മരിക്കാനനുവദിക്കരുത് നമ്മുടെ ഭാഷകളെ…
ലോക മാതൃഭാഷാ ദിന ചിന്തകള്‍

“നിങ്ങൾ ഒരാളോട് അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുമ്പോൾ അയാളുടെ തലച്ചോറിൽ കടക്കുന്നു. അയാളുടെ സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോൾ അയാളുടെ ഹൃദയത്തിൽ പ്രവേശിക്കുന്നു.” ( നെൽസൺ മണ്ടേല )

മാതൃഭാഷയെ കുറിച്ചുള്ള ഏതൊരാലോചനയ്ക്കും ഊര്‍ജ്ജം പകരുന്നതാണ് വര്‍ണ്ണ വിവേചന വിരുദ്ധ പോരാളിയായ നെല്‍സണ്‍ മണ്ടേലയുടെ ഈ വാക്കുകള്‍. ഒരു ദേശത്തി, അവിടത്തെ ജനങ്ങളുടെ, അവരുടെ സ്വത്വത്തിന്‍റെ നന്മയും തനിമയും തുടിപ്പും കുതിപ്പും കിതപ്പുമെല്ലാം ഫലപ്രദമായി സംവേദനം ചെയ്യാൻ കഴിയുക മാതൃഭാഷയിലൂടെ മാത്രമാണ്. ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനമായി ആചരിക്കുന്നതിന് പിന്നില്‍ വൈവിധ്യത്തെ ആഘോഷിക്കാനും ഏതൊരു തരത്തിലുള്ള-വര്‍ണ്ണ, വേഷ, ഭാഷ, മത, ജാതി-വിവേചനത്തെയും എതിര്‍ത്തു തോല്‍പ്പിക്കാനുമുള്ള ആഗോള സമൂഹത്തിന്റെ സന്നദ്ധതയാണ് തെളിയുന്നത്.

സ്വന്തം ഭാഷയ്ക്കല്ലാതെ വേറെ ഏതു ഭാഷയ്ക്കാണ് ഒരാളുടെ ഹൃദയത്തിൽ പ്രവേശിച്ച് അയാളുടെ ചിന്തയെയും ഭാവനയെയും ആശയ വിനിമയത്തെയും സ്വാധീനിക്കാൻ കഴിയുക? നാട്ടുനന്മകൾ മനസ്സിൽ മൊട്ടിടുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് മാതൃഭാഷയുടെ ശക്തി കൊണ്ടാണ്. ഓരോ ഭാഷയ്ക്കും മനുഷ്യരെപ്പോലെത്തന്നെ അത് ജനിച്ചു വളർന്ന ചുറ്റുപാടുമായി ജൈവികമായ പൊക്കിൾക്കൊടി ബന്ധമുണ്ട്. ഈയൊരു ബന്ധമാണ് മാതൃഭാഷയെ ജീവസ്സുറ്റതാക്കുന്നതും സജീവമായി നിലനിർത്തുന്നതും.

“മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ”

മഹാകവി വള്ളത്തോളിന്‍റെ ഈ വരികൾ മാതൃഭാഷയുടെ മഹത്വത്തെ വരച്ചു കാണിക്കുന്നു. അമ്മിഞ്ഞപ്പാലിനൊപ്പം ഓരോ കുഞ്ഞും സ്വായത്തമാക്കുന്ന മാതൃഭാഷയാണ് ആ കുഞ്ഞിനെ ചുറ്റുപാടുമായി ബന്ധിപ്പിക്കുന്ന ആശയ കൈമാറ്റ ഉപാധി. ഔപചാരിക വിദ്യാഭ്യാസത്തിനു മുമ്പെ ആരംഭിക്കുന്ന ഈ അനൗപചാരിക ഭാഷാ പഠനത്തിലൂടെയാണ് കുട്ടിയുടെ ചിന്താശക്തിയും ആശയ വിനിമയത്തിനുള്ള കഴിവും വികാസം പ്രാപിക്കുന്നത്. പ്രീ പ്രൈമറി പഠനകാലം മുതലുള്ള വിദ്യാഭ്യാസ കാലഘട്ടത്തിന് ശാസ്ത്രീയമായ അടിത്തറ പാകുന്നതും ഒരുക്കുന്നതും മാതൃഭാഷയിലൂടെയുള്ള ബോധനമാണ്. ബോധന മാധ്യമം മാതൃഭാഷയായിരിക്കണമെന്ന് ആധുനിക വിദ്യാഭ്യാസചിന്തകരും മനശ്ശാസ്ത്രജ്ഞരും പൊതുവിൽ അംഗീകരിച്ചിട്ടുണ്ട്. മാതൃഭാഷയിലൂടെ ആശയം സ്വീകരിക്കുമ്പോഴാണ് കുട്ടിക്ക് ആ വിഷയത്തിൽ മികവു കൂടുക എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ആശയവിനിമയോപാധി എന്നതിനപ്പുറം ജനതയുടെ സ്വത്വബോധവും സാംസ്കാരവും പ്രതിഫലിപ്പിക്കപ്പെടുന്നതും മാതൃഭാഷയിലൂടെയാണ്. സാമൂഹിക ജിവിതത്തിൽ ക്രിയാത്മകമായി ഇടപെടുന്നതിന് മാതൃഭാഷാപഠനം സഹായിക്കുന്നുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്.

