മലയാള നോവല്‍ പിറന്ന കഥ
ജനുവരി 9 ഒ. ചന്തുമേനോന്‍ ജനിച്ച ദിവസംസാഹിത്യത്തിലെ ഒരു മഹാത്ഭുതമാണ് നോവല്‍. കണ്മുമ്പിലുള്ള ജീവിതത്തെ അതുവരെ കാണാത്ത കോണുകളിലൂടെ അത് നമുക്ക് കാണിച്ചുതരുന്നു. നോവല്‍ എന്ന പദത്തിന് പുതിയത് എന്നാണ് അര്‍ത്ഥം. ജീവിതത്തിലെന്നപോലെ സാഹിത്യത്തിലും പുതുമകള്‍ തേടിയ മലയാളി പത്തൊമ്പതാം നൂറ്റാണ്ടിന് ഒടുവില്‍ നോവലിന്റെ മാസ്മരിക ലോകത്തില്‍ എത്തിച്ചേര്‍ന്നു.
തിരക്കുപിടിച്ച ജോലിയുടെ ഇടവേളകളില്‍ ഇംഗ്ലീഷ് നോവലുകള്‍ വായിച്ച് ആസ്വദിച്ചിരുന്ന ഒരാള്‍. പ്രിയപ്പെട്ടവരുടെ വിരസത അകറ്റാന്‍ അവയുടെ കഥാസാരം അവരുമായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തി. അങ്ങനെയാണ് സ്വതന്ത്രമായ ഒരു നോവല്‍ എന്ന ആശയം ഒ. ചന്തുമേനോന്റെ മനസ്സിലേക്ക് കടന്നുവന്നത്.
മലയാളത്തിലെ ആദ്യകാല നോവലാണ് ചന്തുമേനോന്റെ ഇന്ദുലേഖ. ലക്ഷണമൊത്ത ആദ്യമലയാള നോവല്‍ എന്നൊക്കെ ഈ കൃതിയെ ആസ്വാദകര്‍ വിശേഷിപ്പിക്കുന്നു. ഒരു അനുസരണക്കേടില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. മരുമക്കത്തായ തറവാട്ടിലെ അംഗമായ മാധവന് കുടുംബകാരണവരായ പഞ്ചുമേനോന്റെ വാക്കു തെറ്റിച്ച് ശിന്നന് എന്ന കുട്ടിയെ മദിരാശിയില്‍ കൊണ്ടുപോയി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഒരുങ്ങുന്നു. അതിനുള്ള ശിക്ഷയായി “എന്റെ ശ്രീപോര്‍ക്കലി ഭഗവതിയാണെ ഇന്ദുലേഖയെ ഞാന്‍ മാധവനു കൊടുക്കുകയില്ല” എന്ന് പഞ്ചുമേനോന് ശപഥം ചെയ്യുന്നു.
കേരളത്തില്‍ ശക്തിപ്പെടാന്‍ ആരംഭിച്ച സാമൂഹിക നവോത്ഥാനത്തിന്റെ അലകളാണ് ചന്തുമേനോന്റെ നോവലിലൂടെ പ്രകടമാകുന്നത്. മരുമക്കത്തായം വിട്ട് മക്കത്തായത്തിലേക്ക് ചുവടുറപ്പിക്കാനുള്ള വ്യഗ്രത, ആധുനിക വിദ്യാഭ്യാസം നേടി സാമൂഹികമായും സാമ്പത്തികമായും ശക്തിപ്പെടാനുള്ള അഭിലാഷം, ജാതീയമായ വേര്‍തിരിവുകളെയും വിലക്കുകളെയും മറികടക്കാനുള്ള പ്രേരണ, ദേശത്തിന്റെ പരിമിതികള്‍ മറികടന്ന് വിശാലമായ ലോകം സ്വപ്നം കാണാനുള്ള വെമ്പല്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു.
