കരുതലിന്റെ ക്രിസ്മസ്; ഒരു തണുപ്പുള്ള ഓര്‍മ്മ

റോസ് മേരി എഴുതുന്നു

പ്രിയപ്പെട്ട കുട്ടികളേ, ഞാന്‍ റോസ് മേരി. മലയാളത്തില്‍ കവിത എഴുതാറുണ്ട്. കവിതയോടൊപ്പം ഓര്‍മ്മക്കുറിപ്പുകളും എഴുതാറുണ്ട്. എന്റെ ചെറുപ്പകാലത്തെ കുറിച്ചും, എന്റെ ഗ്രാമത്തില്‍ ചിലവഴിച്ച ദിവസങ്ങളെ കുറിച്ചുമൊക്കെ ഞാന്‍ എഴുതാറുണ്ട്.

ഇതാ ക്രിസ്മസ് ഇങ്ങെത്തിയല്ലോ… ഈ ക്രിസ്മസ് കാലത്ത് നിങ്ങളോട് സംസാരിക്കാന്‍ സാധിച്ചതില്‍ എനിക്കു ഏറെ ആഹ്ളാദമുണ്ട്. കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അവിടെ പാറത്തോട് എന്നൊരു ഗ്രാമ പ്രദേശമുണ്ട്. നിറയെ കുന്നുകളും മലകളും പാറക്കെട്ടുകളും ചെറിയ അരുവികളും കാട്ടുപൂക്കളും ഒക്കെയുള്ള ഒരു നാട്ടിന്‍പുറം.

എന്റെ ചെറുപ്പത്തില്‍ ക്രിസ്മസ് എന്നുപറഞ്ഞാല്‍ ഭയങ്കര ആവേശമായിരുന്നു. വര്‍ഷം മുഴുവന്‍ കാത്തുകാത്തിരിക്കുന്ന ആഘോഷമാണ് അത്. ഒരു കുന്നിന്റെ ചെരിവിലാണ് എന്റെ വീട്. നവംബര്‍ അവസാനമൊക്കെ ആവുമ്പോഴേക്കും ആ കുന്നിന്‍ചെരിവില്‍ എമ്പാടും ഒരു പ്രത്യേകതരം കാട്ടുപുല്ല് വളര്‍ന്ന് നില്‍ക്കും. അതിനു നീളമുള്ള ഒരു തണ്ടുണ്ട്. തണ്ടിന്റെ അറ്റത്ത് ഒരു പ്രത്യേക തരം കതിര് വിരിഞ്ഞുവരും. ആ പുല്ല് മലഞ്ചെരിവില്‍ വളര്‍ന്ന് കാറ്റില്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നുണ്ടാകും. ഡിസംബര്‍ പകുതി ആവുമ്പോള്‍ പുല്ല് ഉണങ്ങാന്‍ തുടങ്ങും. ആ പുല്ല് ഇറുത്തോണ്ട് വന്നിട്ടാണ് ഞങ്ങള്‍ പുല്‍ക്കൂട് ഉണ്ടാക്കുന്നത്. ഇന്ന് പുല്‍ക്കൂടൊക്കെ കടയില്‍ വാങ്ങാന്‍ കിട്ടുമല്ലോ. ചൂരലുകൊണ്ടും പ്ലാസ്റ്റിക്ക് കൊണ്ടും ഒക്കെ ഉണ്ടാക്കിയ പുല്‍ക്കൂടുകള്‍. പക്ഷേ അന്നൊക്കെ നമ്മള്‍ ഈറ മുറിച്ചെടുത്ത് പുല്ല് മേഞ്ഞാണ് പുല്‍ക്കൂട് ഉണ്ടാക്കുന്നത്. പുല്‍ക്കൂട് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഉണ്ണിയേശുവിനെ അമ്മ പ്രസവിച്ചത് ഒരു കാലിത്തൊഴുത്തില്‍ ആണ്. പുല്ല് മേഞ്ഞ ഒരു കാലിത്തൊഴുത്തില്‍. അതിന്റെ ഓര്‍മ്മയ്ക്ക് ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷിക്കുന്ന ആളുകള്‍ പുല്ല് കൊണ്ട് വീടുണ്ടാക്കും. അതില്‍ ഉണ്ണി യേശുവിനെയും ഉണ്ണി യേശുവിന്റെ അച്ഛനെയും അമ്മയെയും ഉണ്ണിയേശുവിനെ കാണാന്‍ എത്തിയ ആട്ടിടയന്‍മാരെയും ഒക്കെ ചെറിയ രൂപങ്ങളാക്കി നിരത്തിവെച്ചിരിക്കും. ചെറിയ ബലൂണ്‍ ഒക്കെ കൊണ്ട് അതിന്റെ ചുറ്റും അലങ്കരിക്കും. അത് എല്ലാ വര്‍ഷവും നമ്മള്‍ ചെയ്യുന്ന ഏറ്റവും സന്തോഷമുള്ള കാര്യമാണ്. എന്നിട്ട് ക്രിസ്മസ് കഴിയുമ്പോള്‍ ഞങ്ങള്‍ ഈ രൂപങ്ങളൊക്കെ ഭദ്രമായി പൊതിഞ്ഞു പെട്ടിക്കുള്ളില്‍ വെക്കും. അടുത്ത ക്രിസ്മസ് ആകുമ്പോഴാണ് അത് പുറത്തെടുക്കുന്നത്.

