പേന കൊണ്ട് നി ഞാൻ ജീവിക്കും…!

– എന്‍ എന്‍ കക്കാട്

ലബാറിന്റെ ചരിത്രം തിരുത്തിക്കുറിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ പി ടി ഭാസ്ക്കരപണിക്കരുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ ഭൂരിപക്ഷം നേടിയ 1954 ഒക്ടോബറിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയായി ആന ചിഹ്നത്തിൽ ആ നമ്പൂതിരി യുവാവും മത്സരിച്ചിരുന്നു. ബാലുശ്ശേരിയിൽ മത്സരിച്ചു പരാജയപ്പെട്ട അയാൾ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞ് ജോലിചെയ്തിരുന്ന നടുവണ്ണൂർ സ്കൂളിലേക്ക് തിരിച്ചു ചെന്നു. എന്നാൽ സ്കൂളിന്റെ മാനേജരുടെ കറുത്ത മുഖമാണ് അയാളെ എതിരേറ്റത്. ഒരു കമ്മ്യൂണിസ്റ്റുകാരനെ സ്കൂളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ടാണെന്ന് മാനേജർ തറപ്പിച്ചു പറഞ്ഞു. ആ ചെറുപ്പക്കാരന് ഒരു വൈക്ലബ്യവുമുണ്ടായില്ല. അപ്പോൾ തന്നെ അയാൾ രാജിയെഴുതിക്കൊടുത്തു. മാത്രമല്ല, ആ പേന ഉയർത്തിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പ്രഖ്യാപിക്കുക കൂടി ചെയ്തു. “ഈ പേന കൊണ്ട് ഇനി ഞാൻ ജീവിക്കും…!”

എന്‍ എന്‍ കക്കാട്

എന്‍ എന്‍ കക്കാട്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയ്ക്കടുത്തുള്ള അവിടനല്ലൂർ ഗ്രാമത്തിലെ കക്കാട് മനയിൽ 1927 ജൂലൈ 14 നാണ് നാരായണൻ നമ്പൂതിരി എന്ന എൻ എൻ കക്കാട് ജനിക്കുന്നത്. സംസ്കൃത പണ്ഡിതനായ പിതാവിന്റെ ‘തെളിവുറ്റ മൊഴികളിൽ’നിന്ന് ആദ്യപാഠങ്ങൾ പഠിച്ച നാരായണൻ സിദ്ധരൂപവും അമരകോശവും ബാലപ്രബോധവും സമാസചക്രവും മാത്രമല്ല ജ്യോതിഷവും കുലത്തൊഴിലായ തന്ത്രവൃത്തിയും തന്ത്രദർശനവുമെല്ലാം അച്ഛനിൽ നിന്നു തന്നെ ഹൃദിസ്ഥമാക്കി. ദാരിദ്ര്യം കുടിയിരുന്ന ആ പഴയ നമ്പൂതിരി ഗൃഹത്തിൽ കുഞ്ഞുനാൾ തൊട്ട് ഒപ്പം കൂടിയ രോഗങ്ങളും അനാരോഗ്യവുമായിരുന്നു നാരായണന് കൂട്ട്. മുത്തശ്ശി ചൊല്ലിക്കൊടുത്ത പുരാണ കഥകളുടെ ലോകത്ത്, മനോരാജ്യം കണ്ട് കഴിഞ്ഞുകൂടാനായിരുന്നു ആ ബാലൻ ഇഷ്ടപ്പെട്ടത്. അവിടനല്ലൂർ ക്ഷേത്രത്തിൽ ഉത്സവക്കാലത്ത് വെണ്ണീറും കരിയും ഓട്ടുപൊടിയും കൊണ്ട് വരച്ചിടുന്ന ഭദ്രകാളി കളം കണ്ട് പ്രചോദിതനായ നാരായണൻ കളം വരയ്ക്കാനും കളമെഴുത്ത് പാടാനും കോമരം തുള്ളാനും തായമ്പക വായിക്കാനുമെല്ലാം തുനിഞ്ഞിറങ്ങി. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം ഇതിഹാസത്തിലേക്കുള്ള വാതായനം തുറന്നുകൊടുത്തതും അക്കാലത്ത് തന്നെയാണ്. അത് ബൈബിളിന്റെയും ഗ്രീക്ക്‌പുരാണങ്ങളുടെയും വിശാലമായ ലോകത്തേക്ക് കൂടിയുള്ള വഴിയായി മാറി.