ഇന്ദുലേഖ എന്ന നായികയുടെ പേരാണ് ചന്തുമേനോന്‍ നോവലിന് നല്‍കിയിരിക്കുന്നത്. ഇതിലെ ഏറ്റവും ശക്തയായ കഥാപാത്രവും ഈ നായിക തന്നെ. പഞ്ചുമേനോന്റെ മകള്‍ ലക്ഷ്മിക്കുട്ടിയുടെ മകളായ ഇന്ദുലേഖയുടെ അച്ഛന് കിളിമാനൂരിലെ ഒരു രാജാവാണ്. ഇന്ദുലേഖയ്ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. തുടര്‍ന്ന് പതിനാറു വയസ്സുവരെ അവളെ വളര്‍ത്തിയത് അമ്മാവനായ പേഷ്കാര്‍ കൊച്ചുകൃഷ്ണമേനോന് ആണ്. അദ്ദേഹം അവള്‍ക്ക് ആധുനികരീതിയിലുള്ള വിദ്യാഭ്യാസം നല്കി അവളെ സംസ്കാരസമ്പന്നയാക്കി. അദ്ദേഹത്തിന്റെ മരണശേഷം വല്യച്ഛനായ (മുത്തച്ഛന്) പഞ്ചുമേനോന്റെ സംരക്ഷണയില്‍ എത്തിച്ചേര്‍ന്നു. ഇന്ദുലേഖയോട് വാത്സല്യം നിറഞ്ഞ ഭയമാണ് പഞ്ചുമേനോന് ഉണ്ടായിരുന്നത്. മദിരാശിയില്‍ പോയി ആധുനിക വിദ്യാഭ്യാസം നേടിയ മാധവന് ചെറുപ്പം മുതല്‍ തന്നെ ഇന്ദുലേഖയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു. പഞ്ചുമേനോന്റെ സഹോദരീപുത്രിയുടെ മകനാണ് അയാള്‍. അവര്‍ തമ്മിലുള്ള വിവാഹത്തിന് കുടുംബാംഗങ്ങളെല്ലാം സമ്മതിച്ചതുമാണ്. എന്നാല്‍ പഞ്ചുമേനോനും മാധവനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം സ്ഥിതിഗതികള്‍ വഷളാക്കി.

ഒ ചന്തുമേനോൻ
പഞ്ചുമേനോന്റെ മറ്റൊരു മകളായ കുമ്മിണി അമ്മയുടെ മകനാണ് ശിന്നന്. അവന്റെ അച്ഛന് ശീനുപട്ടര്‍ ഒരു പാചകക്കാരനാണ്. അയാള്‍ക്ക് പറയത്തക്ക കുലമഹിമയോ സമ്പത്തോ ഇല്ല. അതിനാല്‍ പഞ്ചുമേനോനെ ആശ്രയിക്കേണ്ടിവന്നു. ശീനുപട്ടരുടെ മക്കള്‍ തറവാട്ടുകാര്യസ്ഥരായി കഴിഞ്ഞാല്‍ മതിയെന്നാണ് പഞ്ചുമേനോന്റെ തീരുമാനം. മാധവന്റെ നടപടികള്‍ അതിനെ ചോദ്യം ചെയ്യുന്നതായിരുന്നു.
മാധവനോടുള്ള വിദ്വേഷംകൊണ്ട് ഇന്ദുലേഖയെ മൂര്‍ക്കില്ലാത്ത മനയിലെ സൂരിനമ്പൂതിരിക്ക് സംബന്ധം ചെയ്തുകൊടുക്കാന്‍ പഞ്ചു നിശ്ചയിച്ചു. ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടി അമ്മയുടെ സംബന്ധക്കാരനായ കേശവന് നമ്പൂതിരിയുടെ പിന്തുണയും അതിന് ഉണ്ടായിരുന്നു. തന്റെ വ്യവസായസംരംഭത്തില്‍ പങ്കാളിയായ സൂരിയെ സന്തോഷിപ്പിക്കാനുള്ള അവസരമായി അയാള്‍ അതിനെ കണ്ടു. സൂരിനമ്പൂതിരി മഹാവിഡ്ഢിയും വിടനുമായിരുന്നു. സുഹൃത്തും സഹായിയുമായ എഴുത്തച്ഛനോടൊപ്പം സൂരി പൂവള്ളിതറവാട്ടില് എത്തി. വിദുഷിയായ ഇന്ദുലേഖയെ ആകര്‍ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നുമാത്രമല്ല, അപമാനിതനാവുകയും ചെയ്ത അയാള്‍ കുമ്മിണി അമ്മയുടെ മകളും സാധുവുമായ കല്ല്യാണിക്കുട്ടിയെ സംബന്ധം ചെയ്ത് രായ്ക്കുരാമാനം സ്ഥലംവിട്ടു.