ക്രിസ്മസിന്റെ പ്രത്യേകത നമ്മുടെ പ്രകൃതിക്ക് തന്നെ ഭയങ്കര മാറ്റം ഉണ്ടാകുന്ന കാലമാണ്. ഓണക്കാലത്തൊക്കെ നമ്മള്‍ കണ്ടിട്ടില്ലേ. കേരളത്തില്‍ എമ്പാടും പൂക്കളൊക്കെ വിരിഞ്ഞു നില്‍ക്കുന്നത്. ചെമ്പരത്തിയും തെച്ചിയും വാടാമല്ലിയും തുടങ്ങി നിരവധി പൂക്കള്‍ പൂത്തുലഞ്ഞു നില്‍ക്കും. അതിനു പുറമെ ഒത്തിരി കാട്ടുപൂക്കളൊക്കെ ഉണ്ടാകും. പ്രകൃതി തന്നെ അതിനു ഒരുങ്ങുന്നതായിട്ട് നമുക്ക് തോന്നും. അതുപോലെ ക്രിസ്മസ് കാലത്ത് നാട്ടിന്‍പുറങ്ങളില്‍ ഒക്കെ മഞ്ഞുവീണു തുടങ്ങും. ഞങ്ങളുടെ ചെറുപ്പകാലത്ത് കുറേക്കൂടി തണുപ്പുള്ള പ്രകൃതി ആയിരുന്നു. അവിടെയെല്ലാം നിറയെ റബ്ബര്‍ മരങ്ങളാണ്. റബ്ബര്‍ മരങ്ങള്‍ നിരനിരയായിട്ട് മലകളിലും താഴ്വരകളിലും നിരഞ്ഞുനില്‍ക്കുന്നുണ്ടാകും. ക്രിസ്മസ് കാലത്ത് രാവിലെ പത്തു മണിയൊക്കെ ആയാലും മഞ്ഞു തങ്ങിനില്‍ക്കും. നല്ല തണുപ്പുണ്ടാകും. കഴുത്തില്‍ മഫ്ലര്‍ ചുറ്റിയാണ് ഞങ്ങള്‍ മുറ്റത്തിറങ്ങാറ്. സന്ധ്യയാകുമ്പോള്‍ വീണ്ടും മഞ്ഞുവരും. ഹൈറേഞ്ചിലാണ് എന്റെ വീട്. ആ ഭാഗത്ത് നല്ല തണുപ്പുണ്ട്. അതിനു പുറമേ ഡിസംബര്‍ ആകുമ്പോള്‍ ആകാശത്തിന്റെ നിറമൊക്കെ മാറാന്‍ തുടങ്ങും. നീല നിറമാകും ആകാശത്തിന്. ആകാശമങ്ങനെ തെളിഞ്ഞു ഒരു ചുളിവില്ലാത്ത നീലപ്പട്ടുതുണി നമ്മുടെ തലയ്ക്കുമുകളില്‍ വിരിച്ച് വെച്ചതുപോലെ ഇരിക്കും. അതേലിങ്ങനെ രത്നക്കല്ല് പതിച്ചുവെച്ചതുപോലെ നക്ഷത്രങ്ങള്‍ ഉണ്ടാകും. വൈഡൂര്യം വാരിവിതറിയിട്ടതുപോലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍. അതിന്റെ നടുക്ക് ഒരു ചന്ദ്രന്‍. ചന്ദ്രന്‍ നല്ല തെളിഞ്ഞ ചിരിയായിട്ട് നമ്മളെ നോക്കി പുഞ്ചിരി തൂകുന്നതുപോലെ തോന്നും. എങ്ങും നിലാവായിരിക്കും. ഒരു പ്രത്യേക അനുഭൂതിയാണ് ആ ദിവസങ്ങളില്‍. കുട്ടികളേ നിങ്ങള്‍ ഡിസംബര്‍ കാല രാത്രികളില്‍ സമയം കണ്ടെത്തി ആകാശത്തേക്ക് നോക്കണം കേട്ടോ…