സ്വാതന്ത്ര്യത്തിന്റെ അമൃതം തേടിയുള്ള പുറംലോകത്തിന്റെ പ്രയാണത്തെ കുറിച്ച് നാരായണൻ അറിയുന്നത് കോഴിക്കോട് സാമൂതിരി സ്കൂളിൽ തേർഡ് ഫോറത്തിൽ പഠിക്കുമ്പോഴാണ്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ അലയൊലികൾ മുഴങ്ങിക്കേട്ടിരുന്ന ആ നാളുകളിൽ ഗാന്ധിജിയെയും കോൺഗ്രസിനെയും കേളപ്പനെയുമൊക്കെ കുറിച്ച് മുതിർന്ന ആൾക്കാർ സംസാരിക്കുന്നത് നാരായണന്റെ കാതുകളിലുമെത്തിയിരുന്നു. കെ പി ആർ ഗോപാലൻ എന്നൊരു സ്വാതന്ത്ര്യസമര സേനാനിയെ തൂക്കിലേറ്റാൻ വിധിച്ചത് അന്നത്തെ വലിയൊരു സംഭവമായിരുന്നു. ഹിന്ദി പഠിക്കുകയും ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്യുന്നവർ, ഗാന്ധിത്തൊപ്പിയും ഖദർ വസ്ത്രങ്ങളും ധരിച്ചും ത്രിവർണ്ണപതാക ഏന്തിയും ‘ഭാരത് മാതാ കീ ജയ്’ എന്നുറക്കെ വിളിച്ചു കൊണ്ടും നാട്ടിടവഴികളിലൂടെയും വയൽ വരമ്പുകളിലൂടെയും ‘ജാഥ’ നടത്തുന്നവർ…ഈ കാഴ്ചകളിലൂടെയൊക്കെയാണ് കൊച്ചു നാരായണന്റെ മനസിലേക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന ‘വെളിവ്‌’ മെല്ലെ എത്തുന്നത്.

മനസ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഉൾച്ചൂട് ഏറ്റുവാങ്ങിയതോടെ വസ്ത്രം ഖദറിലേക്ക് മാറ്റാൻ ഒട്ടും താമസമുണ്ടായില്ല. കയ്യെഴുത്തു മാസികയും കവിതയെഴുത്തുമായി, സ്വാതന്ത്ര്യത്തിന് വേണ്ടി തന്നാലായത് ചെയ്തുകൊണ്ട് മുന്നോട്ടുപോകുമ്പോഴാണ്, ഫോർത്ത് ഫോറത്തിൽ വെച്ച് ഒരു കവിതയുടെ പേരിൽ നോട്ടപ്പുള്ളിയാകുന്നത്. രാഷ്ട്രീയത്തിന്റെയും കവിതയുടെയും വഴികളിൽ മാർഗ്ഗദർശിയെന്നോണം ഒരാൾ ജീവിതത്തിലേക്ക് കടന്നുവരുന്നത് നാരായണൻ തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോഴാണ്.1948 – 52 കാലത്ത്, ബാച്ചിലർ ഓഫ് ഓറിയന്റൽ ലാംഗ്വേജ് (ബി ഓ എൽ)എന്ന ബിരുദം നേടാനായി പഠിക്കുമ്പോൾ എൻ വി കൃഷ്ണ വാര്യരെ പരിചയപ്പെട്ടത് വഴിത്തിരിവായി. എൻ വി തെളിയിച്ചു തന്ന ‘മൂന്നാം കണ്ണാ’യ കവിതയുടെ വഴിയിലൂടെ കക്കാട് ചങ്കൂറ്റത്തോടെ സഞ്ചരിക്കാൻ തുടങ്ങിയത് അന്നു മുതൽക്കാണ്. പൂണുനൂലും കുടുമയും ബാല്യത്തിൽ ഗ്രഹിച്ച വേദപാഠങ്ങളും പാരമ്പര്യമായി ഒപ്പം കൂടിയിരുന്ന ആചാരാനുഷ്ഠാനങ്ങളുമെല്ലാം അന്ന് വഴിയിൽ ഉപേക്ഷിച്ചതാണ്.

സ്കൂളിലെ പണി ഉപേക്ഷിച്ച ശേഷം നേരെ കോഴിക്കോടിന്‌ വണ്ടി കയറിയ കക്കാട് ബന്ധുവായ എ പി പി നമ്പൂതിരിയുടെ പത്തുമുറിയിലുള്ള യൂണിവേഴ്‌സിറ്റി ട്യൂട്ടോറിയലിൽ അദ്ധ്യാപകൻ ആയി. സ്വന്തമായി സ്കോളർ കോളേജ് എന്നൊരു സ്ഥാപനം ആരംഭിച്ചു. പാലക്കാട്ടെ സി കെ മൂസ്സത് ബ്രദേഴ്‌സ് കോഴിക്കോട് എം ബി ബ്രദേഴ്‌സിന്റെ ശാഖ തുടങ്ങിയപ്പോൾ അവിടെ പഠിപ്പിക്കാൻ കക്കാടുമുണ്ടായിരുന്നു. കവിയോടൊപ്പം പാലക്കാട് വിക്ടോറിയ കോളേജിലെ പഠനവുമൊക്കെ കഴിഞ്ഞെത്തിയ ഒരു യുവ ചെറുകഥാകൃത്തും അദ്ധ്യാപകനായി ചേർന്നു. എം ടി വാസുദേവൻ നായർ. കവിയുടെ വേളി നടക്കുന്നത് ആ നാളുകളിലാണ്. 1955ൽ. കാറൽ മണ്ണ മനയിലെ നാരായണൻ നമ്പൂതിരിയുടെ പുത്രി ശ്രീദേവി ആയിരുന്നു വധു.

ശക്തിയുടെ ഉപാസകനായ ഇടശ്ശേരിയായിരുന്നു കക്കാടിന്റെ ഇഷ്ടകവി. കാല്പനികത നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിന്റെ കവിതയുടെ ഒഴുക്കിനെതിരെ നീന്താനായിരുന്നു കക്കാടിലെ കവി ആദ്യം മുതൽക്കു തന്നെ ഇഷ്ടപ്പെട്ടത്. എങ്കിലും ഭാവഗീതത്തിന്റെ പൂർണ്ണിമയും ചേതോഹാരിത്വവും അതിൽ തുടിച്ചുനിന്നിരുന്നു…

എൻ വി കൃഷ്ണവാര്യര്‍ പത്രാധിപരായ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കക്കാടിന്റെ കവിതകൾ ആസ്വാദക പ്രശംസയും നിരൂപകശ്രദ്ധയും നേടി. പുതിയ എഴുത്തുകാരെ അവതരിപ്പിക്കാൻ ശ്രദ്ധ കാട്ടാറുള്ള തൃശ്ശൂരിലെ കറന്റ് ബുക്ക്‌സ് 1956 ൽ കക്കാടിന്റെ ആദ്യ കവിതാസമാഹാരം പുറത്തുകൊണ്ടു വന്നു — ശലഭഗീതം. അവതാരിക എഴുതിയത് മാനസ ഗുരുവായ എൻ വി കൃഷ്ണവാര്യരും.

കോഴിക്കോട് റേഡിയോ നിലയം ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കെ പത്മനാഭൻ നായരും പി ഭാസ്ക്കരനും ഉറൂബും തിക്കോടിയനും കെ രാഘവനും ശാന്താ പി നായരും കെ പി ഉദയഭാനുവും എല്ലാം തുടക്കകാലത്ത് തന്നെ അവിടെ സ്റ്റാഫ് ആർട്ടിസ്റ്റുകളായി ചേർന്നിരുന്നു. പ്രതിഭാധനരായ എഴുത്തുകാരെയും കലാകാരന്മാരെയും തേടിപ്പിടിച്ച് ചേർക്കുന്നതിൽ താൽപ്പര്യം കാട്ടിയിരുന്ന പി വി കൃഷ്ണമൂർത്തി ആയിരുന്നു മേധാവി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് കക്കാട് ഒരു ദിവസം ചെന്നുകണ്ടു. ഉറൂബിനെയും തിക്കോടിയനേയും പോലെ, കരാർ അടിസ്ഥാനത്തിൽ സ്ക്രിപ്റ്റ് റൈറ്റർ ആയി ചേരാനായിരുന്നു ക്ഷണം. പ്രതിമാസം 120 രൂപയാണ് പ്രതിഫലം. മൂന്നു മാസം കൂടുമ്പോൾ കരാർ പുതുക്കുകയാണ് പതിവ്. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് സ്ഥിരം തൊഴിലാകുകയാണല്ലോ. അധ്യാപക വൃത്തി ഉപേക്ഷിച്ച് കക്കാട് പുതിയ ലാവണത്തിൽ ചേർന്നു.

കക്കാടിന് പിന്നാലെ പ്രഗത്ഭ എഴുത്തുകാരായ അക്കിത്തവും കെ എ കൊടുങ്ങല്ലൂരും വിനയനുമൊക്കെ ആകാശവാണിയിലെത്തി. നാടകം, കവിത, സംഗീതം, ഹാസ്യസാഹിത്യം തുടങ്ങി വ്യത്യസ്ത വഴിത്താരകളിൽ മുൻപേ നടന്ന, കോഴിക്കോടിന്റെ സാസ്കാരിക ജീവിതവുമായി ലയിച്ചുചേർന്ന ഈ മനുഷ്യരാണ് അടുത്ത കാൽനൂറ്റാണ്ട് കാലം ശബ്ദതരംഗങ്ങളിലൂടെ സഹൃദയരുടെ മാനസം കവർന്നത്. ആവശ്യാനുസരണം ഞൊടിയിടയിൽ സ്ക്രിപ്റ്റ് തയ്യാറാക്കുകയും പരിപാടി കൾക്ക് ശബ്ദം നൽകുകയും വേണം. കൃഷി, സാമൂഹിക ക്ഷേമം, ആരോഗ്യം തുടങ്ങിയ പരിപാടികളുടെ ചുമതലയായിരുന്നു കക്കാടിന്‌. എല്ലാ വൈകുന്നേരങ്ങളിലും ശ്രോതാക്കൾ ആകാംക്ഷയോടെ കാത്തിരുന്നു കേൾക്കുമായിരുന്ന ‘നാട്ടിൻപുറം’ എന്ന ഫീച്ചറിൽ ഗ്രാമീണ കർഷകനായ ശങ്കുണ്ണിയാരുടെ വേഷമവതരിപ്പിച്ചത് കക്കാടായിരുന്നു.

കുറേനാൾ ‘ബാലലോകം’ പരിപാടിയിലെ കുട്ടേട്ടനുമായിരുന്നു കക്കാട്. എം ടി മാതൃഭൂമിയുടെ പത്രാധിപച്ചുമതല ഏറ്റെടുത്തപ്പോൾ കക്കാടിനെ ആഴ്ചപ്പതിപ്പിലെ കുട്ടേട്ടന്റെ ചുമതലയേല്പിച്ചു. അങ്ങനെ 1968 മുതൽ 75 വരെ രണ്ടിടത്തും കുട്ടേട്ടനായി വേഷം കെട്ടിയ കക്കാട് ഒരുപാട് ബാലപ്രതിഭകളെ വെളിച്ചത്തു കൊണ്ടുവന്നു. സർക്കാർ പരിപാടികളുടെ പ്രചാരണത്തിന് വേണ്ടി ഫീച്ചറുകളും ചിത്രീകരണങ്ങളും സംഗീത ശില്പങ്ങളും ലളിതഗാനങ്ങളും മുറയ്ക്കെഴുതി. പുല്ലാങ്കുഴൽ വാദനവും ശാസ്ത്രീയ സംഗീതവുമൊക്കെ വഴങ്ങുമായിരുന്നു കക്കാടിന്‌. ഒപ്പം അൽപ്പം അഭിനയവും. വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ പ്രക്ഷേപണം ചെയ്യുന്നതിനോടൊപ്പം അരങ്ങത്ത് അവതരിപ്പിച്ചപ്പോൾ മാധവനായി കക്കാട് വേഷം കെട്ടി. നായകൻ വേളി കഴിക്കുന്ന തേയി എന്ന അന്തർജ്ജനമായി ശ്രീദേവിയും. വിടി, പരിയാനംപറ്റ, എം എസ് നമ്പൂതിരി തുടങ്ങി പണ്ട് നാടകത്തിൽ പ്രവർത്തിച്ചവരൊക്കെ നാടകം കാണാനെത്തിയിരുന്നു.

സ്റ്റുഡിയോ മൈക്കിന്റെ പിറകിൽ നിന്നുകൊണ്ട് ഘനഗംഭീരമായ ശബ്ദത്തിൽ നാടകവും അഭിമുഖവും ചിത്രീകരണവുമൊക്കെ അവതരിപ്പിക്കുന്ന അതേ അനായാസതയോടെ ബാഡ്മിന്റൺ കോർട്ടിലും കക്കാട് തിളങ്ങി. മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടി. കേരള സാഹിത്യ സമിതി യോഗങ്ങളിലും കോലായ സാഹിത്യ കൂട്ടായ്മകളിലും മറ്റ് സാംസ്കാരിക പരിപാടികളിലുമൊക്കെ നിറ സാന്നിദ്ധ്യമായി. തിരൂർ തുഞ്ചൻ പറമ്പിൽ നിന്ന് വിജയദശമി ദിനത്തിൽ, ആകാശവാണി കവിസമ്മേളനം പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയത് കക്കാടിന്റെ മുൻ കൈയിലായിരുന്നു.1975 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രയജ്ഞത്തിന്റെ പന്ത്രണ്ടു നാളുകൾ നീണ്ട ചടങ്ങുകൾ മുഴുവനും ശബ്ദലേഖനം ചെയ്ത് ആകാശവാണിയുടെ ആർക്കൈവെസിലേയ്ക്ക് അയച്ചുകൊടുത്തു. യുനെസ്കോ നഷ്ടപൈതൃക പട്ടികയിൽ പെടുത്തിയിരുന്ന സാമവേദ പണ്ഡിതരെ തേടിപ്പിടിച്ച് ശബ്ദ ലേഖനം നടത്തിയത് കക്കാടിന്റെ മറ്റൊരു നേട്ടമായി.

ആധുനിക മലയാള കവികളുടെ മുൻനിരയിൽ തന്നെ എൻ എൻ കക്കാട് ലബ്ധ പ്രതിഷ്ഠനായി മാറി. മലയാളകവിതയ്ക്ക് പുതിയൊരു വഴി പണിഞ്ഞുകൊടുത്തവരിൽ പ്രധാനിയെന്നു വിശേഷിപ്പിക്കപ്പെട്ട കക്കാടിന്റെ കവിതയിൽ തുടിച്ചുനിൽക്കുന്നത് മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ മൂല്യബോധമാണെന്നു നിരൂപകർ വിലയിരുത്തി. അനുദിനം വ്യാപിച്ചുവരുന്ന നഗരവൽക്കരണത്തെയും സുഖഭോഗാസക്തിയെയും വിമർശിക്കുന്ന ‘പാതാളത്തിന്റെ മുഴക്കം’ തുടങ്ങിയ സമാഹാരങ്ങളിൽ നിന്നാണ് കക്കാട് ആരംഭിച്ചത്. ഇതിഹാസങ്ങളിൽ നിന്ന് കടം കൊണ്ട ബിംബങ്ങള്‍ ഉപയോഗിച്ച് കക്കാട് ആധുനിക മനുഷ്യന്റെ വ്യഥയും അവസ്‌ഥയും ചിത്രീകരിച്ചു.

