വാങ്ക
ആന്റൺ ചെക്കോവ്

ആ ക്രിസ്മസ് രാവില്‍ വാങ്ക സുക്കോവിന് ഉറക്കം വന്നില്ല.

കഴിഞ്ഞ മൂന്നുമാസമായി ചെരിപ്പുകുത്തിയായ അല്യാഹിന്‍റെ സഹായിയായി ജോലി ചെയ്യുകയാണ് ഒന്‍പതുകാരനായ വാങ്ക.

യജമാനനും യജമാനത്തിയും ജോലിക്കാരും പാതിരാ കുര്‍ബാനയ്ക്ക് പോകുന്നതും കാത്തിരിക്കുകയാണവന്‍. എല്ലാവരും പള്ളിയിലേക്ക് പോയ ഉടനെ യജമാനന്റെ അലമാര തുറന്നു മഷിക്കുപ്പിയും തുരുമ്പിച്ച നിബ്ബുള്ള പേനയും കൈക്കലാക്കി അവന്‍ ചുളിഞ്ഞ കടലാസ് ചുരുള്‍ നിവര്‍ത്തി വെച്ച് എഴുതാൻ ആരംഭിച്ചു. ആദ്യത്തെ അക്ഷരം എഴുതുന്നതിനുമുമ്പ് അവൻ ഭയത്തോടെ ഇടയ്ക്കിടെ വാതില്‍ക്കലേക്കും ജനാലയിലേക്കും മാറിമാറി നോക്കുന്നുണ്ടായിരുന്നു. അലമാരയുടെ മുകളിലെ തെളിച്ചമില്ലാത്ത വിശുദ്ധരൂപത്തിന്റെ ചിത്രത്തിലേക്ക് പാളി നോക്കി അവന്‍ ദീര്‍ഘമായി നിശ്വസിച്ചു. ബെഞ്ചിന്‍റെ മേല്‍ വിരിച്ചുവെച്ച കടലാസിന് മുന്നില്‍ മുട്ടുകുത്തി ഇരുന്നു.

“പ്രിയപ്പെട്ട കോൺസ്റ്റാന്റിൻ മകരിച്ച് മുത്തശ്ശന്‍ വായിക്കാന്‍ വാങ്ക സുക്കോവ് എഴുതുന്ന കത്ത്. ” അവന്‍ എഴുതിത്തുടങ്ങി. “മുത്തശ്ശന് സന്തോഷം നിറഞ്ഞ ക്രിസ്മമസ് ആശംസകളും സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു. അച്ഛനും അമ്മയുമില്ലാത്ത എനിക്ക് മുത്തശ്ശന്‍ മാത്രമേയുള്ളൂ”.

മെഴുകുതിരിയുടെ വെളിച്ചം പ്രതിഫലിക്കുന്ന ഇരുണ്ട ചിത്രത്തിലേക്ക് വാങ്ക കണ്ണുകൾ ഉയർത്തിനോക്കി. അപ്പോള്‍ കോൺസ്റ്റാന്റിൻ മകരിച്ച് മുത്തശ്ശനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവന്റെ ഉള്ളില്‍ തെളിഞ്ഞു വന്നു.