ഞങ്ങള്‍ വീടുകള്‍ അലങ്കരിക്കാന്‍ നക്ഷത്രങ്ങള്‍ തൂക്കും. നക്ഷത്രത്തിന്റെ പ്രത്യേകത എന്താണെന്നോ? ഉണ്ണി യേശു കാലിത്തൊഴുത്തില്‍ ജനിച്ചല്ലോ. രക്ഷകനായി ഒരു കുഞ്ഞ് ജനിക്കും എന്നു ഒരു പ്രവാചകന്‍ പ്രവചിച്ചിരുന്നു. നക്ഷത്രം ആണ് ആ കുട്ടി എവിടെയാണ് ജനിച്ചത് എന്ന് വഴി കാട്ടുന്നത്. ഒരു പ്രത്യേക നക്ഷത്രം ആകാശത്ത് ഉദിക്കും. ആ നക്ഷത്രത്തിന്റെ ഓര്‍മ്മയ്ക്കാണ് വിശ്വാസികള്‍ ഇങ്ങനെ നക്ഷത്രങ്ങള്‍ വീടിന് മുന്നില്‍ തൂക്കുന്നത്. പണ്ട് കാലത്ത് വീടുകളില്‍ ആണ് നക്ഷത്രങ്ങള്‍ ഉണ്ടാക്കിയിരുന്നത്. വര്‍ണ്ണക്കടലാസും മഷിയും ഈറ്റക്കമ്പും ഒക്കെ ഉപയോഗിച്ചാണ് നക്ഷത്രങ്ങള്‍ ഉണ്ടാക്കുന്നത്. ഇപ്പോള്‍ നമുക്ക് നക്ഷത്രങ്ങള്‍ ഒക്കെ വാങ്ങിക്കാന്‍ കിട്ടുമല്ലോ… ഡിസംബര്‍ രണ്ടാമത്തെ ആഴ്ച ആകുമ്പോഴേ ഞങ്ങള്‍ നക്ഷത്രങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങും. കുട്ടികളും മുതിര്‍ന്നവരുമൊക്കെ സഹായിക്കും. വീടിന്റെ ചുറ്റുമുള്ള മരങ്ങളില്‍, വീടിന്റെ ഉമ്മറ വാതിലില്‍ ഒക്കെ നക്ഷത്രങ്ങള്‍ തൂക്കും. ഈ നക്ഷത്രത്തിനകത്ത് ചെറിയ വിളക്ക് കത്തിച്ചുവെക്കും. രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ നമ്മുടെ വീടിന് ചുറ്റും നമ്മള്‍ ഉണ്ടാക്കിയ കടലാസ് നക്ഷത്രങ്ങള്‍ തൂങ്ങിനില്‍ക്കുന്നുണ്ടാകും. ആകാശത്താണെങ്കില്‍ യഥാര്‍ഥത്തിലുള്ള നക്ഷത്രങ്ങളും. നമ്മുടെ പറമ്പുകളിലെ കാപ്പി ചെടികളില്‍ പൊട്ടുപൊട്ടായിട്ട് മിന്നാമിനുങ്ങുകള്‍ മിന്നി നില്‍ക്കുന്നത് കാണാം. മനോഹരമായ അനുഭവമായിരുന്നു ആ കാഴ്ചകള്‍ ഒക്കെ.

