രാജകുമാരനും
രുദ്രനേത്രനും
ഭാഗം 2
കഥയുടെ മറ്റ് ഭാഗങ്ങൾ വായിക്കാം – രാജകുമാരൻ
രാജാവിനും രാജ്ഞിക്കും ഒപ്പം കൊട്ടാരത്തിൽ ഉണ്ടും ഉറങ്ങിയും സസുഖം താമസിച്ചിരുന്ന രാജകുമാരൻ നിത്യജീവിതത്തിന്റെ ആവർത്തന വിരസത കൊണ്ട് പൊറുതിമുട്ടി. രാജകുമാരൻ അച്ഛനമ്മമാരുടെ അനുമതിയോടെയും ആരുടേയും കൂട്ടില്ലാതെയും ഒരു സാഹസിക യാത്രയ്ക്ക് കോപ്പുകൂട്ടി.
പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ യാത്ര തുടങ്ങി. കുറെ ദിവസങ്ങൾ സഞ്ചരിച്ച രാജകുമാരൻ രാജ്യാതിർത്തിയിലുള്ള കാട്ടിൽ എത്തിച്ചേ൪ന്നു. ഒരു രാത്രിയും ഒരു പകലും കാട്ടിലൂടെയുള്ള യാത്ര തുടർന്നു. അങ്ങനെ നടന്നു നടന്ന് പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ ചെരുവിൽ എത്തിപ്പെട്ടു. അടുത്തെങ്ങും മനുഷ്യവാസമുള്ള ഒരു ലക്ഷണവും കണ്ടില്ല. കാട് കഴിയുമ്പോൾ ചെറിയ കുടിലുകളും ആൾതാമസവുമൊക്കെ കാണേണ്ടതായിരുന്നു. എന്നാൽ ആരും സഞ്ചരിക്കാതെ കാട്ടുപുല്ലുകൾ നിറഞ്ഞ ഒരു വഴി എവിടേക്കോ നീണ്ടു കിടക്കുന്നുണ്ടായിരുന്നു. ആ വഴി നടന്നുതുടങ്ങിയപ്പോൾ പുല്ലുകൾക്ക് നീളവും കനവും വെച്ച് വഴി കൂടുതൽ ദുർഘടമായിക്കൊണ്ടിരുന്നു. ചന്ദ്രനെ പൂർണ്ണമായും മേഘം മൂടിയതിനാൽ രാത്രിയുടെ കൂരിരുട്ട് ചുറ്റും പരന്നു തുടങ്ങുകയും വിശ്രമമില്ലാതെ നടന്നു നടന്ന് രാജകുമാരൻ അങ്ങേയറ്റം ക്ഷീണിതനാവുകയും ചെയ്തിരുന്നു.
രാത്രിയുടെ വൈകിയ യാമത്തിൽ രാജകുമാരൻ ഇടിഞ്ഞു പൊളിഞ്ഞ ഒരു കോട്ടയുടെ അരികിലെത്തി. കഠിനമായ തണുപ്പും ക്ഷീണവും കാരണം എവിടെയെങ്കിലും ഉറങ്ങുവാനുള്ള സ്ഥലം തിരഞ്ഞു. കോട്ടയുടെ ഉള്ളിൽ മേൽക്കൂരയുള്ളതും പുറം കാഴ്ചകൾ കാണാൻ പറ്റിയ ജനലുമുള്ള ഒരു മുറി കണ്ടെത്തി. വിശപ്പകറ്റാൻ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല. അരയിൽ തൂക്കിയ വാളും തോളത്തെ ഭാണ്ഡവും അരികിൽ വെച്ച് രാജകുമാരൻ ഉറങ്ങാൻ കിടന്നു. ക്ഷണ നേരം കൊണ്ട് ഗാഢ നിദ്രയിലേക്ക് വഴുതി വീണു.