ഷിവാരേവ് കുടുംബത്തിന്റെ തോട്ടത്തില്‍ രാത്രി കാവൽക്കാരനായിരുന്നു വാങ്കയുടെ മുത്തശ്ശൻ. മെലിഞ്ഞിട്ടാണെങ്കിലും ചുറുചുറുക്കുള്ള അറുപത്തഞ്ചു വയസ്സുകാരനായ ഒരു കുറിയ മനുഷ്യനായിരുന്നു ആ വൃദ്ധന്‍. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖവും മദ്യപന്‍റെ കണ്ണുകളുമായിരുന്നു അയാള്‍ക്ക്. പകൽസമയങ്ങളില്‍ അയാള്‍ വേലക്കാരുടെ അടുക്കളയിൽ ഉറങ്ങുകയോ പാചകക്കാരുമായി തമാശകൾ പറയുകയോ ചെയ്യും. രാത്രിയിൽ ആട്ടിൻ തോൽ പുതപ്പ് പുതച്ച് പറമ്പിലൂടെ ചുറ്റിനടക്കും. പ്രത്യേകതരം കൊട്ടുവടികൊണ്ട് തട്ടി ശബ്ദമുണ്ടാക്കും. അപ്പോഴൊക്കെ വൃദ്ധയായ കാഷ്ടങ്കയും ഇരുണ്ട നിറവും മരപ്പട്ടിയെ പോലെ നീണ്ട ശരീരവും ഉള്ള ഈലും തല കുമ്പിട്ട് അയാളെ പിന്തുടരുന്നുണ്ടാകും.

ഈ ഈൽ വലിയ വിനയക്കാരനും സ്നേഹധനനുമാണ്. അപരിചിതരേയും തന്റെ യജമാനന്മാരേയും അവന്‍ ഒരേ ദയാവായ്പോടെയാണ് നോക്കിയിരുന്നത്. എങ്കിലും അവന് അത്ര നല്ല പേരായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. അവന്റെ വിനയത്തിലും സൗമ്യ ഭാവത്തിനും പിന്നില്‍ ഒരു കുടില ബുദ്ധി ഒളിപ്പിച്ചുവെച്ചിരുന്നു. ഒരിടത്തേക്ക് പമ്മിക്കയറാനും ഒരാളുടെ പിന്നാലെ പാഞ്ഞ് ചെന്നു പേടിപ്പിച്ചോടിക്കാനും സ്റ്റോർ റൂമിലേക്ക് ഒളിച്ചുകടക്കാനും കർഷകരുടെ കോഴികളെ മോഷ്ടിക്കാനും അവനെക്കാള്‍ മിടുക്കുള്ളവര്‍ ആ നാട്ടില്‍ വേറെ ഉണ്ടായിരുന്നില്ല. അവന്റെ പിൻകാലുകൾ ഒന്നിലധികം തവണയാണ് അടിച്ചൊടിക്കപ്പെട്ടത്. രണ്ടുതവണ അവനെ കെട്ടിത്തൂക്കിയിട്ടു. എല്ലാ ആഴ്‌ചയിലും ജീവച്ഛവം ആകുന്നതുവരെ അവന്‍ മർദ്ദിക്കപ്പെട്ടു. എന്നാല്‍ ഓരോ തവണയും അവന്‍ ഉയര്‍ത്തെഴുന്നേറ്റു വന്നു.

ഈ ക്രിസ്മസ് രാത്രിയിലും പള്ളിമേടയുടെ ചുവന്ന ജനാലയിലേക്ക് കണ്ണുനട്ട് അതിന്റെ കവാടത്തില്‍ നില്‍ക്കുകയായിരിക്കും മുത്തശ്ശന്‍. ഇടയ്ക്കിടെ അയാള്‍ തന്റെ കനം കൂടിയ ബൂട്ട് കൊണ്ട് തറയില്‍ ചവിട്ടി ശബ്ദമുണ്ടാക്കുകയും വേലക്കാരോട് തമാശകള്‍ പറയുകയും ചെയ്യുന്നുണ്ടാവും. ചെറിയ കൊട്ടുവടി ബെല്‍ട്ടില്‍ തൂങ്ങിക്കിടപ്പുണ്ടാവും. തണുപ്പില്‍ വിറച്ചുകൊണ്ട് അയാള്‍ കൈകള്‍ കോര്‍ത്തുപിടിക്കും. വാര്‍ദ്ധക്യ സഹജമായ ചെറുചിരിയോടെ അയാള്‍ വേലക്കാരിയെയും പാചകക്കാരിയെയും പിച്ചുകയും ചെയ്യും.