ക്രിസ്മസിന് ബന്ധുക്കള്‍ ഒക്കെ വരും. ഞങ്ങള്‍ ബന്ധുക്കളുടെ വീട്ടില്‍ പോകും. പിന്നെ നമ്മുടെ അടുത്തൊക്കെ ഉള്ള ക്രിസ്മസ് ആഘോഷിക്കാത്ത മുസ്ലീം വീടുകളിലേക്കും ഹിന്ദു വീടുകളിലേ സാമ്പത്തികമായി ഭയങ്കര ബുദ്ധിമുട്ടുള്ള വീടുകളിലേക്കും നമ്മള്‍ ക്രിസ്മസിന്റെ പലഹാരങ്ങള്‍ കൊണ്ടുകൊടുക്കും. പാലപ്പം, സ്റ്റൂ, വട്ടയപ്പം ഒക്കെ ഉണ്ടാക്കി അമ്മ ഞങ്ങളുടെ കയ്യില്‍ തന്നു വീടും. ഒരു റോഡ് കടന്നിട്ട് വേണം ആ വീടുകളിലേക്ക് പോകാന്‍. ജ്യേഷ്ഠനും ഞാനുമൊക്കെയാണ് അമ്മ തന്നുവിടുന്ന പലഹാരങ്ങള്‍ അവിടങ്ങളില്‍ കൊണ്ടുകൊടുക്കുന്നത്. ഓണത്തിനും പെരുന്നാളിനും അവര്‍ നമുക്കും പലഹാരങ്ങള്‍ കൊണ്ടുവന്നു തരും. ഭയങ്കരമൊരു സ്നേഹവും ചങ്ങാത്തവും ഒക്കെ ഉണ്ടായിരുന്നു ആ കാലത്ത് ആളുകളുടെ ഇടയില്‍.

ക്രിസ്മസ് കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസില്‍ പഴയ ഒരു സംഭവം ഓര്‍മ്മ വരികയാണ്. ആ കാലത്ത് ഞങ്ങളുടെ വീട്ടില്‍ കുറേ പശുക്കള്‍ ഉണ്ടായിരുന്നു. ആ പശുക്കള്‍ക്ക് പുല്ല് ചെത്താനൊക്കെ വരുന്ന തൊമ്മി എന്നു പേരുള്ള ഒരു ജോലിക്കാരന്‍ ഉണ്ടായിരുന്നു. വടക്കേമല എന്നു പറഞ്ഞ മലയുടെ അപ്പുറത്താണ് തൊമ്മിയുടെ വീട്. ക്രിസ്മസിന് ഒരാഴ്ച മുന്‍പ് തൊമ്മി വന്നില്ല. തൊമ്മി മകനെ പറഞ്ഞുവീട്ടു. ‘ഭയങ്കര വയറുവേദനയാണ്. വൈദ്യന്‍റെ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസം കഴിയും സുഖമാകാന്‍.’