പിന്നീടെപ്പോഴോ ഭയാനകമായ ഒരു ശബ്ദം കേട്ട് രാജകുമാരൻ ഞെട്ടിയുണർന്നു. ആദ്യം അതൊരു സ്വപ്നമാകാമെന്ന് കരുതിയെങ്കിലും കൂടുതൽ ഉച്ചത്തിൽ ശബ്ദം തുടർന്നു. ആരൊക്കെയോ കരയുന്ന പോലെയോ അലമുറയിടുന്ന പോലെയോ ഉള്ള ഭീകരമായ ശബ്ദമായിരുന്നു അത്. രാജകുമാരൻ ഉറയിൽ നിന്നും ഊരിപ്പിടിച്ച വാളുമായി ജനാലയിൽ കൂടി പുറത്തേക്കു നോക്കി. അവിടെ കണ്ട അസാധാരണമായ കാഴ്ച രാജകുമാരനെ ആശ്ചര്യപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു.
ഒരു വലിയ സംഘം കുറുക്കന്മാരുടെ അങ്ങേയറ്റം വിചിത്രവും, വന്യവും, ഭീകരവുമായ സംഘനൃത്തമായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്. അവരുടെ ഓരിയും നിലവിളിയും രാത്രിയുടെ നിശ്ശബ്ദതക്ക് ഭംഗമുണ്ടാക്കി. അലമുറക്കിടയിൽ അവർ ഒരു സംഘഗാനം പാടിയിരുന്നത് രാജകുമാരന്റെ ശ്രദ്ധയിൽ പെട്ടു. അത് ഇപ്രകാരമായിരുന്നു.
“പറയരുതൊരുനാളും നമ്മൾ
രുദ്രനേത്രനോടൊരുനാളും
ചന്ദ്ര താരങ്ങൾ മറഞ്ഞാലും
മാനമിടിഞ്ഞു വീണാലും
പറയരുതൊരുനാളും നമ്മൾ
രുദ്രനേത്രനോടൊരുനാളും”.
തെളിഞ്ഞ നീലാകാശത്ത് പൂർണ്ണ ചന്ദ്രൻ ഉദിച്ചുയർന്നു. പാലൊളി ചന്ദ്രിക പ്രദേശമാകെ പരന്നു. രാജകുമാരൻ അത്ഭുത പരതന്ത്രനായി നിൽക്കെ കുറുക്കന്മാർ അവിടെ നിന്നും അപ്രത്യക്ഷരായി. പരിസരം വീണ്ടും നിശബ്ദതയിൽ മുങ്ങി. രാത്രിയുടെ ബാക്കി രാജകുമാരൻ സുഖമായി ഉറങ്ങി.
ഉറങ്ങിയുണർന്നപ്പോൾ കിഴക്ക് സൂര്യൻ ആകാശത്തു നിന്നും പൊൻ കിരണങ്ങൾ പൊഴിച്ചിരുന്നു. തലേ രാത്രിയിലെ അത്ഭുതസംഭവം രാജകുമാരന്റെ മനസ്സിൽ മായാതെ നിന്നു. ഇന്നലെ കണ്ട പുല്ലു മൂടിയ
വഴി പകൽ വെളിച്ചത്തിൽ വേറൊരു ദിശയിലേക്ക് നീളുന്ന ഒറ്റയടിപ്പാതയായി തെളിഞ്ഞു കണ്ടപ്പോൾ രാജകുമാരന്റെ ആശങ്ക വീണ്ടും വർദ്ധിച്ചു. രാജകുമാരൻ ആ വഴിയിൽ കൂടി സാവധാനം നടന്നു. പുല്ലുകളെല്ലാം അപ്രത്യക്ഷമായ ആ ഒറ്റയടിപ്പാത ഒരു ചെറിയ ഗ്രാമത്തിലേക്കുള്ളതായിരുന്നു.