“ഒരു നുള്ള് മൂക്കുപ്പൊടി വേണോ?” അയാള്‍ സ്ത്രീകള്‍ക്ക് നേരെ മൂക്കുപ്പൊടി ഡപ്പി നീട്ടിക്കൊണ്ട് ചോദിക്കും.

പെണ്ണുങ്ങൾ പൊടി വലിച്ചു തുമ്മാന്‍ തുടങ്ങുമ്പോള്‍ മുത്തശ്ശൻ വലിയ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറയും,

“വേഗം ചെയ്യൂ, അല്ലെങ്കില്‍ അത് മരവിച്ചു പോവും”

അവർ നായ്ക്കളെയും മൂക്കുപ്പൊടി വലിപ്പിക്കും. കാഷ്ടങ്ക തുമ്മിക്കൊണ്ട് തല ചുഴറ്റി ദേഷ്യത്തോടെ നടന്നു പോകും. ആ സമയം വിനയം കാരണം ഈൽ തുമ്മല്‍ പിടിച്ചുവച്ചു വാൽ ആട്ടിക്കൊണ്ടിരിക്കുന്നുണ്ടാവും.

ഗംഭീരമായ കാലാവസ്ഥ ആയിരിക്കും അവിടെ. നിശ്ചലവും ശുദ്ധവും സുതാര്യവുമായ അന്തരീക്ഷം. വെളുത്ത മേൽക്കൂരകളും ചിമ്മിനികളിൽ നിന്ന് ഉയരുന്ന പുകച്ചുരുളുകളും ആ ഇരുണ്ട രാത്രിയിലും ഗ്രാമത്തെ ദൃശ്യമാക്കി. മഞ്ഞു പുതച്ച മരങ്ങള്‍ വെള്ളി പൂശിയതുപോലെ കാണപ്പെട്ടു. ഹിമ പാളികള്‍ കാറ്റില്‍ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു. ആകാശമാകെ അലുക്കുകള്‍ പോലെ നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. ക്ഷീരപഥം ഒരു അവധിദിനത്തിലെന്ന പോലെ കഴുകി മഞ്ഞ് പുരട്ടിയതുപോലെ തെളിഞ്ഞു നിന്നു…

വാങ്ക നെടുവീർപ്പിട്ടുകൊണ്ട് മഷിക്കുപ്പിയില്‍ പേന മുക്കി എഴുത്ത് തുടര്‍ന്നു:

“ഇന്നലെ യജമാനന്‍ എന്നെ ചീത്ത വിളിച്ചു. എന്‍റെ മുടി കുത്തിപ്പിടിച്ചു മുറ്റത്തേക്ക് വലിച്ചെറിയുകയും ബൂട്ട് സ്ട്രെച്ചർ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. അവരുടെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ആട്ടുന്നതിനിടയില്‍ അറിയാതെ ഞാന്‍ ഉറങ്ങിപ്പോയതായിരുന്നു കാരണം. ഒരാഴ്ച മുമ്പ് യജമാനത്തി എന്നോട് മീന്‍ വൃത്തിയാക്കാൻ പറഞ്ഞു, ഞാൻ വാലറ്റത്ത് നിന്നാണ് മീന്‍ നന്നാക്കാന്‍ തുടങ്ങിയത്. അതുകണ്ടപാടെ അവര്‍ മീനെടുത്ത് എന്റെ മുഖത്തടിച്ചു. അതുകണ്ട് ജോലിക്കാര്‍ എന്നെ കളിയാക്കി ചിരിച്ചു. അവര്‍ എന്നെ വോഡ്ക വാങ്ങിക്കൊണ്ടുവരാനായി മദ്യക്കടയിലേക്ക് അയക്കുകയും യജമാനന്റെ വെള്ളരി മോഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകകയും ചെയ്തു. യജമാനന്‍ കയ്യില്‍ കിട്ടുന്നതെല്ലാം വച്ച് എപ്പോഴും എന്നെ അടിക്കും. ഏറ്റവും കഷ്ടം നേരാംവണ്ണം ഭക്ഷിക്കാന്‍ ഇവിടെ ഒന്നും ഇല്ല എന്നതാണ്. രാവിലെ കഴിക്കാന്‍ റൊട്ടിയാണ് തരുന്നത്. വൈകുന്നേരവും റൊട്ടി തന്നെ. അത്താഴത്തിനാണെങ്കില്‍ കഞ്ഞിയും. യജമാനനും യജമാനത്തിക്കും മാത്രമാണ് ചായയും സൂപ്പുമൊക്കെ. ഇടനാഴിയിലാണ് ഞാന്‍ കിടന്നുറങ്ങുന്നത്. കുരുത്തം കെട്ട അവരുടെ കുഞ്ഞിന്റെ കരച്ചില്‍ കാരണം എനിക്കു ഉറങ്ങാനേ പറ്റാറില്ല. എപ്പോഴും തൊട്ടില്‍ ആട്ടിക്കൊണ്ടിരിക്കണം. പ്രിയപ്പെട്ട മുത്തശ്ശാ, എന്നോട് ദയ കാണിക്കൂ. എന്നെ ഇവിടെ നിന്നും ഗ്രാമത്തിലെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകൂ. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടത്തെ ജീവിതം. ഞാന്‍ മുത്തശ്ശന്‍റെ കാല് പിടിക്കാം. മുത്തശ്ശന് വേണ്ടി എന്നും ദൈവത്തോട് പ്രാര്‍ഥിക്കാം. എന്നെ ഇവിടെ നിന്ന് കൊണ്ടുപോയില്ലെങ്കിൽ ഞാൻ മരിച്ചുപോകും.”