മാതൃഭാഷയുടെ ഓജസ്സും സൗന്ദര്യവും തിരിച്ചറിഞ്ഞുള്ള പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പുതിയ ഭാഷകൾ കടന്നു കടന്നു വരുന്നുണ്ട്. ഈ അന്യഭാഷാസ്നേഹം പെട്ടെന്ന് ഉണ്ടായതല്ല. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയില്‍ ആംഗലേയ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന പ്രാധാന്യം ഓര്‍ക്കുക. ഓരോ തലമുറ കഴിയുമ്പോഴും മാതൃഭാഷയോടുളള ബന്ധം കുറഞ്ഞു കുറഞ്ഞു വരികയാണ്. അധിനിവേശ ഭാഷയുടെ സ്വാധീനം തദ്ദേശീയ ഭാഷയെ പതിയെപ്പതിയെ കൊന്നു കൊണ്ടിരിക്കുകയാണ് എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. ലോകമാകെയുള്ള 7000-ഓളം വരുന്ന അംഗീകരിക്കപ്പെട്ട ഭാഷകളില്‍ പകുതിയോളം നാശത്തിന്റെ വക്കിലാണ് എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 600 ഓളം ഇന്ത്യന്‍ ഭാഷകള്‍ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഭാഷാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

“ആരു തേടും? നാളെ നമ്മുടെ കുട്ടികൾ –
ക്കോർക്കാനുമമ്മയെ വേണ്ടായിരിക്കുമോ?”

എന്ന് വി. മധുസൂദനൻ നായർ സമൂഹത്തോട് ചോദിക്കുന്നത് മാതൃഭാഷയുടെ ഈ അപചയ ഘട്ടത്തിലാണ്.

ജീവിതത്തിലും ഭാഷയിലും അധിനിവേശത്തിന്‍റെ യുക്തികൾ പിടിമുറുക്കുന്ന ഇക്കാലഘട്ടത്തിൽ സംസ്കാരവും വിജ്ഞാനവും അമ്മ വാത്സല്യത്തോടെ പകർന്നു തന്നിരുന്ന മാതൃഭാഷയെക്കുറിച്ച്, മാതൃഭാഷാ മഹത്വത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു ലോക മാതൃഭാഷാ ദിനം. ഭാഷയുടെ വൈവിധ്യത്തെ ആഘോഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ച് 1999ൽ യുനെസ്കോയാണ് ഫെബ്രുവരി 21 ന് മാതൃഭാഷാദിനം ആചരിക്കാൻ തീരുമാനിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു.

ലോക മാതൃഭാഷാ ദിനത്തിന്‍റെ പിറവിക്ക് രക്തസാക്ഷിത്വത്തിന്‍റെ ചോരമണമുണ്ട് എന്നത് യാദൃശ്ചികതയല്ല. പൂർവ പാക്കിസ്താനിലെ (ഇപ്പോൾ ബംഗ്ലാദേശ്) ജനത തങ്ങളിലേക്ക് അടിച്ചേല്പിക്കപ്പെട്ട ഉറുദുവിനു പകരം തങ്ങളുടെ മാതൃഭാഷയായ ബംഗാളിക്കു വേണ്ടി നടത്തിയ ധീരമായ പ്രതിഷേധ സമരത്തിലേക്ക് 1952 ഫെബ്രുവരി 21 ന് പോലീസ് വെടിവെപ്പ് നടത്തിയപ്പോള്‍ നഷ്ടമായത് പോരാട്ടത്തിന്‍റെ മുൻ നിരയിലെ മാതൃഭാഷാസ്നേഹികളുടെ ജീവനായിരുന്നു. അന്ന് കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ഫെബ്രുവരി 21 ന് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നുണ്ട്. ഈ ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരം കൂടിയാണ് ലോക മാതൃഭാഷാ ദിനം ഫെബ്രുവരി 21നു ആചരിക്കുന്നതിന് പ്രേരണയായത്.

മാതൃഭാഷാസ്നേഹത്തിനുമപ്പുറം മാതൃഭാഷാ സംരക്ഷണത്തിനു വേണ്ടി നിയമ നിർമ്മാണം നടക്കേണ്ടതുണ്ട്. ഭാഷയുള്ള കാലത്തോളം എന്ന പഴയ ചിന്ത മാറി ഭാഷയെ എല്ലാ കാലത്തേക്കും നിലനിർത്തുന്നതായിരിക്കണം ഭാഷാ സംരക്ഷണത്തിന്‍റെ ലക്ഷ്യം. ഇന്‍റര്‍നെറ്റ്, ബ്ലോഗ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയുടെ വരവും വികാസവും മാതൃഭാഷയുടെ വളർച്ചയ്ക്കും കാരണമായിട്ടുണ്ട്. ഇ -പത്രം , ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ വായനയുടെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. എന്‍റെ മക്കൾക്ക് മലയാളം അറിയില്ല എന്നു പറയുന്ന പ്രവാസികളേക്കാൾ മലയാളം പഠിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന പ്രവാസികളെ നമുക്കിന്ന് കാണാൻ കഴിയും. ‘എവിടെയെല്ലാം മലയാളി , അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമായി ആത്മാർഥമായി ശ്രമിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ മലയാളം മിഷനും മാതൃഭാഷാ സംരക്ഷണം മുഖ്യ ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മലയാള ഐക്യവേദിയും നമ്മുടെ കേരളത്തിൽ മാതൃഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് മുന്നിൽത്തന്നെയുണ്ട്.

പ്രജിത കെ വി
ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, തിരൂര്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content