റേഡിയോയ്ക്ക് ലൈസന്‍സ് വേണം!
റേഡിയോ ആഡംബരവസ്തുമായി നിലനിന്ന ഒരു കാലമുണ്ടായിരുന്നു. സമൂഹത്തിലെ സാമ്പത്തികമായി മുന്‍പന്തിയില്‍ നില്ക്കുന്നവരുടെ വീട്ടില്‍ മാത്രമാണ് അന്ന് റേഡിയോ ഉണ്ടാവുക. അതൊരു ഗമയുള്ള കാര്യമായിരുന്നു. പൊതുജനങ്ങള്‍ക്കായി വായനശാലകളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റേഡിയോയും കോളാമ്പിയും വെച്ചിരുന്നു. വൈകുന്നേരങ്ങളില്‍ അതു കേള്‍ക്കാനായി ഗ്രാമത്തിലെ ആളുകള്‍ ഒത്തുകൂടിയിരുന്നു. പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ന്ന് അരങ്ങേറിയിരുന്നത് ചായപ്പീടികകളിലായിരുന്നു.
റേഡിയോയ്ക്ക് ലൈസന്‍സ് വേണമെന്നത് ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒന്നായിരിക്കും. പോസ്റ്റോഫീസില്‍നിന്ന് പ്രത്യേകം ഒരു പാസ്ബുക്ക് തരും. അതില്‍ ലൈസന്‍സ് നമ്പര്‍ ചേര്‍ത്തിട്ടുണ്ടാകും. എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കണം. പുതുക്കിയില്ലെങ്കില്‍ റേഡിയോ പിടിച്ചെടുക്കും. അങ്ങനെ നിരവധി റേഡിയോകള്‍ അന്ന് പിടിച്ചെടുത്തിട്ടുണ്ട്. റേഡിയോയ്ക്ക് നല്ല വിലയാണ്. ഏതാണ്ട് മുന്നൂറു രൂപയോ അതിന്റെ മുകളിലോ വരും. 1973-74 ലെ കാര്യമാണ് പറയുന്നത്. ചുരുങ്ങിയ ബസ്യാത്രാക്കൂലി 10 പൈസയും ഒരു കിലോ അരിയുടെ വില ഒരു രൂപയില്‍ താഴെയും ഒരു പവന് സ്വർണത്തിന്റെ വില 50-60 രൂപയും ഉണ്ടായിരുന്ന കാലം. അന്ന് മുന്നൂറു രൂപയെന്നാല്‍ വലിയ സംഖ്യയാണ്.
പുളിങ്ങ വിറ്റു കിട്ടിയതും നാടന്കുറിയിലൂടെ ലഭിച്ചതും അല്പം കടം വാങ്ങിയതുമായ സംഖ്യകള്‍ കൂട്ടി വീട്ടില്‍ ഒരു റേഡിയോ വാങ്ങിച്ചു. മര്‍ഫി, നെല്‍ക്കോ, ഫിലിപ്സ് എന്നിവയാണ് അക്കാലത്തെ പ്രധാന റേഡിയോകള്‍. ഫിലിപ്സ് റേഡിയോ ആണ് വാങ്ങിയത്. പൊടിപിടിക്കാതിരിക്കാന്‍ തുണികൊണ്ടുണ്ടാക്കിയ ഒരു ആവരണവും അതിനു ചാര്‍ത്തി. അതിനോടുള്ള ശ്രദ്ധ എത്രമാത്രമായിരുന്നെന്നു പറയാന്‍ കഴിയില്ല. കുട്ടികള്‍ തൊടാന്‍ പാടില്ല. അതു വെക്കാന്‍ പ്രത്യേക സ്ഥലം. ചിലപ്പോഴൊക്കെ അതുപയോഗിക്കാന്‍ അവസരം കിട്ടും. പുറമെയുള്ളവര്‍ വന്ന് അതൊന്നു തുറക്കാന്‍ പറയുമ്പോള്‍ തുറക്കുന്നതും പരിപാടികള്‍ കേള്‍പ്പിക്കുന്നതും വലിയ അഭിമാനം നല്കുന്ന കാര്യമായിരുന്നു. രാവിലെ റേഡിയോ സ്റ്റേഷനുകള്‍ തുറക്കുന്ന സമയത്തുള്ള ഒരു സംഗീതമുണ്ട്. വളരെ ഹൃദ്യമാണത്. അതു മുതല്‍ തുടങ്ങും പരിപാടി. പിന്നെ ഒഴിവില്ല. രാത്രി പരിപാടികള്‍ അവസാനിക്കും വരെ. മുഴുവന്‍ സമയ പരിപാടികളില്ല. രാവിലെ 10 മണിവരെ. പിന്നെ ഉച്ച്ക്ക് 12 മുതല്‍. രാത്രി 11 മണിയാകുമ്പോഴേക്കും പരിപാടികള്‍ അവസാനിക്കും.
