കുട്ടികളുടെ ആഫ്രിക്ക: ഭാഗം 2
(കുട്ടികളുടെ ആഫ്രിക്ക പരമ്പരയിലെ മറ്റ് ഭാഗങ്ങള്‍ വായിക്കാം)
ഇന്ന് നമ്മൾ സൊമാലിയയിലേക്കാണ് പോകുന്നത്. സമുദ്ര തീരങ്ങളാൽ സമ്പന്നമായ മനോഹരമായ ആഫ്രിക്കൻ രാജ്യമാണ് സൊമാലിയ. ഇവിടത്തെ ഭൂപ്രകൃതി ഏറെ വൈവിധ്യമാർന്നതാണ്. ചൂട് കൂടുതലുള്ള കാലാവസ്ഥയാണ്. മുള്ളുകൾ നിറഞ്ഞ ചെറുമരങ്ങളാണ് ചൂടിനെ തടുത്തുനിര്‍ത്താന്‍ സഹായിക്കുന്നത്. മലകളും കുന്നുകളും നദികളും രാജ്യത്തെ വിഭജിക്കുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാൻ നാടോടി (നൊമാഡിക്) ജീവിതമാണ് ഗ്രാമങ്ങളിലെ ജനങ്ങൾ പിന്തുടര്‍ന്ന് പോരുന്നത്.
നഗരങ്ങൾ ലോകത്തെല്ലായിടത്തെയും പോലെ കോൺക്രീറ്റ് കാടുകളാണ്. ഗ്രാമങ്ങളിൽ കാലിവളർത്തലാണ് പ്രധാന തൊഴിൽ. വെള്ളമുള്ള ഇടത്തേക്ക്, പുല്ലും പച്ചപ്പും ഉള്ളിടത്തേക്കു കാലികൾക്കൊപ്പം മനുഷ്യരും നീങ്ങുന്ന ജീവിത ശൈലിയാണ് ഗ്രാമങ്ങളിൽ പിന്തുടരുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ തീരത്തുള്ള മൊഗാദിഷു ആണ് സൊമാലിയയുടെ തലസ്ഥാനം. സൊമാലിയൻ നാഷണൽ മ്യൂസിയവും, നാഷണൽ തിയേറ്ററും, ഹിസ്റ്റോറിക്കൽ തിയേറ്ററും, സയൻസ് ഹബുമൊക്കെ മൊഗാദിഷുവിലാണ്.
പ്രകൃതി വിഭങ്ങളാൽ അനുഗ്രഹീതമായ രാജ്യമായിരുന്നു സൊമാലിയ. എന്നാൽ കൊളോണിയൽ കാലത്ത് വിഭജിച്ച് ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായി സൊമാലിയയെ അഞ്ചായി തിരിച്ച് വിദേശശക്തികൾ പങ്കിട്ടെടുത്തു. അതിതീവ്ര ചൂഷണത്തിലൂടെയാണ് പിന്നീട് സൊമാലിയ കടന്നുപോയത്.
1960 ൽ ഇറ്റലിയിൽ നിന്നും ബ്രിട്ടീഷ് പ്രൊട്ടക്ടറേറ്റിൽ നിന്നും മോചിതമായി സൊമാലിയ രൂപം കൊണ്ടെങ്കിലും, വിഭജിച്ച് ഭരിക്കുക എന്ന കൊളോണിയൽ നയത്തിന്റെ ഫലമായി പല ഗോത്രങ്ങളാൽ നിറഞ്ഞ സൊമാലിയയിൽ വിഭാഗീയത രൂപം കൊണ്ടിരുന്നു. പിന്നീട് വിഭാഗീയത വളർന്ന് ഗോത്രങ്ങൾ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായി.
സൊമാലിയയിൽ പ്രാദേശിക അടിസ്ഥാനത്തിൽ പല ഭാഷകളാണ് സംസാരിക്കുന്നത്. എങ്കിലും സൊമാലി, അറബ്, ഇറ്റാലിയൻ, സ്വാഹിലി എന്നീ ഭാഷകൾ പൊതുവായി ഉപയോഗത്തിൽ കാണാറുണ്ട്. .ഗ്രാമങ്ങളിൽ നമ്മുടെ നാട്ടിലെ സ്‌കൂൾ വാനുകൾ പോലെയുള്ള ചെറിയ ബസുകളും ബൈക്കുകളും ട്രക്കുകളുമൊക്കെയാണ് സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. ഒട്ടകങ്ങളും കഴുതകളും കന്നുകാലി കൂട്ടങ്ങൾക്കൊപ്പം ഭാരം ചുമക്കാനായി ഇപ്പോഴും ഗ്രാമങ്ങളിൽ ഉപയോഗിച്ചു വരുന്നു.
ഇന്ത്യൻ തീരവുമായി ബന്ധമുള്ളതുകൊണ്ട് വീടുകളുടെ നിര്‍മ്മാണ രീതികൾക്ക് ഗുജറാത്തി ഗൃഹ നിർമാണ രീതികളുമായി സാമ്യമുണ്ട്. ഇറ്റലിയുടെ കോളനി ആയതുകൊണ്ട് ഇറ്റാലിയൻ രീതികളിലും അറബ് രീതികളിലുമുള്ള വീടുകളിലാണ് നഗരങ്ങളിൽ ജനങ്ങൾ താമസിക്കുന്നത്. കന്നുകാലി പരിപാലനവുമായി നാടോടി ജീവിതം നയിക്കുന്നവർ കാലാവസ്ഥയ്ക്കനുസൃതമായി നിർമിക്കുന്ന താല്‍ക്കാലിക വീടുകളിലാണ് താമസിക്കുന്നത്.
