സി വി ശ്രീരാമൻ

ലയാള ചെറുകഥാ സാഹിത്യത്തിലെ ഒറ്റയാനായിരുന്നു സി വി ശ്രീരാമൻ. കയ്പ്പും മധുരവുമുള്ള അനുഭവങ്ങളുടെ അനാര്‍ഭാടമായ ആവിഷ്ക്കാരമായിരുന്നു അദ്ദേഹത്തിന് കഥ എഴുത്ത്. ഉപഭൂഖണ്ഡമാകെ പരന്നു കിടക്കുന്ന മനുഷ്യ ജീവിതാനുഭവങ്ങള്‍ക്ക് നോവല്‍ പോലെ എഴുതാനുള്ള വലിപ്പം ഉണ്ടായിട്ടും ആറ്റിക്കുറുക്കിയെടുത്ത ചെറുകഥകളായി അവതരിപ്പിക്കാനാണ് സി വി ശ്രീരാമന്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ മലയാളത്തിലെ മികച്ച നിരവധി കഥകള്‍ ആ തൂലികയിലൂടെ വായനക്കാര്‍ക്ക് ലഭിച്ചു.

കുന്നംകുളം പോർക്കുളം ചെറുതുരുത്തി വീട്ടിൽ 1931 ഫെബ്രുവരി 7 നാണ് ജനനം. പിതാവ് സിലോണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ കുട്ടിക്കാലം സിലോണിലായിരുന്നു (ശ്രീലങ്ക). സിലോണില്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്തതിന് ശേഷം കുന്നംകുളം സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നു. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ ആയിരുന്നു ബിരുദ പഠനം. തുടര്‍ന്ന് മദ്രാസ് ലോ കോളേജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കി.

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ എഴുതിയ ‘ഒരു പുതിയ സമരരൂപ’മാണ് ആദ്യ കഥ. ആദ്യകഥ എഴുതിക്കഴിഞ്ഞ് 24 വർഷങ്ങൾക്കു ശേഷമാണ് സി വി ശ്രീരാമന്‍ തന്‍റെ അടുത്തകഥ എഴുതിയത്. ഏഴുവർഷം ആൻഡമാൻ നിക്കോബാർ ദ്വീപിലെ കിഴക്കൻ ബംഗാൾ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് കേരളത്തിൽ അഭിഭാഷകനായി ജോലി ചെയ്തു. അതുകൊണ്ടുതന്നെ ശ്രീരാമന്‍റെ നിരവധി കഥകളുടെ പശ്ചാത്തലം ശ്രീലങ്കയും കൊൽക്കത്തയും ആൻഡമാനും തമിഴ്നാടും ആയിരുന്നു. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്‍റെ കഥകളിലെ പ്രധാന വിഷയങ്ങളാണ്. എങ്കിലും ഓരോ കഥകളും വ്യത്യസ്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

തൊഴിലുമായി ബന്ധപ്പെട്ട സി വി ശ്രീരാമന്റെ ജീവിതസാഹചര്യങ്ങൾ ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തിന് നൽകുകയുണ്ടായി. അനുഭവങ്ങളെ മനോഹരമായ ഭാഷയിൽ അദ്ദേഹം കഥകളാക്കി. അദ്ദേഹത്തിന്‍റെ കഥകളിലെല്ലാം തന്നെ നിരന്തരമായ യാത്രയുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏതാണ്ട് പൂർണമായും യാത്ര ചെയ്ത എഴുത്തുകാരനാണ് ശ്രീരാമൻ. ഇത്തരം യാത്രകളിൽ നിന്നും ആണ് അദ്ദേഹം തൻറെ കഥയ്ക്കുള്ള വസ്തുക്കൾ ശേഖരിച്ചിരുന്നത്. ഇവ പിന്നീട് ഒന്നാന്തരം കഥകളായി. വലിയ ബഹളങ്ങളില്ലാതെ ഒതുങ്ങിനിന്നു കഥ പറയുന്ന ഒരാളായിട്ടാണ് ശ്രീരാമൻറെ രചനകളെ നമുക്ക് അനുഭവപ്പെടുക.

ഒട്ടുചെടി, ക്ഷുരസ്യധാര, വാസ്തുഹാര, ചിദംബരം, ഇരിക്കപ്പിണ്ഡം, ശീമത്തമ്പുരാന്‍, ആമം തുടങ്ങി ഏറെ ശ്രദ്ധേയമായ നിരവധി കഥകള്‍ സി വി ശ്രീരാമന്‍ രചിച്ചു. വാസ്തുഹാര, ക്ഷുരസ്യധാര, പുറംകാഴ്ചകള്‍, ചിദംബരം, ദുഃഖിതരുടെ ദുഃഖം, എന്റോസി വലിയമ്മ, ഇരിക്കപ്പിണ്ഡം, പൊന്തന്‍മാട, പുതുമയില്ലാത്തവരുടെ നഗരം, ഉര്‍ളോസ്, തീര്‍ത്ഥക്കാവടി, ചക്ഷുഃശ്രവണഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, സൂനിമാ, ശ്രീരാമന്റെ കഥകള്‍, ഇഷ്ടദാനം, പാമ്പന്‍പാലത്തിനും മുമ്പ് എന്നിവയാണ് പ്രധാന കൃതികള്‍. ഇംഗ്ലീഷിലും ജർമ്മനിയിലും നിരവധി ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്‍റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ശ്രീരാമന്‍ രചിച്ച അഞ്ചു കഥകള്‍ മലയാളത്തിലെ മികച്ച ചലച്ചിത്രങ്ങളായി മാറുകയുണ്ടായി. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരവും വാസ്തുഹാരയും മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണപ്പെട്ട രചനകളാണ്. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാട (പൊന്തന്‍മാട, ശീമതമ്പുരാന്‍), കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥം (ഇരിക്കപ്പിണ്ഡം) എന്നീ ചലച്ചിത്രങ്ങള്‍ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ സി വി ശ്രീരാമന്‍ 1979 മുതല്‍ രണ്ടു തവണയായി 12 വര്‍ഷം കുന്നംകുളത്തിനടുത്ത പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു,. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സി വി ശ്രീരാമന്‍ 2007 ഒക്ടോബർ പത്തിന് അന്തരിച്ചു.

ഗായത്രി. ജെ
സി.എൻ.പി.പി.എം.വി.എച്ച്.എസ്.എസ്. കട്ടച്ചിറ,
ആലപ്പുഴ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content