നടക്കാൻ മറന്ന വഴി
തട്ടിയും തടഞ്ഞും, വഴി തെറ്റി അലഞ്ഞും ഞാനെത്തിയത് ഈ മുനമ്പിൽ. അലയൊഴിയാത്ത സാഗരം മുന്നിൽ.
പൊടുന്നനെ പർദ്ദയിട്ട ഒരുവൾ എന്നെ തൊട്ടുണർത്തി. വിടർന്ന കണ്ണുകളിൽ സുറുമ പടർന്നിരിക്കുന്നു. നുണക്കുഴിയുടെ താഴെ ഒരു കറുത്ത മറുക്. ചെഞ്ചുണ്ട്.
അവൾക്കറിയേണ്ടതു വഴിയാണ്, ജീവിതത്തിലേക്കുള്ള വഴി!
അടരാൻ തുടങ്ങിയ അവസാന തുള്ളിക്കണ്ണീർ കണ്ണിമകളാൽ തടഞ്ഞ്, മങ്ങിയ കാഴ്ചയിൽ ഞാനവൾക്ക് ആ വഴി കാട്ടിക്കൊടുത്തു. ഞാൻ നടക്കാൻ മറന്ന വഴി!
എനിക്കു മുന്നിൽ സാഗരം… ഒരു വലിയ തിര എന്റെ കണ്ണീരും കവർന്നിരിക്കുന്നു.
സ്മിത ജഗദീഷ് (ഷാര്‍ജ)