ചുവന്ന പൂവിന്റെ തൊണ്ടയിലെ പുഴു
ഒരിക്കല്‍ ഒരിടത്ത് ഒരു ചുവന്ന പൂവ് ഉണ്ടായിരുന്നു. പൂവും സൂര്യനും ചങ്ങാതികളായിരുന്നു. പൂവ് വിരിയാനിരിക്കുകയായിരുന്നു. ഒരു ദിവസം സൂര്യനുദിച്ചപ്പോള്‍ പൂവ് വിരിഞ്ഞിട്ടുണ്ടായിരുന്നില്ല. സൂര്യന്‍ പൂവിനോട് ചോദിച്ചു. “കുഞ്ഞഴകേ, കൂട്ടുകാരി എന്തേ നീ ഇനിയും വിരിയാത്തത്?” പൂവ് മറുപടി പറഞ്ഞു. “എന്റെ തൊണ്ടയില്‍ ഒരു പുഴു ഇരിക്കുന്നു. എനിക്കു വിരിയാന്‍ വയ്യ.” സൂര്യന്‍ പൂവിന്റെ സങ്കടം കാണാനാവാതെ മേഘങ്ങള്‍ക്ക് പിറകില്‍ ഒളിച്ചു. സൂര്യനെ കാണാതെ, കൂവാന്‍ കഴിയാതെ പൂങ്കോഴി സൂര്യന്‍ എവിടെ എന്നു തിരക്കാന്‍ പൂവിനടുത്തെത്തി. പിറകെ പൂച്ചയും തവളയും വന്നു. “എന്തേ ചങ്ങാതി നീ ഇനിയും കൂവാത്തത്?” പൂച്ച പൂങ്കോഴിയോട് ചോദിച്ചു. “സൂര്യന്റെ തൊഴിയായ ചുവന്ന പൂവിന്റെ തൊണ്ടയില്‍ ഒരു പുഴു കുടുങ്ങി.
അതുകണ്ട് സങ്കടപ്പെട്ട സൂര്യന്‍ മേഘങ്ങള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുകയാണ്. സൂര്യനെ കാണാതെ ഞാന്‍ എങ്ങനെ കൂവും?” വിഷമത്തോടെ പൂങ്കോഴി പറഞ്ഞു. പൂച്ച ചോദിച്ചു. “ഇനി നമ്മള്‍ എന്തുചെയ്യും?” തവള പറഞ്ഞു. ഇങ്ങനെ തലയ്ക്ക് കയ്യും കൊടുത്തിട്ട് കാര്യമില്ല. എന്തെങ്കിലും ചെയ്യണം” പൂച്ച പിന്നേയും ചോദിച്ചു. “നമുക്കെന്ത് ചെയ്യാന്‍ കഴിയും?” തവള പറഞ്ഞു. “ഈ പൂവന്‍ വിചാരിച്ചാല്‍ നമുക്ക് പുഴുവിനെ പുറത്തെടുത്തുകൂടെ?” പൂവന് കാര്യം പിടികിട്ടി. അവന്‍ പൂച്ചയുടെ മുത്തുകത്ത് കയറി നിന്നു പുഴുവിനെ പുറത്തെടുത്തു. പൂവിന് സന്തോഷമായി. അതുകണ്ടപ്പോള്‍ സൂര്യന്‍ മേഘങ്ങള്‍ക്ക് പിറകില്‍ നിന്നു വന്നു. എല്ലാവര്‍ക്കും സന്തോഷമായി.
ഗുണപാഠം – ഒത്തു നിന്നാല്‍ നടക്കാത്തതായി ഒന്നുമില്ല.
നേഹ നസീര്‍
കണിക്കൊന്ന
മാസ് ഷാര്‍ജ യൂണിറ്റ്