ഭൂമി കൾ”
സുഗതകുമാരിയെ ഓര്‍മ്മിക്കാം

തിരുവാറന്മുളയപ്പന്റെ തിരുസന്നിധാനത്തിന്റെ കിഴക്കേനടയിലുള്ള വാഴുവേൽ തറവാടിനോട് ചേർന്നു കിടക്കുന്ന സർപ്പക്കാവിൽ, അന്നു നിറയെ കൂറ്റൻ മരങ്ങളുണ്ടായിരുന്നു. ഊഞ്ഞാൽവള്ളി കെട്ടുപിണഞ്ഞുകിടക്കുന്ന മരങ്ങൾക്ക് താഴെ പാലപ്പൂക്കളും, ഇലഞ്ഞിപ്പൂക്കളും പാടേ ചിതറിക്കിടക്കുന്നുണ്ടാകും. ആ പൂക്കൾ കോർത്തുണ്ടാക്കിയ മാലയും, ഈർക്കിലിൽ ഇലഞ്ഞിപ്പൂക്കൾ കോർത്തുവളച്ചുണ്ടാക്കിയ വളകളുമണിഞ്ഞുകൊണ്ട്, ശകുന്തള ചമഞ്ഞ് തോഴിവേഷം കെട്ടുന്ന കൂട്ടുകാരികളുടെ അകമ്പടിയോടെ അലഞ്ഞുനടക്കാൻ ഒരുപാടിഷ്ടമായിരുന്നു, ആ പെൺകുട്ടിക്ക്….

അക്ഷരം കൂട്ടിച്ചൊല്ലാൻ തുടങ്ങിയിട്ടില്ലാത്ത പ്രായത്തിൽ തന്നെ, അമ്മയും അമ്മച്ചിയമ്മയും പഠിപ്പിച്ച്, രാമായണവും ഭാരതവും തുള്ളലും കീർത്തനങ്ങളുമൊക്കെ, ആ ബാലിക ഹൃദിസ്ഥമാക്കി. എഴുതാൻ പഠിക്കുന്നതിനേറെ മുമ്പ്, എത്രവേണമെങ്കിലും അക്ഷരശ്ലോകം ചൊല്ലാൻ സാധിക്കുമായിരുന്നു അവൾക്ക്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ, വെള്ളിയാഴ്ച സായാഹ്നങ്ങളിലുള്ള സാഹിത്യ ക്ലാസ്സിൽ രാമായണമോ മഹാഭാരതമോ ഏതുഭാഗത്തു നിന്നുവേണമെങ്കിലും വായിക്കുന്നത് ഒരു സാധാരണ സംഗതിയായി. വീട്ടിൽ വെച്ച് വായിക്കാൻ വേണ്ടി പുസ്തകം തിരഞ്ഞു ചെല്ലുമ്പോൾ അമ്മ കയ്യിലെടുത്തുകൊടുക്കുന്നത് മിക്കവാറും മഹാഭാരതവും പാവങ്ങളും മാർത്താണ്ഡവർമ്മയും രാമരാജബഹദൂറുമൊക്കെയായിരിക്കും. തീരെ കുട്ടിയായിരുന്നപ്പോൾ ഒരു ദിവസം ക്ലാസിലിരുന്ന് സ്ലേറ്റിൽ ഒരു പദ്യമെഴുതി. ടീച്ചർ “കണ്ടിട്ട് കൊള്ളാം നന്നായിട്ടുണ്ടെ”ന്നു അഭിനന്ദിച്ചപ്പോൾ മടിച്ചു മടിച്ചാണെങ്കിലും “ഞാനെഴുതിയതാണ്” എന്നു പറഞ്ഞു. “പോ കുട്ടീ, കള്ളം പറയാതെ” എന്നായിരുന്നു അപ്പോൾ അവരുടെ പ്രതികരണം. അന്ന് ഭയങ്കരമായി കരഞ്ഞു കൊണ്ടാണ്, മുതിർന്ന ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയുടെ കയ്യും പിടിച്ച് വീട്ടിൽ ചെന്ന് കയറിയത്….

