ലളിതാംബിക അന്തര്‍ജ്ജനം
പോരാളിയായ എഴുത്തുകാരി
“ഇല്ല, ഞാനിനി ഇവിടെ താമസിക്കുന്നില്ല. വല്ല മദിരാശിയിലും ചെന്ന് ക്രിസ്തു മതം സ്വീകരിച്ച് ഒരു മദാമ്മയെ കല്യാണം കഴിക്കാൻ പോകയാണ്.”
തനിക്ക് പിറന്നത് ഒരു പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ, വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവർത്തകനുമൊക്കെയായ ആ നമ്പൂതിരി യുവാവ് ഹൃദയക്ഷോഭത്തോടെ പറഞ്ഞുപോയി.
“അവൾക്ക് ജനിക്കുന്നതും പെൺകുട്ടി ആണെങ്കിലോ?” അദ്ദേഹത്തിന്റെ അമ്മ, പ്രായം ചെന്ന ആ അന്തർജ്ജനമാണ് അപ്പോൾ മകനോടങ്ങനെ ചോദിച്ചത്.
“എങ്കിൽ ആ കുട്ടിയെ ഒരു മനുഷ്യസ്ത്രീയെപ്പോലെ വളർത്താൻ എനിക്ക് സാധിക്കും. മനുഷ്യരെപ്പോലെ പഠിപ്പിച്ച്, സ്വാതന്ത്ര്യം കൊടുത്ത് ഒരു നല്ല മനുഷ്യന് വിവാഹം ചെയ്തുകൊടുക്കാനും സാധിക്കും.”

ലളിതാംബിക അന്തര്‍ജ്ജനം
നമ്പൂതിരി സമുദായത്തിൽ പെൺകുഞ്ഞുങ്ങൾ പിറക്കുന്നത് ഒരു ശാപമായി കരുതുന്ന ഒരു കാലമായിരുന്നു അത്. മനുഷ്യരെപ്പോലെ അവരെ വളർത്താൻ അനുവദിക്കാത്ത നൂറായിരം മാമൂലുകളും അരുതായ്മകളും നടമാടിയിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലായിരുന്നു എത്രയെത്രയോ മനുഷ്യപുത്രിമാരുടെ കഥകൾ സഹൃദയ ലോകത്തിന് പറഞ്ഞുകൊടുത്ത ആ വലിയ കഥാകാരിയുടെ ജനനം.
മലനിരകളും കുന്നിൻ പ്രദേശങ്ങളും കൊണ്ടു പണിത കോട്ടയുടെ നടുവിലുള്ള ഒരു താഴ്‌വര. പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ചെറിയ കൈത്തോടുകൾ. കന്നുകാലികളെ മേയാൻ വിടുന്ന മലഞ്ചരിവുകളിൽ പൂത്തുകുലച്ചുനിൽക്കുന്ന ചെത്തിയും ഞാറയും കലമ്പൊട്ടിയും. അതിനിടയിലൂടെ ഓടിച്ചാടി നടക്കുന്ന മുയലും മലയണ്ണാനും. നാട്ടിലെവിടെ നിന്നാലും കാണാവുന്ന പടുകൂറ്റൻ കൊമരൻ പാറയുടെ ഇടയിൽ പുലിമടയുണ്ട്. പട്ടണത്തിൽ നിന്ന് വയൽവരമ്പുകളിലൂടെയും കുന്നിൻ ചെരുവുകളിലൂടെയും നാലു മൈൽ നടന്നുവേണം കോട്ടവട്ടം എന്ന ആ കുഗ്രാമത്തിലെത്തിച്ചേരാൻ. ഗ്രാമത്തിന്റെ ഒത്തനടുവിലായി പാവപ്പെട്ട തൊഴിലാളികളും അധഃസ്ഥിതവർഗക്കാരായ കർഷകത്തൊഴിലാളികളുമെല്ലാം പാർക്കുന്ന കൊച്ചുകൂരകളുടെ സമീപത്തായി തലയുയർത്തിപ്പിടിച്ചുനിൽക്കുന്ന കോട്ടവട്ടത്ത് ഇല്ലം എന്ന ആ വലിയ നമ്പൂതിരി ഗൃഹം.