“ഞാനെഴുതുന്നത് എന്നെത്തന്നെ, എന്റെ ഭൗതികമോ സാങ്കൽപ്പിക വൈകാരികമോ ആയ അനുഭവങ്ങൾ തന്നെ. ഈ അനുഭവങ്ങൾ സമൂഹം എനിക്ക് തരുന്നവയാണ്. ഈ അനുഭവങ്ങളിലൂടെയാണല്ലോ ഞാൻ ജീവിച്ചുപോരുകയും വളരുകയും ചെയ്യുന്നത്? എന്റെ വിചാരങ്ങളും കൂടി കൂട്ടിച്ചേർത്ത് ഞാനവയൊക്കെ സമൂഹത്തിന് തിരിച്ചുകൊടുക്കുന്നു. അതുകൊണ്ട് സമൂഹവും ഇത്തിരി വലുതാകുന്നുണ്ടാകാം”. (എന്റെ കവിത)

ഇതാ ആശ്രമ മൃഗം കൊല്ല് കൊല്ല്…, പകലറുതിക്കു മുമ്പ്, വജ്രകുണ്ഡലം, പ്രളയം, മലയിടിച്ചിൽ, ഘോഷയാത്ര, ഉറക്കുപാട്ട്… തുടങ്ങിയ കവിതകളിലൂടെ ആധുനിക മനുഷ്യാവസ്ഥയെ അതിവൈകാരികതയുടെ കുത്തൊഴുക്കില്ലാതെ കക്കാട് വരച്ചുകാട്ടി. കവിതയ്ക്ക് പുറമെ നിരൂപണപഠനങ്ങളും ഉപന്യാസങ്ങളും അദ്ദേഹം രചിച്ചു. കവിത എന്ന സമാഹാരത്തിന് ലഭിച്ച ചെറുകാട് സ്മാരക ശക്തി അവാർഡ് ആയിരുന്നു ആദ്യത്തെ പുരസ്ക്കാരം. കക്കാടിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസാന കൃതി ‘സഫലമീ യാത്ര’ ഓടക്കുഴൽ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിവ നേടി.1981 ഡിസംബറിൽ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത ആ കവിത എഴുതിയതിന് ശേഷമാണ് കക്കാടിന്‌ അർബുദരോഗം സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് ആത്മസ്നേഹിതനും കവിയുമായ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വീട്ടിൽ താമസിക്കുമ്പോൾ തിരുത്തിയെഴുതിയ കവിത മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. അഭിനന്ദനങ്ങളുടെയും അവാർഡുകളുടെയും പ്രവാഹമായിരുന്നു പിന്നീട്. ജീവിതത്തിന്റെ ദശാസന്ധികളിൽ പ്രണയം ഒരു കൈത്താങ്ങും അതിജീവനത്തിന്റെ മന്ത്രവും ആയിത്തീരുന്നത് കാട്ടിത്തരുന്ന കവിത, ഓരോ തലമുറയുടെയും മാനസഗീതമായി മാറിയിരിക്കുന്നു.

ക്യാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കക്കാട് ജീവിതത്തിലേക്ക് മടങ്ങിയില്ല. 1987 ജനുവരി 6 ന് അദ്ദേഹം വിടവാങ്ങി. ഭാര്യ ശ്രീദേവി മക്കളായ ശ്രീകുമാർ, ശ്യാം കുമാർ എന്നിവരടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.

“വരിക സഖീ,യരികത്തു ചേർന്നുനിൽക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം, നാമന്യോന്യം
ഊന്നുവടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര!”

 

(ആലാപനം: സിന്ധു എ, മലയാളം അധ്യാപിക, ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, മൂത്തേടത്ത് നിലമ്പൂർ)

 

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content