കവിയും സ്വാതന്ത്ര്യസമരപോരാളിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമൻസ് കോളേജിലെ സംസ്കൃത പ്രൊഫസറായ വി കെ കാർത്ത്യായനി അമ്മയുടെയും, സുഗതകുമാരി എന്നു പേരിട്ട രണ്ടാമത്തെ പുത്രിക്ക് പ്രകൃതിയോടും കവിതയോടുമുള്ള പ്രണയം സിരകളിൽ അലിഞ്ഞുചേർന്നതായിരുന്നു.

“ജയജയകോമള കേരളധരണീ” എന്നു തുടങ്ങുന്ന കേരളഗാനമെഴുതിയ അച്ഛന്റെ കൈവിരലിൽ തൂങ്ങി ചേച്ചിയുമൊത്തു വൈകുന്നേരങ്ങളിൽ, തിരുവനന്തപുരം പട്ടണത്തിൽ നടക്കാനിറങ്ങുന്നത് പതിവായിരുന്നു. തൈക്കാടുള്ള ബ്രിട്ടീഷ് റസിഡൻസിയുടെ മുറ്റത്തെ വലിയ കൊടിമരത്തിൽ പറക്കുന്ന യൂണിയൻ ജാക്കിനെയും അതിനു കാവൽ നിൽക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരെയും ചൂണ്ടിക്കാണിച്ച്‌ ആ അച്ഛൻ പുത്രിമാരോട് പറയും.”ഈ കൊടി നാളെ ഇവിടെ കാണില്ല. മൂന്നു വർണ്ണങ്ങളുള്ള നമ്മുടെ കൊടിയായിരിക്കും ഇവിടെ പറക്കുന്നത്. നമ്മുടെ പൊലീസുകാർ അതിനു കാവൽ നിൽക്കും.”

സ്വാതന്ത്ര്യസമരത്തിന്റെ വലിയ പൊതുയോഗങ്ങളിൽ പതാക ഉയർത്തുന്ന നേരത്ത്, “ഝണ്ടാ ഊഞ്ഛാ രഹേ ഹമാരാ” പാട്ടുകൾ പാടുന്നത് സുഗതയാണ്. പറവൂർ ടി കെ നാരായണ പിള്ളയുടെ മകളും പൊന്നറ ശ്രീധറിന്റെ അനന്തരവളുമാണ് കൂടെ പാടുന്ന കുട്ടികൾ. നെഹ്റുവിനെയും കൃപാലാനിയെയും ജയപ്രകാശ് നാരായണനെയുമൊക്കെ അങ്ങനെ കാണാനവസരമുണ്ടായി. പട്ടം താണുപിള്ള, പറവൂർ ടി കെ, പനമ്പിള്ളി, അടുത്ത ബന്ധു കൂടിയായ എം എൻ ഗോവിന്ദൻ നായർ, ആർ സുഗതൻ, കെ സി ജോർജ്, തകഴി, ബഷീർ, കേശവദേവ്, പി ഭാസ്‌കരൻ…ഇവരൊക്കെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. സ്വാതന്ത്ര്യ സമരത്തെയും സാഹിത്യത്തെയും കവിതയെയുമൊക്കെകുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ആ വീട്ടിൽ സദാ മുഴങ്ങിക്കേട്ടു. രാത്രികളിൽ കോൺഗ്രസ് പ്രവർത്തകരായ ചെറുപ്പക്കാർ നിരോധിക്കപ്പെട്ട ലഘുലേഖകൾ കൊണ്ടുവന്ന് ജനലിൽ കൂടി ഇട്ടു തരും അതുകൊണ്ടുപോയി വിതരണം ചെയ്യുന്ന ഉത്തരവാദിത്വം ആ രണ്ടു സഹോദരിമാരുടേതായിരുന്നു. അച്ഛൻ കൊച്ചിയിൽ നിന്ന് അച്ചടിച്ചുകൊണ്ടു വരുന്ന ലഘുലേഖകൾ സ്കൂൾ ബാഗിൽ ഒളിപ്പിച്ചു വെച്ചുകൊണ്ടുപോയി വേണ്ട ആൾക്കാർക്ക് എത്തിച്ചുകൊടുക്കും. ഇതൊക്കെ ചെയ്യാൻ വലിയ ഉത്സാഹവും ആവേശവുമായിരുന്നു, ആ പെൺകുട്ടികൾക്ക്.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ ടീച്ചർ ഇല്ലാത്ത ക്ലാസ്സിൽ ബഹളമുണ്ടാക്കാതെ കുട്ടികളെ അടക്കിയിരുത്തേണ്ട ചുമതല ഏല്പിക്കാറുണ്ടായിരുന്നത് എപ്പോഴും സുഗതയെയാണ്. പുരാണേതിഹാസങ്ങളിൽ നിന്നും ചരിത്രത്തിൽ നിന്നുമൊക്കെയുള്ള കഥകൾ അങ്ങനെ തെളിഞ്ഞ ശബ്ദത്തിൽ തികഞ്ഞ സ്ഫുടതയോടെ അനുസ്യൂതം പ്രവഹിക്കുമ്പോൾ, കുട്ടികൾ നിർന്നിമേഷരായി കേട്ടിരിക്കും.

