കൂഴവാലിയും റാണിയും

ഭാഗം 1

ചിഞ്ചുവും ചിപ്പുവും അഷ്ടമുടി കായലിന്റെ തീരത്തെത്തി. ഗൾഫിൽ നിന്ന് വെക്കേഷന് നാട്ടിലേക്ക് വന്നപ്പോൾ കായൽ കാണാൻ വേണ്ടി മുത്തശ്ശനോടൊപ്പം പുറപ്പെട്ടതാണ്. കൊല്ലം നഗരത്തോട് ചേർന്നു കിടക്കുന്ന അഷ്ടമുടി കായലിന്റെ തീരത്തുകൂടി നടന്നുപോയപ്പോഴാണ് അവർ ആ വിളി കേട്ടത്.

“ആരാ വിളിച്ചത്?” ചിഞ്ചു തിരക്കി.

“നിനക്ക് തോന്നിയതാവും” ചിപ്പു പറഞ്ഞു.

പിന്നെയും അവർ തീരത്തുകൂടി നടന്നു. കണ്ടൽക്കാടുകൾ വേര് ആഴ്ത്തി നിൽക്കുന്ന തീരപ്രദേശത്തുനിന്നും കായലിലേക്ക് നോക്കിയപ്പോൾ ചില മീനുകൾ മുകളിലേക്ക് ഉയർന്ന് താഴേക്ക് ആഴത്തിൽ നീന്തിത്തുടിക്കുന്നത് അവർ കണ്ടു. കുറേ നേരം ഈ മീനുകളെ നോക്കിനിന്നപ്പോൾ പിന്നെയും ആരോ വിളിക്കുന്നതുപോലെ തോന്നി. ചിഞ്ചു ചുറ്റുപാടും നോക്കി. ആരെയും കണ്ടില്ല. ഇപ്രാവശ്യം ചിപ്പുവും ആ വിളി കേട്ടു. കുട്ടികൾ ദൂരെ നിൽക്കുന്ന മുത്തശ്ശനെ വിളിക്കാൻ ശ്രമിച്ചു. അപ്പോഴാണ് വീണ്ടും ആ വിളി അവരുടെ കാതുകളെ തൊട്ടുണർത്തിയത്.

“ഇത് ഞാനാ… പേടിച്ചുപോയോ? മുത്തശ്ശനെ വിളിക്കുകയൊന്നും വേണ്ട. ഞാൻ നിങ്ങളെ ഒന്നും ചെയ്യില്ല.”

“ആരാ നീ?” ശബ്ദം കേട്ടിടത്തേക്ക് നോക്കി ചിഞ്ചു ചോദിച്ചു.

“ഇങ്ങോട്ട് നോക്ക്. ഈ വെള്ളത്തിലേക്ക്. കണ്ടൽക്കാടിന്റെ വേരിനു കീഴെ ഞാനുണ്ട്.”

ചിഞ്ചുവും ചിപ്പുവും ഒരു കണ്ടൽച്ചെടിയിൽ ബലമായി പിടിച്ച് താഴേക്ക് നോക്കി. അതാ ഒരു മീൻ!

“ഞാനാ നിങ്ങളെ വിളിച്ചത്. അഷ്ടമുടിക്കായലിൽ മാത്രം കാണുന്ന ഒരു മീനാണ് ഞാൻ. എന്റെ പേര് കൂഴവാലി. കുഴാലി എന്ന് വിളിക്കും.”

ചിഞ്ചുവും ചിപ്പുവും അത്ഭുതപ്പെട്ടു. സംസാരിക്കുന്ന മീനോ അവർ പരസ്പരം നോക്കി. “നിങ്ങളെന്താ നോക്കുന്നത്? എനിക്കും നിങ്ങളെപ്പോലെ കൂട്ടുകാരൊക്കെയുണ്ട്. കുറച്ചു
കഴിയുമ്പോൾ അവരെത്തും.”

“നീയെന്തിനാ ഞങ്ങളെ വിളിച്ചത്?” ചിപ്പു ചോദിച്ചു.

“വെറുതെ…. കൂട്ടുകൂടാൻ. നിങ്ങളെപ്പോലുള്ള കൊച്ചു കൂട്ടുകാരെ എനിക്ക് വലിയ ഇഷ്ടമാണ്. ആട്ടെ… ഈ അഷ്ടമുടിക്കായലൊക്കെ ഇഷ്ടമായോ?” മീൻ തിരക്കി.

പരന്നുകിടക്കുന്ന കായൽപ്പരപ്പിലേക്ക് നോക്കിയ ശേഷം ചിഞ്ചു പറഞ്ഞു. “കായലിഷ്ടമായി. പക്ഷെ അഷ്ടമുടിയുടെ മുടിയൊന്നും ഞങ്ങൾ കാണുന്നില്ല. എന്റെ അമ്മയുടേതു പോലെ നീണ്ടു കറുത്ത മുടി ഈ കായലിനുണ്ടാകും എന്നാണ് കരുതിയത്. പക്ഷെ മുടിയെവിടെ?”

“ഹ… ഹ… ഹ… മീൻ പൊട്ടിപ്പൊട്ടി ചിരിച്ചു.

അതു കണ്ടപ്പോൾ ചിഞ്ചുവിന് ദേഷ്യം വന്നു. “നീയെന്തിനാ ചിരിക്കുന്നത്? കളിയാക്കുകയാണോ?”

