ഇതും ജീവിതം
സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് വെച്ച് കാണുമ്പോൾ നാട്ടിലേക്കുള്ള യാത്രയെക്കുറിച്ചോർമ്മ വന്നു. ചെറുതും വലുതുമായ കാർട്ടണുകൾ ആരെയോ കാത്തു നിൽക്കുന്നപോലെ അനുസരണയോടെ നില്‍ക്കുന്നു.
വിഷ്ണു നന്നേ ക്ഷീണിച്ചിട്ടുണ്ടായിരുന്നു. രാവിലെ മുതലേ ഓരോ പണിയിലാ… “ഇതൊക്കെ കാണുമ്പോൾ നാട്ടിലേക്ക് പോകാൻ തോന്നുന്നു… അല്ലേ… വിഷ്ണു”, ഞാനൊരാവേശത്തിൽ പറഞ്ഞു.
“നിനക്കെപ്പോഴും ആ ചിന്തയല്ലേ ഉള്ളൂ… എന്നാ പൊയ്ക്കോ… ആരു പറഞ്ഞു വേണ്ടാന്നു.” ശക്തി ഇത്തിരി കൂടുതലായതുകൊണ്ട് പിന്നെ ഞാനൊന്നും പറഞ്ഞില്ല.
ശ്രീമോൻ എന്നെ നോക്കി ഒന്നമർത്തി ചിരിച്ചു. “നോക്കി നിൽക്കാതെ വല്ലതും റൂമിൽ മറന്നിട്ടുണ്ടോ എന്ന് നോക്കെടാ…”, ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.
“അച്ഛനോടുള്ള ദേഷ്യം അമ്മ ഏട്ടനോട് കാണിച്ചതാ”. അഞ്ചുവയസ്സുകാരി കുഞ്ഞാറ്റ കൊഞ്ചിപ്പറഞ്ഞു.
ശ്രീമോൻ റൂമിലേക്കോടി. പിറകെ കുഞ്ഞാറ്റയും. അവർക്ക് ദുബൈയാണിഷ്ടം. പറഞ്ഞിട്ട് കാര്യമില്ല. ജനിച്ചു വളർന്നത് ഇവിടെയല്ലേ?
എല്ലാം ഒതുക്കി വെച്ച ശേഷം വിഷ്ണു സോഫയിലിരുന്നു. “വല്ല കാര്യവുമുണ്ടായിരുന്നോ ഈ റൂമുമാറ്റത്തിന്റെ…” കുറച്ചു നീരസത്തോടെ ടിഷ്യു പേപ്പറെടുത്തു മുഖം തുടയ്ക്കുന്നതിനിടയിൽ വിഷ്ണു പറഞ്ഞു.
മൂന്നാമത്തെ ഫ്ലോറിൽ റൂമൊഴിഞ്ഞപ്പോൾ ഗ്രൗണ്ട് ഫ്ലോറിലെ റൂമിൽ വല്ലാത്ത പൊടിയായതുകൊണ്ടു മാറാൻ നിർബന്ധം പറഞ്ഞത് ഞാൻ തന്നെയായിരുന്നു. ഇപ്പൊ വേണ്ട എന്ന് വിഷ്ണു പറഞ്ഞതാണ്.
ജോലി കഴിഞ്ഞു വന്ന് വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. പുറത്തു അലക്കി ഇടാനും പറ്റില്ല. നിറയെ പൊടിപിടിക്കും. ഫസീലത്താത്തയാണ് പറഞ്ഞത് മുകളിൽ പൊടിശല്യമില്ല എന്ന്. അന്ന് തൊട്ടുള്ള കാത്തിരിപ്പായിരുന്നു അവിടെ ഒരു റൂമൊഴിഞ്ഞു കിട്ടാൻ. രണ്ടു ദിവസം മുമ്പാണ് മുന്നൂറ്റി മുപ്പത്തിമൂന്നിലെ ജോർജ് ചേട്ടനും കുടുംബവും നാട്ടിലേക്ക് പോയത്.
ജിൻസി ചേച്ചി വന്ന് ഭർത്താവിന്റെ ജോലി പോയ കാര്യം പറയുമ്പോൾ ആദ്യം സങ്കടം തോന്നിയിരുന്നെങ്കിലും റൂമൊഴിയുന്നതിൽ എനിക്കല്‍പ്പം സന്തോഷം തോന്നി. യാത്ര പറയാൻ വന്ന ജിൻസി ചേച്ചിയുടെ കണ്ണുനിറഞ്ഞതു കണ്ടപ്പോൾ റൂം മാറിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, ജോർജ് ചേട്ടന്റെ ജോലി പോകേണ്ടിയിരുന്നില്ല എന്ന് തോന്നി. കോറോണക്കാലമായതിനു ശേഷം ഫ്ലാറ്റിൽ എല്ലാർക്കും പരസ്പരം ഒരിത്തിരി സ്നേഹമൊക്കെ വന്ന പോലെ പലപ്പോഴായി തോന്നിയിട്ടുണ്ട്.
“നീയൊരു ചായയിട്”, വിഷ്ണു പറഞ്ഞു. ചായപ്പൊടിയും പഞ്ചസാരയും എല്ലാം പാക്ക് ചെയ്തു വെച്ചല്ലോ എന്ന് പറയാൻ എനിക്ക് തോന്നിയില്ല. ഓഫീസിൽ പോയി രാവിലെ മുതൽ വൈകുന്നേരം വരെ എ സി റൂമിലിരിക്കുന്നയാൾക്ക് കുറച്ച് ശരീരമനങ്ങി ജോലി ചെയ്യുമ്പോൾ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികം. ഞാൻ വേഗം ചായപ്പൊടിയും പഞ്ചസാരയും ഇട്ടുവെച്ച കാര്‍ട്ടൺ തുറന്ന് സാധനങ്ങളെടുത്തു ചായ ഉണ്ടാക്കി.