ശ്രീമൂലം പ്രജാസഭാ മെമ്പറായ കെ ദാമോദരൻ പോറ്റിയുടെയും നങ്ങയ്യ അന്തർജ്ജനത്തിന്റെയും മൂത്തപുത്രിയായി 1909 മാർച്ച് 30ന് ആ ബാലിക ജനിച്ചു. രണ്ടു സന്താനങ്ങൾ ഒന്നിനുപിറകെ ഒന്നായി നഷ്ടപ്പെട്ട ദുഃഖത്തിൽ മനം തപിച്ചിരുന്ന ആ അച്ഛനമ്മമാരുടെ ഉള്ളം കുളുർപ്പിച്ചുണ്ടായ ആ പെൺകിടാവിന് മുറപ്രകാരം ഇടേണ്ടിയിരുന്ന പേരിന് പകരം മറ്റൊരു പേരാണ് നൽകിയത്. അവളുടെ മുത്തച്ഛൻ സ്വന്തം ജന്മദിനത്തിൽ ദേവീപൂജ നടത്തി ലളിതാസഹസ്രനാമം ചൊല്ലി അർച്ചന ചെയ്തിരുന്ന നേരത്ത് ജനിച്ചതുകൊണ്ട് ലളിതാംബിക എന്ന്. മൂന്നാമത്തെ വയസിൽ എഴുത്തിനിരുത്തിയത് മുതൽ പഠിക്കാനും അറിവ് നേടാനുമുള്ള ആർത്തിയായിരുന്നു ആ ബാലികയ്ക്ക്. അക്ഷരങ്ങൾ പഠിപ്പിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അവൾ അമ്മയെ പുടവത്തുമ്പിൽ പിടിച്ചുവലിച്ചുകൊണ്ടുപോയി ചെന്നിരുത്തുമായിരുന്നു. കണ്ണിൽ കണ്ട സകലതും ആവേശത്തോടെ വായിക്കുന്ന ഘട്ടമായിരുന്നു അടുത്തത്.
പ്രസിദ്ധ കവിയും പണ്ഡിതനുമായിരുന്ന ചെങ്ങന്നൂർ കെ കൃഷ്ണൻ മൂത്തത്, അച്ഛന്റെ ഇളയസഹോദരിയെയും അപ്ഫന്മാരെയും കാവ്യനാടകങ്ങൾ പഠിപ്പിക്കുമ്പോൾ കൂട്ടത്തിൽ ചെന്നിരുന്ന ആ കുട്ടി, ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെയും ശ്രീരാമോദന്തത്തിലെയും പത്തോളം പദ്യങ്ങൾ വളരെ എളുപ്പത്തിലാണ് ഹൃദിസ്ഥമാക്കിയത്. അമ്മ പഠിപ്പിച്ച മണിപ്രവാളം മുഴുവൻ കാണാതെ പഠിച്ചെങ്കിലും, അമരകോശത്തിലെ ഒരു സർഗ്ഗം പഠിക്കാൻ കൂട്ടാക്കിയില്ല. ഇഷ്ടപ്പെട്ടതേ പഠിക്കൂ എന്ന വാശി! അസാമാന്യമായ ഓർമ്മശക്തിയായിരുന്നു കുട്ടിയ്‌ക്ക്.
മലയാളത്തിൽ അന്നോളം ഉണ്ടായിട്ടുള്ള പുസ്‌തകങ്ങളുടെയും പത്രമാസികകളുടെയും ഒരു ശേഖരം തന്നെ ആ ഇല്ലത്തുണ്ടായിരുന്നു. അന്ന് തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടിരുന്ന ‘പാറപ്പുറം’,’ഉദയഭാനു’ എന്ന നോവലുകളും സ്വദേശാഭിമാനി പത്രത്തിന്റെ ലക്കങ്ങളുമൊക്കെയുണ്ടായിരുന്നു,കൂട്ടത്തിൽ. അതെല്ലാം തന്നെ ആ പെൺകിടാവ് കമ്പോട് കമ്പ് വായിച്ചു തീർത്തു. അതിഥികളായെത്തുന്ന അച്ഛന്റെ സുഹൃത്തുക്കളായ സാഹിത്യകാരന്മാരും കഥകളി കലാകാരന്മാരും നടത്തുന്ന ചർച്ചകൾ ഒക്കെ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ട് ലളിതാംബിക പിതാവിന്റെ സമീപത്തു തന്നെ എപ്പോഴും ഇരിപ്പുണ്ടാകും. അവൾ കേട്ടുപഠിച്ച നാരായണീയത്തിലെ ആദ്യദശകം മുഴുവനും ഒരിക്കൽ കാണാതെ ചൊല്ലിച്ച അതിഥികളിലാരോ മിടുക്കി എന്നു പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തു.
മകളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെങ്കിലും അത് സാധിച്ചില്ല. പകരം അമ്മയും മകളും കൂടി അക്ഷരശ്ലോകം ചൊല്ലിക്കളിച്ചു.പരസ്പരം പദ്യങ്ങൾ ചൊല്ലി ഛായ കണ്ടുപിടിച്ച് ആരുടേതാണെന്ന് പറയുന്ന വിനോദത്തിലേർപ്പെട്ടു. സമസ്യകൾ പൂരിപ്പിച്ചു.
അദ്ധ്യാപകർ വീട്ടിൽ വന്നാണ് സിലബസ്സനുസരിച്ചുള്ള ഭാഷയും ഭൂമിശാസ്ത്രവും കണക്കും ചരിത്രവുമൊക്കെ ലളിതാംബികയെ പഠിപ്പിച്ചത്. ഒരു ഭാഗവതരെ വരുത്തി ദിവസവും ഫിഡിലും ഹാർമ്മോണിയവും അഭ്യസിപ്പിക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചു.
