എങ്ങനെ ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കാം?

ഭാഷാപരമായ വ്യവഹാരരൂപങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ആസ്വാദനക്കുറിപ്പ് തയാറാക്കല്‍. ഒരു രചന തനിക്കെങ്ങനെ അനുഭവപ്പെട്ടു, താന്‍ എങ്ങനെ രസിച്ചു എന്നുള്ളതിന്റെ ആവിഷ്കാരമാണ് ആസ്വാദനം. അത് പ്രഭാഷണരൂപത്തിലോ ലിഖിതരൂപത്തിലോ തയാറാക്കാം. ലിഖിതരൂപത്തില്‍ തയാറാക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന വസ്തുതകള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാം.
താഴെ പറയുന്ന ചോദ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കൂ. കഥയും കവിതയുമൊക്കെ വായിച്ച് ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചുനോക്കൂ.

• കവിത/കഥയുടെ രചയിതാവ് ആര്?
• കവിത/കഥയുടെ പ്രമേയം എന്ത്?
• കവിത/കഥയുടെ ആശയം എന്ത്?
• കവിത ആകര്‍ഷകമാക്കുന്ന പ്രധാന ഘടകങ്ങള്‍ എന്തെല്ലാം? (പദപ്രയോഗം, അക്ഷരങ്ങളുടെ ആവര്‍ത്തനം, വാങ്മയചിത്രങ്ങള്‍, വരികള്‍ മുതലായവ)
• കവിത/കഥയുടെ പ്രമേയത്തിന്റെ ആനുകാലിക പ്രാധാന്യം എന്ത്?
• കവിത/കഥയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്?

ഇനിയും നിരവധി ചോദ്യങ്ങളാകാം. എന്നാല്‍ ആദ്യഘട്ടമെന്ന നിലയില്‍ ഇത്രയെങ്കിലും പരിഗണിക്കാം. ഈ ചോദ്യങ്ങള്‍ക്ക് കഥ അല്ലെങ്കില്‍ കവിതയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കു ലഭിക്കുന്ന ഉത്തരം എഴുതി നോക്കൂ. അവ എഴുതിയാല്‍ ആസ്വാദനക്കുറിപ്പായി. അവതരണത്തിന്റെ ക്രമം നിങ്ങള്‍ക്കു തീരുമാനിക്കാം.

പ്രവര്‍ത്തനം
താഴെ തന്നിരിക്കുന്ന കവിത വായിച്ചുനോക്കൂ.

കൊച്ചുദുഃഖം

 

കുട്ടിതന്‍ കയ്യിലെ ചോറ്റുപാത്രം നടു-
റോട്ടില്‍ വീണുള്ളില്‍നിന്നെല്ലാം നിലത്തുപോയ്!
വിദ്യാലയപ്പടിവാതില്‍ക്കല്‍ ബസ്സു വ-
ന്നെത്തവേ, തിക്കിത്തിരക്കിയിറങ്ങവേ
അക്ഷരഭാണ്ഡത്തെ ഭദ്രമായ് പേറുമ-
പ്പെട്ടിതന്‍ ഭാരം തളര്‍ത്തിയ കൈയില്‍നി-
ത്തിരിപോന്നൊരു ചോറ്റുപാത്രം നടു-
റോട്ടില്‍ വീണുള്ളില്‍നിന്നെല്ലാം നിലത്തുപോയ്!

താര്‍മഷിയിട്ട നിരത്തിലൂടെ, യിണ-
വേര്‍പെട്ടുരുണ്ടുപോം പാത്രവും മൂടിയും
പിന്നാലെ ചെന്നെടുത്താരോ തിരികെയാ
കുഞ്ഞിക്കരങ്ങളിലേല്പിച്ചു പോകവേ
കുട്ടിതന്‍ കണ്ണു നിറഞ്ഞുപോയ്! ഉച്ചയ്ക്കു
പട്ടിണിയാകുമെന്നോര്‍ത്തല്ല, തന്‍ ചോറ്റു-
പാത്രത്തില്‍ നിന്നൂര്‍ന്നു വീണതു നാലഞ്ചു
കപ്പക്കഷണമാണാളുകള്‍ കണ്ടുപോയ്!

 

ഒ.എന്‍.വി കുറുപ്പ് 

നേരത്തെ തന്നിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയ ശേഷം എഴുതി നോക്കൂ. നിങ്ങള്‍ക്ക് ഒത്തുനോക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കവിതയുടെ ആസ്വാദനക്കുറിപ്പ് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

കെ വി മോഹനന്‍
അക്കാദമിക് കോര്‍ഡിനേറ്റര്‍, മലയാളം മിഷന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content