ഒട്ടകത്തിനെത്രയാണ് മര്‍മ്മങ്ങള്‍?

പുറംലോകത്തില്‍ നിന്നുമകലെ ഉള്‍മരുവില്‍ താമസിച്ചിരുന്ന ഒരൊട്ടകത്തിന് ഒരിക്കല്‍ വഴിതെറ്റിപ്പോയി. അവന്‍ തന്റെ യജമാനനെ പിരിഞ്ഞ് മണല്‍ക്കാട്ടില്‍ ഏറെയലഞ്ഞു. യാത്രയ്ക്കിടയില്‍ അവനൊരു കുറുനരിയെ കണ്ടു. അതുമാത്രമല്ല മരുമാനുകളെയും. കണ്ടുമുട്ടിയ ജീവികളുമെല്ലാം തന്നെ തുറിച്ചുനോക്കുന്നതായി ഒട്ടകത്തിനു തോന്നി. അലച്ചിലിനിടയില്‍ തുള്ളിവെള്ളം കുടിച്ചിട്ട് നാളുകള്‍ കഴിഞ്ഞു. ഒരു മരുപ്പച്ചയിലെത്തിയപ്പോഴോ? ഇത്തിരി വെള്ളം കുടിക്കുന്നതിനു മുമ്പവന്‍ ആ കുഞ്ഞുകുളത്തില്‍ കണ്ണാടിനോക്കുകയാണ് ആദ്യം ചെയ്തത്.

ഹോ. വെറുതെയല്ല. നീണ്ട കഴുത്ത് കണ്ണിനുചുറ്റിലും വെട്ടിയൊതുക്കാതെ പുരികക്കാട്. വികൃതമായ മൂക്ക്, ചുണ്ടുകള്‍ ബേ.. കാണാന്‍ ഒരു ചേലുമില്ല. തോട്ടക്കാലുകള്‍. മുതുകൊടിഞ്ഞു ചതഞ്ഞതുമാതിരി, പോരാത്തതിനൊരു മുഴയും. വഴിക്ക് കണ്ട മറ്റു കാട്ടുമൃഗങ്ങള്‍! അവരൊക്കെ സുന്ദരീ സുന്ദരന്മാരായിരുന്നു. താനൊരു വികൃതരൂപം. വെറുതെയല്ല മറ്റു ജന്തുക്കള്‍ മുഖം തിരിച്ചത്.

സങ്കടത്തില്‍ ലക്കുകെട്ട അവന്‍ നടന്നു നടന്നു ഒരു ഗ്രാമത്തിലെത്തി. ഒട്ടകം ആ നാട്ടിലെ ഉസ്താദിന്റെ കുതിരയാണ് ആദ്യം കണ്ടത്.

നീയെന്തു ചന്തമുള്ളവനാണ്. കണ്ടപാടേ അവന്‍ കുതിരയോട് പറയാന്‍ തുടങ്ങി. നോക്ക് മണല്‍ക്കാട്ടിലെ മുള്ളും ചപ്പും തിന്നും ഞാനിങ്ങനെ കോലംകെട്ടുപോയി. ഇവിടെയാണ് താമസിച്ചിരുന്നതെങ്കില്‍! ഞാനും നിന്നെ മാതിരി മെഴുക്കന്‍ ദേഹമുള്ള സുന്ദരനാകുമായിരുന്നു. തീറ്റയ്ക്കും വെള്ളത്തിനു കഴുത്തു നീട്ടി, നീട്ടി അതിങ്ങനെ നീണ്ടതാകുമായിരുന്നില്ല. ചുമടേറ്റി മുതുക് വളഞ്ഞുപോകുമായിരുന്നില്ല. ദേ! തോട്ടക്കാലും പാദവും കണ്ടില്ലേ? മാനിനെ മാതിരി കുതിച്ചോടാന്‍ പോലും കഴിയില്ല. അവനു കരച്ചില്‍ വരുന്നുണ്ടായിരുന്നു.