എന്നാൽ, ഈ ഗുരുക്കന്മാരെക്കാളൊക്കെ ലളിതാംബികയെ സ്വാധീനിച്ചത്, അച്ഛന്റെ ഒരു ഉറ്റ ബന്ധുവും സുഹൃത്തും സഹപാഠിയുമൊക്കെയായിരുന്ന,’പണ്ടാലസ്സാർ’ എന്നു കുട്ടികൾ വിളിച്ചിരുന്ന, എൻ എസ് പണ്ടാല ആയിരുന്നു. സബ് രജിസ്ട്രാറും, പിന്നീട് വക്കീലും അദ്ധ്യാപകനുമൊക്കെയായി ജോലി നോക്കിയിട്ടുള്ള അദ്ദേഹം പിന്നീട് സന്യാസം സ്വീകരിച്ച് സ്വാമി നിരഞ്ജനാനന്ദയായി. ആണ്ടിൽ മൂന്നോ നാലോ മാസക്കാലം സ്വാമിജി കോട്ടവട്ടത്ത് വന്നു താമസിക്കാറുണ്ടായിരുന്നു. ശ്രീരാമകൃഷ്ണപരാമഹംസന്റേയും സ്വാമി വിവേകാനന്ദന്റെയും കഥകൾ പറഞ്ഞുകൊടുത്തതും ഹരിനാമകീർത്തനത്തിന്റെ സ്വയമെഴുതിയ വ്യാഖ്യാനം അർത്ഥ ബോധത്തോടെ പഠിപ്പിച്ചതുമൊക്കെ ‘പ്രബുദ്ധ കേരള’ത്തിന്റെ പത്രാധിപർ കൂടിയായിരുന്ന സ്വാമിജിയാണ്. ഒരിക്കൽ ഭഗിനി നിവേദിത യുടെ കഥ പറഞ്ഞുകൊടുത്ത സ്വാമിജി “കുഞ്ഞ് താമസിക്കുന്ന സ്ഥലം ആശ്രമമാക്കണ” മെന്ന ഉപദേശം നൽകി. ലളിതാംബികയുടെ ജീവിതവീക്ഷണത്തെ ഏറ്റവുമധികം സ്വാധീനിച്ച വാക്കുകളായിരുന്നു അവ.
കോട്ടവട്ടം ഇല്ലത്തെ അതിഥി മന്ദിരത്തിന്റെ ചുവരുകളിൽ പ്രതിഷ്ഠിച്ചിരുന്ന മൂന്നു ചിത്രങ്ങൾ – ചിക്കാഗോ പ്രസംഗവേദിയിലെ സ്വാമി വിവേകാനന്ദൻ, വലിയ തലേക്കെട്ടും ചുമൽ മൂടിയ പുതപ്പുമായി ഗാന്ധിജി, പിന്നെ താമരയിതൾ പോലെ വിരിഞ്ഞ കണ്ണുകളുള്ള ടാഗോർ. ഇവരുടെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അവിടെ നടന്ന ചർച്ചകൾ ആ ചെറുബാലികയുടെ മനസ്സിൽ അനുരണനങ്ങൾ സൃഷ്ടിച്ചു. മാപ്പിളലഹളയെയും വൈക്കം സത്യഗ്രഹത്തെയും കുറിച്ച് വായിച്ചും കേട്ടും മനസിലാക്കി. കെ പി കേശവമേനോൻ എഴുതിയ ‘മഹാത്മാഗാന്ധി’ വായിച്ച് ആവേശംകൊണ്ട്, ഖദറിനു വേണ്ടി കരഞ്ഞു വാശിപിടിച്ചു. ചർക്ക വാങ്ങി നൂൽ നൂറ്റു. മുറ്റത്തു വിരിഞ്ഞു നിന്നിരുന്ന മുല്ലയും പിച്ചകവുമൊക്കെ പറിച്ചുകളഞ്ഞ് പരുത്തിച്ചെടികൾ നട്ടുപിടിപ്പിച്ചു. പഠിക്കാനിരിക്കുന്ന മുറിയുടെ ചുവരുകളിൽ നിറയെ സ്വാതന്ത്ര്യസമര നേതാക്കളുടെ പടങ്ങൾ ഒട്ടിച്ചുവെച്ചു. മഹാത്മജിയെകുറിച്ച് ‘അഭിനവ പാർത്ഥസാരഥി’ എന്ന ഒരു ലേഖനമെഴുതി ലേഖികയുടെ സ്ഥാനത്ത് ‘പങ്കിക്കു ഞ്ഞെ’ന്ന് പേരുംവെച്ച് ശാരദ മാസികയ്ക്ക് അയച്ചുകൊടുത്തു. പക്ഷെ പത്രാധിപർ ഒരു പണി പറ്റിച്ചു. യഥാർത്ഥ പേരിൽ തന്നെ ലേഖനം പ്രസിദ്ധീകരിച്ചു. പതിമൂന്നുകാരിയുടെ കൈക്കുറ്റപ്പാടിന് അച്ഛന്റെ അഭിനന്ദനവും കിട്ടി.
