ഉണ്ണിയുടെ വീട്
1
ഡിസംബറിന്
ആകെ തിരക്കാണ്.
വർഷം
വാതിൽ പൂട്ടി ഇറങ്ങുന്നു.
അകത്തെ
മുറിയുടെ ഇടനാഴിയിൽ
തുന്നൽ യന്ത്രം മൂടിപ്പുതച്ചു കിടക്കുകയാണ്.
അരിക് ചേർന്ന് കിടക്കുന്ന നാല് കാലുള്ള,
പരന്ന മേൽപ്പാളിയുള്ള
ഇരുപ്പുകുറ്റി ദാ വിങ്ങിപ്പൊട്ടുകയാണ്.
തലകീഴായി മറിഞ്ഞുകൊണ്ടും
നാല് കാലും ഉയർത്തിക്കൊണ്ടും
മുറ്റത്തെ മരച്ചോട്ടിൽ
ധനുമാസക്കുളിരിൽ
മഞ്ഞും പുതച്ചു കൊണ്ട്
ആകാശം നോക്കി
കിടക്കണമെന്ന ശാഠ്യം.
ദാരിദ്ര്യം പുൽകുന്നൊരു വീടായി
മാറീടുവാൻ
തച്ചന്റെ മകന്റെ കൂരയായി
തീർന്നീടുവാൻ
വേണ്ടുന്നതൊക്കെയും ചൂണ്ടിക്കാട്ടി
ഇരുപ്പുകുറ്റി വാവിട്ടു കരയുന്നു.
പുൽക്കുടിലായീടേണം
കൽത്തൊട്ടിൽ ഉള്ളിൽ വേണം
കവുങ്ങിൻ അലകുകൾ
മേൽക്കൂര താങ്ങിക്കോളും.
ഉണക്കപുല്ലുകൾ
ഭിത്തിക്ക്
കാവൽ നിൽക്കും.
മെടച്ചിൽപ്പണികളും
പച്ചില ചാർത്തുകളും
മേലാകെ പൊതിഞ്ഞുകൊണ്ട്
ആകാശം നോക്കിനിൽക്കാം .
കിലുകിലെ മൂളിപ്പായും
കാറ്റിനെ തൊട്ടിലാട്ടും
ഇല്ലിമുളം തണ്ടുകൾ
നക്ഷത്ര കൂടൊരുക്കും.
വെന്തുരുകും മെഴുകുതിരി
ഉള്ളറിഞ്ഞു കത്തിക്കോളും.
2
മാലാഖവൃന്ദത്തിന്റെ
കാഹളം ദൂരെ കേൾക്കാം ,
ശാന്തിതൻ ദൂത് കേട്ട്
താരക പാത നോക്കി
ആട്ടിടയന്മാർ
മുന്നേ നടക്കുന്നു
വാക് രൂപം പൂണ്ട സത്യ –
വഴിയായി മാറീടുന്നു.
കേട്ടീടാം ദൂരെ നിന്ന്
പൂജ്യ രാജാക്കന്മാരുടെ
വരവിൻ ഒരുക്കങ്ങൾ
ആടുമാടുകളും
കളകൂജനങ്ങളും
മണ്ണിലെ സ്വർഗ്ഗവീട്ടിൻ
ഉമ്മറതിണ്ണയിന്മേൽ ശാന്തരായ്
കാത്തിരുന്നു.
ആകാശവാതിൽ തുറന്ന്
മണ്ണിലെ ഗേഹത്തിലേക്ക്
ആരോ വരുന്നുണ്ടല്ലോ.
നമ്മോട് കൂടെ എന്ന്
ആരോ പറയുന്നുമുണ്ട്.
നിശബ്ദമായി പ്രപഞ്ചം
ജാതനായ് സത്യരൂപൻ
ഗാഗുൽത്ത വരെയുള്ള
ദൂരം മിറിയാമിനുള്ളിൽ തെളിഞ്ഞു.
ദീപ്തമൗനമായ് തച്ചൻ
കൺപൂട്ടി മയങ്ങും ഉണ്ണിയെ
മാറോട് ചേർത്ത് പുണർന്ന്
പിള്ളക്കച്ചയിന്മേൽ കിടത്തി.
മിന്നുന്ന പൊന്നുകൊണ്ടും
പരിമള ധൂപം കൊണ്ടും
കാഴ്ച്ചകൾ ഓരോന്നായി
ഉണ്ണിയെ വലം വച്ചു.
3
ഉള്ളൊന്ന് കിടുങ്ങീട്ട്
ചിന്തമേൽ ഭാരം വന്നു
ഉള്ളുകൊണ്ടൊരുചോദ്യം
അങ്ങോട്ടായെറിഞ്ഞിട്ടു.
ആരാരും കാണാതെയും
ഞാൻ മാത്രം കണ്ടു കൊണ്ടും
കൺചിമ്മിത്തുറന്നവൻ
അകത്തെ മുറിയിലെ
തുന്നൽ യന്ത്രത്തിൻ താളം
കേട്ടുറങ്ങുവാനായി കെഞ്ചി .
സത്യവെളിച്ചത്തിൻ രശ്മി
അകതാരിനുള്ളിലേക്കെത്തി.
വീടൊന്ന് കുലുങ്ങീല്ലോ
മലക്കം മറിഞ്ഞല്ലോ
ചിരിച്ചൊന്നു കുടഞ്ഞല്ലോ
നെഞ്ചൊന്നു ചുരന്നല്ലോ.
എപ്പോഴും എവിടെയും
സ്നേഹമായി ജനിക്കാല്ലോ
മഞ്ഞിനെ കാത്തിടേണ്ട
വാതിലും പൂട്ടീടേണ്ട
സ്നേഹത്തിൻ മൂർത്തരൂപം
നിത്യവും വസിക്കാനായി
മൃണ്മയ ഗേഹം തന്നെ
ശ്വാസത്തിൻ താളം കൊണ്ട്
താരാട്ട് പാടിയാലോ.

റോസ് ജോര്‍ജ്ജ് (എഴുത്തുകാരി, കോളമിസ്റ്റ്)