കോമ്പല്ലൻ ചങ്ങാതി
പണ്ട് പണ്ട് ഒരു നാട്ടിൽ ധാരാളം മലകളും പുഴകളും മരങ്ങളുണ്ടായിരുന്നു. അവർക്കൊക്കൊ മഴയെന്ന ചങ്ങാതിയുമുണ്ടായിരുന്നു. അവർ കളിച്ചും ചിരിച്ചും ഉല്ലസിച്ചും നടന്നു. മഴയാണ് അവരുടെ ദാഹം മാറ്റിയിരുന്നത്.
ഒരു ദിവസം വലിയ പല്ലുകളും പുകക്കുഴലുകൾ പോലെ ധാരാളം കൊമ്പുകളുമുള്ള ഒരു ജന്തു വന്നു അവരോട് ചങ്ങാത്തം കൂടാമോ എന്ന് ചോദിച്ചു. കാറ്റ് പറഞ്ഞു, “വേണ്ട”. കടൽ പറഞ്ഞു, “വേണ്ട”.
ജന്തു കരയാൻ തുടങ്ങി. മരത്തിന് സങ്കടം വന്നു. “പാവം”, മല പറഞ്ഞു. “പാവം”, പുഴ പറഞ്ഞു. “പാവം”, മല പറഞ്ഞു. ഒടുവിൽ ജന്തുവിന് താമസിക്കാൻ മരവും മലയും പുഴയും ഇടം കൊടുത്തു. മനസ്സില്ലാമനസ്സോടെ മഴ വന്നു കളിച്ചു ചിരിച്ചു.
കണ്ണടച്ച് തുറക്കും മുമ്പാണ് ജന്തുക്കൾ പെറ്റു പെരുകിയത്. അവർ ചിരിക്കുമ്പോൾ നാണയങ്ങൾ ചിതറി. ആദ്യമൊക്കെ കൂട്ടുകാർക്ക് കൗതുകമായിരുന്നു. പിന്നെ പിന്നെ മരത്തിനും മലയ്ക്കും പുഴയ്ക്കും ജീവിക്കാനിടമില്ലാതായി.
ജന്തുക്കൾ അലറി ചിരിച്ചു. മഴയോട് അവർ ആജ്ഞാപിക്കാൻ തുടങ്ങി. ഒരു ദിവസം മഴ പിണങ്ങി. തീരെ വരാതായി. ആ നാട്ടിൽ ജന്തുക്കൾ മഴ കാത്ത് കഴിഞ്ഞു. തൊണ്ട വരണ്ട് മരിക്കാനായപ്പോഴാണ് ജന്തുക്കൾക്ക് മനസ്സിലായത് നാണയങ്ങൾ തിന്ന് ജീവിക്കാനാവില്ലെന്ന്. ഒടുവിൽ ആ നാട് തരിശ് ഭൂമിയായി.
പി. ആര്. സഞ്ജയ്
മലയാളം മിഷന് മുംബൈ ചാപ്റ്റര്‍