വലിയ ഗൗരവക്കാരിയും വായനക്കാരിയുമൊക്കെയായ ചേച്ചി ഹൃദയകുമാരി പഠനം കഴിഞ്ഞയുടനെ കോളേജ് അദ്ധ്യാപികയായി. അനിയത്തി സുജാതയാകട്ടെ പന്ത്രണ്ട് വയസ്സിന് താഴെയുമാണ്. പുറമെ ബഹളക്കാരിയൊക്കെയായിരുന്നെങ്കിലും സുഗത ഏകാന്തതയിൽ വല്ലാതെ അഭിരമിക്കാനിഷ്ടപ്പെട്ടു. ഉള്ളിലുറഞ്ഞു കൂടിയ കവിത, ആ നാളുകളിൽ നിലയ്ക്കാത്ത പ്രവാഹം പോലെ പുറത്തേക്കൊഴുകുകയായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ ബി എ ഫിലോസഫി ഓണേഴ്സിന് പഠിക്കുമ്പോൾ കോളേജ് മാഗസിനിലാണ് ആദ്യമായി കവിത പ്രസിദ്ധീകരിക്കുന്നത്. എസ് കെ എന്ന പേരിൽ. ആയിടക്കാണ് തിരുവനന്തപുരത്തെ സംസ്‌കൃത കോളേജിൽ വെച്ച് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം നടക്കുന്നത്. അച്ഛന്റെ അനിയത്തിയുടെ മകൻ ശ്രീകുമാറിന്റെ പേരിലയച്ച കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടി. വിധി നിർണ്ണയ സമിതിയിൽ ഒരു അംഗമായിരുന്ന ബോധേശ്വരൻ വാസ്തവമറിഞ്ഞപ്പോൾ അപ്പോൾ തന്നെ ചെന്ന് സമ്മാനം ക്യാൻസൽ ചെയ്യിച്ചു. സുഗത അന്നൊരുപാട് കരഞ്ഞു. ചേച്ചി ഹൃദയകുമാരി പറഞ്ഞതനുസരിച്ച് മാതൃഭൂമിയ്ക്ക് ആ കവിത അയച്ചു. ശ്രീകുമാർ എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു വന്നു. പിന്നെയും നാലഞ്ചു കവിതകൾകൂടി ആ പേരിൽ അച്ചടിച്ചു വന്നു. പിന്നീടൊരിക്കൽ അബദ്ധവശാൽ കള്ളി പൊളിഞ്ഞതോടെ സുഗതകുമാരി എന്ന പേരിൽ തന്നെ പത്രാധിപരായ എൻ വി കൃഷ്ണ വാര്യർ കവിത പ്രസിദ്ധീകരിച്ചു. എൻ വിയുടെയും മഹാകവി ജി ശങ്കരക്കുറുപ്പിന്റെയും വൈലോപ്പിള്ളിയുടെയും ബാലാമണിയമ്മയുടെയും ഉറൂബിന്റെയുമൊക്കെ വാൽസല്യനിർഭരമായ പ്രോത്സാഹനം ആവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായ നാളുകൾ.

“ഒരു താരകയെക്കാണുമ്പോളതു
രാവു മറക്കും, പുതുമഴ കാൺകെ വരൾച്ച മറക്കും,
പാൽച്ചിരിയെകണ്ടതു
മൃതിയെ മറന്നു സുഖിച്ചേപോകും
പാവം, മാനവഹൃദയം!”