“ഓ.. പാലില്ല അല്ലെ?”, കട്ടൻചായ കണ്ട വിഷ്ണു പറഞ്ഞു. ആ പറച്ചിലിൽ മുമ്പത്തെ ദേഷ്യമെല്ലാം എങ്ങോ പോയി മറഞ്ഞതായെനിക്ക് തോന്നി. “ഇനി അവിടെ ഫ്രിഡ്ജ് കൊണ്ടുവെച്ചിട്ട് വാങ്ങാം.” ഞാൻ പറഞ്ഞു.
എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് വിചാരിച്ച പാവക്കുട്ടി എവിടെ നിന്നോ ഓടിവന്ന സന്തോഷത്തിലാണ് കുഞ്ഞാറ്റ. ശ്രീമോനാണെങ്കിൽ ഒരു വർഷം മുമ്പ് നാട്ടിൽ നിന്ന് വരുമ്പോൾ അമ്മമ്മ വാങ്ങിക്കൊടുത്ത കുറേ കഥാപുസ്തകങ്ങളുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. വായിച്ചവ ആണെങ്കിലും ഓരോ പേജും അവൻ വിസ്മയത്തോടെ നോക്കുന്നു.
“ഇതൊക്കെ മുകളിലെത്തിക്കാൻ ആരേലും വിളിക്കണ്ടേ?”, ഞാൻ ചോദിച്ചു. “ഉം.. ഇവിടെത്തന്നെയുള്ള ഒരാളോട് വരാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വരും..” വിഷ്ണു പറഞ്ഞു തീരും മുമ്പേ അയാളെത്തി.
കണ്ടാലൊരു അറുപത്തിയഞ്ചു എഴുപത് വയസ്സ് പ്രായം തോന്നും. പാകിസ്താനി ആണെന്ന് വേഷം കണ്ടപ്പോൾ മനസ്സിലായി. എന്നെ കണ്ടപ്പോൾ അയാൾ വിനയത്തോടെ തലതാഴ്ത്തി ചിരിച്ചു. നന്നായി വിയർത്തതുകൊണ്ടു അയാളുടെ ജുബ്ബ ശരീരത്തോട് ഒട്ടിപ്പിടിച്ചിട്ടുണ്ട്. എല്ലുന്തിയ അയാളുടെ ശരീരവും, ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കണ്ണുകളും പാറിപ്പറക്കുന്ന കറുപ്പും വെളുപ്പും ബ്രൗണും ഇടകലർന്ന മുടിയും ഒരു നിമിഷം ഞാൻ നോക്കി നിന്നു.
ഇയാളെക്കൊണ്ട് ഇത്രയും സാധനങ്ങൾ എടുക്കാൻ പറ്റുമോ എന്ന് ഞാൻ ചിന്തിച്ചു. വിഷ്ണുവും അയാളും തമ്മിലുള്ള ഭാഷ ഹിന്ദിയിലായതിനാൽ ഞാൻ കുറച്ചു സമയം മൗനം പാലിച്ചു. ഹിന്ദി എനിക്കധികം വശമില്ലായിരുന്നു. കേട്ടാൽ മനസ്സിലാവും. പക്ഷെ പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്.
അയാൾ ഓരോ കാര്‍ട്ടണുകളായി മുകളിലേക്ക് കൊണ്ടുപോകാൻ തുടങ്ങി. ഒറ്റയ്ക്ക് എടുക്കാൻ പറ്റാത്തതിന് മാത്രം വിഷ്ണു സഹായിച്ചു. അയാളുടെ ജോലിയോടുള്ള ആത്മാർത്ഥത കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
എന്റെ ഓഫീസിലെ ബ്രേക്ക് കഴിഞ്ഞിട്ടും ജോലി ചെയ്യാതെ മൊബൈലിൽ വിരലുരച്ചുകൊണ്ടിരിക്കുന്ന പല മുഖങ്ങളും ഓർമയിൽ വന്നു. രണ്ടു മണിയാവുമ്പോഴേക്കും എല്ലാ സാധനങ്ങളും മൂന്നാം നമ്പറിൽ നിന്ന് മുന്നൂറ്റി മുപ്പത്തിമൂന്നിലേക്ക് സ്ഥാനം പിടിച്ചു.
പണിയെല്ലാം കഴിഞ്ഞു അയാൾക്ക് വിഷ്ണു നൂറ് ദിറംസ് കൊടുത്തു. അപ്പോൾ അയാളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
“ഇത്ര വലിയ കാശൊക്കെ ഞാൻ കണ്ടിട്ടുതന്നെ കുറെ നാളായി. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തുകൊടുത്താൽ പത്തോ ഇരുപതോ കിട്ടും. ഇത്രയും കാശൊന്നും വേണ്ട സാറേ…” അയാൾ പറഞ്ഞു നിർത്തി.
എനിക്കെന്തോ അയാളുടെ സ്വഭാവത്തിൽ വല്ലാത്തൊരത്ഭുതം തോന്നി. വിഷ്ണു അയാളോട് സ്നേഹത്തോടെ അത് വെച്ചോളാൻ പറഞ്ഞപ്പോൾ അയാളെന്നെ ഒന്ന് നോക്കി. ഞാൻ ചിരിച്ചു. അയാളുടെ മുഖത്തു സന്തോഷം വിടർന്നു. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. പുറത്തു ഓർഡർ ചെയ്ത ഭക്ഷണവുമായി ആളെത്തി. ഞാൻ വാങ്ങി കവർ തുറന്നു നോക്കി. നാല് പേക്കറ്റുണ്ട്. കാശെടുക്കാൻ മുറിയിലേക്ക് പോയ വിഷ്ണുവിന്റെ പുറകെ പോയി ഞാൻ ചോദിച്ചു, “അയാൾക്ക് ഭക്ഷണം കൊടുക്കണ്ടേ..”