കരുവാളിച്ച കൈകൊണ്ട് വാങ്ക കണ്ണുകള്‍ തിരുമ്മുകയും ശബ്ദമില്ലാതെ വിതുമ്പുകയും ചെയ്തു.

“മുത്തശ്ശന്റെ മൂക്കുപ്പൊടി ഞാന്‍ പൊടിച്ച് തരാം,” അവൻ എഴുത്ത് തുടർന്നു. “മുത്തശ്ശന് വേണ്ടി ഞാന്‍ പ്രാർത്ഥിക്കാം. ഞാൻ തെറ്റായിഎന്തെങ്കിലും ചെയ്താൽ സിദോറിന്റെ ആടിനെയെന്ന പോലെ മുത്തശ്ശന്‍ എന്നെ തല്ലിക്കോളൂ. എനിക്ക് ജോലിയൊന്നുമില്ലല്ലോ എന്നാണ് മുത്തശ്ശന്‍ കരുതുന്നതെങ്കിൽ, ബൂട്ട് വൃത്തിയാക്കുന്ന ജോലി ചെയ്യാന്‍ എന്നെ അനുവദിക്കണമെന്ന് ഞാൻ കാര്യസ്ഥനോട് അപേക്ഷിക്കും. അതല്ലെങ്കിൽ ഫെഡ്കയ്ക്ക് പകരം ഇടയ ബാലനായി ഞാന്‍ പോയ്ക്കോളാം.”

“പ്രിയപ്പെട്ട മുത്തശ്ശാ, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടത്തെ ജീവിതം. അല്ലെങ്കില്‍ തന്നെ ഇതിനെ എങ്ങനെയാണ് ജീവിതമെന്ന് വിളിക്കാന്‍ പറ്റുക? ചിലപ്പോഴൊക്കെ ഗ്രാമത്തിലേക്ക് ഓടിപ്പോകാമെന്ന് ഞാന്‍ വിചാരിക്കും. പക്ഷേ എനിക്ക് ബൂട്ടുകളുണ്ടായിരുന്നില്ല. മാത്രമല്ല മഞ്ഞിനെ എനിക്കു പേടിയുമാണ്. വലുതാകുമ്പോൾ മുത്തശ്ശനെ ഞാന്‍ പരിപാലിക്കും. ഒരാളെ പോലും മുത്തശ്ശനെ അലോസരപ്പെടുത്താന്‍ അനുവദിക്കില്ല. മുത്തശ്ശന്‍ മരിച്ചാല്‍, എന്റെ അമ്മയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലെ മുത്തശ്ശന്റെ ആത്മാവിനായി ഞാൻ പ്രാർത്ഥിക്കും.”

