ലോകത്തേറ്റവും പഴക്കമേറിയ വായനശാലകളുള്ള രാജ്യം: മാലി – ഭാഗം 3
(കുട്ടികളുടെ ആഫ്രിക്ക പരമ്പരയിലെ മറ്റ് ഭാഗങ്ങള്‍ വായിക്കാം)

ലൈബ്രറി
ഇന്ന് നമ്മൾ മാലിയിലേക്കാണ് പോകുന്നത്. ലോകത്തേറ്റവും പഴയ വായനശാലയുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ് മാലി. 1327 ൽ തിംബുക്ടുവിൽ മണ്ണും കച്ചിയും മറ്റ് ജൈവിക പദാർത്ഥങ്ങളും കൊണ്ട് നിർമിച്ച ഇസ്ലാമിക ദേവാലയം, മണ്ണ് കൊണ്ടുണ്ടാക്കിയ ലോകത്തെ ഏറ്റവും വലിയ കെട്ടിടമാണ്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പഠന കേന്ദ്രം കൂടിയായിരുന്നു മാലി.
സഹാറ മരുഭൂമിയുമായി അതിർത്തി പങ്കിടുന്ന മാലിയിലെ പഴയ രാജാക്കന്മാരുടെ കഥകളൊക്കെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ മാലിയിലെ പുരാതന വായനശാലകളിൽ നിന്ന് ആർക്കിയോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വലിയ നഗരമായ ബമാക്കോയാണ് മാലിയുടെ തലസ്ഥാനം. കച്ചവടകേന്ദ്രങ്ങൾക്കും ലൈവ് മ്യൂസിക്കിനും പ്രശസ്തമാണ് നൈജർ നദീ തടത്തിലെ ബമാക്കോ നഗരം.
രസകരമായ ഒരുപാട് വിശേഷങ്ങൾ മാലിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ സ്വർണ ഖനികളുള്ള മൂന്നാമത്തെ രാജ്യമാണ് മാലി. മാന മൂസ ( 1312 -1337 ) എന്ന മാലിയൻ രാജാവ്, മെക്കയിലേക്ക് തീര്‍ത്ഥയാത്രയ്ക്ക് പോകുമ്പോള്‍ പോകുന്ന വഴിക്കുള്ളവർക്കെല്ലാം സ്വർണം ദാനം ചെയ്യാറുണ്ടായിരുന്നു എന്നാണ് കഥ.
നിങ്ങള്‍ ബോഗോലാനേയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഫെർമെന്‍റ് ചെയ്ത മണ്ണും പരുത്തിയും ചേർത്തുണ്ടാക്കുന്ന ഒരു പ്രത്യേക തുണിത്തരമാണ് ബോഗോലാൻ. നല്ല ഭംഗിയുള്ള പാറ്റേണുകൾ ഇഴ ചേർത്ത ബോഗോലാൻ വസ്ത്രങ്ങൾ ഇന്ന് മാലിയുടെ സ്വത്വത്തിന്റെ ഭാഗമാണ്. നിറയെ നിറങ്ങളും പൂക്കളും, വരകളും നിറഞ്ഞ boubloveousആണ് സാധാരണക്കാർ ഉപയോഗിക്കുന്ന വസ്ത്രം.
ആഫ്രിക്കൻ ആനകളുടെ നാട് കൂടിയാണ് മാലി. ട്യുരാഗ് (Tuareg), ഫുലാനി (Fulani)എന്നീ സഞ്ചാരികളായ ഗോത്ര വര്‍ഗങ്ങളാണ് നൂറ്റാണ്ടുകളായി ആഫ്രിക്കൻ ആനക്കൂട്ടത്തിന്റെ കൂട്ടുകാർ.
കൊളോണിയൽ കാലത്ത് ആഫ്രിക്കയെ അറുത്ത് മുറിച്ചെടുത്തപ്പോൾ മാലി ഫ്രഞ്ചുകാരുടെ കയ്യിലായി. മാലിയൻ ജനത ഫ്രഞ്ച് സംസാരിക്കുമെങ്കിലും നാൽപ്പതിലധികം ഗോത്രഭാഷകൾ മാലിയിൽ ഉപയോഗിക്കുന്നുണ്ട്. ഫ്രഞ്ചാണ് മാലിയിലെ ഔദ്യോഗിക ഭാഷ. 80 % അധികം പേർ സംസാരിക്കുന്നത് ബംമ്പരാ എന്ന മാലിയുടെ ഭാഷയാണ്.
കൊനോഗുൽ മോസ്‌ക് ടവർ മോസ്‌കിന്റെ കവാടം
പൊയ്മുഖങ്ങൾ ഉപയോഗിച്ചുള്ള പിതൃക്കളെ സ്മരിക്കുന്ന നൃത്തം മാലിയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. മാലിയുടെ കവിയും ചരിത്രകാരനും, സംഗീതജ്ഞനുമൊക്കെയായ ഗ്രോയ്ത് ( Griot)ആണ് മാലിയുടെ സംഗീത പൈതൃകത്തിന്റെ തുടക്കക്കാരൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓരോ ഗോത്ര വർഗത്തിനും അവരുടേതായ പാട്ടുകളും നൃത്ത രൂപങ്ങളുമുണ്ട്.

ബൊഗോളൻ
ഫുട്ബാൾ മാലിക്കാരുടെ ഞരമ്പുകളിൽ കൂടി ഓടുന്ന കളിയാണ്. ഏത് ഗ്രാമത്തിലും ഒരു ഫുട്ബാൾ മൈതാനമുണ്ടാകും. ഗ്രാമത്തിന്റേതായ കളിക്കാരുണ്ടാകും. മാലിയുടെ പെൺപുലികളുടെ ബാസ്കറ്റ് ബോൾ ടീം ബീജിങ് ഒളിംപിക്സിൽ പങ്കെടുത്തിരുന്നു. പരമ്പരാഗത ഗലാട്ട ഗുസ്തി മത്സരങ്ങൾ ഇപ്പോഴും മാലിയുടെ ഗ്രാമങ്ങളിൽ കാണാം.
ചോറും, ചോളവും, ചീരയും, ബാവോബാബിന്റെ ഇലകളും കായ്കളും, കോഴിയും ആടും,പോത്തുമൊക്കെയാണ് മാലിക്കാരുടെ പ്രധാന ഭക്ഷണം. കപ്പയിൽ നിന്നുണ്ടാകുന്ന ഫുഫു , ജോജോലി ചോറും, കപ്പലണ്ടിയിൽ നിന്നുണ്ടാക്കുന്ന മാഫെയും മാലിയുടെ പ്രത്യേക രുചിക്കൂട്ടാണ്.
സോമി സോളമന്‍