‘മുത്തുചിപ്പി’, കാളിയമർദ്ദനം’,’ഗജേന്ദ്ര മോക്ഷം,’പാവം മാനവഹൃദയം’,’ഇരുൾ’ച്ചിറകുകൾ’,’രാത്രിമഴ’,’കൃഷ്ണ,നീയെന്നെയറിയില്ല’….ഒ എൻ വി കുറുപ്പിന്റെ വാക്കുകളിൽ, ഊതിക്കാച്ചിയ പൊന്നുപോലെ, ഈടും തിളക്കവുമുള്ള, ശുദ്ധമായ സംഗീതം പോലെ ഉഷശോഭയുള്ള, ഒരു വികസ്വര പുഷ്പത്തിന്റെ കന്യാവിശുദ്ധിയുള്ള, ഇലത്തുമ്പിൽ തുളുമ്പിനിൽക്കുന്ന മഞ്ഞു തുള്ളിയുടെ നൈർമ്മല്യമുള്ള ശുദ്ധഭാവഗീതത്തിന്റെ ഉത്തമ മാതൃകകളായിട്ടാണ് സുഗതകുമാരി എഴുതിത്തുടങ്ങിയത്.

“ഒരു പൂവ് വിരിയുന്നു. ഒരു കവിത ജനിക്കുന്നു. ബോധപൂർവമായ ഒരുദ്ദേശ്യവുമില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതയെപ്പറ്റി യാതൊരു വ്യാമോഹവുമില്ലാതെ, പൂമൊട്ടിനു വിരിഞ്ഞേ കഴിയൂ. പക്ഷിക്കു പാടിയേ കഴിയൂ. തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയൂ. തിരമാലയ്ക്ക് ആഹ്ലാദത്തോടെ സ്വയം ഉയർന്നടിച്ചു ചിതറിയേ കഴിയൂ. അതുപോലെ തന്നെ അത്രമേൽ സ്വാഭാവികമായി, ആത്മാർത്ഥമായി ഞാൻ എഴുതുന്നു.”

ചെമ്മനം ചാക്കോ, സുഗതകുമാരി, ഒ. എന്‍.വി. കുറുപ്പ്, വിഷ്ണുനാരായണന്‍ നമ്പൂതിരി, അയ്യപ്പപണിക്കര്‍

ചെമ്മനം ചാക്കോ, സുഗതകുമാരി, ഒ. എന്‍.വി. കുറുപ്പ്, വിഷ്ണുനാരായണന്‍ നമ്പൂതിരി, അയ്യപ്പപണിക്കര്‍

ഭർത്താവ് കെ വേലായുധൻ നായരോടും മകൾ ലക്ഷ്മീദേവിയോടുമൊപ്പം ദൽഹിയിൽ താമസിച്ചിരുന്ന സുഗതകുമാരി എഴുപതുകളുടെ തുടക്കത്തിൽ കേരളത്തിൽ മടങ്ങിയെത്തി. തിരുവനന്തപുരത്ത് ‘തളിര്’ ബാലമാസികയുടെ പത്രാധിപയും ജവഹർബാലഭവന്റെ പ്രിൻസിപ്പാളുമായി. ആ കാലത്താണ് സുഗതകുമാരിയുടെ ജീവിതത്തിലും കവിതയിലും പ്രക്ഷോഭത്തിന്റെയും പ്രക്ഷുബ്ധതയുടെയും നാളുകൾക്ക് തുടക്കം കുറിക്കുന്നത്. സൈലന്റ് വാലിയെ കുറിച്ച് പ്രൊഫ. എം കെ പ്രസാദ് എഴുതിയ ഒരു ലേഖനം വായിച്ച് മനസ്സ് തപിച്ച സുഗതകുമാരി, എൻ വി കൃഷ്ണ വാര്യർ, ഓ എൻ വി, അയ്യപ്പപ്പണിക്കർ, വിഷ്‌ണു നാരായണൻ നമ്പൂതിരി, കടമ്മനിട്ട തുടങ്ങിയ കവികളും ശർമ്മാജി, കെ വി സുരേന്ദ്രനാഥ്‌, പി ഗോവിന്ദപിള്ള തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുമെല്ലാമായി ചേർന്നുകൊണ്ട് പ്രകൃതി സംരക്ഷണ സമിതിയ്ക്ക് രൂപം കൊടുത്തു. കേരളത്തിലെ എല്ലാ എഴുത്തുകാർക്കും അവർ ഇങ്ങനെ എഴുതി.”തോൽക്കുന്ന യുദ്ധത്തിനും പടയാളികൾ വേണമല്ലോ. ഞങ്ങളോടൊപ്പം ചേരുക.”

“തോൽക്കുന്ന യുദ്ധത്തിൽ എന്നെക്കൂടി ചേർക്കൂ”എന്ന ആദ്യ മറുപടി വൈക്കം മുഹമ്മദ് ബഷീറിന്റേതായിരുന്നു.” ‘മരക്കവികൾ’,’വികസന വിരോധികൾ’ എന്ന വിമർശനവും പരിഹാസവുമൊക്കെയുണ്ടായെങ്കിലും, ആ യുദ്ധം ഒടുവിൽ അവർ ജയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് സൈലന്റ് വാലിയെ നിത്യഹരിത വനമായി പ്രഖ്യാപിച്ചു.

സുഗതകുമാരിയെ സംബന്ധിച്ചിടത്തോളം ആ വിജയം വലിയൊരു യുദ്ധത്തിന്റെ തുടക്കമായിരുന്നു. പൂയംകുട്ടി, മൂച്ചിക്കുണ്ട്,ആറന്മുള…. പ്രകൃതിയെയും പരിസ്‌ഥിതിയെയും നശിപ്പിക്കാനുള്ള ഏതൊരു ശ്രമങ്ങൾക്കും മുഖ്യ വിലങ്ങുതടിയായി അവർ മുന്നിൽത്തന്നെയുണ്ടായിരുന്നു.

“നാട്ടുരാശാക്കളേ, ആദിവാസിക്ക് പൈക്കുന്നു”എന്നു പറഞ്ഞുകൊണ്ട്, അട്ടപ്പാടിയിലെ ആദിവാസികൾക്ക് വേണ്ടി രംഗത്തിറങ്ങി. മൊട്ടക്കുന്നായി കിടന്നിരുന്ന അട്ടപ്പാടിയിൽ ആയിരക്കണക്കിന് മരത്തൈകൾ നട്ടുകൊണ്ട് എൻ വി കൃഷ്ണ വാര്യരുടെ ഓർമ്മയ്ക്ക് കൃഷ്ണവനം സ്ഥാപിച്ചു. വനം വകുപ്പിന്റെ മരം വെട്ടിനെതിരെ നിരന്തരം പ്രക്ഷോഭം നടത്തി. സൈലന്റ് വാലിയുടെ രക്ഷക്കും പ്രകൃതിയുടെ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ട സുഗതകുമാരിയ്ക്ക് കേന്ദ്ര സർക്കാർ ഒടുവിൽ ‘വൃക്ഷമിത്ര’ പുരസ്‌ക്കാരം നൽകി ആദരിച്ചു.

ഒരു ദിവസം തിരുവനന്തപുരത്തെ മാനസികരോഗാസ്പത്രി സന്ദർശിക്കാൻ പോയപ്പോഴാണ് സുഗതകുമാരി അവിടുത്തെ അതിദയനീയമായ അവസ്‌ഥ നേരിട്ടുകാണുന്നത്. ദുർഗന്ധവും പട്ടിണിയും നഗ്നതയും സ്ത്രീപീഡനവുമൊക്കെ സാധാരണാനുഭവമായിരുന്ന, അന്നത്തെ കേരളത്തിലെ മനോരോഗാസ്പത്രികൾ കണ്ട് ഹൃദയം തകർന്ന സുഗതകുമാരി അശരണരും നിരാശ്രയരുമായ മനുഷ്യജീവികൾക്ക് വേണ്ടി ആരംഭിച്ചതാണ് ‘അഭയ’. അതോടൊപ്പം മാനസിക രോഗാസ്പത്രികളിലെ ഭീകരവും ഭയാനകവുമായ സ്ഥിതിവിശേഷത്തിന് പരിഹാരം കാണാനായി മുന്നിട്ടിറങ്ങി വിജയിക്കുകയും ചെയ്തു. മദ്യാസക്തരായ പുരുഷന്മാർ മൂലം തകരുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും, തീരെ ചെറുപ്രായം മുതൽക്ക് പീഡനത്തിനും ബലാൽസംഗത്തിനും ഇരയായിത്തീരുന്ന പെൺകുട്ടികൾക്കുമെല്ലാം ‘അഭയ’യും ‘അത്താണി’യും ആശ്രയകേന്ദ്രങ്ങളായി. കേരളത്തിൽ രൂപം കൊണ്ട വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷയായി സുഗതകുമാരിയുടേതല്ലാതെ മറ്റൊരു പേരും സർക്കാരിന് നിർദ്ദേശിക്കാനുണ്ടായിരുന്നില്ല.

പത്മശ്രീ, സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, എഴുത്തച്ഛൻ പുരസ്‌ക്കാരം…ബഹുമുഖങ്ങളുള്ള, വിശ്രമരഹിതമായ ആ കർമ്മകാണ്ഡത്തിന്റെ പേരിൽ, ഒട്ടേറെ അംഗീകാരങ്ങൾ സുഗതകുമാരിയെ തേടിവന്നു. അതിലുമേറെ അധിക്ഷേപങ്ങളേയും പരിഹാസങ്ങളേയും അവർ അഭിമുഖീകരിച്ചു.

‘അമ്പലമണി,’രാധയെവിടെ’,’ദേവദാസി’,’മണലെഴുത്ത്,’ ‘തുലാവർഷപ്പച്ച’…വ്യത്യസ്തമായ രൂപഭാവങ്ങളും ഭാവുകത്വപരിണാമങ്ങളും ആർജ്ജിച്ചുകൊണ്ട് ആ കാവ്യലോകം പുതിയ ചക്രവാളങ്ങൾ തേടി. ”ഇനിയീ മനസ്സിൽ കവിതയില്ല….”എന്നൊരിക്കൽ മനം നൊന്തു പാടിയ കവി, ചുറ്റുപാടും നടമാടുന്ന ദൈന്യതയും ക്രൂരതയും നിസ്സഹായതയും കണ്ട് വീണ്ടും പാടി.

“ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി!”

ഒരുപാട് സാർത്ഥകമായ ഒരു വലിയ ജീവിതം ജീവിച്ചു തീർത്ത ശേഷം സുഗതകുമാരി വിടപറഞ്ഞു പോയിട്ട് ഈ ഡിസംബർ 23 ന് ഒരു വർഷം തികയുകയാണ്.

ഭൂമിയുടെയും സ്ത്രീയുടെയും രക്ഷ, ഭാവിയിലെ പെൺകുഞ്ഞുങ്ങളിൽ ദർശിച്ച ആ വലിയ കവിയുടെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് ആ ഓർമ്മകൾക്കു മുൻപിൽ നമുക്ക് തലകുനിക്കാം.

“അക്കൈത്തണലിലായ് ദീപ്ത
ശുദ്ധിയായിവൾ നീർന്നിടും
അഗ്നി പൊള്ളില്ല,കാടേറി
ല്ലിവളീ ഭൂമി തൻ മകൾ

വേല ചെയ്തു പുലർന്നോളായ്
പുലർത്തുന്നവളായ്, സ്വയം
ജീവിതം പൊൻകൊടിക്കൂറ
പോലുയർത്തിപ്പിടിച്ചിടും!

തല താഴില്ല, താഴ്ത്തില്ല,
ഇവൾ തൻ കാലിൽ നിൽപ്പവൾ
ഇവൾ തൻ പുഞ്ചിരിക്കൊള്ളും
മുഖമാണമ്മതൻ മുഖം!

ഇവൾക്കു മക്കളായ് ശക്തി
നാളങ്ങൾ പിറകേ വരും
ഇവൾ തൻ ചുമലിൽ ചാഞ്ഞീ
ഭൂമിയൊന്നാശ്വസിച്ചിടും.”

 

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

ബൈജു ചന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍)

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content