കുഞ്ഞുകൂട്ടുകാർക്ക് ഒരു വനിതാദിന കത്ത്

കൂട്ടുകാരെ,

എന്തിനാണൊരു കത്തെന്നാണോ? അതും ഇങ്ങനെ നെടുനീളത്തിൽ. അതൊരു കാര്യം പറയാനാണ്. മാർച്ച് എട്ടിന്റെ പ്രത്യേകതകളെപ്പറ്റി നിങ്ങളോട് പറയാൻ. എനിക്ക് അറിയാം നിങ്ങൾക്കിങ്ങനെ നേരിട്ട് പറയുന്നത് അത്രെ ഇഷ്ടമല്ലെന്നും കഥയും പാട്ടുമൊക്കെയാ വേണ്ടതെന്നും. പക്ഷെ ഇത് പ്രധാനപ്പെട്ട ഒരു വിഷയമായത് കൊണ്ടാണ് ധൃതിയിൽ ഒരു കത്തെഴുതുന്നത്. മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമാണ്.

കുഞ്ഞുകൂട്ടുകാരോട് വനിതാ ദിനത്തെപറ്റി എന്താണ് പറയേണ്ടത് എങ്ങനെയാണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. കാരണം നിങ്ങളുടെ ലോകത്ത് എല്ലാവരും തുല്യരാണല്ലോ? തുല്യത എന്ന വലിയ വാക്കും തല്ക്കാലം മാറ്റി വെക്കാം. കളിച്ചും പഠിച്ചും ഓടിയും വീണും ചിരിച്ചും ഇടക്കൊന്നു കരഞ്ഞും ഒരുമിച്ചല്ലെ നിങ്ങൾ ആൺകുട്ടികളും പെൺകുട്ടികളും ജീവിക്കുന്നത്.

എന്നാൽ ഇനി ഒരു കാര്യം നോക്കിക്കെ? ചുറ്റിലുമുള്ള ചേട്ടന്മാരെയും ചേച്ചിമാരേയും, അച്ഛന്മാരെയും, അമ്മമാരെയും, മുത്തശ്ശന്മാരെയും, മുത്തശ്ശിമാരെയും ഒക്കെ…

വലിയ ക്ലാസ്സിലെ ചേട്ടന്മാർ സ്കൂളിലും ഗ്രൗണ്ടുകളിലുമൊക്കെ ഫുട്ബോളും ക്രിക്കറ്റും കളിക്കുമ്പോൾ ചേച്ചിമാർ എവിടെയാണ്. അവർ വീട്ടിലിരിക്കും അല്ലെ? കളിക്കാൻ അവർക്ക് ഇഷ്ടമല്ലാത്തത് കൊണ്ടൊന്നും അല്ല. മാത്രമല്ല നമുക്കൊക്കെ അറിയാം നല്ല പോലെ കളിക്കുക കൂടെ ചെയ്താലെ ആരോഗ്യത്തോടെ വളരാൻ സാധിക്കുള്ളു എന്ന്.

ഇനി വേറെ ഒരു കാര്യം കൂടെ ചോദിക്കാം. നിങ്ങളുടെ വീട്ടിലെ കൂടുതൽ പണികൾ ആരാണ് ചെയ്യുന്നത്? അടിച്ചു വാരൽ, തറ തുടക്കൽ, പാത്രം കഴുകുന്നത്, ഭക്ഷണം പാകം ചെയ്യുന്നത്, നിങ്ങളെ പഠിപ്പിക്കുന്നത്, നിങ്ങളുടെ വസ്‌ത്രങ്ങൾ ഒക്കെ തേച്ച് തരുന്നത് അങ്ങനെ അങ്ങനെ നൂറുകൂട്ടം പണികൾ ചെയ്യുന്നത് ആരാണ്? നിങ്ങളുടെ വീട്ടിലെ മാത്രമല്ല നിങ്ങൾ പോയി കണ്ട വീട്ടിലെ, കൂട്ടുകാരുടെ വീട്ടിലെ ഒക്കെ കാര്യങ്ങൾ കൂടുതലായി ചെയ്യുന്നത് ആരാണ്. വീട്ടിൽ ചെയ്യുന്ന പണി എത്രെ കൂടുതലാണെങ്കിലും അതിനെപ്പോഴും മൂല്യം കുറവാവുന്നത് എന്ത് കൊണ്ടാണ്.