“ഗാന്ധിജി പറഞ്ഞിട്ടുണ്ട് സ്വദേശവസ്ത്രമായ ഖാദി ഉടുക്കണമെന്ന് ആയിടെ വാശിപിടിച്ച മകളോട് അച്ഛൻ ചോദിച്ചു.”അപ്പോൾ ഇവിടെ വെളിയത്തും തലച്ചിറയിലുമൊക്കെ നെയ്യുന്ന മുണ്ടുകൾ സ്വദേശിയല്ലേ? അവർക്കും കഞ്ഞി കുടിക്കേണ്ടേ?” ആളുകൾ ഖദറുടുക്കുന്നത് സ്വദേശി സ്നേഹം കൊണ്ട് മാത്രമല്ലെന്നും ചിലപ്പോഴെങ്കിലും ഫാഷൻ ഭ്രമത്തിന്റെ പേരിലാണെന്നും ആ പെൺകുട്ടി തിരിച്ചറിഞ്ഞത് അപ്പോഴാണ്.
ഗാന്ധിജിയോടുള്ള ആരാധന കാരണം കുട്ടികളെല്ലാം കൂടി കോട്ടവട്ടത്ത് വരാറുണ്ടായിരുന്ന ബന്ധുവും കവിയുമായ ചെങ്ങന്നൂർ നെടുമ്പ്രത്ത് നാരായണൻ പോറ്റിയെ സേവ പിടിച്ച് ഗാന്ധ്യഷ്ടകം എന്ന പേരിൽ പഴയരീതിയിലുള്ള പദ്യം എഴുതിവാങ്ങിച്ചു. കുട്ടികൾ അപ്പോൾ തന്നെ ഹൃദിസ്ഥമാക്കിയ ആ ഭജനമന്ത്രം കുട്ടികളുടെ ഇടയിൽ നിന്ന് വലിയവരിലേക്ക് അതിവേഗം പ്രചരിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു സംഭവമുണ്ടായി. ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ ഭർതൃഗ്രഹത്തിൽ വെച്ച്, പുരാണപാരായണം നടത്തുന്ന ഒരു യാഥാസ്ഥിതിക നമ്പൂതിരി ഗാന്ധിജിയെ കലി എന്ന് ഭർത്സിക്കുന്നതും ദുരാത്മാ എന്ന് പരിഹസിക്കുന്നതുമൊക്കെ കേട്ട് സഹിക്കാനാകാതെ ലളിതാംബിക ഒരു പണി ചെയ്തു. ഗാന്ധ്യഷ്ടകത്തിലെ ചില വരികൾ പകർത്തി ഭാഗവതത്തിനുള്ളിൽ വെച്ചു.
പിറ്റേന്ന് അത് വായിക്കാനായി കയ്യിലെടുത്ത നമ്പൂതിരിയ്ക്ക് അതുകണ്ടപ്പോൾ കാര്യം മനസിലായി. എന്നാൽ ഈ ചെയ്തി യാഥാസ്ഥിതിക സമൂഹത്തെ കൂടുതൽ പ്രകോപിപ്പിക്കുകയാണുണ്ടായത്.
പത്തു പന്ത്രണ്ട് വയസുള്ളപ്പോൾ ഒരിക്കൽ അച്ഛനോടൊപ്പം ലളിതാംബിക വർക്കല ശിവഗിരി ക്കടുത്തുള്ള മുട്ടപ്പല്ലത്ത് പിതൃസഹോദരിയെ സന്ദർശിക്കാൻ പോയപ്പോഴാണ് അവിസ്മരണീയമായ മറ്റൊരു സംഭവം നടക്കുന്നത്. ജാതിമതഭേദമന്യേ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്ന ദാമോദരൻ പോറ്റി മകളേയും കൊണ്ട് ശിവഗിരി ആശ്രമത്തിൽ ചെന്നു. അവിടുത്തെ പവിത്രമായ അന്തരീക്ഷത്തിൽ, ഒരറ്റത്തിട്ടിരുന്ന ബഞ്ചിൽ വളരെ ലളിതമായി വസ്ത്രം ധരിച്ച ഒരു മാന്യവൃദ്ധൻ ഇരിക്കുന്നത് കണ്ടു. അച്ഛൻ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. ലളിതാംബിക അതൊന്നും ശ്രദ്ധിക്കാതെ പരിസരത്തുള്ള മരക്കൊമ്പുകളിൽ ഇരിക്കുന്ന കിളികളെയും കണ്ണനെയും പാറിനടക്കുന്ന തുമ്പിയെയുമൊക്കെ കണ്ടുകൊണ്ട് ചുറ്റിനടന്നു. ഒരു മാവിന്റെ ചാഞ്ഞ ശാഖയിലിരുന്ന പച്ചക്കിളിയുടെ പിറകെ ഓടി. അതു പറന്നുപോയപ്പോൾ മറ്റൊന്നിന്റെ പിറകെ.