മോസ്കോ ഒരു വലിയ നഗരമാണ്. എല്ലാം മാന്യന്മാരുടെ വീടുകളാണ്. അവിടെ ധാരാളം കുതിരകളുണ്ട്, പക്ഷേ ആടുകളില്ല. അവിടുത്തെ നായ്ക്കൾ പാവങ്ങളാണ്. ഒരിക്കൽ ഞാൻ ഒരു കടയുടെ ജനാലയിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന ചൂണ്ടകൾ കണ്ടു, എല്ലാത്തരം മത്സ്യങ്ങളും പിടിക്കാന്‍ അനുയോജ്യമായ ഗംഭീര ചൂണ്ടകളായിരുന്നു അവ. നാൽപ്പത് പൗണ്ട് ഭാരമുള്ള മുഷുമീനിനെ പിടിക്കാന്‍ പറ്റുന്ന ഒരു ചൂണ്ട പോലും കൂട്ടത്തില്‍ ഉണ്ടായിരുന്നു. യജമാനന്റെ കയ്യിലെ തോക്ക് പോലുള്ള വിവിധ തരം തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെയുണ്ട്. ഓരോന്നിനും നൂറ് റൂബിള്‍ വിലയുണ്ടാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. കശാപ്പുകാരുടെ കടകളിൽ കുളക്കോഴികള്‍, കാട്ടുകോഴികള്‍, മത്സ്യം, മുയൽ എന്നിവയുണ്ട്. എന്നാൽ അവയെ എവിടെ നിന്നാണ് വെടിവയ്ക്കുന്നതെന്ന് കടക്കാർ ഒരിയ്ക്കലും പറഞ്ഞു തരാറില്ല.

“പ്രിയ മുത്തശ്ശാ, തോട്ടത്തിലെ ബംഗ്ലാവിൽ ക്രിസ്മസ് മരം ഒരുക്കുമ്പോള്‍, തിളങ്ങുന്ന വാല്‍നട്ട് അതിന്‍റെ പച്ചത്തടിയില്‍ തൂക്കിയിടാന്‍ ഓൾഗ ഇഗ്നത്യേവ്നയോട് ആവശ്യപ്പെടുക. എന്നിട്ട് ഇത് വാങ്കയ്ക്കു വേണ്ടിയാണെന്ന് പറയുമല്ലോ.”

വിറയലോടെ ഒരു നെടുവീർപ്പിട്ടിട്ടു വാങ്ക വീണ്ടും ജനാലയിലേക്ക് നോക്കി. യജമാനന്റെ കുടുംബത്തിന് ക്രിസ്മസ് മരം കൊണ്ടുവരാന്‍ മുത്തശ്ശൻ കാട്ടിൽ പോകുന്നതും യജമാനന്റെചെറുമകനെ ഒപ്പം കൊണ്ടുപോകുന്നതും അവന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞു. അത് എത്ര ആഹ്ളാദപൂര്‍ണ്ണമായ കാലമായിരുന്നു! മുത്തശ്ശൻ തൊണ്ടകൊണ്ട് പ്രത്യേക ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. അതിശൈത്യത്തില്‍ കാട് വിറയ്ക്കുന്നുണ്ടാവും. സന്തോഷം അടക്കിവെച്ച ചിരിയുമായി വാങ്ക അവരെ നോക്കും. ക്രിസ്മസ് മരം മുറിക്കുന്നതിന് മുമ്പ് മുത്തശ്ശൻ ഒരു പൈപ്പ് വലിക്കും, പതുക്കെ ഒരു നുള്ള് മൂക്കുപ്പൊടി വലിച്ചുകയറ്റും. എന്നിട്ട് തണുത്തുമരവിച്ചു നില്‍ക്കുന്ന വാങ്കയെ നോക്കി ചിരിക്കും. തങ്ങളില്‍ ആരാണ് ആദ്യം മരിച്ചു വീഴുന്നത് എന്നതും കാത്ത്, മഞ്ഞു പുതച്ച ഫിര്‍മരങ്ങള്‍ നിശ്ചലമായി നില്‍ക്കും. ഒരു മുയൽ മഞ്ഞുപാളികൾക്ക് മുകളിലൂടെ ശരം വിട്ടതു പോലെ പാഞ്ഞുപോകുന്നത് കാണാം. ആ കാഴ്ച കാണുമ്പോള്‍ മുത്തശ്ശന്‍ അലറിവിളിക്കും. “അവനെ പിടിക്കൂ, അവനെ പിടിക്കൂ .. . ഹാ, കുറിയ വാലുള്ള പിശാചിനെ പിടിക്കൂ!”

