മലയാളത്തിന്റെ ആദ്യ പത്രവും നിഘണ്ടുവും തയ്യാറായത് തലശ്ശേരിയിലെ ഈ ബംഗ്ലാവിന്റെ വരാന്തയിലാണ്

ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് ഒരു വിദേശ പണ്ഡിതനാണ്. നിഘണ്ടു മാത്രമല്ല മലയാള പഞ്ചാംഗവും മലയാളത്തിലെ ആദ്യ പത്രവും ഒക്കെ തലശ്ശേരിയിലെ ഈ വിദേശിയുടെ ബംഗ്ലാവില്‍ നിന്നാണ് പുറത്തിറങ്ങിയത്. മലയാള ഭാഷയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ജര്‍മ്മന്‍ പണ്ഡിതനായ ആ വിദേശിയുടെ പേര് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. അദ്ദേഹം താമസിച്ച ബാസല്‍ മിഷന്‍ ബംഗ്ലാവിന്‍റെ (ഇന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്) തിണ്ണയിലാണ് മലയാളത്തിലെ ആദ്യകാല അച്ചടികള്‍ നടന്നത്.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന ഇല്ലിക്കുന്നിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഒരു ഇംഗ്ലീഷ് ന്യായാധിപനാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. ഇല്ലിക്കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ബംഗ്ലാവിന്റെ ഉരുപ്പടികളെല്ലാം തേക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. യഥേഷ്ടം വായു സഞ്ചാരവും വെളിച്ചവും കടന്നുവരുന്ന തരത്തിലുള്ള വിശാലമായ നടുത്തളവും മുറികളും ഒപ്പം കൊത്തുപണികളാല്‍ അലംകൃതമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മര ഉരുപ്പടികളും ചേര്‍ന്നുള്ള മികച്ച വാസ്തുശൈലിയിലുള്ള ഈ ബംഗ്ലാവിന്റെ അകര്‍ഷണീയത ഇന്നും തെല്ലും കുranjiട്ടില്ല.

ഗുണ്ടര്‍ട്ട് ബംഗ്ലാവ്
ഈ ബംഗ്ലാവ് ക്രിസ്തുമത പ്രചാരണത്തിനായി പ്രവര്‍ത്തിച്ചിരുന്നു സ്വിറ്റ്സര്‍ലണ്ടിലെ ബാസല്‍ പട്ടണത്തിലുള്ള ബാസല്‍ മിഷന്‍റെന്റെ പ്രവര്‍ത്തനങ്ങളുടെ മലബാര്‍ ഭാഗത്തെ ഒരു കേന്ദ്രമായിരുന്നു. ഒരു ക്രിസ്ത്യന്‍ പാതിരിയായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1836 ജൂലൈയിലാണ് ഇന്ത്യയിലെത്തിയത്. ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുമായി 1839-ലാണ് അദ്ദേഹം തലശ്ശേരിയിലെത്തുന്നത്. തുടര്‍ന്ന് അദ്ദേഹം ഇല്ലിക്കുന്നിലെ ബാസല്‍ മിഷന്‍ ബംഗ്ലാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി ഗുണ്ടര്‍ട്ട് ഇവിടെ അടുത്ത് ഒരു ക്രിസ്തീയ ദേവാലയം സ്ഥാപിക്കുകയും ഏകദേശം എട്ടുവര്‍ഷത്തോളം (1839 മുതല്‍ 1846 വരെ) ഇവിടുത്തെ വികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ബാസല്‍ മിഷൻ സ്‌കൂൾ