ക്രിസ്മസിന്‍റെ തലേ ദിവസം എത്തി. ആ ക്രിസ്മസിന് എന്റെ അമ്മയുടെ സഹോദരന്‍, ഞങ്ങളുടെ അമ്മാവന്‍, വീട്ടില്‍ വന്നു. അങ്കിള്‍ ജോണി എന്നാണ് അദ്ദേഹത്തെ ഞങ്ങള്‍ വിളിക്കുന്നത്. നമ്മള്‍ ആറ് പിള്ളേരാണ് വീട്ടില്‍. മൂത്ത ചേച്ചിയുടെ കയ്യില്‍ നൂറ്റി അന്‍പത് രൂപ കൊടുത്തിട്ട് അങ്കിള്‍ ജോണി പറഞ്ഞു ഇതുകൊണ്ട് നിങ്ങള്‍ പടക്കമൊക്കെ വാങ്ങിച്ചോളൂ എന്നു. ക്രിസ്മസിന്റെ തലേന്നും ആ ദിവസവും ഒക്കെ പൂത്തിരിയും മത്താപ്പും ഒക്കെ കത്തിച്ചു ഭയങ്കര ആഘോഷമായിരിക്കും. വീട്ടില്‍ നിന്നും ആകെ തന്നേക്കുന്നത് അന്‍പത് രൂപയാണ്. അത് നമുക്കൊരു വലിയ തുകയായിരുന്നു എങ്കിലും ആറ് പേര്‍ക്കും പിന്നെ കസിന്‍സിനുമൊക്കെ കൂടി കുറച്ചു സമയം പൂത്തിരി കത്തിക്കാനെ തെകയത്തുള്ളൂ. ഈ സമയത്താണ് അപ്രതീക്ഷിതമായി അങ്കിള്‍ ഇത്രയും പണം തരുന്നത്. എല്ലാവര്‍ക്കും ഭയങ്കര സന്തോഷമായി. മത്താപ്പു കൂടാതെ പുതിയ ചില സാധനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഒരു ട്രയാംഗിള്‍ പോലത്തെ ഒരു സാധനം. കത്തിക്കുമ്പോഴേക്ക് ആകാശത്തു പൂക്കുല പോലെ പല വര്‍ണ്ണങ്ങള്‍ ചിതറിപ്പരക്കും. ഭയങ്കര ഭംഗിയാണ് കാണാന്‍. റോക്കറ്റ് പോലെ ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന സാധനങ്ങള്‍ ഉണ്ട്. പിന്നെ നിലത്തുകൂടി വട്ടം കറങ്ങുന്ന പല വര്‍ണ്ണത്തിലുള്ള തീഗോളങ്ങള്‍ തുടങ്ങി പുതിയപുതിയ ഓരോന്നൊക്കെ മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ടുണ്ട്. അതൊക്കെ കാഞ്ഞിരപ്പള്ളിയില്‍ പോയി വാങ്ങിച്ചു കൊണ്ടുവരാമെന്ന് ജ്യേഷ്ഠന്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. നൂറ്റന്‍പത് രൂപ എന്നു പറഞ്ഞാല്‍ ഇന്നത്തെ ആയിരം രൂപയ്ക്ക് തുല്യമാണ് എന്നോര്‍ക്കണം. പ്രിയപ്പെട്ട കുട്ടികളെ, ഇത് ഒരുപാട് വര്‍ഷം മുന്‍പത്തെ സംഭവമാണ് കേട്ടോ…

