വേരുകൾ

“വേരുകൾ വില്ക്കാനുണ്ടെ”ന്നുള്ള കുറിപ്പുപരസ്യം തൂങ്ങുന്നു
നാട്ടിലെ നല്ലൊരു തറവാടിന്‍ കവാടത്തിന്റെ പുറത്തിപ്പോൾ

പടിപ്പുര പിന്നിട്ടെത്തിയാൽ കാണാം
അസ്ഥിത്തറയും അങ്കണവും

ചാരുകസേരയിൽ തെല്ലൊരു ഗർവ്വാൽ നാഥനിരിപ്പതു കണ്ടിടാം
താഴെ കാലുംനീട്ടിയിരിപ്പൂ വെറ്റച്ചെല്ലവുമായ് നാഥ

ഉണ്ണികൾ ചുറ്റും കഥകൾ കേൾക്കാൻ
കൊഞ്ചിക്കൊഞ്ചിയിരിക്കുന്നു

നടുമുറ്റത്തുണ്ടലയുന്നാശുഗൻ
ചെമ്പകപ്പൂവിൻഗന്ധവുമായ്

മച്ചിന്മേലുണ്ടായിരമോട്ടിൻ
പാത്രത്തിന്റെ കലമ്പലുകൾ

പത്തായത്തിൽ നെന്മണി തിങ്ങും
പത്താംതലമുറയെ കാക്കാൻ

ഉരലുമുലക്കയുമരകല്ലും കട–
കോലും കാണാം കലവറയിൽ

മൺപാത്രത്തിൽ കട്ടത്തൈരു–
ണ്ടുറിയിലിരിപ്പു വടക്കിനിയിൽ

നാഴി,യിടങ്ങഴി, പറ,മുറമെല്ലാ–
മളവുകൾ തെറ്റാതോതുന്നു

തൊപ്പിക്കുടയും കൊയ്ത്തരിവാളും
പാടം നോക്കിയിരിക്കുന്നു

കൈക്കോട്ടുണ്ട്, കലപ്പയും പാള–
ത്തൊപ്പിയുമാവഴി നോക്കുന്നു

പട്ടിണിയെന്തെന്നറിയാതെത്ര
ജീവിതമുണ്ടയൽപക്കത്ത് !

ഉറവകൾ വറ്റാതുള്ള കിണറ്റിൽ
ശീതളമധുരത്തുള്ളികളും

ഉദ്യോഗത്തിന് നഗരത്തിൽ ചെന്നി-
ട്ടവിടെ ഫ്ലാറ്റിൽ ജീവിക്കാം

പുത്തൻ സൗകര്യങ്ങളൊരുക്കാം
കെട്ടിപ്പൂട്ടാമീ ഭവനം.

നിദ്രവരാതെ അച്ഛൻ മെല്ലെ
മിഴികളടച്ചു കിടക്കുമ്പോൾ

പദ്ധതിയിരുചെവിയറിയാതല്ലോ
പുത്രനുറപ്പിച്ചീടുന്നു

ഫോണിൽ ചൊല്ലിയ കാര്യമതെല്ലാം
കേട്ടിട്ടച്ഛൻ സ്തബ്ധിച്ചു

“പടുകിഴവന്റെ കഥയുംതീർത്തി–
ട്ടുടനെ വില്ക്കണമീ നിലയം”

അതുകേട്ടായിരം വിദ്യുത്കമ്പന–
മാ,തനുവിൽ പാഞ്ഞിടുന്നു

ഭൂമി പിളർന്നൊരു ഭീമൻഗർത്തം
മാടിവിളിക്കുന്നതുപോലെ

ദൃഷ്ടിയിലെല്ലാമാടുന്നായിരം
നൂലിൽ കടലാസ്കഷ്ണങ്ങൾ

അക്ഷരമവയിൽ ശയിക്കുന്നിങ്ങനെ,
“വേരുകൾ വില്പനചെയ്യുന്നു”

(സൂര്യകാന്തി പാഠപുസ്തകത്തിലെ *പാളവിശറി* , നീലക്കുറിഞ്ഞി പാഠപുസ്തകത്തിലെ *വേരുകൾ വില്പനയ്ക്ക്* എന്നീ പാഠങ്ങളെ അധികരിച്ച് എഴുതിയ കവിത. )

റീന വാക്കയിൽ
അധ്യാപിക,
അക്ഷരജ്യോതി പഠനകേന്ദ്രം
ന്യൂ ഡൽഹി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content