രാജകുമാരനും
മന്ത്രവാദിയും
ഭാഗം 3
കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരൻ
ഗ്രാമത്തിൽ വയസ്സനായ കർഷകനും അയാളുടെ മൂന്നു പെൺമക്കളും താമസിച്ചിരുന്നു. ഒരു ദിവസം പാവപ്പെട്ട ഒരു യാചകൻ വന്ന് ആ വീടിന്റെ വാതിലിൽ മുട്ടി. അയാളുടെ പുറകിൽ ഒരു വലിയ കുട്ട തൂക്കിയിട്ടിരുന്നു. കർഷകന്റെ മൂന്നു പെൺമക്കളിൽ മൂത്തവൾ വന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ഭിക്ഷക്കാരനെ കണ്ട പെൺകുട്ടി ഭിക്ഷക്കാരന് വേണ്ടി അടുക്കളയിൽ നിന്നും ആഹാരം എടുത്തുവന്നു. ആഹാരവുമായി വന്ന പെൺകുട്ടിയെ യാചകൻ തൊട്ട സമയത്ത് ഭിക്ഷക്കാരന്റെ വേഷം കെട്ടിയ മന്ത്രവാദിയുടെ കുട്ടയിലേക്ക് ആ പെൺകുട്ടി ചാടിക്കയറി. അവളെയും കൊണ്ട് വളരെ ദൂരം സഞ്ചരിച്ച മന്ത്രവാദി രാത്രിയായപ്പോൾ കാടിനടുത്തുള്ള അയാളുടെ വീട്ടിൽ എത്തിച്ചേർന്നു.
കൊട്ടാരം പോലെയുള്ള ആ വീട് പല വിധത്തിലുള്ള ആഡംബരങ്ങളാൽ സമൃദ്ധമായിരുന്നു. അവൾ ആഗ്രഹിച്ചതെല്ലാം മന്ത്രവാദി അവൾക്ക് നൽകി. എന്റെ കൂടെ നിനക്ക് ഈ കൊട്ടാരത്തിൽ സുഖമായി താമസിക്കാമെന്നും നിന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു തരുമെന്നും പറഞ്ഞു.
കുറെ ദിവസങ്ങൾക്ക് ശേഷം മന്ത്രവാദി ഒരു യാത്രയ്ക്ക് മുൻപ് വീടിന്റെ താക്കോൽ കൂട്ടം അവൾക്ക് കൈമാറിക്കൊണ്ട് പറഞ്ഞു. ഞാൻ യാത്ര കഴിഞ്ഞു വരുന്നതു വരെ നീ ഈ വീട്ടിൽ തനിച്ചായിരിക്കും ഇവിടെയുള്ള എല്ലാ മുറികളിലും നിനക്ക് കയറാം. അവിടെയുള്ള വിലപിടിപ്പുള്ള എന്ത് വേണമെങ്കിലും ഉപയോഗിക്കാം. ഈ താക്കോൽ കൂട്ടത്തിലെ ഏറ്റവും ചെറിയ താക്കോൽ ഉപയോഗിച്ച് തുറക്കാവുന്ന ഒരു മുറി മാത്രം തുറക്കരുത്. കൂട്ടത്തിൽ അവൾക്ക് ഒരു മുട്ട നൽകികൊണ്ട് പറഞ്ഞു.
“ഈ മുട്ട ഞാൻ തിരിച്ചു വരുന്നതുവരെ നീ സൂക്ഷിച്ചുവെക്കണം. ഇത് നിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടാൽ മരണമായിരിക്കും നിന്നെ കാത്തിരിക്കുന്നത്.”
മന്ത്രവാദി പോയപ്പോൾ അവൾ കൊട്ടാരത്തിലെ ഓരോ മുറിയും തുറന്നു നോക്കി. അവിടത്തെ സ്വർണ്ണവും, രത്നങ്ങളും, മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കണ്ടപ്പോൾ അത്ഭുതപരതന്ത്രയായി. അവസാനം തുറക്കരുതെന്ന് പറഞ്ഞ മുറിയുടെ മുന്നിലെത്തി. അതിനകത്ത് എന്തായിരിക്കാമെന്ന ചിന്തയിൽ കുറച്ചു നേരം അവിടെ തന്നെ നിന്നു. ഒരു നിമിഷത്തേക്ക് മന്ത്രവാദിയുടെ വിലക്ക് മറന്ന അവൾ വളരെ ആകാംക്ഷയോടെ ആ വാതിൽ ചെറിയ താക്കോലിട്ട് തുറന്നു. അകത്തു കയറിയ അവൾ അവിടത്തെ കാഴ്ച കണ്ട് നടുങ്ങി. മുറിയുടെ നടുവിലായി വലിയ ഒരു പാത്രത്തിൽ നിറയെ രക്തവും മനുഷ്യ സ്ത്രീകളുടെ മുറിച്ചെടുക്കപ്പെട്ട അവയവങ്ങളും മുറിക്കാനുപയോഗിച്ച മഴുവും കണ്ടു. ഭയന്ന് വിറച്ച അവളുടെ കയ്യിൽ നിന്നും ആ മുട്ട പാത്രത്തിലേക്ക് വീണു. പാത്രത്തിൽ നിന്നും എടുത്ത മുട്ട രക്തത്തിൽ കുളിച്ച് ചുവപ്പു നിറം പൂണ്ടു. നല്ല വണ്ണം ഉരച്ചു കഴുകിയിട്ടും ചുവപ്പുനിറം വിട്ടുപോയില്ല.