ക്രിസ്മസ് മരം മുറിച്ച് കഴിഞ്ഞ് , മുത്തശ്ശൻ അത് വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടിട്ട് അലങ്കരിക്കാനുള്ള ജോലിയിൽ ഏർപ്പെടും. വാങ്കയുടെ പ്രിയപ്പെട്ട ഓൾഗ ഇഗ്നത്യേവ്നയായിരുന്നു അവിടത്തെ ഏറ്റവും തിരക്കുള്ളവള്‍. വാങ്കയുടെ അമ്മ പെലഗേയ ആ വലിയ വീട്ടിലെ ജോലിക്കാരിയായിരുന്നപ്പോൾ, ഓൾഗ ഇഗ്നത്യേവ്ന അവന് സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു, അവനെ വായിക്കാനും എഴുതാനും നൂറുവരെ എണ്ണാനും ക്വാഡ്രിൽ നൃത്തം ചെയ്യാനും അവര്‍ പഠിപ്പിച്ചു. പെലഗേയ മരിച്ചപ്പോൾ, വാങ്കയെ അവന്റെ മുത്തശ്ശനൊപ്പം വേലക്കാരുടെ അടുക്കളയിലേക്ക് പറഞ്ഞുവിട്ടു. പിന്നീട് അവിടെ നിന്ന് മോസ്കോയിലെ ചെരുപ്പുകുത്തിയുടെ അടുത്തേക്കും.

“പ്രിയ മുത്തശ്ശാ ഒന്നു വരൂ,”വാങ്ക കത്തെഴുത്ത് തുടർന്നു. “ഞാൻ മുത്തശ്ശനോട് അപേക്ഷിക്കുന്നു, എന്നെ കൊണ്ടുപോകൂ, എന്നെപ്പോലെ ദുഃഖിതനായ അനാഥനോട് കരുണ കാണിക്കൂ. ഇവിടെ എല്ലാവരും എന്നെ ഉപദ്രവിക്കുന്നു, എനിക്ക് ഭയങ്കരമായി വിശക്കുന്നു; ഇവിടുത്തെ കഷ്ടപ്പാട് പറയാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല, ഞാൻ എപ്പോഴും കരച്ചിലാണ്. കഴിഞ്ഞ ദിവസം യജമാനൻ എന്റെ തലയിൽ അടിച്ചപ്പോള്‍ ഞാൻ താഴെ വീണു. എന്റെ ജീവിതം നികൃഷ്ടമായ ഒന്നായി തീര്‍ന്നിരിക്കുന്നു, ഒരു നായയുടെതിനേക്കാള്‍ മോശമാണത്. . . . അലിയോണയോടും ഒറ്റക്കണ്ണുള്ള യെഗോർക്കയോടും വണ്ടിക്കാരനോടും എന്റെ ആശംസകൾ പറയുക. എന്റെ കോണ്‍സേര്‍ട്ടിന ആർക്കും നൽകരുതേ. നിങ്ങളുടെ ചെറുമകന്‍, ഇവാൻ സുക്കോവ്. പ്രിയപ്പെട്ട മുത്തശ്ശാ, വരൂ.”