നാടോടിക്കഥകളും, ജിന്നുകളുടെ അത്ഭുത വിദ്യകളുമൊക്കെ നിറഞ്ഞതാണ് സൊമാലിയയുടെ കലാ സാംസ്കാരിക പൈതൃകം. നാടകങ്ങൾ, കവിത, സംഗീതം എന്നിവയാൽ ജീവസുറ്റതാണ് സൊമാലിയൻ സാമൂഹ്യ ജീവിതം. നഗരങ്ങളിൽ ഇറ്റാലിയൻ ആഹാരവും, ജീവിതരീതികളും, സിനിമയും വളരെ സാധാരണമാണ്. ഫുട്ബാൾ സൊമാലിയയുടെ ഞരമ്പിലൂടെ ഒഴുകുന്ന വികാരമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും സജീവമായ നിരവധി ഫുട്ബാൾ ക്ലബുകൾ ഉണ്ട്.
നമുക്ക് പരിചിതമായ ഒരു വാക്കുണ്ട്, സൊമാലിയൻ കടൽക്കൊള്ളക്കാർ…! ആരാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ? അതൊരു നീണ്ട കഥയാണ്.
സൊമാലിയയില്‍ “കടൽക്കൊള്ളക്കാർ” ഉണ്ടായതെങ്ങനെ?
മത്സ്യബന്ധന ഗ്രാമങ്ങളും കൃഷിയുമൊക്കെയായി കഴിഞ്ഞിരുന്ന സൊമാലിയയെ പല തുണ്ടുകളായ മുറിച്ചെടുത്തത് ഇറ്റലിയും, ഫ്രാൻസും, ബ്രിട്ടനുമടങ്ങിയ കൊളോണിയൽ ശക്തികളാണ്. അവർ ഉണ്ടാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം മൂലമുണ്ടായ വിഭാഗീയതകളാണ് അഭ്യന്തര കലാപങ്ങളായും അട്ടിമറികളായും സൊമാലിയയിൽ തുടർന്ന് വരുന്നത്.
കലാപങ്ങളിലൂടെ അരാജകത്വവും പ്രകൃതി ദുരന്തങ്ങളായ വരൾച്ചയും സൊമാലിയയെ ഒരുപോലെ ദുരിതത്തിൽ ആഴ്തിയപ്പോൾ അയൽ രാജ്യങ്ങളും യൂറോപ്യൻ ശക്തികളും സൊമാലിയൻ കടൽ സമ്പത്ത് ചൂഷണം ചെയ്യുവാൻ തുടങ്ങി. സൊമാലിയയുടെ ആരും നിയന്ത്രിക്കാൻ ഇല്ലാത്ത കടലുകളിൽ, ആണവമാലിന്യങ്ങളും, രാസമാലിന്യങ്ങളുമാണ് യുറോപ്യൻ രാജ്യങ്ങൾ കൊണ്ട് തള്ളിയത്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങിയതോടെ മാരക രോഗങ്ങൾ സൊമാലിയയെ കീഴ്പ്പെടുത്താൻ തുടങ്ങി. 2004ലെ സുനാമി മനുഷ്യ ജീവിതം കവരുക മാത്രമല്ല സൊമാലിയയിൽ ചെയ്തത്, രാസമാലിന്യങ്ങൾ അടങ്ങിയ ബാരലുകൾ സൊമാലിയൻ തീരത്ത് അടുപ്പിക്കുക കൂടിയാണ്.
സൊമാലിയയുടെ പ്രധാന വരുമാനം കടലിൽ നിന്നായിരുന്നു. വൻ ശക്തികൾ കടൽ കയ്യേറിയതോടെ, ഇടപെടാൻ ഭരണ സംവിധാനങ്ങൾ ഇല്ലാതെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട് സൊമാലിയ കൂടുതൽ നരകതുല്യമായി. രാഷ്ട്രീയമായും, സാമൂഹികമായും, സാമ്പത്തികമായും നിലനില്പിന് വേണ്ടി പൊരുതുന്ന സൊമാലിയയിൽ ഭരണകൂടത്തിന്റെയും സംവിധാനങ്ങളുടെയും അസാന്നിധ്യത്തിൽ അതിജീവനത്തിനായി മത്സ്യത്തൊഴിലാളികൾ നാഷണൽ വോളന്റിയർ കോസ്റ്റ് ഗാര്‍ഡ് ഓഫ് സോമാലിയ രൂപികരിച്ചു. വിദേശ കപ്പലുകളുടെ അനധികൃത മത്സ്യബന്ധനവും, മാലിന്യ നിക്ഷേപവും തടയാൻ സൊമാലിയൻ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ വഴി ആയിരുന്നു അത്. എന്നാൽ ബാഹ്യ ഇടപെടലുകൾ മൂലം വോളന്റിയർ കോസ്റ്റ് ഗാര്‍ഡ് ഓഫ് സൊമാലിയ സൊമാലിയൻ കടൽക്കൊള്ളക്കാർ ആയി വഴിമാറപ്പെട്ടു. നിലനില്‍പ്പിനു വേണ്ടി തുടങ്ങിയ പ്രതിരോധത്തെ സൊമാലിയൻ കടൽക്കൊള്ളക്കാർ ആക്കി തീർത്തതിനു ആധുനിക സമൂഹം, പ്രത്യേകിച്ചും യുറോപ്യൻ ശക്തികൾ തന്നെയാണ് ഉത്തരവാദികൾ.
അതിജീവനത്തിനു വേണ്ടി പ്രകൃതിയോടും ഭരണകൂടങ്ങളോടും മനുഷ്യരോടും പൊരുതുന്ന മനുഷ്യരുടെ നാടാണ് സൊമാലിയ.
സോമി സോളമന്‍
(എഴുത്തുകാരി, കോളമിസ്റ്റ്)