തിരികെ പോകാനൊരുങ്ങുമ്പോൾ, ഗുരുദേവൻ അടുത്തു വിളിച്ച് പുഞ്ചിരിയോടെ ചോദിച്ചു.
“പച്ചക്കിളിയെ കിട്ടിയോ?”
അദ്ദേഹം ഇതെങ്ങനെ കണ്ടു എന്നത്ഭുതപ്പെട്ട ആ പെൺകുട്ടി പറഞ്ഞു.”പറന്നുപോയി”
അദ്ദേഹം പറഞ്ഞു.”കൂടെ പറക്കാൻ പഠിക്കണം”
“അതിന് എനിക്ക് ചിറകില്ലല്ലോ”
ഗുരുദേവൻ ചിരിച്ചു. “ചിറകുണ്ടാകണം. അതാണ് മിടുക്ക്.” ഒരുപാട് അർത്ഥതലങ്ങളുള്ള ആ സുവചനങ്ങൾക്ക് ശേഷം ഗുരു ലളിതാംബികയുടെ തലയിൽ തലോടി അനുഗ്രഹിച്ചു.
അച്ഛനമ്മമാരുടെ ഏക മകളായി സഹോദരന്മാരുടെ കൂടെ കളിച്ചു നടക്കുകയും, അവർ പഠിക്കുന്നതൊക്കെ പഠിക്കുകയും ചെയ്ത്, ഒരു ആൺകുട്ടിയുടെ മട്ടിലാണ് ലളിതാംബിക വളർന്നത്. സമുദായാചാരപ്രകാരം മാറ് മറയ്ക്കാതെ നടക്കാനോ കാത് കൊരടിട്ടു വളർത്താനോ ആരും അവശ്യപ്പെട്ടില്ല. സമുദായത്തിൽ മേൽക്കോയ്മ വഹിക്കുന്ന പഴഞ്ചൻ ചിന്താഗതിക്കാർ ഇതുകണ്ട് പിറുപിറുക്കാൻ തുടങ്ങിയെങ്കിലും അച്ഛൻ തീരെ ഗൗനിച്ചില്ല. എന്നാൽ അവൾ പ്രായപൂർത്തിയായെന്ന് അറിഞ്ഞ ദിവസം ആ ഇല്ലം ഒരു മരിച്ച വീട് പോലെയായി. അമ്മയും ബന്ധുക്കളും മാത്രമല്ല വേലക്കാരിസ്ത്രീകൾ പോലും കരഞ്ഞു. അച്ഛൻ വിഷണ്ണതയോടെ നെഞ്ചു തിരുമ്മിക്കൊണ്ട് ഇരുന്നു. ഇനിയൊരിക്കലും നാലുകെട്ടിന്റെ പുറത്തേക്ക് എത്തിനോക്കാൻ പോലും പാടില്ലെന്ന് അറിഞ്ഞപ്പോൾ ആ ബാലികയും പൊട്ടിക്കരഞ്ഞു പോയി.
ഒരു യഥാർത്ഥ അന്തർജ്ജനമായി നാലുകെട്ടിന്റെ ഉള്ളിൽ തന്നെ കഴിച്ചുകൂട്ടിയ രണ്ടുവർഷത്തെ ഏകാന്തവാസക്കാലം. സഹോദരന്മാർ ഓരോരുത്തരായി ഏഴു മൈൽ അകലെയുള്ള ഇംഗ്ലീഷ് സ്കൂളിൽ പഠിക്കാൻ പോയി അവിടെത്തന്നെ താമസിക്കുകയാണ്. ആരും കൂട്ടിനില്ല. വീട്ടുജോലികൾ കഴിഞ്ഞാൽ വായനയും ചിന്തയുമായി ലളിതാംബിക സമയം ചിലവഴിച്ചു. സ്വന്തം കുടുംബത്തിലും സമുദായത്തിലുമുള്ള സ്ത്രീകൾ നീറിപ്പുകയുന്ന ദുരവസ്ഥയെപ്പറ്റി – അവരിൽ ബാലവിധവകളും ഭൃഷ്ടയാക്കപ്പെട്ടവരുമുണ്ട് – ചുറ്റുപാടും കഴിഞ്ഞുകൂടുന്ന പാവപ്പെട്ട തൊഴിലാളികളുടെയും അധഃസ്ഥിതവർഗ്ഗക്കാരുടെയും ദുരിതജീവിതത്തെപ്പറ്റി, സമൂഹത്തിൽ നടമാടുന്ന ഭീകരമായ വൈരുദ്ധ്യങ്ങളെപ്പറ്റിയൊക്കെ ആലോചിക്കുന്നത് അപ്പോഴാണ്. ആ മനുഷ്യരുടെയൊക്കെ സുഖവും ദുഖവും തന്റേത് കൂടിയാണെന്ന് തോന്നാൻ തുടങ്ങി. “ഞാൻ അവരുടെ സ്ഥിതിയിൽ ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്‌ഥ?” എന്ന് എപ്പോഴും ചിന്തിച്ചു.
