എട്ട് ബാലകവിതകൾ
(കുട്ടികൾക്ക് പൂരണത്തിനായി നൽകിയത് )
1
കുഞ്ഞിത്തത്തേ ചൊല്ലാമോ?
നിന്നുടെ നാടിൻ പേരെന്ത്?
ഇത്തിരിനേരം കളികളുമായ്
അത്തിമരത്തിൽ ചേക്കേറാം.
2
കാക്കക്കുഞ്ഞേ കരയാതെ
കൊത്തിക്കൊത്തിക്കീറാതെ
കാക്കപ്പുണ്ണ് മാറുമ്പോൾ
അത്തിമരത്തിൽ ചേക്കേറാം
3
പാട്ടുപാടാൻ അറിയാമോ?
പുള്ളിക്കുയിലേ പറയാമോ?
നേരം വൈകുന്നേരത്ത്
കൂട്ടുകൂടാൻ പോരാമോ?
4
കുഞ്ഞിക്കുരുവി ഉണർന്നാട്ടെ
കുഞ്ഞിച്ചിറക് കുടഞ്ഞാട്ടെ
നേരം കളയാതിനി വേഗം
കഞ്ഞി കുടിക്കാൻ വന്നാട്ടെ
5
പൂക്കൾ വിരിയും നേരത്ത്
പൂങ്കാറ്റൂതും വേളകളിൽ
ചുറ്റിത്തിരിയും പൂമ്പാറ്റേ
പൂവുകളെല്ലാം നിന്റേതോ?
6
മഞ്ഞു കണത്തിൻ ആർദ്രതയും
പഞ്ഞി കണക്കെ മൃദുലതയും
കൊഞ്ചലിലേകും പൂമൊഴിയും
കുഞ്ഞിൻ ചിരിയാൽ തേൻമഴയും.
7
കാലു തെറ്റി വീഴും നേരo
ഓടിയെത്തും മുത്തശ്ശി
ചിത്തമൊന്നു വാടും നേരം
മുത്തം നല്കും മുത്തശ്ശി.
8
നാടുകൾ ചുറ്റി ഓടി നടക്കുമ്പോൾ
കഥകൾ മെല്ലെ ചൊല്ലാമോ
പാടത്തൂടെയുലാത്തും നേരം
കലപില ചൊല്ലും പൂങ്കാറ്റേ.
അംബിക പി മേനോൻ
അക്ഷരാലയം പഠനകേന്ദ്രം,
ഹസ്തസാൽ, വികാസ്‌പുരി,
ന്യൂ ഡൽഹി