മഞ്ഞക്കിളി
മുറ്റത്തെ മൂവാണ്ടൻ
മാവിന്റെ ചില്ലയിൽ
മഞ്ഞക്കിളിയൊരു കൂടു വെച്ചു.
മാരി പൊഴിഞ്ഞപ്പോൾ
മാനം തണുത്തപ്പോൾ
മഞ്ഞക്കിളി തൂവൽ മെത്തയിട്ടു.
മകരം പിറന്നപ്പോൾ
മൂവാണ്ടൻ പൂത്തപ്പോൾ
മഞ്ഞക്കിളി മൂന്നു മുട്ടയിട്ടു.
മകരം മറഞ്ഞപ്പോൾ
മാനം തെളിഞ്ഞപ്പോൾ
മഞ്ഞക്കിളിക്കുഞ്ഞ് കൂട്ടു വന്നു.
മീനം പിറന്നപ്പോൾ
മൂവാണ്ടൻ മൂത്തപ്പോൾ
മഞ്ഞക്കിളി മൂളിപ്പാട്ടു പാടി.
മീനം മറഞ്ഞപ്പോൾ
മാനം കരിഞ്ഞപ്പോൾ
മഞ്ഞക്കിളിയും വിയർത്തൊഴുകി.
മേടം പിറന്നപ്പോൾ
മാങ്ങ പഴുത്തപ്പോൾ
മഞ്ഞക്കിളികൾ വിരുന്നു വന്നു.
മേടം മറഞ്ഞപ്പോൾ
മാനം കറുത്തപ്പോൾ
മഞ്ഞക്കിളിയെങ്ങോ പോയ് മറഞ്ഞു.

ജോഷി തയ്യിൽ, താരാപ്പൂർ മലയാളി സമാജം പഠനകേന്ദ്രം, മുംബൈ ചാപ്റ്റർ