“മൂടുപടം മാറ്റി മുഖംകുനിച്ചെത്തുന്ന
നാടന്‍ നവവധുവെന്നതു പോല്‍…”
(മൂലധനം എന്ന സിനിമയില്‍ പി. ഭാസ്ക്കരന്‍ എഴുതിയ സ്വര്‍ഗഗായികേ ഇതിലെ ഇതിലെ… എന്ന ഗാനത്തിലെ വരികളാണ് ഇത്.)
“മെല്ലെ മെല്ലെ മുഖപടം…”
(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലെ ഓ എന്‍ വി എഴുതിയ പാട്ട്)
‘മൂടുപട’ത്തിലും ‘മുഖപട’ത്തിലും ‘പടം’ ഉണ്ട്. ഇവിടെ പടത്തിന് വസ്ത്രം എന്നാണര്‍ഥം.
‘പാമ്പ് പടം കൊഴിച്ചു’ – ഈ വാക്യത്തിലെ പടത്തിന് ‘ചട്ട’ (പാമ്പിന്റെ ചട്ട) എന്നാണര്‍ഥം. ഒരു തരത്തില്‍ ചട്ടയും വസ്ത്രം തന്നെയാണ്. പക്ഷേ തുന്നി ഒരുക്കുന്നതിനെയാണല്ലോ വസ്ത്രം എന്നുപറയുന്നത്. തുണി എന്നും അര്‍ഥമുണ്ട്.
‘പടം കാണാന്‍ പോയി’ എന്ന വാക്യത്തിലെ പടത്തിന് ചിത്രമെന്നോ ചലച്ചിത്രമെന്നോ അര്‍ഥമെടുക്കാം.
‘അയാള്‍ വെറും പടമാണ്’- ഈ വാക്യത്തില്‍ ‘കള്ളം പറഞ്ഞ് പറ്റിക്കുന്നവന്‍’ എന്ന അര്‍ഥമാണുള്ളത്. സിനിമയിലെ ചിത്രങ്ങള്‍ നിമിഷംപ്രതി മാറുമ്പോലെ സ്വഭാവവും മാറുന്ന രീതിയുള്ളവരെയാണ് അങ്ങനെ വിശേഷിപ്പിക്കുന്നത്.
‘ചെറിയ പടം മതി അതിന് അപേക്ഷിക്കാന്‍’ -ഇവിടെ പടത്തിന് ‘ഫോട്ടോ’ എന്നാണര്‍ഥം.
‘പടത്തിലാണ് വേദന’ എന്ന് കാലോ കൈയോ ചൂണ്ടിപ്പറഞ്ഞാല്‍ അതുകളിലെ പരന്നഭാഗമെന്ന് മനസിലാക്കണം.
ചിത്രമെഴുത്തിന് പടമെഴുത്തെന്നും പറയാറുണ്ട്.
ചില വാക്കുകളുടെ മുമ്പും പിമ്പും ചേര്‍ത്തു പടം എന്ന വാക്ക് പുതിയൊരു കൂട്ടുവാക്കിന്റെ ഭാഗമായി തീരാറുണ്ടെന്നും മനസിലായല്ലോ.
ബി. ബാലചന്ദ്രന്‍, അധ്യാപകന്‍
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