കൊറോണ – ഒരു തുള്ളൽ പാട്ട്
ലോകം മുഴുവൻ വൈറസ് വിതറാൻ
ചൈനയിൽ നിന്നും വന്ന ഭയങ്കരന്‍
കൊറോണയെന്ന നാമത്താലേ
ലോകം മുഴുവൻ മാറ്റിമറിച്ചു
രൂപം മാറി ഭാവം മാറി
അയിത്താചാരം നിലവിൽ വന്നു
തൊട്ടുകൂടാ തീണ്ടിക്കൂടാ
കൂട്ടംകൂടാൻ ഒട്ടും വയ്യ
ആറും അറുപതുമൊന്നാണെന്ന
പഴമൊഴിയെല്ലാം പതിരില്ലാതായ്
കൂട്ടിലടച്ച കിളിയെപ്പോലെ
നാട്ടാരെല്ലാം വീട്ടിലിരുപ്പായ്
ശുചിത്വ മിതത്വ സമഭാവനയായ്
ക്വാറന്റൈനും സ്വാഗതമേകി
കിറ്റും മാസ്കും സാനിറ്റൈസറും
ഈ നൂറ്റാണ്ടിന്‍ താരമതായി
ഉറ്റവരെയും ഉടയവരെയും
വൈറസ് തട്ടിയെടുത്തീടുമ്പോൾ
ചുംബനമില്ല പൂക്കളുമില്ല
ഒരുനോക്കൊന്നു കാണാൻ വയ്യ
ഡോക്ടർമാരും നഴ്സുമാരും
ആരോഗ്യത്തിൻ സേവകരെല്ലാം
ജീവൻ മരണ പോരാട്ടവുമായ്
ദൈവത്തിന്റെ ദൂതന്മാരായ്
കൊറോണ നിന്റെ നരനായാട്ട്
അധികം തുടരില്ല ഇനിയും ഇവിടെ
പ്രധിരോധത്തിന് വാക്‌സിനുമെത്തി
അണിചേരുന്നു മാനവകുലവും
അതിജീവനത്തിൻ സന്ദേശവുമായ്
ഇനിയും ലോകം മുന്നേറട്ടെ.

ബിബിൻ നിലമ്പൂർ മലയാളം മിഷൻ അധ്യാപകൻ എസ്എംസിഎ, കുവൈറ്റ്