“വേണ്ട.. അയാൾക്ക് കാൾ കൊടുത്തതല്ലേ… അയാള് വാങ്ങിച്ചോളും”, ഒരൊഴുക്കൻ മട്ടിൽ വിഷ്ണു പറഞ്ഞു.
ഞാനയാളുടെ മുഖത്തേക്ക് നോക്കി. അവിടെത്തന്നെ വീണുപോകുമെന്നു തോന്നും വിധം ക്ഷീണിതനായിരുന്നു അയാൾ. ഇനിയെന്തെലും ചെയ്യേണ്ടതുണ്ടോ എന്നയാൾ വിഷ്ണുവിനോടായി ചോദിച്ചു. ഇല്ലെന്നു കേട്ടതും ഞങ്ങൾക്ക് നന്ദിയും പറഞ്ഞു അയാൾ പോയി.
എനിക്കെന്തോ അയാൾക്ക് ഭക്ഷണം കൊടുക്കാത്തതിൽ വിഷമം തോന്നി. ഞാൻ വേഗം ഒരു പൊതിയുമെടുത്തു അയാളുടെ പിറകെ ഓടി. അയാൾക്ക് നേരെ അത് നീട്ടുമ്പോൾ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു വീണ്ടും അയാളെന്നെ അത്ഭുതപ്പെടുത്തി. പല പ്രാവശ്യം അയാൾ വേണ്ടെന്ന് പറഞ്ഞു. ഞാൻ നിർബന്ധിച്ചു കൈയിൽ വെച്ചുകൊടുത്തു. റൂമിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്നയാൾ വിളിച്ചു, “ബേട്ടീ…” ഞാൻ തിരിഞ്ഞുനോക്കി.
അയാളെന്നോട് കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ അതുവരെ കാണാത്ത ഒരു വെളിച്ചം ഞാൻ കണ്ടു. ഞാൻ ഒന്ന് ചിരിച്ചു.
വിഷ്ണുവും കുട്ടികളും ഭക്ഷണം കഴിക്കാൻ വന്നിരുന്നു. “അയാൾക്ക് കാശു കൊടുത്തതല്ലേ നീയെന്തിനാ ഭക്ഷണം കൊടുത്തേ…? ഇനി വീണ്ടും ഭക്ഷണം വരുത്തേണ്ടേ…?” വിഷ്ണു പറഞ്ഞു.
“ഏയ് വേണ്ട… കുഞ്ഞാറ്റ അത് മുഴുവനും കഴിക്കില്ല. അല്ലെങ്കിലും എനിക്ക് വിശക്കുന്നൊന്നുമില്ല. അയാളിത്രയും ജോലി ചെയ്തതല്ലേ…”, ഞാൻ വിഷ്ണുവിനെ സമാധാനിപ്പിച്ചു.
അയാളുടെ പേരെന്താ? താമസമെവിടെയാ? ഒറ്റയ്ക്കാണോ? എന്റെ നിർത്താതെയുള്ള ചോദ്യങ്ങൾ കേട്ട് മുഷിഞ്ഞിട്ടെന്നോണം വിഷ്ണു പറഞ്ഞു, “നീയെന്താ അയാൾക്ക് ജാതകമെഴുതാൻ പോകുന്നോ അയാളുടെ പേരും നാളുമൊക്കെയറിഞ്ഞിട്ട്… അയാൾ കുറേ നാളായിട്ട് ഇവിടൊക്കെത്തന്നെയാണ്..” ഇത്തിരി ശബ്ദം കൂട്ടി വിഷ്ണു പറഞ്ഞു.
ഞാൻ ശ്രദ്ധിക്കാതെ പോയതായിരിക്കും ചിലപ്പോള്‍. അല്ലെങ്കിലും ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ലല്ലോ. ലിഫ്റ്റിൽ കണ്ടാൽ തല ഉയർത്താൻ പോലും മടികാട്ടുന്ന ആളുകൾ ഈയിടെയായിട്ടാണ് സുഖവിവരം അന്വേഷിച്ചു തുടങ്ങിയത്. കൊറോണ തുടങ്ങിയതിൽ പിന്നെ കുറച്ചെങ്കിലും അടുപ്പം അയൽക്കാരുമായുണ്ട്.
മുമ്പ് കണ്മുന്നിൽ കണ്ടാലും ഒന്ന് ചിരിക്കാൻ പോലും കൂട്ടാക്കാത്തവർ ഇന്ന് മുഖംമൂടിക്കിടയിൽ കൂടി പുഞ്ചിരിക്കാൻ ശ്രമിക്കുന്നു. ഞാനും എന്റെ കുടുംബവും അതാണെന്റെ ലോകം എന്ന കാഴ്ചപ്പാട് മാറിപ്പോയതിൽ ഒരു നിമിഷം ഞാൻ സന്തോഷിച്ചു.
പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിൽ പോകാനിറങ്ങി. വണ്ടിക്കരികിലേക്ക് നടക്കുമ്പോൾ പിറകിൽ നിന്ന് ബേട്ടീ എന്ന സ്നേഹത്തോടെയുള്ള വിളി കേട്ടു. അവിടെയുള്ള കാറുകളൊക്കെ അയാള്‍ കഴുകി വൃത്തിയാക്കി കഴിഞ്ഞിരുന്നു. “കാറ് കഴുകട്ടെ..?”, അയാള്‍ എന്നോടു ചോദിച്ചു.