അങ്ങനെ തലേ ദിവസം രാവിലെ ഞങ്ങള്‍ പടക്കത്തിന് വേണ്ടി കാത്തിരികുമ്പോള്‍ അതാ വരുന്നു നമ്മുടെ തൊമ്മി. ഭയങ്കര അവശനായിട്ടാണ് വരുന്നത്. അടുക്കളമുറ്റത്തെ നടക്കല്ലില്‍ ഇരുന്നു തെങ്ങിത്തേങ്ങി കരയുകയാണ്. ‘എന്നാ പറ്റി’ എന്ന് അമ്മ ചോദിച്ചു. ‘എന്തിനാ തൊമ്മി ഇങ്ങനെ കരയുന്നെ?’ അന്നേരം തൊമ്മി പറഞ്ഞു, ‘നാലഞ്ചു ദിവസമായിട്ട് ഒട്ടും സുഖമില്ല. വീട് മുഴുവന്‍ പട്ടിണിയാണ്.’ തൊമ്മിക്ക് അഞ്ചു പിള്ളേര്‍ ഉണ്ട്. ‘ഒരു വയസുള്ള ഒരു കൊച്ചുണ്ട്. ആ കൊച്ചിനു ഭയങ്കര പനിയും ഛര്‍ദ്ദിലുമാണ്. മരുന്ന് വാങ്ങിക്കാന്‍ കാശില്ല.’ തൊമ്മിക്ക് കരച്ചില്‍ വന്നിട്ട് പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അമ്മയ്ക്ക് വല്ലാതെ സങ്കടം വന്നു. തൊമ്മിക്ക് കഴിക്കാന്‍ ഭക്ഷണമൊക്കെ കൊടുത്തു. മൂന്നാല് ദിവസം പട്ടിണിയായിരുന്നതുകൊണ്ട് തൊമ്മിയ്ക്ക് കഴിക്കാനൊന്നും പറ്റുന്നില്ല.

തൊമ്മിയുടെ തേങ്ങിക്കരച്ചില്‍ കണ്ടു അമ്മയുടെ മനസലിഞ്ഞു. അമ്മയുടേല്‍ അപ്പോള്‍ പണം ഒന്നും ഉണ്ടായിരുന്നില്ല. അമ്മ ഞങ്ങളെ മാറ്റിനിര്‍ത്തിയിട്ട് പറഞ്ഞു ‘അങ്കിള്‍ ജോണി തന്ന പണം എനിക്കു താ ഞാനത് തൊമ്മിക്ക് കൊടുക്കട്ടെ. അവന്റെ വീട്ടില്‍ വലിയ വിഷമമാണ്. കൊച്ചിനെ ആശുപത്രിയില്‍ കൊണ്ടുപോകണം. അരിസാമാനങ്ങള്‍ വാങ്ങിക്കാന്‍ കാശൊന്നും ഇല്ല. നിങ്ങള്‍ അത് തന്നാല്‍ ഒരാള്‍ക്ക് വലിയ ഉപകാരമാവും.’ ഞങ്ങള്‍ക്ക് ആ പണം കൊടുക്കാന്‍ ഭയങ്കര മടിയായിരുന്നു. എന്തൊക്കെ രസമുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ട് അതുകൊണ്ട് എന്ന ചിന്ത ആയിരുന്നു ഞങ്ങളുടെ ഉള്ളില്‍. അമ്മ പറഞ്ഞു, ‘നിങ്ങള്‍ക്ക് പൂത്തിരിയൊക്കെ കത്തിച്ചു കളയാന്‍ അല്ലേ ആ പണം. അന്‍പത് രൂപ തന്നിട്ടുണ്ടല്ലോ. ആ പൈസയ്ക്ക് പൂത്തിരി വാങ്ങിച്ചാല്‍ മതി.’ അമ്മ കര്‍ശനമായിട്ട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ മനസില്ലാ മനസോടെ ആ നൂറ്റി അന്‍പതുരൂപ അമ്മയുടെ കയ്യില്‍ കൊടുത്തു. ആ പണം കൊടുത്ത് അമ്മ തൊമ്മിയെ യാത്രയാക്കി. പിറ്റേ ദിവസം ക്രിസ്മസ് പലഹാരങ്ങളുടെ ഒരു പങ്ക് പ്രത്യേക പാത്രങ്ങളിലാക്കി പറമ്പില്‍ ഉണ്ടായ ചക്കയും കപ്പയും ചേനയുമൊക്കെ ആയിട്ട് അമ്മ പാപ്പു ചേട്ടന്‍ എന്ന കാര്യസ്ഥനെ തൊമ്മിയുടെ വീട്ടിലേക്ക് അയച്ചു. പാപ്പു ചേട്ടന്‍ തിരിച്ചുവന്നിട്ട് ആ വീട്ടിലെ ദയനീയ അവസ്ഥ ഞങ്ങള്‍ക്ക് വിവരിച്ചുതന്നു. തലേ ദിവസം കൊടുത്ത പണം കൊണ്ട് കുട്ടിക്ക് മരുന്ന് വാങ്ങി എന്ന കാര്യവും പാപ്പു ചേട്ടന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു തൊമ്മി വീണ്ടും ജോലിക്കു വന്നു. ആ പണം തൊമ്മിയുടെ ജീവിതത്തില്‍ എത്ര പ്രയോജനം ചെയ്തു എന്നു തൊമ്മി ഞങ്ങളോടു പറഞ്ഞു.