കുറെ ദൂരം നടന്നപ്പോൾ ഒന്ന് രണ്ടു ചെറിയ കുടിലുകൾ ദൃഷ്ടിയിൽ പെട്ടു. കുറച്ചു കൂടി നടന്നപ്പോൾ മറ്റൊരു കുടിലിന്റെ അകത്തു നിന്നും ഒരു സ്ത്രീയുടെ ദീനമായ കരച്ചിൽ കേട്ടു. ക്രമേണ കരച്ചിലിന്റെ ശബ്ദം കൂടി വന്നു. രാജകുമാരൻ അതിന്റെ കാരണമന്വേഷിക്കാൻ കുടിലിനടുത്തേക്കു നടന്നു. അവിടെ കൂടിയിരുന്ന ഗ്രാമവാസികളോട് സംഭവത്തെപ്പറ്റി അന്വേഷിക്കുകയും തന്നാൽ കഴിയുന്ന സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
കുമാരന്റെ വാക്കുകൾ കേട്ട നാട്ടുകാർ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. “താങ്കൾക്കെന്നല്ല ലോകത്ത് മറ്റേതൊരാൾക്കും ഞങ്ങളെ സഹായിക്കാൻ സാധ്യമല്ല”.
കാരണം ചോദിച്ച രാജകുമാരനോട് അവർ ഇപ്രകാരം പറഞ്ഞു. “വർഷത്തിലൊരിക്കൽ ആ മലയിലെ രക്തയക്ഷി ഗ്രാമത്തിലെ ഏറ്റവും സുന്ദരിയായ ഒരു കന്യകയുടെ ജീവനെടുക്കും. ഇന്നാണ് ആ ദിവസം. രാത്രി അന്ധകാരം പരക്കുമ്പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന ഈ അമ്മയുടെ സുന്ദരിയായ മകളെ ഒരു കൂടുപോലുള്ള പെട്ടിയിലാക്കി അടച്ച് ആ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയിലെ കാളീ വിഗ്രഹത്തിനു മുൻപിൽ കൊണ്ട് വെക്കണം. അവൾ ആ രക്തയക്ഷിയുടെ ഇന്നത്തെ ഇരയാകും. “
ഇത്രയും കേട്ടപ്പോൾ രാജകുമാരന്റെ മനസ്സിൽ തലേ രാത്രി നടന്ന അദ്‌ഭുത സംഭവം തെളിഞ്ഞു നിന്നു. രാജകുമാരൻ അവരോട് ഭയപ്പെടാതിരിക്കുവാനും ഇന്ന് രാത്രി കന്യകയെ കോട്ടയ്ക്കകത്ത്
എത്തിക്കാനുള്ള അവസരം തനിക്കു നൽകണമെന്നും അഭ്യർത്ഥിച്ചു. അതിനു സമ്മതമേകിയ അവരോട് ആരാണ് ഈ “രുദ്രനേത്രൻ” എന്ന് അന്വേഷിച്ചു. “രുദ്രനേത്രൻ” ഗ്രാമ മുഖ്യന്റെ തീ പാറുന്ന കണ്ണുകളുള്ള ശൗര്യമുള്ള നായയാണെന്നും ശത്രുവിനെ ക്ഷണ നേരം കൊണ്ട് കടിച്ചു കീറി കൊല്ലാൻ രുദ്രനേത്രനുള്ള അസാമാന്യ കഴിവ് ആ രാജ്യം മുഴുവൻ പ്രസിദ്ധമാണെന്നും പറഞ്ഞു.
രാജകുമാരൻ ഉടൻ തന്നെ ഗ്രാമമുഖ്യന്റെ വീട്ടിലെത്തി. രുദ്രനേത്രനെ അന്ന് രാത്രി തന്റെ കൂടെ അയക്കണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യൻ ആദ്യം വിസമ്മതിച്ചു എങ്കിലും പിറ്റേന്ന് കാലത്തു തന്നെ രുദ്രനേത്രനെ തിരിച്ചേൽപ്പിക്കണമെന്ന വ്യവസ്ഥയിൽ അവനെ രാജകുമാരനെ ഏൽപ്പിച്ചു.