“അല്ല, നിങ്ങൾ മുടിയെക്കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചുപോയതാ. കൂട്ടുകാരെ അഷ്ടമുടി കായലിന് നിങ്ങൾ വിചാരിക്കുന്നതുപോലെ കറുത്തു നീണ്ട മുടിയൊന്നുമില്ല”.

“പിന്നെന്തിനാ അഷ്ടമുടി എന്ന് വിളിക്കുന്നത്?”

മീന്‍ അവരെ നോക്കി സാവകാശം പറഞ്ഞു.

 

“എട്ടു മുടികൾ, അതായത് എട്ടു ഭാഗങ്ങൾ ചേർന്നതാണ് അഷ്ടമുടി കായൽ. കുണ്ടറ, ചവറ, വെള്ളിമൺ, കണ്ടച്ചിറ, പെരുമൺ, കാഞ്ഞിരോട്, കുമ്പളം, മുക്കാട് എന്നീ പ്രദേശങ്ങളാണ് അഷ്ടമുടിയുടെ എട്ട് മുടികൾ. കല്ലടയാറിന്റെ പതനസ്ഥലമാണ് അഷ്ടമുടി കായൽ ഇനിയും ഒരുപാടൊരുപാട് വിശേഷങ്ങളുണ്ട്. ആട്ടെ നിങ്ങളെന്നാ തിരിച്ചുപോവുന്നത്?”

“കുറച്ചു ദിവസം ഇവിടെ ഉണ്ടാകും. അഷ്ടമുടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുതരാമോ?”

കൂഴവാലി ചിരിച്ചു. എന്നിട്ടു പറഞ്ഞു.

“പറയാല്ലോ… ദാ കേട്ടോളൂ. മൺറോ തുരുത്ത് എന്ന ഒരു ദ്വീപുണ്ടിവിടെ. ആ ദ്വീപ് ഉണ്ടാകുന്നതിന്റെ പിന്നിൽ ഒരു ചരിത്രമൊക്കെയുണ്ട്. കല്ലടയാറിലൂടെ ഒഴുകിയെത്തിയ മണ്ണ് അടിഞ്ഞ് ഉണ്ടായതാണ് ദ്വീപ് എന്ന് പറയപ്പെടുന്നു. നീണ്ടകര എന്ന സ്ഥലത്തുവച്ച് അഷ്ടമുടി കായൽ അറബിക്കടലിനെ തൊടുന്നു. അറബിക്കടൽ ലോകത്തെയും…”

“ആഹാ.. നല്ല രസമുണ്ട് ! അങ്ങനെ നമ്മൾ ലോകത്തെ തൊടുന്നു അല്ലേ?” ചിഞ്ചു ചോദിച്ചു.

“നമ്മുടെ കായലും പുഴകളുമെല്ലാം കടലിനെ തൊടുമ്പോൾ ആ കടൽ ലോകത്തെല്ലായിടത്തും വ്യാപിക്കുന്നു.” മീൻ പറഞ്ഞു.

“ഈ കായലിനെക്കുറിച്ച് ധാരാളം സിനിമാഗാനങ്ങൾ കേട്ടിട്ടുണ്ട്. നിനക്കറിയാമോ ഏതെങ്കിലും പാട്ട്?” ചിപ്പു ചോദിച്ചു.

“അറിയാമല്ലോ. നല്ലൊരു പാട്ടുണ്ട്. ഞാനത് പാടാം.” മീൻ പാട്ടുപാടാൻ തുടങ്ങി.

അപ്പോഴാണ് മുത്തശ്ശൻ കുട്ടികളെ വിളിച്ചത്. “നിങ്ങളെ എവിടെല്ലാം തിരക്കി? ഈ കാട്ടിനുള്ളിൽ എന്തെടുക്കുവായിരുന്നു?”

കുട്ടികൾ കൂഴവാലിയെ നോക്കി. അതിന്റെ കണ്ണുകൾ നിറയുന്നത് അവർ കണ്ടു. കുട്ടികൾ കൈ ഉയർത്തി എന്തോ പറയാൻ ശ്രമിച്ചു. എന്നാൽ മുത്തശ്ശന്റെ ശകാരവാക്കുകൾക്കിടയിൽ അവരുടെ ശബ്ദം പുറത്തുവന്നില്ല. അവർ വേഗത്തിൽ നടന്നു. നടന്നുപോകുന്ന കുട്ടികളെ മീൻ ഏറെ നേരം നോക്കിനിന്നു. അപ്പോൾ കായൽത്തീരത്തുനിന്ന് ഒരു പാട്ടു കേട്ടു.

“കായലിനക്കരെ പോകാനെനിക്കൊരു
കളിവള്ളമുണ്ടായിരുന്നു – പണ്ടൊരു
കളിവള്ളമുണ്ടായിരുന്നു.
ഒത്തിരി ദൂരം തുഴഞ്ഞു തരാനൊരു
മുത്തശ്ശിയുണ്ടായിരുന്നു…”

പാട്ടുകേട്ട് മയങ്ങിനിൽക്കെ ഒരു വല തന്നെ മൂടുന്നത് കൂഴവാലി അറിഞ്ഞതേയില്ല.

റാണി പി. കെ

റാണി പി. കെ

( രണ്ടാം ഭാഗം ഇവിടെ വായിക്കാം )

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content