കൂഴവാലിയും റാണിയും

ഭാഗം 2

( ആദ്യഭാഗം ഇവിടെ വായിക്കാം )

ഹ.. ഹ… ഹ…!
പൊട്ടിച്ചിരി കേട്ട് കുട്ടികള്‍ തിരിഞ്ഞുനോക്കി. കായലിലേക്ക് വലവീശി പൊട്ടിപ്പൊട്ടി ചിരിക്കുന്ന ഒരപ്പൂപ്പന്‍. കുട്ടികള്‍ ഓടി അപ്പൂപ്പനരികിലെത്തി. അവര്‍ കായലിലേക്ക് നോക്കി. വലയ്ക്കകത്ത് പിടയുന്ന തങ്ങളുടെ പ്രിയപ്പെട്ട കൂഴവാലി. കൂഴവാലി സങ്കടത്തോടെ കുട്ടികളെ നോക്കി. അപ്പൂപ്പന്‍ മീന്‍ കിട്ടിയ സന്തോഷത്തില്‍ വല ഉയര്‍ത്താന്‍ ശ്രമിച്ചു. കുട്ടികള്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ നോക്കി.


”അപ്പൂപ്പാ….”
മൃദുസ്വരത്തില്‍ ചിഞ്ചു വിളിച്ചു.
”എന്താ മക്കളേ…”
വല മുകളിലേക്ക് വലിച്ചു കയറ്റുന്നതിനിടയില്‍ അപ്പൂപ്പന്‍ ചോദിച്ചു.
”അപ്പൂപ്പാ… ആ മീനിനെ വെള്ളത്തിലേക്ക് വിടാമോ..?”
”ഹ… ഹ… ഹ…” അദ്ദേഹം പിന്നെയും പൊട്ടിപ്പൊട്ടി ചിരിച്ചു. എന്നിട്ട് കുട്ടികളുടെ മുമ്പില്‍ ഇരുന്നു.
”മക്കളേ…. കുറേ നാളായി ഞാന്‍ ശ്രമിക്കുന്നു. കൂഴവാലിയെ പിടികൂടാന്‍. സമ്മതിച്ചു തരണ്ടേ… പല തവണ എന്നെ പറ്റിച്ചു. പക്ഷേ ഇന്ന് ഞാന്‍ ജയിച്ച ദിവസമാണ്.” അതിനെ ഞാന്‍ വിടില്ല. വലയ്ക്കകത്ത് കിടന്ന് പിടയുന്ന കൂഴവാലിയെ നോക്കി കുട്ടികള്‍ അദ്ദേഹത്തോട് കെഞ്ചി.
”അപ്പൂപ്പാ… ആ മീന്‍ ഞങ്ങടെ ഫ്രണ്ടാ… അതിനെ വെള്ളത്തിലേക്ക് വിടോ?”
അപ്പൂപ്പന്‍ ചാടിയെഴുന്നേറ്റു. വല കയ്യില്‍നിന്നു താഴെപ്പോയി.
”നിങ്ങടെ ഫ്രണ്ടോ? മീനിനെ സ്‌നേഹിക്കുന്ന കുട്ടികളോ?” അദ്ദേഹം കുറേനേരം മിണ്ടാതെ അവരെത്തന്നെ നോക്കിനിന്നു. എന്നിട്ട് വല വെള്ളത്തിലേക്കിട്ടു. കൂഴവാലി വലയില്‍നിന്ന് വെള്ളത്തിലേക്ക് ചാടി. സന്തോഷത്തോടെ കായലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടുപോയി. അപ്പൂപ്പന്‍ ഒന്നും മിണ്ടിയില്ല. വലയെല്ലാം വലിച്ചുകയറ്റി ചുരുട്ടിയെടുത്ത് വേഗത്തില്‍ നടന്നുപോയി.
”പാവം അപ്പൂപ്പന്‍” കുട്ടികള്‍ നിശ്ശബ്ദം പറഞ്ഞു.
”അപ്പോ ഞാന്‍ പാവോല്ലേ?” ജലത്തിന് മുകളിലെത്തി കൂഴവാലി കുട്ടികളോട് തിരക്കി.
”പിന്നേ…. നീ പാവമായതോണ്ടല്ലേ നിന്നെ ഞങ്ങള്‍ രക്ഷിച്ചത്.”
”ഒരു പാട് നന്ദിയുണ്ട്” മീന്‍ പറഞ്ഞു.
”നന്ദിയൊന്നും വേണ്ട. സൂക്ഷിക്കണം. ഈ സൈഡിലേക്കൊന്നും വരണ്ട. ദൂരെയെവിടെയെങ്കിലും പോയി സന്തോഷായി ജീവിക്കുക. അടുത്ത വെക്കേഷന് വരുമ്പോള്‍ നിന്നെ ഞങ്ങള്‍ക്ക് കാണണം.”
മീന്‍ വെള്ളത്തിന് മേലേ കുതിച്ചുയര്‍ന്നു. എന്നിട്ട് നിവര്‍ന്നു നിന്നു. കുട്ടികള്‍ക്ക് ചിരി വന്നു.
”ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ എന്തൊരു സന്തോഷമാണ്. ഈ കൂഴവാലിക്ക്. ഞങ്ങള്‍ക്ക് നിന്നെ വിട്ട് പോകാന്‍ തോന്നുന്നില്ല” കുട്ടികള്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ കൂഴവാലി ചിരിച്ചു.
”എന്നെ രക്ഷിച്ചതിന് ഞാനൊരു പാട്ട് പാടിത്തരാം”
കൂഴവാലി നീട്ടി പാടി. “കാറ്റേ നീ വീശരുതിപ്പോൾ…. കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്‍റെ ജീവന്‍റെ ജീവനിരിപ്പൂ…”
ആഹാ…നിനക്ക് സിനിമാഗാനങ്ങളും അറിയുമോ?’ കുട്ടികളുടെ സന്തോഷം കണ്ട മീൻ ഒന്നുകൂടി ഉഷാറായി. ഇത് ഈ അഷ്ടമുടിക്കായലിന്‍റെ തീരത്തു താമസിച്ചിരുന്ന മലയാളത്തിന്‍റെ പ്രിയ കവി തിരുനല്ലൂർ കരുണാകരൻ എഴുതിയതാണ്. അദ്ദേഹത്തിന്റെ ‘റാണി’ എന്ന മനോഹരമായ കാവ്യപുസ്തകത്തിലെ വരികളാണിത്. അഷ്ടമുടിക്കായലിന്‍റെ തീരത്താണ് റാണി താമസിച്ചിരുന്നത്. റാണിയെ സ്നേഹിച്ചിരുന്ന കഠിനാധ്വാനിയായ നാണു എന്ന കടത്തുകാരൻ അസുഖം വകവെക്കാതെ തോണി തുഴഞ്ഞു തന്‍റെ ജീവിതം മെച്ചപ്പെടുത്തുവാൻ ശ്രമിക്കവേ അയാൾ മരണപ്പെടുന്നു. അയാളുടെ ജീവനറ്റ ശരീരത്തിലേക്കുനോക്കി ശിലപോലെ അവൾ നിന്നു. ‘മാറത്തടിച്ചു കരഞ്ഞില്ല കായലിൽ ചാടാൻ തുനിഞ്ഞില്ല റാണി…..’ അവൾ ദുരിതങ്ങളിൽ തളരാതെ… വിധിയെ പഴിക്കാതെ അധ്വാനിച്ചു സധൈര്യം ഈ ലോകത്തു ജീവിച്ചു. കായലോരഗ്രാമങ്ങളിലെ കയർതൊഴിലാളികളുടെ ജീവിതമാണ് ‘റാണി’ എന്ന കവിതയിൽ വിവരിക്കുന്നത്. കൂഴവാലി ആവേശത്തോടെ റാണിയിലെ വരികൾ ചൊല്ലി. 