രാജകുമാരൻ സന്തോഷത്തോടെ രുദ്രനേത്രനേയും കൊണ്ട് കന്യകയുടെ കരഞ്ഞുകൊണ്ടിരുന്ന അമ്മയുടെയും ഗ്രാമവാസികളുടെയും അടുത്തെത്തി. ആ രാത്രി താൻ തിരിച്ചുവരുന്നത് വരെ കന്യകയെ അവർ സുരക്ഷിതയായി നോക്കണമെന്നു ശട്ടം കെട്ടി. രാജകുമാരൻ കന്യകയെ കിടത്താൻ വെച്ച കൂട്ടിൽ രുദ്രനേത്രനെ കിടത്തി കൂട് അടച്ചു. ഗ്രാമവാസികളുടെ സഹായത്തോടെ ആ കൂട് ചുമന്നു കൊണ്ടുപോയി കോട്ടക്കകത്ത് കാളീ വിഗ്രഹത്തിനു മുൻപിൽ വെച്ചു. ഭയം കാരണം ഗ്രാമവാസികളാരും തന്നെ പിശാച് ബാധിച്ച ആ കോട്ടയിൽ നിൽക്കാതെ ഗ്രാമത്തിലേക്ക് തിരിച്ചുപോയി. രാജകുമാരനും കൂട്ടിനകത്തെ രുദ്രനേത്രനും മാത്രം കോട്ടയിൽ കാത്തിരുന്നു.
പാതിരാവായപ്പോൾ അകലെ ആകാശത്ത് പൂർണ്ണചന്ദ്രൻ കുന്നുകൾക്കു മേലെ പൂനിലാവ് പൊഴിച്ചുകൊണ്ട് നിന്നു. അപ്പോൾ ആ കുറുക്കൻ കൂട്ടം വലിയ ഒച്ചയോടും ബഹളത്തോടും കൂടി അവിടെയെത്തി. ഇത്തവണ മറ്റു കുറുക്കന്മാരേക്കാൾ ആകാരം കൊണ്ട് വളരെ വലുതും കറുത്തു ഭീകരനുമായ ഒരു കുറുക്കനാണ് അവരെ നയിച്ചിരുന്നത്. അവർ കൂടിനടുത്തേക്ക് നടന്നടുക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെടാതെ മറഞ്ഞിരുന്നുകൊണ്ട് രാജകുമാരൻ അമ്പരപ്പോടെ നിരീക്ഷിച്ചു.
കൂടിനടുത്തെത്തിയ സംഘം അതിനു ചുറ്റും ആഹ്ളാദാരവത്തോടെ നൃത്തം ചെയ്യാൻ തുടങ്ങി. അവസാനം ഇരയെ ഭക്ഷിക്കാനുള്ള ആക്രാന്തത്തോടെ നേതാവ് കൂടിന്റെ മൂടി മലർക്കെ തുറന്നു. ക്ഷണ നേരം കൊണ്ട് രുദ്രനേത്രൻ ചാടി വീണ് ഭീമൻ കുറുക്കന്റെ കഴുത്തിൽ പിടിമുറുക്കി പല്ലുകൾ താഴ്ത്തി. നേരം കളയാതെ രാജകുമാരൻ മൂർച്ചയുള്ള തന്റെ വാൾ ആ ജന്തുവിന്റെ വയറ്റിലേക്ക് കുത്തിയിറക്കി. നേതാവിന് പറ്റിയ അപകടം മനസ്സിലാക്കിയ കുറുക്കൻ പട തൽക്ഷണം അവിടെ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
നേരം വെളുത്തപ്പോൾ രാജകുമാരൻ ഗ്രാമമുഖ്യനോട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ധീരനായ രുദ്രനേത്രനെ തിരിച്ചേല്പിച്ചു. കന്യകയുടെ മാതാപിതാക്കളോട് അവൾ ഇനിമേൽ സർവ്വ സ്വതന്ത്രയായിരിക്കുമെന്ന് അറിയിച്ചു. ഗ്രാമവാസികളോട് രക്തയക്ഷി ഇനി ഒരു കന്യകയെയും ഇരയാക്കില്ലെന്നും അറിയിച്ചു. രാജകുമാരനോട് സന്തോഷവും നന്ദിയും അറിയിച്ച ഗ്രാമവാസികളോട് രുദ്രനേത്രനോടാണ് നന്ദി പറയേണ്ടതെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തിക്കൊണ്ട് തന്റെ സാഹസിക പ്രയാണം തുടർന്നു.

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു