വിമാനം
പറഞ്ഞ
നൊമ്പരങ്ങൾ
ആദ്യമായി ഉയരങ്ങളിലേക്ക് ഞാൻ കുതിച്ചുയരുകയാണ്. എല്ലാവരും എന്നെ ആഹ്ളാദത്തോടെ നോക്കുന്നു. എന്റെ ഉള്ളിലും സന്തോഷം നിറഞ്ഞു നിന്നു. ഒരുപാടാളുകൾ എന്നെ തൊട്ടുതലോടിക്കൊണ്ട് എന്റെ ഭംഗി ആസ്വദിക്കുന്നു. ഞാനല്പം പ്രൌഢിയോടെ, ഉത്സവത്തിലെ അലങ്കരിച്ച ചന്തം നിറഞ്ഞ ആന തലയെടുപ്പോടെ നിൽക്കുന്നത് പോലങ്ങനെ നീങ്ങി.
ചിറകുകൾ വിടർത്തി ദൂരേക്ക് മറയുന്ന എന്നെ നോക്കി കുട്ടികൾ വിസ്മയം പൂണ്ടു. മേഘപാളികൾക്കിടയിലൂടെ നീങ്ങുമ്പോൾ മഴക്കാലത്തെ തണുപ്പുകൊണ്ട് ഞാൻ എന്നിലേക്കൊന്നൊതുങ്ങാൻ ശ്രമിച്ചു. പെട്ടെന്ന് എന്നെ വിശ്വസിച്ചു എന്റെ കൂടെ യാത്ര ചെയ്യാൻ വന്നവരൊക്കെ പേടിച്ചതായി എനിക്ക് തോന്നി. ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു. എനിക്കെന്നിലെ യാത്രക്കാരെ ഒരുപാട് ഇഷ്ടമായതുകൊണ്ട് തണുപ്പും ചൂടും ഞാനൊറ്റയ്ക്ക് സഹിച്ചു. ആരെയും ബുദ്ധിമുട്ടിക്കുന്നതെനിക്ക് ഇഷ്ടമല്ലായിരുന്നു.
സന്തോഷത്തോടെയുള്ള ആ യാത്ര അവസാനിക്കും മുമ്പേ ഞാൻ പെട്ടെന്നുണർന്നു.
അയ്യോ… ഇതൊക്കെ എന്റെ സ്വപ്നമായിരുന്നോ? എനിക്ക് വല്ലാത്ത നിരാശയായി. മുമ്പത്തെ കാര്യങ്ങളൊക്കെ ഓർക്കുന്നതിനിടയിൽ ഇടയ്ക്കെവിടെയോ ഒന്ന് മയങ്ങിയതാവാം.
മുമ്പ് കാണിച്ച സ്നേഹമൊന്നും ഇന്നെന്നോടാരും കാണിക്കുന്നില്ലല്ലോ? അതോർക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത വേദന തോന്നി. എന്നെ തലോടിയ കുഞ്ഞുകൈകൾ ഇന്ന് ഗ്ലൗസിൽ മൂടി കിടക്കുന്നു. എന്റടുത്തു വരുന്നതുതന്നെ ഇന്നാർക്കും ഇഷ്ടമല്ല.
എന്താ ഈ ലോകത്തിനു പറ്റിയത്? ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്നവരൊക്കെ എവിടെപ്പോയി?
കോവിഡ് 19 എന്ന വില്ലൻ എല്ലാവരെയും നശിപ്പിക്കാനായി അവതരിച്ചപ്പോൾ ഇത്രയും മാറ്റങ്ങളോ? എല്ലാം ഇരുട്ടിൽ മറഞ്ഞപോലെ… എങ്ങും തേങ്ങലുകൾ മാത്രം. ഒറ്റപ്പെടലുകൾ മനസ്സിനേൽപ്പിച്ചത് ആഴത്തിലുള്ള വ്രണങ്ങൾ.
ഉയരങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തി ഒടുവിൽ ഭൂമിയുടെ മടിത്തട്ടിലേക്കെത്തുന്ന എന്നെ കാണാൻ ഇന്ന് ആരും തന്നെ ഇല്ല. ഉള്ളവരാണെങ്കിൽ ചിരിക്കുന്നോ കരയുന്നോ എന്ന് കാണാൻ പറ്റാത്ത വിധത്തിൽ മാസ്ക് കൊണ്ട് മുഖം മറച്ചിരുന്നു.
എന്നിലെ യാത്രക്കാരുടെ പെർഫ്യൂമിന്റെ സുഗന്ധം എനിക്കു ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഇന്ന്, അതിന് പകരം മൂക്ക് തുളയ്ക്കുന്ന സാനിറ്റയിസറിന്റെ ഗന്ധമാണ്. അതെന്റെ നാസാരന്ധ്രങ്ങളെ തളർത്തുന്നു. പാട്ടുകൾ പാടി ഉല്ലസിച്ചു യാത്രചെയ്യുന്നവരുടെ നാവിൽ ഇന്ന് ജീവൻ നിലനിർത്താനുള്ള നാമജപങ്ങൾ മാത്രം.
ഇന്നെവിടെയും കളിയും ചിരിയുമില്ല. ഒത്തുകൂടലും അർഭാടങ്ങളുമില്ല. യാത്ര കഴിഞ്ഞെത്തുന്ന എന്നെ സ്വീകരിക്കാൻ റോഡുകളിലൊന്നും വണ്ടികളില്ല.
എന്നെ സ്നേഹസ്പർശം കൊണ്ട് പൊതിയുന്ന എന്റെ യാത്രക്കാർക്കായി ഞാൻ കാത്തിരിക്കുന്നു. ഒരുപാട് ഒരുപാടിഷ്ടത്തോടെ,സന്തോഷത്തോടെ ഉയരങ്ങളിലേക്ക് കുതിച്ചുയരാൻ… വിടർന്ന ചിറകുകളുമായി…

ശ്രീമയി മേലത്ത്, ഷാര്‍ജ