മന്ത്രവാദി യാത്ര കഴിഞ്ഞു തിരിച്ചെത്തിയതും അവളോട് താക്കോൽ കൂട്ടവും മുട്ടയും തിരികെ ചോദിച്ചു. പേടിച്ചു വിറച്ചുകൊണ്ട് അവളവ തിരിച്ചേൽപ്പിച്ചു. മുട്ടയിലെ ചുവപ്പുനിറം കണ്ടതും മന്ത്രവാദി കുപിതനായി പറഞ്ഞു.
“നീ എന്‍റെ കല്പന ധിക്കരിച്ച് വിലക്കപ്പെട്ട മുറിയിൽ കടന്നിരിക്കുന്നു. നിനക്കുള്ള ശിക്ഷ മരണമാണ്.”
മന്ത്രവാദി അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് ആ മുറിയിലേക്ക് കൊണ്ടുപോയി മഴുവെടുത്ത് അവളുടെ തലയും കൈകാലുകളും വെട്ടി ആ വലിയ പാത്രത്തിലേക്കിട്ടു. രണ്ടാമത്തെ പെൺകുട്ടിയെയും
മുൻപിലത്തെ രീതിയിൽ തന്നെ കൊട്ടാരത്തിലേക്ക് കൊണ്ടുവരികയും, അവൾക്കും സഹോദരിക്ക് സംഭവിച്ച പോലെ തന്നെ മരണത്തിനു കീഴടങ്ങേണ്ടി വരികയും ചെയ്തു.
തന്റെ സഞ്ചാരം തുടർന്ന രാജകുമാരൻ ആ ഗ്രാമത്തിൽ എത്തിച്ചേർന്നു. പെൺകുട്ടികളെ കാണാതായ വീടിന് മുൻപിൽ കുറെ ആളുകൾ കൂടി നിൽക്കുന്നതുകണ്ടു. അവർ കാര്യമായ എന്തോ വിഷയം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. രാജകുമാരൻ അവരോട് കാര്യമന്വേഷിച്ചു. ഗ്രാമമുഖ്യനെന്നു തോന്നിച്ച വൃദ്ധൻ ഇപ്രകാരം പറഞ്ഞു.
“ഈ വീട്ടിലെ രണ്ട് സഹോദരിമാരെ കാണാതായിരിക്കുന്നു. ഈ വീട്ടിലെ കർഷകന് ഇനി ഒരു പെൺകുട്ടി കൂടെ ഉണ്ട് . അവളും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഞങ്ങളെല്ലാവരും”
രാജകുമാരൻ അവരോട് ഭയപ്പെടാതിരിക്കാനും തന്നെ കുറച്ചു ദിവസം ആ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു.
രാജകുമാരൻ പിന്നീടുള്ള ദിവസങ്ങളിൽ മൂന്നാമത്തെ പെൺകുട്ടിയെ പോലെ വേഷം മാറി കാത്തിരുന്നു. കുറെ ദിവസങ്ങൾക്ക് ശേഷം മന്ത്രവാദി പഴയ പോലെ ഭിക്ഷക്കാരന്റെ വേഷത്തിൽ വന്ന് മൂന്നാമത്തെ പെൺകുട്ടിയാണെന്ന ധാരണയിൽ വേഷം മാറിയ രാജകുമാരനെ കൊട്ടാരത്തിലെത്തിച്ചു. വധിക്കപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് നൽകിയ താക്കോൽ കൂട്ടവും, മുട്ടയും, വിലക്കപ്പെട്ട മുറി തുറക്കരുതെന്ന താക്കീതും രാജകുമാരന് നൽകി മന്ത്രവാദി യാത്രയ്ക്ക് പുറപ്പെട്ടു.
കൊട്ടാരത്തിൽ ഒറ്റക്കായ രാജകുമാരൻ മുട്ട ഭദ്രമായി ഒരിടത്തു സൂക്ഷിച്ചു വെച്ചു. എന്നിട്ട് ഓരോ മുറികളായ് തുറന്നു പരിശോധിച്ചു. അവസാനം വിലക്കപ്പെട്ട മുറി തുറന്നു. അവിടെ രണ്ട് സഹോദരിമാരുടെ വെട്ടിമുറിക്കപ്പെട്ട ശരീരങ്ങൾ രക്തത്തിൽ പുരണ്ട് കിടക്കുന്ന കാഴ്ച കണ്ടു. രാജകുമാരൻ അവരുടെ തലയും, ഉടലും, കൈ കാലുകളും ചേർത്തുവെച്ചു. ആ സഹോദരിമാർക്ക് ജീവൻ വെക്കുകയും അവർ എഴുന്നേറ്റ്, പുഞ്ചിരിച്ചുകൊണ്ട് പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു.
മുട്ട നിലത്തിട്ട് പൊട്ടിച്ചതോടുകൂടി മന്ത്രവാദിയുടെ മാന്ത്രിക ശക്തി നശിക്കുകയും അയാൾ ശിഷ്ടജീവിതം മുഴുവൻ ഭിക്ഷക്കാരനായിത്തീരുകയും ചെയ്തു.
രാജകുമാരൻ കുമാരിമാരെ സുരക്ഷിതരായി ഗ്രാമത്തിൽ എത്തിച്ചു. ഉണ്ടായ കാര്യങ്ങൾ മുഴുവൻ ഗ്രാമവാസികൾക്ക് വിശദീകരിച്ചു കൊടുത്തു. മക്കൾ തിരിച്ചു വന്നതിൽ കർഷകനും ഗ്രാമവാസികളും അത്യധികം സന്തോഷിച്ചു. രാജകുമാരൻ തന്റെ സാഹസിക യാത്ര തുടർന്നു.

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു