ക്ഷ
കുട്ടി:
ക്ഷേത്രത്തിന്റെ മുറ്റത്തെ
വൃക്ഷക്കൊമ്പിലിരിക്കുന്ന
പക്ഷിക്കുഞ്ഞേ എങ്ങോട്ടാ?
പക്ഷി:
ക്ഷാമം വന്നൊരു കാലത്തെൻ
രക്ഷകനായൊരു ക്ഷുരകന്റെ
ക്ഷേമം നോക്കാൻ പോകുന്നു.
കുട്ടി :
പക്ഷം വീശി പാറുമ്പോൾ
ലക്ഷ്യം ദൂരത്താണെങ്കിൽ
ക്ഷീണിക്കും നീ, സൂക്ഷിച്ചോ …
പക്ഷി :
ക്ഷീണിച്ചാലാ ക്ഷണം തന്നേ
ഭക്ഷിക്കാനായ് ധാന്യത്തിൻ
ക്ഷേത്രത്തിങ്കലിറങ്ങീടും.
കുട്ടി :
ക്ഷുദ്രൻമാരാം പക്ഷികളെ
ശിക്ഷിക്കാനായ് കാവൽക്കാർ
കക്ഷത്തിലൊരു കവണയുമായ്
സസൂക്ഷ്മം നോക്കിയിരുപ്പുണ്ടേ….
പക്ഷി :
പക്ഷേ ഞാനാ കക്ഷിയുടെ
സമക്ഷം ചെല്ലാതതിക്ഷിപ്രം
സുഭിക്ഷം ഭക്ഷണം ഭക്ഷിച്ചു
ക്ഷമയും ചൊല്ലി പറന്നീടും..
ക്ഷീരപഥത്തിലെ നക്ഷത്രങ്ങൾ
ഇക്ഷിതി തന്നിൽ വിരിയും മുമ്പേ
ക്ഷയമോടു കലയായ് മാറിയോരമ്പിളി
സാക്ഷിയതാവാനെത്തും മുൻപേ
സൂക്ഷം ലക്ഷ്യമണഞ്ഞീടും ഞാൻ.
സ്വപ്ന സരൾവേദ