എന്റെ സമ്മതത്തിനായി കാത്തു നിൽക്കുന്ന അയാളോട് വേണ്ട എന്ന് പറയാൻ എനിക്ക് തോന്നിയില്ല. സത്യത്തിൽ കഴുകാൻ മാത്രം അഴുക്കൊന്നും ഇല്ലായിരുന്നു. ഞാൻ ചിരിച്ചുകൊണ്ടാന്നു മൂളിയതും അയാൾ ഓടിവന്ന് പെട്ടെന്ന് വൃത്തിയാക്കിത്തന്നു.
എത്ര പെട്ടെന്നാണ് അയാൾ ജോലികളൊക്കെ ചെയ്യുന്നത്! ഞാൻ പത്തു ദിറംസ് എടുത്തു അയാൾക്ക് നേരെ നീട്ടി. വേണ്ടെന്നയാൾ തലയാട്ടി. നിർബന്ധിച്ചിട്ടും വാങ്ങിയില്ല. സമയക്കുറവു കാരണം ഞാൻ പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി നീങ്ങുമ്പോൾ പിറകിൽ നിന്നയാൾ കൈവീശിക്കാണിക്കുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു.
എനിക്കയാളോടെന്തോ സ്നേഹമോ സഹതാപമോ ഒക്കെ തോന്നി. ആത്മാർത്ഥതയുള്ള നല്ല മനുഷ്യൻ. അതാവാം മറ്റുള്ളവരിൽ നിന്ന് അയാളെ വ്യത്യസ്തനാക്കുന്നത്. ഓഫീസിലെത്തുംവരെ അയാളുടെ മുഖമായിരുന്നു മനസ്സിൽ. അയാൾ കാശു വാങ്ങാത്തതിൽ എനിക്കു പ്രയാസം തോന്നി. സാരമില്ല നാളെ കൊടുക്കാം ഞാനാശ്വസിച്ചു.
ഓഫീസിലെത്തിയാൽ പിന്നെ വേറൊരു ലോകമാണ്. വൈകുന്നേരം വരെ വേറൊന്നും ചിന്തിക്കാൻ സമയം കിട്ടില്ല. കുഞ്ഞുങ്ങളെ കണ്ടോണ്ട് ഇരിക്കാൻ വേണ്ടി സി സി ടി വി വെച്ചത് വലിയ സമാധാനം.
ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഏഴുമണിയാകും. മുമ്പൊക്കെ വിഷ്ണു അഞ്ചുമണിയാകുമ്പോഴേക്കും എത്തുമായിരുന്നു. ഇപ്പോൾ ഒമ്പതു പത്തു മണിയാകും. അതുകൊണ്ട് തന്നെ വിഷ്ണുവിനെ ഒരു സഹായത്തിനും ഈയിടെയായി കിട്ടാറില്ല. ഈ അടുത്തായി വല്ലാത്ത ദേഷ്യമാണ്. എന്ത് പറഞ്ഞാലും ദേഷ്യപ്പെടും. എന്തേ ഇങ്ങനൊരു മാറ്റം എന്ന് പലവട്ടം ആലോചിച്ചതാണ്. സംസാരം മുമ്പേ വിഷ്ണുവിന് ഇത്തിരി കുറവാണ് എന്നാലും എല്ലാവരോടും വലിയ സ്നേഹമാണ്.
ജോലി കഴിഞ്ഞു വന്നാൽ കുട്ടികളൊത്തു കളിക്കാൻ വിഷ്ണു സമയം കണ്ടെത്തിയിരുന്നു. ഇപ്പോ കുറെ ദിവസങ്ങളായിട്ടു അതുപോലും വിഷ്ണു മറക്കുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് വഴക്കിടരുതെന്നു നിർബന്ധമുള്ളതുകൊണ്ട് ഞാൻ അധികമൊന്നും ചോദിക്കാറില്ല.
ഓഫീസിൽ നിന്ന് വന്നാലുടൻ ലാപ്ടോപ്പോ മൊബൈലോ ഓണാക്കി ഇരിക്കും. അതെത്ര നേരമുണ്ടാവുമെന്നു പറയാൻ കഴിയില്ല. ചിലപ്പോൾ മണിക്കൂറുകളോളം നീളും. എന്താ ഇത്രമാത്രം നോക്കാനുള്ളത് എന്ന് പലവട്ടം ചോദിക്കാൻ തോന്നി. പക്ഷെ എന്തോ ഞാൻ ചോദിച്ചില്ല.
പിറ്റേ ദിവസവും ഞാൻ ആ മനുഷ്യനെ കണ്ടു. എന്റെ കാറ് ഇന്നും അയാൾ വൃത്തിയാക്കി.എല്ലാ ദിവസവും അയാൾ ഞാനിറങ്ങുന്ന സമയത്തിനായി കാത്തു നിൽക്കുന്നപോലെ. എനിക്ക് തോന്നി ബേട്ടീന്നു വിളിച്ചോണ്ട് വാതോരാതെ സംസാരിക്കും. ബേട്ടിന്നുള്ള അയാളുടെ വിളി എനിക്കിഷ്ടമായിരുന്നു.