കുതിരയ്ക്ക് വേഗത്തില്‍ കാര്യം മനസ്സിലായി. അവനെന്നും ഇത്തരത്തിലുള്ള കാര്യങ്ങളാണ് കേള്‍ക്കുന്നത്. തന്റെ ഉസ്താദ് കുട്ടികളെ പഠിപ്പിക്കുന്നത് മുഴുവനുമവന്‍ സശ്രദ്ധം ശ്രവിക്കാറുണ്ട്.
അയ്യോ. ചങ്ങാതീ! നീയെന്താണീ പറയുന്നത്? മരുഭൂമിയില്‍ താമസിക്കാന്‍ നിന്നോളം കഴിവുറ്റവരായി മറ്റാരുണ്ട്? ചൂടും തണുപ്പും, പിന്നെ വെള്ളവും തീറ്റയുമില്ല. അതൊക്കെ നിന്നോളം താങ്ങാന്‍ മറ്റാര്‍ക്കാണവിടെ പ്രാപ്തിയുള്ളത്. മരുഭൂമിയിലെ കപ്പല്‍ എന്നല്ലേ നിന്നെ മനുഷ്യര്‍ വിളിക്കുന്നതുപോലും.

ഒട്ടകം കുതിരച്ചങ്ങാതിയുടെ മുഖത്ത് നോക്കി. ആദ്യമായിട്ട് കാണുന്നവനല്ലേ! കള്ളം പറയില്ല.

മരുഭൂമിലെ ചുടുമണല്‍കാറ്റിനെ തള്ളിക്കളയാന്‍ നിനക്ക് എന്തൊക്കെ സംവിധാനങ്ങള്‍ ഉണ്ടെന്നറിയാമോ? തടിച്ച കണ്‍പോളകള്‍, നീണ്ട പീലികള്‍, അടച്ചുപിടിക്കാന്‍ ശേഷിയുള്ള മൂക്ക്. കാറ്റും പൊടിയും എത്ര വന്നെന്നാലും ഈ കപ്പല്‍ കുലുങ്ങില്ല. കാലില്‍ ചെരുപ്പു മാത്രമല്ല മുട്ടിലും പാഡുണ്ട്. കുതിരയെന്നു പറഞ്ഞിട്ടു കാര്യമില്ല. ഞാനെങ്ങാനും മണല്‍ക്കാടു കയറിയാല്‍ ചൂടത്ത് ചത്തുപോകും.

വെറുതെയല്ല. യജമാനന്‍ ദേഹം മുഴുവനും മൂടിപ്പുതച്ച് നടക്കുമ്പോള്‍ തനിക്കിങ്ങനെ പാട്ടുംപാടി ഉള്‍മരുവില്‍ നടക്കാനാവുന്നത്. ഒട്ടകം നാവുനീട്ടി ചുണ്ടുകളെ ഉഴിഞ്ഞു. അവനു കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി.
ഏതു മുള്ളും കടിച്ചു പറിക്കാന്‍ നിനക്ക് പാണ്ടന്‍ ചുണ്ടില്ലേ! ചങ്ങാതി. നോക്ക്. നിന്റെ കാലിലെ ചെരുപ്പുമാതിരിയുള്ള ആ പാക്ക്. അതുള്ളതിനാല്‍ നീ മണലില്‍ പുതഞ്ഞുപോകില്ല. നാന്നൂറ് പൗണ്ടുവരെ ചുമടും കയറ്റി ഈസിയായി നടക്കാം. എന്നെ മണലില്‍ വിട്ടാല്‍ കാര്യം പോക്കാ. പിന്നെ നീണ്ട കാല് മണല്‍ത്തരിയിലെ ചൂട് പള്ളയിലടിക്കാതെ അതു നിന്നെ പൊക്കി നിര്‍ത്തു. ശരീരത്തിലെ രോമങ്ങള്‍, അവയാണ് ചൂടിലും തണുപ്പിലും നിന്നെ പുതയ്ക്കുന്നത്.