വാങ്ക കടലാസ് രണ്ടുതവണ മടക്കി, തലേദിവസം ഒരു കൊപെക്ക് നല്‍കി വാങ്ങിയ കവറിൽ ഇട്ടു. . . . അൽപം ആലോചിച്ച ശേഷം അവന്‍ പേന മഷിക്കുപ്പിയില്‍ മുക്കി വിലാസം എഴുതി:

ഗ്രാമത്തിലെ മുത്തശ്ശന്‍.

പിന്നീട് അവൻ തല ചൊറിഞ്ഞു, അൽപ്പം ആലോചിച്ചിരുന്നതിന് ശേഷം, ഇങ്ങനെ കൂട്ടിച്ചേർത്തു: കോൺസ്റ്റാന്റിൻ മകരിച്ച്.

കത്ത് എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ കോട്ട് ധരിക്കാന്‍ നില്‍ക്കാതെ തൊപ്പി മാത്രം ധരിച്ച് വാങ്ക തെരുവിലേക്ക് ഓടി…

ആന്‍റണ്‍ ചെക്കോവ്

ആന്റൺ ചെക്കോവ്

കത്തുകൾ തപാല്‍ പെട്ടികളിലാണ് ഇടുന്നതെന്നും, പെട്ടിയിൽ നിന്ന് കത്തുകള്‍ ശേഖരിച്ച് മദ്യപരായ ഡ്രൈവര്‍മാര്‍ അവ തപാല്‍വണ്ടികളിലാക്കി ലോകത്തെമ്പാടും കൊണ്ടുപോകുമെന്നും ഇറച്ചിക്കടക്കാർ തലേദിവസം വാങ്കയോട് പറഞ്ഞിരുന്നു. അവന്‍ സമീപത്തുള്ള തപാല്‍പ്പെട്ടിയുടെ അടുത്തേക്ക് ഓടി. എന്നിട്ട് അമൂല്യമായ ആ കത്ത് തപാല്‍പ്പെട്ടിയുടെ വിടവിലൂടെ അകത്തേക്ക് ഇട്ടു.

ഒരു മണിക്കൂർ കഴിഞ്ഞ്, മധുര പ്രതീക്ഷകളോടെ വാങ്ക നല്ല ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തില്‍ അവൻ ഒരു അടുപ്പ് സ്വപ്നം കണ്ടു. അതിനടുത്ത് നഗ്നമായ കാലുകൾ ആട്ടിക്കൊണ്ട് മുത്തശ്ശൻ ഇരിക്കുന്നുണ്ടായിരുന്നു. പാചകക്കാര്‍ക്ക് തന്റെ കത്ത് വായിച്ചു കൊടുക്കുകയായിരുന്നു മുത്തശ്ശന്‍.

അടുപ്പിനരികെ വാല്‍ ആട്ടിക്കൊണ്ട് ഈൽ നില്‍ക്കുന്നുണ്ടായിരുന്നു.

(1860 ജനുവരി 29നു റഷ്യയിലെ ടാഗന്രോഗിലാണ് നാടകകൃത്തും ചെറുകഥാകാരനുമായ ആന്റൺ ചെക്കോവ് ജനിച്ചത്. ചെക്കോവ് രചിച്ച കഥകളില്‍ ഏറെ പ്രശസ്തമായ കഥയാണ് വാങ്ക. 1886ലെ ക്രിസ്തുമസ് ദിവസമാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. പ്രശസ്ത മലയാള സംവിധായകന്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചലച്ചിത്രം വാങ്കയെ ആസ്‌പദമാക്കി നിര്‍മ്മിച്ച സിനിമയാണ്.)

(വിവര്‍ത്തനം – അനന്തര/സാജു)

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content