ഒരു ദിവസം ഞാനയാളോട് പേരു ചോദിച്ചു. കുഴപ്പിക്കുന്ന എന്തോ ചോദ്യം ചോദിച്ച പോലെ അയാൾ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു, “ഹമീദ്”
ആരും വിളിക്കാനില്ലാത്തതുകൊണ്ട് സ്വന്തം പേരുപോലും അയാൾക്ക് അന്യമായപോലെ തോന്നി. പേര് പറഞ്ഞ ശേഷം അയാൾ മൗനത്തിലായി. പക്ഷെ ഒരുപാട് കാര്യങ്ങൾ അയാളുടെ മുഖത്തുനിന്നെനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പാവം മനുഷ്യൻ. കൂടെ ആരുമില്ല.
എനിക്കയാളെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. അയാളെന്നോ വർഷങ്ങൾക്കു മുമ്പേ ദുബായിൽ വന്നുപെട്ടതാണ്. ഇപ്പോൾ വിസയോ പറയാൻ മാത്രം ജോലിയോ ഒന്നുമില്ല. ഏതെങ്കിലുമൊക്കെ ബിൽഡിങ്ങിന്റെ ടെറസിൽ കിടന്നുറങ്ങും കിട്ടിയ കാശുകൊണ്ട് എന്തേലും വാങ്ങിക്കഴിക്കും. എന്നിട്ടും അയാളുടെ മുഖത്തെന്നും സന്തോഷമാണ്. ഈ കാര്യങ്ങളൊക്കെ സെക്യൂരിറ്റിയിൽ നിന്നറിഞ്ഞതാണ്.
പിറ്റേന്ന് വണ്ടി കഴുകുമ്പോൾ ഞാനയാളോട് ചോദിച്ചു, “നാട്ടിൽ പോകണമെന്നു തോന്നുന്നില്ലേ…?” കുനിഞ്ഞുനിന്നു വണ്ടിയിൽ നിന്നും ഓരോ പൊടിയും തുടച്ചുനീക്കുന്നതിനിടയിൽ അയാളൊന്നു മുഖമുയർത്തി നിവർന്നുനിന്നു. പെട്ടെന്ന് അതുവരെയുണ്ടായിരുന്ന സന്തോഷമെല്ലാം മാറി ആ മുഖം സങ്കടകൂമ്പാരമായി. ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.
അയാളൊന്നും മിണ്ടാതെ പോക്കറ്റിൽ നിന്നും കീറിപ്പറിഞ്ഞ കളറുപോലും മനസ്സിലാവാത്ത ഒരു പെഴ്സെടുത്തു. അതിൽ നിന്നും ഒരു ഫോട്ടോ എടുത്ത് എനിക്ക് കാണിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നല്ല ഭംഗിയുള്ള ഒരമ്മ. ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയും കെട്ടിപ്പിടിച്ചുള്ള ഫോട്ടോ. അത് ഞാനും അമ്മയും അനിയത്തിയുമാണെന്നു പറഞ്ഞു കൊച്ചുകുട്ടികളെപ്പോലെ അയാൾ പൊട്ടിക്കരഞ്ഞു. എനിക്കെന്തു ചെയ്യണമെന്നറിയാതെയായി. ഹമീദ്ക്കാ… ഹമീദ്ക്കാ… എന്ന് ഞാൻ വിളിച്ചതും പെട്ടെന്നയാൾ കരച്ചിൽ നിർത്തി. ഫോട്ടോ നിധിപോലെ പേഴ്സിലേക്ക് തിരിച്ചു വെച്ച് നടന്നുനീങ്ങി.
ഹമീദ്ക്കയുടെ മനസ്സിൽ എന്നോ എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ഞാനായിട്ട് വീണ്ടും കത്തിച്ചപോലെ എനിക്ക് തോന്നി. പിറ്റേന്ന് ഹമീദ്ക്കയെ രാവിലെ കണ്ടില്ല എനിക്കെന്തോ അയാളെ കാണണമെന്ന് തോന്നി.
സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ അറിയില്ല ഇന്നലെ വൈകുന്നേരം ആ ബില്‍ഡിങ്ങിനടുത്തൊക്കെ ഉണ്ടായിരുന്നെന്ന് പറഞ്ഞു സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് ഞാൻ ചെന്നു നോക്കി. ഹമീദ്ക്ക അവിടെ ഒരു മൂലയിൽ കൂനിക്കൂടി ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ബേട്ടി എന്നു വിളിച്ചു പെട്ടെന്നെഴുന്നേൽക്കാൻ ശ്രമിച്ചു.
“ഹമീദ്ക്ക എഴുന്നേൽക്കണ്ട”. ഞാൻ പറഞ്ഞു. “എന്റടുത്തേക്കു വരണ്ട… എനിക്ക് പനിയാ”, ഹമീദ്ക്കയുടെ സ്വരം നന്നേ ക്ഷീണിച്ചിരുന്നു. അയ്യോ ഇനി കോറോണയായിരിക്കുമോ? ഒരു നിമിഷം ഞാനാലോചിച്ചു.
“ഹമീദ്ക്ക എന്തേലും കഴിച്ചുവോ…?” ഭയം പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു. ഇല്ലെന്നയാൾ തലയാട്ടി. ഞാൻ ഓഫീസിൽ വിളിച്ചു അന്ന് ലീവാണെന്നറിയിച്ചു. പിന്നെ പെട്ടെന്ന് കുറച്ചു കഞ്ഞിയുണ്ടാക്കി. ചൂടുകഞ്ഞിയും പാത്രത്തിലെടുത്തു മാസ്കും ഗ്ലൗസും ധരിച്ചു ഹമീദ്ക്കയുടെ അടുത്തേക്ക് പോയി. അവിടെങ്ങും ഹമീദ്ക്കയെ കണ്ടില്ല. നിരാശയോടെ കഞ്ഞിയുമായി തിരികെ വരാൻ തുടങ്ങിയ ഞാൻ ബേട്ടി എന്ന വിളികേട്ട് സന്തോഷത്തോടെ തിരിഞ്ഞു നോക്കി.