എഴുതിതുടങ്ങിയത് കവിതകളാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ, കണക്ക് അദ്ധ്യാപകൻ കോണിച്ചുവട്ടിൽ നിന്ന് ഒരു കെട്ട് കടലാസ് കണ്ടെടുത്തു. ഒരു കൂട്ടം കവിതകൾ. അച്ഛനും അപ്ഫന്മാരും മുത്തച്ഛനുമൊക്കെ അതു വായിച്ചു ചിരിച്ചു. അമ്മയെ കാണിക്കാൻ ധൈര്യമില്ലാതെ ലളിതാംബിക അതൊക്കെ കത്തിച്ചു കളഞ്ഞു. വായിക്കുന്ന കഥകളുടെയും നോവലുകളുടെയും കഥകൾ, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ വിനോദം.
ഏകാന്തവാസക്കാലത്ത് വായിച്ച് ഒരുപാടിഷ്ടപ്പെട്ട, സാഹിത്യത്തിൽ ദൈവത്തെ പോലെ കരുതിയിരുന്ന ടാഗോറിന്റെ ‘ഘരേ ബായ് രേ’ (വീട്ടിലും പുറത്തും) എന്ന നോവലിന്റെ ആഖ്യാനസമ്പ്രദായത്തിൽ ഒരു നോവൽ എഴുതിനോക്കി. വീട്ടിൽ താമസിച്ചിരുന്ന അകന്ന ബന്ധുവായ ഒരു ദരിദ്ര അന്തർജ്ജനം പറഞ്ഞ അവരുടെ സ്വന്തം അനുജത്തിയുടെ ‘പെൺകൊട’യുടെ കഥ മനസിലോർത്തുകൊണ്ടെഴുതുകയായിരുന്നു. സുന്ദരിയായ ദേവകിയെ ദീക്ഷിതർ എന്നൊരാൾ വ്യഭിചാരത്തെരുവിൽ കൊണ്ടുപോയി വിൽക്കുന്നതും മല്ലീനാഥൻ എന്നൊരു ബംഗാളിയുവാവ് അവളെ രക്ഷപ്പെടുത്തുന്നതുമൊക്കെ പ്രതിപാദിക്കുന്ന ആ നോവൽ തട്ടിൻപുറത്തെ പെട്ടിയിൽ കിടന്ന് ചിതലെടുത്തുപോയി. പിന്നീട് കവിതകളും കഥകളും നാടകങ്ങളുമൊക്കെ എഴുതി. കണ്ണീരൊപ്പിക്കൊണ്ട് സ്വയം വായിച്ചശേഷം ഒട്ടുമിക്കതും കീറിക്കളഞ്ഞു.സീതാദേവി ചതോപാദ്ധ്യായ എന്ന എഴുത്തുകാരി ‘മോഡേൺ റീവ്യൂ’ എഴുതിയ ഒരു കഥ വായിച്ചുകേട്ടതിന്റെ ഛായയിൽ എഴുതിയ ‘യാത്രാവസാനം’ എന്ന കഥ മലയാളരാജ്യം ചിത്രവാരികയിൽ അച്ചടിച്ചുവന്നു. അവർ പിന്നെയും കവിതയും കഥയുമൊക്കെ ആവശ്യപ്പെട്ടു. അങ്ങനെ പതുക്കെപ്പതുക്കെ ഒരു സാഹിത്യകാരി പിറവിയെടുത്തു.