നീ കുടിച്ച വെള്ളം തുള്ളിയും പുറത്ത് പോകില്ല. നീ വിയര്‍ക്കില്ല. മൂക്കിനുള്ളിലെ സംവിധാനം ശ്വാസത്തിലെ ഈര്‍പ്പത്തിനെ തിരിച്ചു പിടിക്കും. നിന്റെ അന്നപഥവും നീണ്ടതാണ്. തീറ്റയിലെ വെള്ളം മുഴുവനും അതൂറ്റിയെടുക്കും. നിന്റെ മൂത്രം ചാണകം ഇവയിലൊന്നും ജലസാന്നിധ്യം തീരെയുണ്ടാവില്ല. തീനും കുടിയുമില്ലാതെ നിനക്കെത്ര കാലം വേണമെങ്കിലും മരുഭൂമിയിലൂടെ സഞ്ചരിക്കാം.
ഇനിയെങ്ങാനും വെള്ളം കണ്ടാല്‍ നീയതു മുഴുവനും കുടിച്ചു വറ്റിക്കില്ലേ! നാല്പത്തിയാറ് ലിറ്റര്‍ നീയൊറ്റ വീര്‍പ്പില്‍ കുടിക്കുമെന്നാണ് ഉസ്താദ് കുട്ടികളോട് പറഞ്ഞത്. നിന്റെ ചോരയിലെ ഉരുണ്ട കോശങ്ങളില്‍ ജലം സംഭരിക്കാനുള്ള സംവിധാനമുണ്ട്.

ഈ മുതുകിലെ പൂഞ്ഞയില്ലേ? ആ ഒളിപ്പള്ള. ഒട്ടകത്തിന്റെ മുതുകിലെ കൂനില്‍ കുതിര മുഖമുരച്ചു.

ഇതിനെ നിന്റെ വാട്ടര്‍ബോട്ടിലായിട്ടാണ് മുമ്പൊക്കെ മനുഷ്യര്‍ കരുതിയിരുന്നത്. കുടിക്കുന്ന വെള്ളം മുഴുവനും ഇതിനുള്ളില്‍ നിറയുമെന്നാണവര്‍ മുമ്പ് പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ പറയുന്നത് സുഭിക്ഷകാലത്തെ തീറ്റയിലെ കൊഴുപ്പാണ് നീയിതില്‍ നിറയ്ക്കുന്നതെന്നാണ്. എന്തായാലും നിനക്ക് തീറ്റയെടുക്കാതെ ദിവസങ്ങളോളം കഴിയാന്‍ ഇതാണ് കഴിവു നല്‍കുന്നത്. ഇതിലെ കൊഴുപ്പ് വിഘടിക്കുമ്പോള്‍ വെള്ളവും കിട്ടുന്നതാണ്.

ഇതേണ്ടേ ഒന്നും തിന്നാതെ നിന്റെ പൂഞ്ഞ ചുളുങ്ങിക്കിടക്കുകയല്ലേ?

ഒട്ടകത്തിന് സമാധാനമായി. കുറച്ചു ദിനങ്ങള്‍ അവന്‍ കുതിരച്ചങ്ങാതിയുടെ കൂടെ കഴിഞ്ഞു. നന്നായി ഭക്ഷണം കഴിച്ച് വേണ്ടത്ര വെള്ളവും കുടിച്ച് തൃപ്തനായി. പുഞ്ഞ നിറഞ്ഞ് പൂര്‍വ്വസ്ഥിതിയിലായപ്പോള്‍ അവന്‍ തിരികെ നടന്നു. യജമാനന്റെ ഗ്രാമത്തിലേയ്ക്കുള്ള വഴി കുതിരയോട് ചോദിക്കാനവന്‍ മറന്നില്ല.

ചൂടും മണലും തീനും കുടിയുമൊന്നുമൊരു പ്രശ്‌നമല്ല. താന്‍ മരുവില്‍ ജീവിക്കാന്‍ പിറന്നവന്‍. തിരികെ പോയപ്പോള്‍ അവന്‍ തുള്ളിച്ചാടി.

പി കെ സുധി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content