ശിശുലോകം, ബാലമണ്ഡലം, യുവവാണി, ചലച്ചിത്രശബ്ദരേഖ, ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍, റേഡിയോ നാടകങ്ങള്‍., എഴുത്തുപെട്ടി, കണ്ടതും കേട്ടതും, സംഗീതപാഠം .. തുടങ്ങിയവ വളരെ ജനപ്രീതി നേടിയ പരിപാടികളായിരുന്നു. കാപ്പില്‍ വി. സുകുമാരനും, ഖാന് കാവിലും എന്‍.എന്‍. കക്കാടുമൊക്കെ പരിചിതരാവുന്നത് അതിലൂടെയാണ്.
ഞായറാഴ്ച ഉച്ചയ്ക്കുള്ള ചലച്ചിത്രഗാനപരിപാടി വളരെ ആകര്‍ഷകമായിരുന്നു. ഞാനും വലിയമ്മയുടെ മകള്‍ പങ്കജോപ്പോളും പേനയും കടലാസ്സുമായി ഇരിക്കും. ഒരു വരി ഒരാള്‍. അടുത്തയാള്‍ അടുത്ത വരി. അങ്ങനെ സിനിമാപ്പാട്ടുകള്‍ എഴുതിയെടുത്ത് സൂക്ഷിക്കും. മുന്നൂറിലധികം പാട്ടുകള്‍ അന്നങ്ങനെ എഴുതി വെച്ചിരുന്നു. പിന്നീട് ആ പാട്ട് വരുമ്പോള്‍ അതിനൊപ്പം പാടുകയും ചെയ്യും. അങ്ങനെ അക്കാലത്തെ പാട്ടുകളൊക്കെ ഹൃദിസ്ഥമായി. ഇന്നും പഴയ പാട്ടുകള്‍ മുഴുവനും പാടാന്‍ ഒരു പ്രയാസവുമില്ല.
അക്കാലത്ത് ബന്ധുവീടുകളിലെ കല്യാണങ്ങള്‍ക്കു പോകുമ്പോള്‍ റേഡിയോകൂടി കൊണ്ടുപോകും. കുട്ടികള്‍ അതിനു ചുറ്റും ആവേശത്തോടെ കൂടിയിരിക്കും. കൊണ്ടുപോകുമ്പോള്‍ ലൈസന്‍സ് പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം. രാവിലെ മുതലുള്ള പരിപാടികള്‍ കേള്‍ക്കാന്‍ അടുത്ത വീട്ടിലെ ജാനകിയമ്മയും ഭാര്‍ഗ്ഗവിയമ്മയും വരും. വലിയമ്മയുടെ മക്കള്‍ വരും. അങ്ങനെ റേഡിയോ സൗഹൃദത്തിന്റെ ഒരു ഉപാധികൂടിയായിരുന്നു. മുമ്പ് ഏഴരയ്ക്കുള്ളില്‍ ഉറങ്ങിയിരുന്ന ഞങ്ങള്‍ യുവവാണിയും ശബ്ദരേഖയും കഴിഞ്ഞ് പത്തരയ്ക്ക് ഉറങ്ങുന്നവരായി മാറി. യുവവാണിയില്‍ അന്നു വന്നൊരു പാട്ട് പൂക്കാട് കലാലയം അവതരിപ്പിച്ചത് ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നു.
“പൂങ്കാവനങ്ങള്‍ തേടി പൂമരച്ചില്ലകള്‍ തേടി
കാണാത്ത തീരങ്ങള്‍ തേടിപ്പറക്കുന്ന
ദേശാടനപ്പക്ഷി ഞാന്‍ ഒരു
ദേശാടനപ്പക്ഷി ഞാന്‍….”
