(മലയാള ഭാഷയും സാഹിത്യവും സാംസ്കാരിക പൈതൃകവും അറിയാനും പഠിക്കാനുമുള്ള യാത്രയാണ് ഈ പരമ്പര. മുന്‍ ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ – മലയാളഭാഷയുടെ പിതാവിനെ അറിയാന്‍ ‘അന്നാര’യിലേക്ക് പോയാലോ? | കൃഷ്ണവനം – ഒരു കാടുണ്ടായ കഥ)

ഒരു ദേശത്തിന്റെ കഥാകാരനൊപ്പം

ക്ഷരങ്ങളിലൂടെ മലയാളിക്ക് ലോകം കാണിച്ചുതന്ന കഥാകാരനാണ് ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് എന്ന എസ് കെ പൊറ്റെക്കാട്ട്. യാത്രാവിവരണങ്ങളും ചെറുകഥകളും നോവലുകളും കവിതകളും കൊണ്ട് മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ ഒരു സാഹിത്യകാരനാണ് എസ് കെ. ദേശമെന്ന വിശാല കാന്‍വാസില്‍ അതിലെ ഓരോ മനുഷ്യരെയും ഇഴകീറി കോര്‍ത്തിണക്കി അവതരിപ്പിച്ച എസ് കെയുടെ ‘ഒരു ദേശത്തിന്റെ കഥ’ പിറവിയെടുത്തിട്ട് അരനൂറ്റാണ്ട് തികയുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനും, ജ്ഞാനപീഠ പുരസ്‌കാരത്തിനും എസ് കെയെ അര്‍ഹനാക്കിയത് ‘ഒരു ദേശത്തിന്റെ കഥ’യായിരുന്നു. അദ്ദേഹം നടത്തിയ യാത്രയിലെ പല പ്രദേശങ്ങളിലെയും, സ്വന്തം ദേശമായ കോഴിക്കോട്ടെയും ഒരുപാട് മനുഷ്യരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന ‘ഒരു ദേശത്തിന്റെ കഥ’ അമ്പതാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ കഥാകാരനൊപ്പം നമുക്ക് അല്പ ദൂരം ഒന്ന് സഞ്ചരിക്കാം.

എസ്.കെ.പൊറ്റെക്കാട്ട്

എസ്.കെ.പൊറ്റെക്കാട്ട്

1913 മാര്‍ച്ച് 14-ന് കോഴിക്കോടാണ് എസ്.കെ.പൊറ്റെക്കാട്ട് ജനിച്ചത്. പിതാവ് അദ്ധ്യാപകനായ കുഞ്ഞിരാമന്‍, മാതാവ് കിട്ടൂലി. ചാലപ്പുറം ഗണപത് സ്കൂള്‍, കോഴിക്കോട് സാമൂതിരി കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ധ്യാപകനായി ജോലി ചെയ്തു. 1930-കളുടെ അവസാനം രണ്ട് കൊല്ലത്തെ അദ്ധ്യാപക ജീവിതം അവസാനിപ്പിച്ച് അദ്ദേഹം തന്റെ യാത്രകള്‍ ആരംഭിച്ചു. തുടക്കത്തില്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും പിന്നീട് വിദേശ രാജ്യങ്ങളിലേക്കും ആ യാത്രകള്‍ തുടര്‍ന്നു. ഏതാണ്ട് ഇക്കാലത്ത് (1939) തന്നെ എഴുത്തിലേക്ക് അദ്ദേഹം ഗൗരവപരമായി കടന്നിരുന്നു. അക്കാലത്ത് ബോംബെയില്‍ വച്ചെഴുതിയ ‘നാടന്‍ പ്രേമം’ എന്ന ചെറു നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ മലയാള സാഹിത്യ രംഗത്ത് ശ്രദ്ധേയനായി. പിന്നീട് നോവലുകളും ചെറുകഥകളും കൊണ്ട് കഥാസാഹിത്യ രംഗത്ത് അദ്ദേഹം തന്റെതായ ഒരിടം നേടിയെടുത്തു. 1947ലെ കാശ്മീര്‍ യാത്രവിവരണത്തോടെ അദ്ദേഹം സഞ്ചാര സാഹിത്യത്തിലേക്ക് കടന്നു. പിന്നീട് നവീനമായ രീതിയില്‍ മലയാളത്തിലെ സഞ്ചാരസാഹിത്യ ശാഖയെ എസ് കെ ഒറ്റക്ക് തന്നെ കൊണ്ടുപോയി എന്നു പറയാം.