അതൊക്കെ കഴിഞ്ഞു ഒരു പാട് വര്‍ഷം കടന്നുപോയി. ക്രിസ്മസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു ചെറിയ തുക ആണെങ്കിലും അത് അവരുടെ ജീവിതത്തില്‍ എന്തൊരു മാറ്റമാണ് വരുത്തിയത് എന്ന കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കും. അമ്മ പറഞ്ഞതുപോലേ ആ രാത്രി വെറുതെ കുറേ പൂത്തിരിയും മത്താപ്പും എല്ലാം കത്തിച്ചു ഏതാനും നിമിഷം കൊണ്ട് എരിയിച്ചു തീര്‍ക്കുമായിരുന്ന ആ പണം ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനും ഒരു കുടുംബത്തെ പട്ടിണിയില്‍ നിന്നും അകറ്റാനും ഒക്കെ സഹായിച്ചല്ലോ. അതോര്‍ത്തു എനിക്കു മനസിനൊരു തണുപ്പ് തോന്നാറുണ്ട്.

ക്രിസ്മസ് എന്നുപറഞ്ഞാല്‍ സ്നേഹത്തിന്റെയും പരസ്പരമുള്ള സഹകരണത്തിന്റെയും ഒരു ഓര്‍മ്മപ്പെടുത്തലാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ എപ്പോഴും നമ്മുടെ ചുറ്റുമുള്ള മനുഷ്യര്‍ക്ക് ഒരു വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ചിന്ത കൊണ്ടോ ഒക്കെ ആഹ്ളാദം പകരാന്‍ അല്ലെങ്കില്‍ കുറച്ചു സമാശ്വാസം എത്തിക്കുവാന്‍ പറ്റിയാല്‍ ആ ആഘോഷം പൂര്‍ണ്ണമാകും എന്നു ഞാന്‍ അന്നത്തെ അനുഭവത്തിലൂടെ തിരിച്ചറിയുകയായിരുന്നു.

ഞാനീ വിദൂരതയില്‍ ഇരുന്നുകൊണ്ട് നിങ്ങളെ എന്റെ മനസുകൊണ്ട് കാണുകയാണ്. ഞാന്‍ കരങ്ങള്‍ നീട്ടി നിങ്ങളെ ഓരോരുത്തരേയും എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. നെറ്റി മേല്‍ ഒരു സ്നേഹചുംബനം അര്‍പ്പിക്കുന്നു. ക്രിസ്മസിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.

റോസ് മേരി, കവി

റോസ് മേരി, കവി

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content