ഇതിനിടയില്‍ അദ്ദേഹം, തലശ്ശേരി മിഷന്‍ പ്രസിന് തുടക്കം കുറിച്ചു. 1845 ഒക്ടോബര്‍ 23-ന് ഇന്നത്തെ ഗുണ്ടര്‍ട്ട് ബംഗ്ലാവിന്റെ വരാന്തയില്‍ ബാസല്‍ മിഷന്റെ പ്രചരണത്തിനും മറ്റുമായി ഒരു ലിത്തോ പ്രസ് സ്ഥാപിച്ചു. 1846 നവംബര്‍ ഒന്നിന് ‘മലയാള പഞ്ചാംഗം’ എന്ന പുസ്തകം അച്ചടിച്ചതോടെ മലയാള ഭാഷയിലെ അച്ചടിയുടെ ചരിത്രം ആരംഭിക്കുകയായിരുന്നു. പിന്നാലെ, 1847 ജൂണില്‍ ബംഗ്ലാവിലെ ഇതേ വരാന്തയില്‍ നിന്ന് തന്നെ മലയാളത്തിലെ ആദ്യപത്രമായ ‘രാജ്യസമാചാരം’വും, 1847 ഒക്ടോബറില്‍ രണ്ടാമത്തെ പത്രമായ ‘പശ്ചിമോദയം’വും പുറത്തിറങ്ങി. 20 വര്‍ഷത്തോളം ഇല്ലിക്കുന്ന് ബംഗ്ലാവില്‍ താമസിച്ച ഗുണ്ടര്‍ട്ട്, 1959-ല്‍ രോഗബാധിതനായതിനെ തുടര്‍ന്ന് സ്വദേശമായ ജര്‍മ്മനിയിലേക്ക് മടങ്ങി പോവുകയായിരുന്നു.
1872ലായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയിലെ ആദ്യത്തെ നിഘണ്ടു പുറത്തിറക്കിയത്. ഇല്ലിക്കുന്ന് ബംഗ്ലാവില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ അദ്ദേഹം നിഘണ്ടുവിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഗുണ്ടര്‍ട്ട് നിഘണ്ടു എന്നറിയപ്പെടുന്ന ഇതൊരു മലയാളം-ഇംഗ്ലീഷ് ഡിക്ഷണറിയായിരുന്നു. ഇതുകൂടാതെ ബൈബിള്‍ വേദ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും മലയാള ഭാഷയുടെ വ്യാകരണ പുസ്തകങ്ങള്‍ തയ്യാറാക്കുകയും ഒക്കെ ചെയ്ത ഗുണ്ടര്‍ട്ട് മലയാളത്തില്‍ ഇരുപത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്. ജര്‍മ്മന്‍, ഇംഗ്ലീഷ്, ലയാളം, കന്നട, പാലി, തമിഴ്, സംസ്‌കൃതം എന്നിങ്ങനെ ഒട്ടേറെ ഭാഷകള്‍ നന്നായി കൈക്കാര്യം ചെയിതിരുന്ന ഗുണ്ടര്‍ട്ട് തികഞ്ഞൊരു ഭാഷ പണ്ഡിതനായിരുന്നു.
ജര്‍മനിയിലെ സ്റ്റുട്ഹര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ച ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലെ കാല്‍വ് എന്ന നഗരത്തില്‍ വച്ച് 1893 ഏപ്രില്‍ 25-ന് അന്തരിച്ചു. ഇന്ന് ഗുണ്ടര്‍ട്ടിന്റെ ഓര്‍മ്മയ്ക്കായി തലശ്ശേരിയിലുള്ളത് ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവും, കല്ലുഅച്ചുകൂടവും, അദ്ദേഹം സ്ഥാപിച്ച ഇല്ലിക്കുന്ന് പള്ളി എന്നറിയപ്പെടുന്ന (സി.എസ്.ഐ. ഗുണ്ടര്‍ട്ട് സ്മാരക ദേവാലയം) ക്രിസ്തീയ ദേവാലയവും ആണ്. കൂടാതെ തലശ്ശേരി മുനിസിപ്പാലിറ്റി സ്ഥാപിച്ച ‘ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പാര്‍ക്കും’ അവിടുത്തെ അക്ഷരപാര്‍ക്കും തുറന്ന വായനശാലയും ഗുണ്ടര്‍ട്ടിനുള്ള മികച്ച ഒരു സ്മാരകവുമാണ്.
