ഏകാകി
ഇന്നോളം എന്നിലെ നോവിന്റെ തേരേറി
ആകാശമെത്രയോ താണ്ടി.
ഇന്നോളം എന്നിലെ കല്പന കട്ടു നീ
ഗീതങ്ങള്‍ എത്രയോ പാടി.
എന്നിലേക്കെന്നെ തളച്ചു നീ
മാനസ വാതിലെല്ലാം മെല്ലെ മൂടി
നിന്നിലേക്കെന്നെ അടുപ്പിച്ചുമില്ല
സ്വയം മറന്നെന്തേ മറഞ്ഞു?
മൗനമെന്‍ കൂട്ടിരിക്കുന്നിതാ രാത്രിയില്‍.
മോഹങ്ങള്‍ സ്വപ്നങ്ങളായി.
നിദ്രയില്ലെങ്കില്‍ ഈ സ്വപ്നങ്ങളെങ്ങനെ?
സ്വപ്നങ്ങള്‍ മിഥ്യകളായി.
കല്പനയറ്റൊരു യാന്ത്രികലോകത്ത്
ഇരുളുകീറി തിരയുന്നു,
മിഥ്യകള്‍ക്കൊപ്പം എന്‍ ഹൃത്തടം മാഞ്ഞുവോ?
കണ്ടുകിട്ടാത്തതെന്താണോ?
കഷ്ണങ്ങളെങ്കിലും ഒട്ടിച്ചു ചേര്‍ത്തെന്റെ
ഹൃദയം മിനുക്കുവാനാമോ?
ഭ്രാന്തിയെന്നോമന പേരിട്ട നാട്ടുകാര്‍
കണ്ടുനിന്നാസ്വദിക്കട്ടെ.
വിഷ്ണു വി
ആമ്പല്‍ വിദ്യാര്‍ത്ഥി
അക്ഷരാലയം പഠനകേന്ദ്രം,
ന്യൂഡല്‍ഹി