പാട്ട്
പാടുവാനായെന്തുണ്ട് വീണ്ടുമീ
പുതുവർഷ യാമിനി വന്നിടുമ്പോൾ
പാടാത്തൊരായിരം പാട്ടുകൾക്കായ്
പുതുവർഷ കാമിനി കാത്തിരിപ്പൂ…
ഉത്സവലഹരികൾ നുരഞ്ഞുപൊങ്ങും
ഉന്മാദഹർഷത്തിൻ ഉണർത്തു പാട്ടോ
വേർപാടുകൾതീർത്തവേദനകൾ തന്ന
കദനത്തിൽ കുതിരുന്ന കറുത്തപാട്ടോ
മന്വന്തരങ്ങളായ് മാനവർ പാടിയ
കവികൾകുറിച്ചിട്ട ഋതുക്കളുടെ പാട്ടോ
നോവുമാത്മാവിനെ മാറോടണക്കുന്ന
മാനവ സ്നേഹത്തിൻ മോഹപ്പാട്ടോ
ആകാശത്തായിരം നക്ഷത്ര കന്യകൾ
ദൈവത്തിൻ പുത്രനായ് പാടും പാട്ടോ
സാഗരഗർജ്ജനം പാടെ മറന്നാ
തിരമാലകൾ പാടും തീരപ്പാട്ടോ
മാലോകരെല്ലാമൊന്നുപോലെയെന്ന
മാവേലിക്കാലത്തിന്നോണപ്പാട്ടോ
പുത്തൂരം വീടിന്റെ ഗാഥകളോതിയ
പാണനാർ പാടുന്ന നാട്ടുപ്പാട്ടോ
പാടുവാനായെന്തുണ്ട് വീണ്ടുമീ
പുതുവർഷ യാമിനി വന്നിടുമ്പോൾ
ഇതുവരെ പാടാത്ത പാട്ടുകൾക്കായ്
പുതുവർഷ കാമിനി കാത്തിരിപ്പൂ..

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍, ബംഗളൂരു