ഇന്ദുലേഖയെ നമ്പൂതിരിപ്പാട് സംബന്ധം ചെയ്തു എന്ന വാര്‍ത്തയാണ് നാട്ടില്‍ പ്രചരിച്ചത്. മദിരാശിയില്‍ നിന്ന് മടങ്ങിയ മാധവന് ഈ വാര്‍ത്തയില്‍ വിശ്വസിച്ച് നിരാശനായി നാടുവിടാന്‍ തീരുമാനിച്ചു. മാധവന് ലോകസഞ്ചാരത്തിനു പുറപ്പെട്ട വിവരം അറിയാന്‍ ഇടയായ അച്ഛനും ബന്ധുക്കളും അയാളെ കണ്ടുപിടിച്ച് നാട്ടിലേക്ക് കൊണ്ടുവന്ന് ഇന്ദുലേഖയുമായുള്ള വിവാഹം നടത്തുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്.
സാധാരണക്കാര്‍ക്ക് വായിച്ചു രസിക്കാന്‍ പാകത്തിലാണ് ചന്തുമേനോന്‍ നോവല്‍ രചിച്ചിരിക്കുന്നത്. നോവലിന്റെ ഭാഷയെ സംബന്ധിച്ച കാഴ്ചപ്പാട് ഒന്നാം പതിപ്പിന്റെ അവതാരികയില്‍ ചന്തുമേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മള് പറയുന്നമാതിരിയുള്ള ഭാഷയാണ് താന്‍ സ്വീകരിച്ചതെന്ന് അഭിമാനത്തോടെതന്നെ അദ്ദേഹം പറയുന്നു. 1889 ൽ പരപ്പനങ്ങാടി മുന്‍സിഫായിരുന്ന കാലത്താണ് ഒ. ചന്തുമേനോന്‍ ഇന്ദുലേഖ രചിച്ചത്. ദീര്‍ഘകാലം കോടതിവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ജീവിച്ച അദ്ദേഹത്തിന്റെ മനുഷ്യഹൃദയജ്ഞാനം കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതില്‍ സഹായകമായിട്ടുണ്ടാവണം. കോടതിവ്യവഹാരങ്ങളുടെ പശ്ചാത്തലത്തിലുള്ള രണ്ടാമത്തെ നോവലായ ശാരദ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
സഹൃദയനും നിയമജ്ഞനുമായ ഒയ്യാരത്ത് ചന്തുമേനോന്‍ 1847 ജനുവരി 9നു ഉത്തരകേരളത്തിലാണ് ജനിച്ചത്. പതിനേഴാം വയസ്സില്‍ കോടതി ഗുമസ്തനായി സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന് അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതലകള്‍ നല്കി. കോഴിക്കോട് സബ് ജഡ്ജിയായിരുന്നപ്പോള്‍ 1899ലാണ് മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്.
ചന്തുമേനോന്റെ സഹൃദയത്വം വെളിപ്പെടുത്തുന്ന നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. തലശ്ശേരി കോടതിയില്‍ ജോലിചെയ്യുന്ന കാലം. ജഡ്ജി മഹാ മുന്‍കോപിയായിരുന്നു. ഒരു ചെണ്ടക്കാരന് തനിക്ക് അര്‍ഹമായ കൂലി ലഭിച്ചില്ലെന്ന പരാതിയുമായി കോടതിയില്‍ എത്തി. ജഡ്ജിയുടെ ക്ഷമ പരിശോധിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു മേനോന്. അദ്ദേഹം ചെണ്ടക്കാരനോട് കൊട്ടിക്കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കോടതിയിലെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ചെണ്ടമേളം മുറുകി. കോപത്തോടെ ജഡ്ജി എത്തി. ചെണ്ടക്കാരന്റെ പരാതിയിലെ വാസ്തവം അറിയാന്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് ചന്തുമേനോന്‍ മറുപടി നല്കി. സാഹിത്യത്തിലെന്നപോലെ ജീവിതത്തിലും മഹാരസികനായ ചന്തുമേനോന്‍ മലയാളത്തിന്റെ അഭിമാനമാണ്.
ഡോ. പി. കെ. തിലക്
അധ്യാപകന്, വിദ്യാഭ്യാസ വിദഗ്ധന്‍, എഴുത്തുകാരന്