ഇതൊക്കെ കുഞ്ഞു കൂട്ടുകാരുടെ ലോകത്ത് തന്നെ കാണാൻ പറ്റുന്ന കാര്യങ്ങളാണ്. ഇനിയും ഒരുപാട് പ്രശ്നങ്ങളാണ് സമൂഹത്തിൽ സ്ത്രീകൾ നേരിടുന്നത്. ചുരുക്കി പറയുകയാണെങ്കിൽ പീഢനങ്ങൾ, തൊഴിൽ സ്ഥലത്ത് നേരിടുന്ന വേർതിരിവുകൾ, അസ്വാതന്ത്ര്യം, നേരത്തെ പറഞ്ഞ തുല്യ അവസരങ്ങൾ പല മേഖലകളിലും ലഭിക്കാത്ത സാഹചര്യങ്ങൾ എന്തിനു പറയുന്നു വൃത്തിയുള്ള ശുചിമുറികളുടെ അഭാവം പോലും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

ഇതിങ്ങനെ തുടരാൻ സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ട് ഒരുപാട് മനുഷ്യർ അധികവും കരുത്തുറ്റ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾ കൊണ്ടാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് പല സൗകര്യങ്ങളും ലഭ്യമായത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആഗോളതലത്തിൽ ചർച്ചയാവുകയും ന്യൂസിലാൻഡ്, സോവിയറ്റ് യൂണിയൻ, ജർമനി, യൂറോപ്പിലെ മറ്റു രാജ്യങ്ങളൊക്കെ പ്രത്യേകം ഒരു ദിവസം വനിതാ ദിനമായി ആചരിക്കാനും തുടങ്ങി. പിന്നീട് 1977 മുതൽ യുണൈറ്റഡ് നേഷൻസ് ഔദ്യോഗികമായി മാർച്ച് 8 അന്തരാഷ്ട്ര വനിതാ ദിനമായി ആചരിക്കാൻ ആരംഭിച്ചു.

ഫെമിനിസം എന്ന വലിയ കുടയ്ക്ക് കീഴിൽ ലോകത്തിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകൾ മഴയും വെയിലും കൊള്ളാതെ നിന്നു. ഫെമിനിസവും ഒരുപാട് രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജൻഡേർസിനുമെല്ലാം ഒരേ അവകാശത്തോടെ ഭൂമിയിൽ ജീവിക്കാനുള്ള ഇടം ഒരുക്കണം എന്നാണ് ഫെമിനിസം മുന്നോട്ട് വെയ്ക്കുന്ന ആശയം.

ഈ ലക്ഷ്യങ്ങൾ എല്ലാ അർത്ഥത്തിലും നമുക്ക് നേടാൻ കഴിഞ്ഞോ?
ഒരിക്കലുമില്ല. നമുക്ക് ഏറെ ദൂരം ഇനിയും മുന്നോട്ട് പോകാനുണ്ട്.

അതിനായി നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?
നമ്മൾ വളരുമ്പോൾ ആരോടും അതിക്രമങ്ങൾ ചെയ്യാതെ ഇരിക്കാം. നമ്മൾ ആരെക്കാളും മുകളിലൊ താഴെയോ അല്ല എന്ന് അറിയണം. ചുറ്റും നടക്കുന്ന കാര്യങ്ങളെകുറിച്ച് വായിക്കുകയും അശക്തരായവരുടെ കൂടെ നിന്ന് അവരെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും വേണം. ലോകം എല്ലാവരുടെയും ആണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ സൂപ്പർ ഹീറോകൾ നമ്മളും.

അഖില എം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content