ഒരു മഴയുടെ മരണകഥ
മണ്ണിലേക്കാണ് മേഘം മഴയെ പെറ്റിട്ടത്…
മലയിൽ വീണ്, മരത്തിലെഴുന്നേറ്റ്,
പൂവിൽ വീണ്, പൂവനത്തിലെഴുന്നേറ്റ്,
പുഴയിൽ മുട്ടുകുത്തി,
കടലിൽ നടന്നു കയറുന്നതും നോക്കി നിന്നു
പാവം മേഘം!
ഇഴയാൻ മണ്ണില്ലാതെ
ഊന്നാൻ തടമില്ലാതെ
മുട്ടുകുത്താൻ ചാലില്ലാതെ
താങ്ങാൻ മരമില്ലാതെ
എഴുന്നേൽക്കാൻ അരുവിയില്ലാതെ
മഴ, കോൺക്രീറ്റിൽ വെന്ത് മരിച്ചു.
നെഞ്ചകം പൊട്ടി മേഘം കരഞ്ഞു
നാടും നഗരവും കരഞ്ഞു
കരഞ്ഞു തീർന്നപ്പോൾ
ഭൂമിയിൽ ഒരു പൂ മാത്രം ബാക്കിയായി
ഒരു മഴയുടെ മരണകഥ ചൊല്ലുവാൻ…
പി ആർ സഞ്ജയ്