ഹമീദ്ക്ക ദൂരെ നിന്നും വരുന്നു. എന്നെ കണ്ടതുകൊണ്ട് ക്ഷീണം വകവെയ്ക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി. കീറിപ്പറിഞ്ഞ ഒരു കമ്പിളിപ്പുതപ്പ് പുതച്ചിട്ടുണ്ട്. സുരക്ഷിത അകലം പാലിച്ച് കുറച്ചു ദൂരെയായി ഹമീദ്ക്ക വന്നു നിന്നു.
“ഞാൻ ഒരു ചായ കുടിക്കാൻ പോയതാ ബെട്ടീ… .പിന്നെയാ ഓർത്തത് അവിടൊക്കെ ഒരുപാടാളക്കാർ വരുന്നതല്ലേന്ന്…” ബാക്കി പറയാൻ ഹമീദ്ക്കയെ ചുമ സമ്മതിച്ചില്ല. കൈകൊണ്ട് ആംഗ്യം കാണിച്ചു എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഹമീദ്ക്കയുടെ ചിന്തകളോട് എനിക്ക് ബഹുമാനം തോന്നി.
“ഇത്തിരി ചൂടുകഞ്ഞിയാ ഹമീദ്ക്ക…” ഞാൻ പറഞ്ഞു. ഇക്ക എന്റെ മുഖത്തും പിന്നെ പാത്രത്തിലേക്കും മാറിമാറി നോക്കി. പ്രതീക്ഷകളെല്ലാം അസ്തമിച്ചു ഏകാന്തതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയ നന്നേ തളർന്ന ആ കണ്ണുകൾ എന്നോടൊരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.
കഞ്ഞി അവിടെ വെച്ചിട്ടു ഞാൻ വീട്ടിലേക്കു നടന്നു. ഞാനൊന്ന് തിരിഞ്ഞു നോക്കി. ഇക്ക കഞ്ഞിപ്പാത്രം തുറക്കുന്നതും ആർത്തിയോടെ കോരിക്കുടിയ്ക്കുന്നതും നോക്കിനിന്നു. എനിക്കെന്നോട് അതുവരെ തോന്നാത്ത ഒരിഷ്ടം തോന്നി. ആരും പ്രാർത്ഥിക്കാനില്ലാത്ത ഹമീദ്ക്കയ്ക്കു വേണ്ടി ഞാൻ മനസ്സ് തുറന്നു പ്രാർത്ഥിച്ചു.
എന്നെങ്കിലും തന്റെ മോൻ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ ഹമീദ്ക്കയുടെ ഉമ്മ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടാവുമോ? അറിയില്ല.
പിറ്റേന്ന് രാവിലെ ഞാൻ ഇറങ്ങുമ്പോൾ ഇക്കയ്ക്കു കുറച്ചു ഭക്ഷണമെടുത്തു. ഹമീദ്ക്ക ഇന്നലെ കണ്ട അതേ മൂലയിൽ ഇരിക്കുന്നു. ഞാൻ ഭക്ഷണം ഇക്കയുടെ അടുത്ത് വെച്ച് സമയം വൈകിയതുകൊണ്ട് പെട്ടെന്ന് തന്നെ അവിടം വിട്ടു. ഇക്ക കൈവീശിക്കാണിച്ചു. പിന്നെ എന്നും എനിക്ക് സമ്മാനിക്കാറുള്ള ആ സ്നേഹച്ചിരിയും.
ഓഫീസിൽ അന്ന് പതിവിൽ കൂടുതൽ ജോലിയുണ്ടായിരുന്നതുകൊണ്ട് വൈകുന്നേരമായപ്പോഴേക്കും ഞാൻ നന്നേ ക്ഷീണിച്ചു. വീട്ടിലേക്കു പോകുന്ന വഴി വിഷ്ണുവിന്റെ വിളി വന്നു. ഡ്രൈവ് ചെയ്യുന്ന സമയത്തു സാധാരണ വിഷ്ണു വിളിക്കാറില്ല.
വണ്ടി അല്പം സൈഡാക്കി ഞാൻ മൊബൈലെടുത്തു. ഞാനെന്തേലും പറയും മുമ്പേ വിഷ്ണു പറഞ്ഞു, “നമ്മുടെ റൂം ഷിഫ്റ്റിംഗിന് സഹായിച്ച അയാൾ കുറച്ചു മുമ്പേ മരിച്ചുപോയി”.
“വിഷ്ണൂ” എന്ന് വിളിച്ചതല്ലാതെ എനിക്ക് വേറൊന്നും പറയാൻ തോന്നിയില്ല. ഒരു നിമിഷം എന്റെ തൊണ്ടയിൽ വാക്കുകൾ പുറത്തുവരാനാകാതെ ഞെരുങ്ങിയിരുന്നു. ഞാൻ വിഷ്ണു പറയുന്നതെല്ലാം കേട്ടു. “കൊറോണയായിരുന്നു പോലും.. പോലീസിനെ അറിയിച്ചിട്ടുണ്ട്. നീ പേടിക്കണ്ട ഭക്ഷണം കൊടുത്തുന്നുവെച്ചു നമുക്ക് കുഴപ്പമൊന്നും വരില്ല.”
ഞാനയാൾക്കു ഭക്ഷണം കൊടുത്ത കാര്യമൊക്കെ വിഷ്ണു എങ്ങനറിഞ്ഞു എന്നു ചോദിക്കാൻ തോന്നി. പക്ഷെ വാക്കുകൾക്കാരോ കടിഞ്ഞാണിട്ടതുപോലെ ഒന്നും പുറത്തേക്കു വന്നില്ല. ഒന്നിനും മറുപടി പറയാൻ എനിക്കായില്ല. എനിക്ക് ദേഹമാകെ തളരുന്ന പോലെ തോന്നി. കുറച്ചു നേരം വണ്ടിയിലിരുന്നു. പിന്നെ ഹമീദ്ക്കയെ അവസാനമായി ഒന്ന് കാണണമെന്ന് തീവ്രമായ ആഗ്രഹത്താൽ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഞാൻ വണ്ടി പാർക്ക് ചെയ്ത് രാവിലെ ഇക്കയെ കണ്ട സ്ഥലത്തേക്ക് ഓടി. അവിടെങ്ങും ആരുമില്ല. ഞാൻ ഭക്ഷണം കൊടുത്ത പാത്രങ്ങളും ഇക്കയുടെ ബ്ലാങ്കറ്റും അനാഥമായി അവിടെ ഒരു ചോദ്യചിഹ്നം പോലെ കിടക്കുന്നു.
ആരുമില്ലാതിരുന്ന ആ മനുഷ്യനെ എങ്ങോട്ടായിരിക്കും കൊണ്ടുപോയത്? ആകെ ഒരു മരവിപ്പനുഭവപ്പെട്ടു. ഞാനെന്തിനാ ഇത്രയും സങ്കടപ്പെടുന്നതെന്ന് ഞാനെന്നോട് തന്നെ ചോദിച്ചുകൊണ്ടേയിരുന്നു.
കുറെ നാളായിട്ടു കുളിച്ചിട്ടു മാത്രമേ വീടിനുള്ളിലേക്ക് കയറാറുള്ളൂ. കൊറോണക്കാലം തുടങ്ങിയപ്പോഴേ ശീലിച്ചതാണ്. അന്നെനിക്ക് ഒന്നിനും വയ്യായിരുന്നു. ഞാൻ സോഫയിൽ പോയിരുന്നു. കുഞ്ഞാറ്റ ഓടിവന്നു, “അമ്മേ ആ ജുബ്ബ അങ്കിൾ മരിച്ചോ? അച്ഛനാരോടോ ഫോൺ ചെയ്യു പറയുന്നുണ്ടായിരുന്നു”.
“ഉം…” ഞാനൊന്ന് മൂളി. കണ്ണിൽ ഇരുട്ടു വന്നു കയറുന്നപോലെ തോന്നി. ഹമീദ്ക്കയുടെ ബേട്ടി എന്നുള്ള വിളി കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വണ്ടി നീങ്ങുമ്പോൾ കൈവീശിക്കാണിക്കുന്ന ഇക്കയെ എന്നും ഞാൻ കണ്ണാടിയിലൂടെ കാണുമായിരുന്നു. ഇനി അതില്ല എന്ന സത്യം ഉൾക്കൊള്ളാൻ എനിക്കായില്ല. “അമ്മയ്ക്ക് ലഡു വേണോ..?” ശ്രീമോൻ ഒരു ബോക്സ് നിറയെ ലഡുവുമായി എന്റെ മുന്നിൽ നിൽക്കുന്നു. “അച്ഛൻ കൊണ്ടുവന്നതാ” അവൻ കൂട്ടിച്ചേർത്തു. വേണ്ടെന്നു ഞാൻ തലയാട്ടി.
വിഷ്ണു വന്നതും വേഗം അടുത്ത് വന്നിരുന്നു എന്റെ കൈപിടിച്ച് പറഞ്ഞു, “നീയെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ? അയാൾ നമ്മുടെ ആരുമില്ലല്ലോ?”
ആണ്. എന്റെ ആരൊക്കെയോ ആണ്. എന്തോ ഒരാത്മബന്ധം എനിക്കാ ഇക്കയോടുണ്ടായിരുന്നു. എനിക്ക് ഇക്കയെ ഒരുപാടിഷ്ടമായിരുന്നു. ഇക്ക നല്ലതാ…സ്നേഹമുള്ള ആളാ. പരസ്പരം സ്നേഹിക്കാൻ ഭാഷയോ മതമോ ജാതിയോ ഒന്നും വേണ്ട എന്നൊക്കെ എനിക്ക് മനസ്സിലാക്കിത്തന്നത് ഇക്കയാണ്. എന്നൊക്കെ എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നിനും കഴിഞ്ഞില്ല.
വിഷ്ണുവിനും നല്ല വിഷമമുണ്ടെന്ന് ആ മുഖത്തുനിന്നും എനിക്ക് മനസ്സിലായി. അവൻ പെട്ടെന്ന് ടേബിളിൽ വെച്ച ഫയൽ തുറന്നു ഒരു പേപ്പർ എന്റെ നേരെ നീട്ടി പറഞ്ഞു.
“നിനക്കറിയോ കുറെ നാളുകളായി എനിക്ക് ജോലി നഷ്ടപ്പെട്ടിട്ട്. അന്ന് മുതലുള്ള ശ്രമമായിരുന്നു. പുതിയതൊന്നു കണ്ടുപിടിക്കാൻ. ഇതെന്റെ ഓഫർ ലെറ്ററാ… നോക്ക് നമുക്ക് ചിന്തിക്കാവുന്നതിനപ്പുറമുള്ള സാലറി”. അവന്റെ കണ്ണുകൾ ഒരു നിമിഷം സന്തോഷത്താൽ ജ്വലിച്ചു.
“അപ്പോൾ ഇത്രയും നാൾ…” ബാക്കി പറയാൻ എനിക്ക് പൊങ്ങിയില്ല.
“എന്റെ ഒരു സുഹൃത്ത് തൽക്കാലം ഒന്ന് ശരിയാക്കി തന്നതാ… നല്ല ബുദ്ധിമുട്ടായിരുന്നു വെയ്റ്റ് എടുക്കണം. പിന്നെയും ഒരുപാട് പണികൾ… നേരത്തെ മാനേജരായിരുന്നു എന്നൊന്നും അവിടെ പറയാൻ പറ്റില്ലല്ലോ… അവർ പറയുന്നതെന്തും ചെയ്യണം. വേണ്ടി വന്നാൽ ടോയ്ലറ്റും ക്ളീൻ…” ബാക്കി പറയും മുമ്പേ ഞാൻ വിഷ്ണുവിന്റെ വായ പൊത്തി. ഞാനവനെ കെട്ടിപ്പിടിച്ചു.
അവന്റെ കൈയിൽ ആ ഓഫർ ലെറ്ററുണ്ടായിരുന്നു. ഞാനതിലേക്കു നോക്കി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അക്ഷരങ്ങൾ എന്നിൽ നിന്നോടി ഒളിച്ചു. ഞാൻ പൊട്ടിക്കരഞ്ഞു.
“അയാൾ പറഞ്ഞതാ മോന് ഈ ജോലി കിട്ടുമെന്ന്.. അയാളോട് പറയാൻ പോയപ്പോഴേക്കും ഒരു വാക്കു പോലും പറയാതെ പൊയിക്കളഞ്ഞു.” വിഷ്ണു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ഹമീദ്ക്കയുടെ പേര് ആർക്കും അറിയില്ല. എന്തിനറിയണം…? അറിയേണ്ട കാര്യമില്ലല്ലോ. ഞാൻ പിന്നെയും ഒരുപാട് നേരം ഇക്കയെക്കുറിച്ചോർത്തു. അന്നെനിക്കുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പിറ്റേന്നു പതിവുപോലെ ഞാൻ ഓഫീസിൽ പോകാനിറങ്ങി. എന്നെയും കാത്തവിടെ ഇക്ക ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു.
ഒരുനിമിഷം ഞാൻ വണ്ടിക്കരികിൽ നിന്നു ഹമീദ്ക്ക വന്നാലോ…? യാഥാർഥ്യങ്ങൾ ചിലപ്പോൾ അങ്ങനെയാണ്. അതുൾക്കൊള്ളാൻ നമുക്കാവില്ല. ചില സത്യങ്ങൾ സത്യമല്ലെന്നു വിശ്വസിക്കാൻ നാം ശ്രമിക്കും.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. എന്റെ ഉള്ളിൽ ഹമീദ്ക്ക നിറഞ്ഞു നിന്നു. ഇക്ക എന്നെ ബേട്ടീന്നു പിറകിൽ നിന്ന് വിളിക്കുന്നത് കേൾക്കാൻ ഞാൻ കൊതിച്ചു. എല്ലാവരെയും ഇക്ക സ്നേഹിച്ചിട്ടേ ഉള്ളൂ. ആർക്കും വേണ്ടാത്ത ജന്മമാണ് താനെന്നു ഇക്ക പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്.
എന്നിട്ടും ഓരോ നിമിഷവും ഇക്കയും ഈ ലോകത്തു ജീവിക്കുകയായിരുന്നില്ലേ? എന്തെല്ലാം പ്രതീക്ഷകളോടെയായിരിക്കും ഇക്ക സ്വന്തം നാട് വിട്ടിങ്ങോട്ടു വന്നത്. എല്ലാം കൈവിട്ടുപോയപ്പോൾ എത്രമാത്രം സങ്കടപ്പെട്ടുകാണും. പാവം എല്ലാം പറയാൻ പോലും കൂടെ ഒരാളുണ്ടായിരുന്നില്ലല്ലോ?
വണ്ടി നീങ്ങുമ്പോൾ ഞാനറിയാതെ കണ്ണാടിയിലൂടെ നോക്കി ഹമീദ്ക്ക കൈവീശിക്കാണിക്കുന്നുണ്ടെങ്കിലോ? ഞാൻ നോക്കിയില്ലെങ്കിൽ ഇക്കയ്ക്ക് സങ്കടമാവും.
എന്റെ ചെവികളിൽ ബേട്ടി എന്ന സ്നേഹവിളി നിർത്താതെ മുഴങ്ങി… ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും എനിക്ക് വല്ലാത്തൊരിഷ്ടം തോന്നി.
അപ്പോഴും എന്റെ മനസ്സെന്നോട് മന്ത്രിച്ചു. എന്നും ഇക്ക ഉണ്ട് നിന്റെ കൂടെ, ഒത്തിരി ഒത്തിരി സ്നേഹിക്കാൻ… ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു തരാൻ. ഹമീദ്ക്കയുടെ രൂപം മനസ്സിൽ നിറഞ്ഞു നിന്നു. ആ രൂപത്തിന് ചുറ്റും ഒരു വെളിച്ചം രൂപം കൊണ്ടു. നന്മയുടെയും സ്നേഹത്തിന്റെയും ഒരു പ്രകാശഗോളമായി അതെന്നിൽ നിന്നും ആകാശത്തിലേക്കുയർന്നു. ഏറ്റവും കൂടുതൽ തെളിച്ചമുള്ള നക്ഷത്രമായി ഹമീദ്ക്ക മാറി.
ശ്രുതി മേലത്ത്, അധ്യാപിക, ഷാര്‍ജ