിശീലനക്കളരി എന്നതാണ് ഇതിന്റ ലക്ഷ്യം. പടയണി, തപ്പു മേളം, വേലകളി, ചെണ്ട, എന്നിവയില്‍ ഇവിടെ പരിശീലനം നല്‍കുന്നു. കടമ്മനിട്ട ഗോത്രകലാകളരിയിലെ ആശാന്‍മാരാണ് പരിശീലനക്കളരി നടത്തുന്നത്. ഇതിനുള്ളില്‍ ഒരു പടയണി മ്യൂസീയവുമുണ്ട്.

കടമ്മനിട്ട പടയണി ഗ്രാമത്തില്‍ ഉള്‍പ്പടെ പടയണിയിലും അനുബന്ധ കലാരൂപങ്ങളിലും പരിശീലനം നല്‍കുന്നത് കടമ്മനിട്ട ഗോത്രകലാകളരിയിലെ ആശാന്മാരാണ്. പ്രദേശത്ത് പടയണി അവതരിപ്പിക്കുന്നതും ഈ ഗോത്രകലാകളരിയിലെ കലാകാരന്മാരാണ്. കേരളത്തിലെ നാടകങ്ങളുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ജ്വലിച്ച് നിന്നിരുന്ന പേരായിരുന്നു കടമ്മനിട്ട കലാവേദി. കടമ്മനിട്ട കലാവേദിയുടെ ആസ്ഥാന മന്ദിരവും ഈ പ്രദേശത്തെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കടമ്മനിട്ട രാമകൃഷ്ണനും, കടമ്മനിട്ട വാസുദേവന്‍ പിള്ളയും ഒക്കെ 1950കളില്‍ ആരംഭിച്ച ഈ നാടക കലാവേദിയുടെയും ഭാഗങ്ങളായിരുന്നു.

പത്തനംത്തിട്ട നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റനുള്ളിലാണ് കടമ്മനിട്ട ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെങ്ങുന്നൂരും (25 കി.മീ) തിരുവല്ലയുമാണ് (30 കി.മീ) അടുത്തുള്ള പ്രധാന റെയില്‍വേസ്റ്റേഷനുകള്‍. തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം 110 കി.മീ അകലെയാണ്. 137 കി.മീ അകലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം.

കൃഷ്‌ണ ഗോവിന്ദ്

കൃഷ്‌ണഗോവിന്ദ്

 

(കൃഷ്‌ണ ഗോവിന്ദ് എഴുതിയ മറ്റ് ലേഖനങ്ങൾ വായിക്കുക)

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content