”താരിളം കൈയുകള്‍ തൊണ്ടുതല്ലുന്നതിന്‍
താളവും മേളവും കേള്‍ക്കാം
റാട്ടുകളെപ്പോഴും അധ്വാനശക്തിതൻ
പാട്ടുപാടുന്നതും കേൾക്കാം

ചുക്കിച്ചുളിഞ്ഞൊരാപ്പൊയ്കയില്‍ കാറ്റു ചെ-
ന്നുമ്മവെച്ചുന്മാദമേകും
കണ്‍കവരുന്നൊരാ പച്ചത്തുരുത്തിന്റെ
കണ്‍മണിയാണവള്‍ റാണി”

മീന്‍ വളരെ മനോഹരമായി റാണി എന്ന കവിതയിലെ വരികള്‍ ചൊല്ലിയപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി. കുഴവാലി വീണ്ടും അഷ്ടമുടിക്കായലിന്റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് പിന്നില്‍നിന്ന് അപ്പൂപ്പന്‍ വിളിക്കുന്നത് കുട്ടികള്‍ കേട്ടത്. അവര്‍ തിരികെ പോവുകയാണോ? കൂഴവാലിയുടെ കണ്ണുകള്‍ നിറഞ്ഞു.

 

റാണി പി. കെ

റാണി പി. കെ

1 Comment

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content