പതിനെട്ടാമത്തെ വയസിൽ ലളിതാംബികയുടെ ജീവിതത്തിലേക്ക് സൗമ്യനും ശാന്തനുമായ ഒരു യുവാവ് കടന്നുവന്നു. മീനച്ചിൽ താലൂക്കിൽ രാമപുരത്ത് അമനക്കര ഇല്ലത്ത് നാരായണൻ നമ്പൂതിരിയായിരുന്നു അത്. സ്നേഹസമ്പന്നനായ, തന്റെ ഉള്ളു കണ്ടറിഞ്ഞ ആ ജീവിതസഖാവിനെ ലഭിച്ചതോടെ ശക്തയായത് പോലെ. വി ടിയുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഉൾപ്പെടെയുള്ള നാടകങ്ങളും എം ആർ ബിയും പ്രേംജിയും നടത്തിയ വിധവാവിവാഹങ്ങളും മറ്റും സാമുദായിക പരിവർത്തനത്തിന്റെ വിപ്ലവകാഹളം മുഴക്കുന്ന കാലം. ‘ഘോഷ ബഹിഷ്കരണം'(അന്തർജ്ജനങ്ങൾ മൂടുപടവും മറക്കുടയും വേണ്ടെന്ന് വെക്കുന്നത്)പോലെ വിപ്ലവകരമായ നടപടികൾക്ക് പാർവതി നെന്മിനിമംഗലവും ആര്യാ പള്ളവും ധൈര്യം പ്രകടിപ്പിച്ചു. മറക്കുടക്കുള്ളിലെ മഹാനരകത്തിൽ നിന്ന് രക്ഷനേടാനായുള്ള നമ്പൂതിരി സ്ത്രീകളുടെ ആ വിമോചനസമരത്തിൽ കഥകളും കവിതകളും നാടകങ്ങളുമെല്ലാമെഴുതിക്കൊണ്ട്, ലളിതാംബികയും പങ്കുചേർന്നു. കുടുംബബന്ധങ്ങളെപ്പോലും തച്ചുടച്ചുകൊണ്ട് വേണ്ടി വന്നാൽ എന്തും ധിക്കരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഒരു എഴുത്തുകാരിക്ക് വേണ്ടതെന്ന് അവർ അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. അത് നൽകാൻ തയ്യാറായ, ഏത് ഒരു കാര്യത്തിനുമൊപ്പം നിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ഒരാളായിരുന്നു ജീവിതപങ്കാളി. ഭർത്താവിനോടൊപ്പം ഒരു ദിവസം ക്ഷേത്രത്തിൽ പോകാനെന്ന മട്ടിൽ, ആ അന്തർജ്ജനം മറക്കുടയും പുതപ്പുമായി പുറത്തേക്ക് ഇറങ്ങി. പോകുന്ന വഴിയിൽ വെച്ച് കുട ദൂരെ എറിഞ്ഞുകളഞ്ഞിട്ട്, പുതമുണ്ട് സാരിയാക്കി ഉടുത്തുകൊണ്ട് മാവേലിക്കരയ്ക്കുള്ള ബസിൽ കയറി. അവിടെ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ, ഘോഷ ബഹിഷ്‌കരിച്ച നെന്മിനിമംഗലത്തിനും ആര്യാപള്ളത്തിനും നൽകിയ വലിയ സ്വീകരണച്ചടങ്ങിൽ സംബന്ധിക്കാനായിട്ടായിരുന്നു ആ യാത്ര.
ഭാര്യയും ഭർത്താവും കോട്ടവട്ടത്തു മടങ്ങിചെന്നപ്പോൾ സംഗതി ആകെ ഗുരുതരമായി മാറിക്കഴിഞ്ഞിരുന്നു. “എനിക്കിനി ഒരു മകളില്ല” എന്നു പറഞ്ഞുകൊണ്ട് അമ്മ ആർത്തലച്ച് കരയുന്നതാണ് കണ്ടത്. ഭൃഷ്ടയായ ഒരുവൾ താമസിക്കുന്ന ഇടത്തുവെച്ച്, സ്വന്തം പിതാവിന്റെ ശ്രാദ്ധം ഊട്ടാൻ പോലും തയ്യാറാകാതെ അപ്ഫൻമാർ ഇല്ലം വിട്ടുപോയി. ആചാരാനുഷ്ഠാനങ്ങളിലെ കടുത്ത വിശ്വാസികളും കുറച്ചുകൂടി യാഥാസ്ഥിതികരുമായ, ഭർത്താവിന്റെ മുത്തപ്ഫൻമാരും മുത്തശ്ശിമാരുമൊക്കെ അതിലും രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. അച്ഛൻ മാത്രം കുലുങ്ങിയില്ല.
“അവർ ഒരു പൊതുസ്ഥലത്ത് പോയി വന്നതിന് എന്തിനാണ് ഭൃഷ്ട്?” എന്നാണ് അദ്ദേഹം ചോദിച്ചത്. കോട്ടവട്ടത്തെ ഇല്ലത്തിന് സമീപത്തായി അച്ഛൻ പണികഴിപ്പിച്ചുകൊടുത്ത ‘ഭാസ്‌ക്കരവിലാസം’ എന്ന വീട്ടിൽ ആ ദമ്പതികൾ കുട്ടികളോടൊത്ത് താമസിക്കാനാരംഭിച്ചു. ഭർത്താവ് കൃഷിപ്പണി ചെയ്തു. ലളിതാംബിക നൂൽ നൂറ്റു. തന്നത്താൻ തറിയിട്ട് നൂൽ ചുറ്റി അവർ നെയ്ത മുണ്ടുകൾ, കേരളം സന്ദർശിക്കാനെത്തിയ ഗാന്ധിജിയെ ചെന്നുകണ്ട്, നേരിട്ട് സമ്മാനിക്കാനും അവസരം ലഭിച്ചു. സി വി കുഞ്ഞുരാമൻ ഉൾപ്പെടെ യുള്ള ഒട്ടനേകം പ്രമുഖ വ്യക്തികൾ ആ വീട്ടിൽ അതിഥികളായെത്തി. അവരിലൊരാൾ ആ വീടിന്റെ ചുവരിൽ ഇങ്ങനെ എഴുതിവെച്ചു:
“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്.”