ഇല്ലിക്കുന്നിലെത്തുന്നവര്‍ക്ക് ഗുണ്ടര്‍ട്ട് ബംഗ്ലാവ് മാത്രമല്ല സന്ദര്‍ശിക്കാനും അനുഭവിക്കാനുമുള്ളത്. തലശ്ശേരി പട്ടണം തന്നെ വലിയൊരു അനുഭവമാണ്. അക്ഷരവും, ഭക്ഷണവും, കായികവും, പ്രകൃതിമനോഹാരിതയും ഒക്കെക്കൊണ്ട് തലശ്ശേരി ഏവരുടെയും മനം കവരുന്ന ഒരു പ്രദേശമാണ്. അതില്‍ ഏറ്റവും ഏടുത്തു പറയേണ്ടത് ക്രിക്കറ്റിന്റെയും സര്‍ക്കസിന്റെയും കേക്കിന്റെയും തലശ്ശേരി പെരുമകളാണ്. ക്രിക്കറ്റ് എന്ന കായിക വിനോദം ആദ്യമായി (1900- തുടക്കത്തില്‍) രാജ്യത്തെ കളിച്ചുതുടങ്ങിയ പ്രദേശങ്ങളിലൊന്നും, ഇന്ത്യന്‍ സര്‍ക്കസിന്റെ ജന്മദേശവും, 1880ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ബേക്കറിയായ മമ്പള്ളി ബേക്കറിയും (ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയതും ഇവിടെയാണ് 1983ല്‍) ഒക്കെ ഈ തലശ്ശേരിയിലാണ്.
1800-കളുടെ തുടക്കത്തില്‍ ക്രിക്കറ്റ് കളി എത്തിയ ഇന്നത്തെ തലശ്ശേരി മുന്‍സിപ്പല്‍ ക്രിക്കറ്റ് മൈതാനവും, 1900- തുടക്കത്തില്‍ ഇവിടെ സര്‍ക്കസ് എത്തിച്ച കേരള സര്‍ക്കസിന്റെ പിതാവായി കണക്കാക്കുന്ന കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യന്‍ ആദ്ദേഹത്തോടുള്ള സ്മരണയ്ക്കായി സ്ഥാപിച്ച സര്‍ക്കസ്-ജിംനാസ്റ്റിക്‌സ് പരിശീലനകേന്ദ്രവും, ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറിയും (അന്നത്തെ മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ് ഫാക്ടറി) ഒക്കെ ഇന്നും ഇവിടെ തലയെടുപ്പോടെ കാണാന്‍ സാധിക്കും. 160 വര്‍ഷത്തോളം പഴക്കമുള്ള മലബാര്‍ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ബ്രണ്ണന്‍ സ്കൂളും കോളേജും തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ചരിത്രത്തിനോട് താല്‍പര്യമുള്ളവരെ ആവേശരാക്കുന്ന ധര്‍മ്മടം തുരുത്തും, ഓവര്‍ബറിസ് ഫോളിയും, തലശ്ശേരികോട്ടയും, കടല്‍പ്പാലവും, മാഹിയും ഒക്കെ തലശ്ശേരിയോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ്
തലശ്ശേരിയില്‍ നിന്നുള്ള ഏറ്റവും അടുത്തുള്ള വിമാനത്താവളം 26 കി.മീദൂരയുള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും 93 കി.മീ അകലെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും ആണ്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍, ഒട്ടുമിക്ക ട്രെയിനുകളും നിര്‍ത്തുന്ന പ്രധാനപ്പെട്ട ഒരു റെയില്‍വേ സ്‌റ്റേഷനാണ്. കണ്ണൂര്‍ റെയിവെ സ്റ്റേഷനിലേക്ക് തലശ്ശേരിയില്‍ നിന്നും 21 കി.മീ ദൂരമെയുള്ളൂ. കണ്ണൂരില്‍ നിന്നും (21 കി.മീ), കോഴിക്കോട് നിന്നും (67 കി.മീ), കാസര്‍ഗോഡ് നിന്നും (110 കി.മീ) തലശ്ശേരിയിലേക്ക് എപ്പോഴും ബസ് യാത്ര സൌകര്യം ലഭ്യമാണ്.

കൃഷ്‌ണഗോവിന്ദ്