പ്രതീക്ഷ
അന്ധകാരത്തില്‍ ലയിച്ചൊരറയില്‍
റാന്തല്‍ വിളക്കിനാല്‍ ദീപ്തമാം കോണില്‍
അതിനരികിലായൊരാ തുരുമ്പിച്ച
ജനാലതന്‍ അറ്റത്ത്, ശീലതന്‍ മറവില്‍
പാരിജാതത്തിന്‍ സൗരഭമേറുന്ന
മുല്ലപ്പൂതന്നുടെ കേശത്തില്‍ കെട്ടിയ
മൃദുലമനോഹര അധരങ്ങള്‍ കൊണ്ട്
വശ്യമനോഹര പുഞ്ചിരി തൂകിയവള്‍
ജാലകത്തിന്നരികത്ത് നിന്നവള്‍
ആരെയോ തിരയുന്ന നോട്ടമേകി
പുതുപ്രതീക്ഷതന്‍ ഉദയകിരണങ്ങള്‍
അവളുടെ കണ്‍കളില്‍ തെളിഞ്ഞുനിന്നു
മുറ്റത്ത് പൂക്കുന്ന നിശാഗന്ധിതന്‍ സൗരഭ്യം
അവളുടെ പ്രതീക്ഷയ്ക്ക് സുസ്വപ്നമേകി
രാത്രിമാനത്ത് പ്രൗഢനായ് നില്‍ക്കുമാ
ഹിമാംശുതന്‍ കിരണങ്ങള്‍ അവളെ ചപലയാക്കി
എങ്ങുമുണങ്ങാത്ത മുറിവുകള്‍ കൊണ്ടെന്നോ
വൈരൂപമായൊരാ ചിത്തമപ്പോള്‍
പ്രത്യാശതന്‍ പൊന്‍പവിഴമല്ലികള്‍ പൂക്കുന്ന
സുന്ദരമാമൊരു ഉപവനമായി
എവിടെയോ മറന്നൊരാ സ്വപ്നത്തിനിന്ന്
പ്രണയമെന്നവള്‍ നാമമേകി
പ്രേമസാരംഗിതന്‍ മധുരമാം നാദത്തില-
വളറിയാതെയെവിടെയോ ലയിച്ചുചേര്‍ന്നു
അവളുടെ കണ്‍കളില്‍ പ്രത്യാശബിംബം
ഓഷ്ഠങ്ങളിലോ അനുരാഗഗീതം
ഓര്‍മ്മയില്‍ ദുഃഖത്തിന്‍ കാര്‍മേഘങ്ങള്‍
ഹൃദയമോ അവളുടെ പ്രണയപുഷ്പം
കാത്തുനില്‍ക്കുമാ ഹൃദയമെന്നെന്നും
തേടുന്നു തന്‍ പരിപൂര്‍ണതയെവിടെയോ
കിഴക്കുനിന്നു വരുമെന്ന് ചൊല്ലിയ കണ്ണനെ
കാത്തിരിക്കുമീ അഭിനവ രാധികയാണിവള്‍
ഈ രാത്രിയാമത്തില്‍ വരുമെന്ന ആശയാല്‍
ജനാലതന്നരികത്തായ് മറഞ്ഞവള്‍ പ്രേമിക
തന്റെ കണ്ണന്റെ വരവിനായ് വിതുമ്പുമീ
മനതാരിതാരുണ്ടു കാണ്‍മൂ…
അഖിലേഷ് ഡല്‍ഹി