മലയാളത്തിലെ ഏറ്റവും ശ്രേഷ്ഠരായ കഥാകൃത്തുക്കളിൽ ഒരാളായി ആ അന്തർജ്ജനയുവതി മാറിയത് അങ്ങനെ ജീവിച്ച പത്തു വർഷക്കാലത്താണ്. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് അവർ ഒരിക്കലും ഒഴിഞ്ഞു മാറാൻ കൂട്ടാക്കിയില്ല. ഒന്നിനു പിറകെ ഒന്നായി ഏഴു കുട്ടികളെ പ്രസവിച്ചു. ചെറിയ കുട്ടികളെ തൊട്ടിലാട്ടി ഉറക്കിക്കൊണ്ട് താഴെ കുനിഞ്ഞിരുന്ന് കഥകളും കവിതകളും എഴുതി. കൈക്കുഞ്ഞിനെ മാറോടണച്ചു കൊണ്ട് പ്ലാറ്റ്‌ഫോമിൽ കയറിനിന്ന് പ്രസംഗിച്ചു. സമുദായത്തിലെ മാത്രമല്ല സാഹിത്യത്തിലെയും എതിർക്കേപ്പെടേണ്ടതിനോടെല്ലാം, വിട്ടുവീഴ്ച കാണിക്കാതെ പടവെട്ടി. ‘ഫെമിനിസ്റ്റ് ചിന്തയുടെയും പുരോഗമന ബോധത്തിന്റെയും പെണ്ണെഴുത്തിന്റെയും കൊടിയടയാളങ്ങളായ’ രചനകളിലൂടെ, മലയാള സാഹിത്യത്തിന്റെ ആദ്യനിരയിൽ തന്നെ ഇരിപ്പിടം നേടിയ ലളിതാംബിക അന്തർജ്ജനത്തിന്റെ, എഴുത്തുകാരിയായുള്ള പരിണാമത്തിന്റെ കഥയാണിത്.

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)
1923 സെപ്റ്റംബര്‍ ലക്കം ‘ശാരദ’യില്‍ പ്രസിദ്ധീകരിച്ച ‘അഭിനവപാര്‍ത്ഥസാരഥി’യായിരുന്നു ആദ്യ രചന. ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനമായിരുന്നു അത്. തുടര്‍ന്ന് കവിതകളും ലേഖനങ്ങളും ഉണ്ണിനമ്പൂതിരി, യോഗക്ഷേമം, ശാരദ എന്നീ മാസികകളില്‍ പ്രസിദ്ധികരിച്ചു. 1937ല്‍ ‘ലളിതാഞ്ജലി’ എന്ന കവിതാസമാഹാരം പ്രസിദ്ധീകൃതമായി. പിന്നാലെ അംബികാഞ്ജലി എന്ന കഥാസമാഹാരവും വെളിച്ചം കണ്ടു. “യാത്രാവസാനം’ ആണ് ആദ്യ കഥ. കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരണയെ അടിസ്ഥാനമാക്കി രചിച്ച “പ്രതികാരദേവത” ഏറെ ശ്രദ്ധ നെടി. ‘അഗ്നിസാക്ഷി’ എന്ന നോവല്‍ മലയാള സാഹിത്യത്തില്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന് അനിഷേധ്യമായ ഇരിപ്പിടം സമ്മാനിച്ചു. 1977ല്‍ അഗ്നിസാക്ഷിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാർ അവാർഡും ഓടക്കുഴൽ അവാർഡും ലഭിച്ചു. ‘ആത്മകഥയ്ക്ക് ഒരു ആമുഖം’ ആണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ ആത്മകഥ. “ഗോസായി പറഞ്ഞ കഥ’ എന്ന ബാലസാഹിത്യ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച്. കേരളസാഹിത്യഅക്കാദമി അംഗം, പാഠ പുസ്തക കമ്മറ്റി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 ഫെബ്രുവരി 6 ന് അന്തരിച്ചു.
ചെറുകഥകൾ- വിധിബലം, പ്രതിധ്വനി, മൂടുപടത്തിൽ , കാലത്തിന്റെ ഏടുകൾ , തകർന്ന തലമുറ, കിളിവാതിലിലൂടെ , കൊടുങ്കാറ്റിൽ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, അഗ്നിപുഷ്പങ്ങൾ, തിരഞ്ഞെടുത്ത കഥകൾ, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ധീരേന്ദ്ര മജുംദാറിന്റെ അമ്മ, പവിത്ര മോതിരം, മാണിക്കൻ
നോവൽ- അഗ്നി സാക്ഷി, മനുഷ്യനും മനുഷ്യരും
ആത്മകഥ- ആത്മകഥക്ക് ഒരാമുഖം
കവിതാസമാഹാരങ്ങൾ- ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശ്ശബ്ദസംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി
മറ്റുകൃതികൾ – ഗ്രാമബാലിക(ലഘുനോവൽ); പുനർജന്മം,വീരസംഗീതം(നാടകം), കുഞ്ഞോമന,ഗോസായി പറഞ്ഞ കഥ(ബാലസാഹിത്യം)