1960ല്‍ പ്രസിദ്ധീകരിച്ച ‘ഒരു തെരുവിന്റെ കഥ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പിന്നാലെ 1971ല്‍ അദ്ദേഹത്തിന്റെ ‘ഒരു ദേശത്തിന്റെ കഥ’ പ്രസിദ്ധീകരിച്ചു. ചരിത്രവും പുരാവൃത്തവും കഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന ‘ഒരു ദേശത്തിന്റെ കഥ’യ്ക്ക് 1977ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1980ലെ ജ്ഞാന പീഠ പുരസ്‌കാരവും ലഭിച്ചു. മറുനാട്ടില്‍ ജോലി ചെയ്യുന്ന ഒരു യുവാവ് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം എന്ന ഗ്രാമത്തിലേക്ക് വരുകയും, അവിടെ തന്റെ ചെറുപ്പക്കാലത്തെ കാഴ്ചകളും അനുഭവങ്ങളും ഒക്കെ ഓര്‍ത്തെടുക്കുകയാണ് ഒരു ദേശത്തിന്റെ കഥയില്‍. ഈ കഥയിലെ മനുഷ്യരിലൂടെ തന്റെ തന്നെ ജീവിതത്തിലേക്കാണ് എസ് കെ യാത്ര ചെയ്യുന്നത്. 1920 മുതല്‍ 70 വരെയുള്ള അര നൂറ്റാണ്ട് കാലമാണ് നോവലിന്റെ ആഖ്യാന കാലം. കോഴിക്കോടിനടുത്തുള്ള കുറ്റിച്ചിറയാണ് അതിരാണിപ്പാടം എന്ന ഗ്രാമമായി കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. എസ് കെയുടെ അമ്മയുടെ വീട് സ്ഥിതിചെയ്യുന്ന ചെലവൂരാണ് ഈ കഥയില്‍ പറയുന്ന ഇലഞ്ഞിപൊയില്‍ എന്ന മനോഹരമായ ദേശമായി അവതരിപ്പിച്ചിരിക്കുന്നത്.

1982 ഓഗസ്റ്റ് ആറിന് കോഴിക്കോട്ടെ സ്വന്തം വസതിയായ ‘ചന്ദ്രകാന്തത്തില്‍ വച്ച് 69-ാം വയസ്സില്‍ വിടവാങ്ങിയ ലോകസഞ്ചാരി ഇന്നും അദ്ദേഹത്തിന്റെ സാഹിത്യകൃതികളിലൂടെ അന്വശ്വരനായി തുടരുന്നു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് തുടങ്ങിയ യാത്രാവിവരണങ്ങളും ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, വല്ലികാദേവി, നാടന്‍ പ്രേമം, പ്രേമശിക്ഷ, മൂടുപടം, വിഷകന്യക, കറാമ്പൂ, കുരുമുളക്, കബീന, നോര്‍ത്ത് അവന്യൂ തുടങ്ങിയ നോവലുകളും നിരവധി ചെറുകഥകളും, കവിതകളും, നര്‍മ്മ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പല ഇന്ത്യന്‍ ഭാഷകളിലേക്കും, ഇംഗ്ലീഷ്, റഷ്യന്‍, ഇറ്റാലിയന്‍, ജര്‍മ്മന്‍ തുടങ്ങിയ വിദേശ ഭാഷകളിലേക്കും എസ് കെയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പൊറ്റെക്കാട്ടിന്‍റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഇടമാണ് കോഴിക്കോട് പുതിയറയിലെ ‘എസ് കെ പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രം’. എസ് കെ പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തെ ലോകസഞ്ചാരിയുടെ ഓര്‍മകള്‍ സൂക്ഷിച്ചുവെച്ച ഇടമെന്ന് വിശേഷിപ്പിക്കാം. എസ് കെയുടെ വീടായ ‘ചന്ദ്രകാന്ത’ത്തിനടുത്ത് സ്ഥിതിചെയ്യുന്ന സാംസ്‌കാരിക കേന്ദ്രം ഏതൊരു സഞ്ചാരിക്കും സാഹിത്യ തല്‍പരര്‍ക്കും ആവേശം ജനിപ്പിക്കുന്ന ഒരിടമാണ്. 1989 ഓഗസ്റ്റ് 6ന് ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക കേന്ദ്രത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒട്ടേറെ നവീകരണങ്ങള്‍ നടന്നു.

എസ് കെയോടൊപ്പം ലോകംചുറ്റിയ ക്യാമറ മുതല്‍ അദ്ദേഹത്തിന്റെ കറുത്തബാഗും, കണ്ണടയും, കോട്ടും, കമ്പിളി കുപ്പായവും, പല പ്രദേശങ്ങളില്‍ നിന്ന് സമ്മാനമായി ലഭിച്ച വസ്തുക്കളുടെ അപൂര്‍വശേഖരവും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിവച്ചിട്ടുണ്ട്. ഇവിടുത്തെ അത്യാധുനിക ലൈബ്രറിയില്‍ എസ് കെ പൊറ്റെക്കാട്ടിന്റെ കൃതികള്‍ അടക്കം ഇരുപതിനായിരത്തിനടുത്ത് പുസ്തകങ്ങളുണ്ട്. കൂടാതെ സംഗീത പഠന കേന്ദ്രം, മനോഹരമായ ആര്‍ട്ട് ഗാലറി, ഫൈനാര്‍ട്സ് സ്‌കൂള്‍, മ്യൂറല്‍ പെയിന്റിംഗ് സ്‌കൂള്‍, ചെസ് അക്കാദമി, എഴുത്തുകാര്‍ക്കായി റൈറ്റേഴ്സ് ഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം, ഫിലിം ക്ലബ്ബ്, ചില്‍ഡ്രന്‍സ് തിയേറ്റര്‍, മഹിള ഫോറം തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവധിക്കാലക്യാമ്പുകള്‍ക്കും, സാഹിത്യകൂട്ടായ്മകള്‍ക്കും ശില്പശാലകള്‍ക്കും സ്ഥിരമായ ഒരു വേദിയാണ് ഈ സാംസ്‌കാരിക കേന്ദ്രം. ഇത് കൂടാതെ മിഠായിത്തെരുവില്‍ മാനാഞ്ചിറ മൈതാനത്തിന്റെ കവാടത്തിന് അഭിമുഖമായി ചേര്‍ന്ന് എസ് കെയുടെ പ്രതിമയും കാണാം.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും എസ് കെ പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തിലേക്ക് രണ്ടര കിലോമീറ്ററിനുള്ളിലുള്ള ദൂരമേയുള്ളൂ. 25 കി.മീ അകലെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. എസ് കെ പൊറ്റെക്കാട്ടിന്റെ ശില്പം സ്ഥാപിച്ചിരിക്കുന്ന മിഠായിത്തെരുവും മാനാഞ്ചിറ മൈതാനവും, കോഴിക്കോട് കടല്‍ത്തീരവുമെല്ലാം സാംസ്‌കാരിക കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് മൂന്ന് കി.മീ പരിധിയില്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. പുരാതന തുറമുഖമായ ബേപ്പൂര്‍ (10 കി.മീ), വാസ്‌കോ ഡ ഗാമ ആദ്യമായി എത്തിയെന്ന് കരുതുന്ന കാപ്പാട് ബീച്ച് (16 കി.മീ), കടലുണ്ടി പക്ഷി സങ്കേതം (16 കി.മീ), കക്കയം (34 കി.മീ), തിക്കോടി ലൈറ്റ് ഹൗസ് (31 കി.മീ), കോഴിപ്പാറ വെള്ളച്ചാട്ടം (38 കി.മീ), തുഷാരഗിരി വെള്ളച്ചാട്ടം (38 കി.മീ) തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളും വിനോദസഞ്ചാരത്തിനായി തൊട്ടടുത്തുണ്ട്.

കൃഷ്‌ണ ഗോവിന്ദ്

കൃഷ്‌ണഗോവിന്ദ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content