കൂട്ടിലെ തത്തയും
കാട്ടിലെ തത്തയും

കൂട്ടിലെ തത്ത:

“കാട്ടിലെ സുന്ദരിത്തത്തേ
കാട്ടിലിന്നെന്തു വിശേഷം?
കൂട്ടുകാരൊത്തു പറക്കാൻ
കൂടു തുറന്നിടാൻ വായോ
വേണ്ടെനിക്കെന്റെ സുഖങ്ങൾ
വേണ്ടയീ പാലും പഴവും
വേണ്ടതു നിന്നുടെ കൂടെ
വേഗം പറക്കാൻ, തുറക്കൂ.”

കാട്ടിലെ തത്ത:

“കൂട്ടിലടച്ചൊരു തത്തേ
പൂട്ടു തുറക്കുവാനയ്യോ!
ആവതില്ലെന്നുടെ കൊക്കാൽ
നോവുമാ ലോഹക്കുരുക്കാൽ
ആവാത്ത കാര്യങ്ങളോർത്തു
നോവുന്നുണ്ടെന്നുടെ ചിത്തം
എന്തീ മനുജഗണങ്ങൾ
ജന്തുക്കളെ പൂട്ടിടുന്നു !”

കൂട്ടിലെ തത്ത:

“കേൾക്കൂ നീയെന്റെ വിധികൾ
കേട്ടാൽ കരഞ്ഞു തളരും
കേട്ടു പഠിച്ചിടാൻ വാക്കിൻ
കൂട്ടങ്ങളെൻ നേർക്കെറിയും
കഷ്ടതകൊണ്ടെന്റെ നാക്കും
ഓഷ്ഠങ്ങളും തളർന്നയ്യോ!
ഇഷ്ടമാണേവർക്കുമെന്നെ
കഷ്ടം ! മടുത്തു ഞാനെന്നേ .”

കാട്ടിലെ തത്ത:

“കൂട്ടിലടച്ചതിൻ ദുഃഖം
കാട്ടിക്കൊടുക്കുമീ ലോകം
എന്നെങ്കിലുമൊരു കാലം
അന്നു തെളിയുമുൾബോധം
സ്വാർത്ഥതയൊക്കെ വെടിയും
സ്വാതന്ത്ര്യമന്നു നീ കാണും
കാത്തിരുന്നിട്ടതു കാണാം
പ്രാർത്ഥിച്ചു നാളുകൾ നീക്കാം.”

തത്തകൾ രണ്ടും ഒരുമിച്ച്:

“ഞങ്ങൾ പറവകളാണേ
ഞങ്ങൾക്കു മോഹങ്ങളുണ്ടേ
കാട്ടിലും മേട്ടിലും പാറാൻ
കാട്ടുപഴങ്ങൾ കൊറിക്കാൻ
നീലനഭസ്സിൽ പറക്കാൻ
നീരദജാലങ്ങളെണ്ണാൻ
ഞങ്ങൾക്കു പാറിപ്പറക്കാൻ
നിങ്ങൾ തടസ്സമാകല്ലേ…
നിങ്ങൾ തടസ്സമാകല്ലേ…”

റീന വാക്കയിൽ
അധ്യാപിക
അക്ഷരജ്യോതി പഠനകേന്ദ്രം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content