ഇപ്പോള്‍ ആ കലാലയത്തിലുള്ളവര്ക്കുപോലും ആ പാട്ട് ഓര്‍മ്മയില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല..
പി.എസ് നമ്പീശന്റെ സംഗീതപാഠവും ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നു. അക്കാലത്ത് പഠിപ്പിച്ച ഒരു പാട്ട് മധുരതരമായി ഇപ്പോഴും ഓര്‍മ്മയില്‍ ചിറകടിക്കുന്നു.
“വയനാടന്കുന്നിനു വേളിയായി
വയലാകും പെണ്ണിനു നാണമായി
അരുവിയാം പട്ടുപുടവ നല്കി
അവളെയാ മാരന് സ്വന്തമാക്കി…”
എന്റെ ഹിന്ദിപഠനത്തെയും റേഡിയോ സഹായിച്ചു. ഇടയ്ക്കിടെ കേള്‍ക്കുന്ന ഹിന്ദി വാര്‍ത്തകള്‍ അതിനു കാരണമായി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ നിരവധി പുതിയ പദങ്ങള്‍ പഠിക്കാന്‍ കാരണമായി.
കാൽപ്പന്തുകളിയുടെ ദൃക്സാക്ഷി വിവരണമായിരുന്നു മറ്റൊരു മുഖ്യ ആകര്‍ഷണം.. പ്രീമിയര്‍ ടയേഴ്സ് കളമശ്ശേരി, ടൈറ്റാനിയം, കൊച്ചിന് സെന്‍ട്രല്‍ എക്സൈസ്, കേരളപോലീസ്, യംഗ് ചാലഞ്ചേഴ്സ് ..അങ്ങനെ പോകുന്നു കേരളത്തിലെ പ്രസിദ്ധ ടീമുകള്‍. ആ വിവരണത്തിന്റെ ഭംഗി ഒന്നു വേറെത്തന്നെയാണ്.
“മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പന്തു സാവകാശം പിടിച്ചെടുത്ത് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. തന്റെ കൂട്ടുകാരെ നോക്കി വലതുവശത്തേയ്ക്ക് ഒരു സുന്ദരന്‍ ക്രോസ്. പക്ഷേ ഒന്നും സംഭവിച്ചില്ല. പന്ത് ക്രോസ്ബാറിനെ ഉരുമ്മി പുറത്തേയ്ക്കു പോയിരിക്കയാണ്….” വേഗതയുടെ കാലത്ത് ഇതെല്ലാം പഴഞ്ചന്‍ ഓര്‍മ്മകളാകുന്നു.
റേഡിയോയുള്ള കടകള്‍ക്കു മുമ്പില്‍ ഗ്രാമത്തിലെ ആളുകള്‍ കൂടിയിരിക്കും. കൂട്ടംകൂടിനിന്ന് ചര്‍ച്ച ചെയ്യും. അങ്ങനെ മനുഷ്യജീവിതത്തെ വളരെയധികം സ്വാധീനിച്ച ഒന്നായിരുന്നു റേഡിയോ. പിന്നീട് ഇഷ്ടംപോലെ റേഡിയോ ഇറങ്ങി. 50 രൂപയ്ക്കുവരെ റേഡിയോ ലഭ്യമായി. എല്ലാവര്ക്കും പ്രാപ്യമായി. അപ്പോഴേയ്ക്കും ആദ്യത്തെ തലമുറ ടി.വിയിലേക്കു മാറിക്കഴിഞ്ഞിരുന്നു.
പറഞ്ഞാല്‍ തീരാത്ത ഇണക്കങ്ങള്‍, പിണക്കങ്ങള്‍, വഴക്കുകള്‍ ഒക്കെ റേഡിയോയുടെ പേരിലുണ്ടായിരുന്നു. ഇന്നവയെല്ലാം ചിരിക്കാന്‍ വക നല്കുന്ന ഓര്‍മ്മകള്‍ മാത്രം…
മോഹനന്. കെ. വി, അക്കാദമിക് കോര്‍ഡിനേറ്റര്‍, മലയാളം മിഷന്