രാജകുമാരനും
ചന്ദനമരവും
രാജ്യത്തെ ഏറ്റവും വലിയ കൂട്ടുകാരും വികൃതികളായിരുന്നു ആ രണ്ടു പേർ. അതിൽ ഒരാൾ രാജ്യത്തെ രാജാവിന്റെ മകനും മറ്റൊരാൾ മന്ത്രിയുടെ മകനുമായിരുന്നു. ഇവരുടെ ദുഷ്ചെയ്തികൾ കൊണ്ട് രാജാവും മന്ത്രിയും പ്രജകളും പൊറുതിമുട്ടി. മക്കൾക്ക് ചോറിനുപകരം ചാരം വിളമ്പുവാനും അങ്ങനെ ഇവരെയൊരു പാഠം പഠിപ്പിക്കുവാനും രാജാവും മന്ത്രിയും ഭാര്യമാരോട് കല്പിക്കുകയും, ഭാര്യമാർ അപ്രകാരം ചെയ്യുകയും ചെയ്തു. ഇതിൽ അപമാനിതരും കുപിതരുമായ മക്കൾ അന്ന് രാത്രി തന്നെ രാജ്യം വിട്ട് ഒളിച്ചോടി.
അനേകദിവസങ്ങളിലെ യാത്രക്കുശേഷം അവർ അയൽരാജ്യത്തെത്തി. അറിയാ വഴികളിലൂടെ നടന്നു നടന്ന് ഒരു രാക്ഷസിയുടെ മുൻപിൽ ചെന്ന് പെട്ടു. കോപാക്രാന്തയായ രാക്ഷസി തീപാറുന്ന കണ്ണുകളും തേറ്റ പോലുള്ള ദംഷ്ട്രങ്ങളുമായി അവരെ നിർത്താതെ ഓടിക്കാൻ തുടങ്ങി. മന്ത്രിപുത്രൻ രാക്ഷസിയുടെ കയ്യിൽ പെടുകയും രാക്ഷസി അവനെ കൊന്നു ഭക്ഷിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം ഓടിക്കൊണ്ടിരുന്ന രാജകുമാരനോട് വഴിയരികിലെ മരങ്ങളും പാറകളും സംസാരിക്കാൻ തുടങ്ങി.
നേരം ഇരുട്ടായി തുടങ്ങിയപ്പോൾ രാജകുമാരൻ വഴിയിൽ പടർന്നു പന്തലിച്ചു നിന്നിരുന്ന ഒരു വയസ്സൻ ചന്ദനമരത്തിന്റെ അടുത്തെത്തി വിശ്രമിക്കാനായി കിടന്നു. അപ്പോൾ ചന്ദനമരം വെട്ടാൻ രണ്ടു കാട്ടുകള്ളന്മാർ കയറും മഴുവുമായി അവിടെ എത്തിപ്പെട്ടു. അവരെ പിന്തിരിപ്പിക്കാൻ രാജകുമാരൻ പലതും പറഞ്ഞുനോക്കിയെങ്കിലും അവർ ആ മരം വെട്ടുന്ന കർമ്മത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല. അവസാനം ഒരു മല്പിടുത്തത്തിന് ശേഷം രാജകുമാരൻ അവരെ അവിടെ നിന്നും തുരത്തി. തന്റെ ജീവൻ രക്ഷിച്ചതിന് പ്രത്യുപകാരമായി തന്റെ തടിയിലെ പിളർപ്പിൽ രാക്ഷസിയുടെ കണ്ണിൽ പെടാതെ ഒളിഞ്ഞിരുന്നു കൊള്ളാൻ ചന്ദനമരം അവനോട് പറഞ്ഞു.
രാക്ഷസിയെ കുറിച്ചുള്ള ഒരു രഹസ്യവും ചന്ദനമരം രാജകുമാരനെ ധരിപ്പിച്ചു. മുൻജന്മത്തിൽ ഈ രാക്ഷസി ഒരു വനരാജകുമാരിയായിരുന്നു. നായാട്ടിനായി കാട്ടിലെത്തിയ രാജാവ് കൂട്ടുകാരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന അവളെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ വന്ന കൂട്ടുകാരനെ രാജാവ് വധിക്കുകയും ദുഃഖം കൊണ്ട് രാജകുമാരി ആത്മഹത്യ ചെയ്തതായും ചന്ദനമരം പറഞ്ഞു. ആ രാജാവിന്റെ മകനായ ഇപ്പോഴത്തെ രാജാവിന്റെ രാജ്ഞിയുടെ ശരീരത്തിൽ ആണ് രാക്ഷസിയായി പുനർജന്മ വാസമെന്നും വെളിപ്പെടുത്തി. പൂർവ്വ ജന്മത്തിലെ തിക്താനുഭവത്തിന്റെ പക തീർക്കാൻ രാജവംശത്തിൽ പിറന്ന യുവാക്കളെയും അവരുടെ കൂട്ടുകാരെയും ഭക്ഷിക്കുക എന്നത് ശീലമാക്കിയ രാക്ഷസി രാജരക്തത്തിൽ പിറന്ന സന്തതികളെയും കൊട്ടാരത്തിലെ മന്ത്രിമാരുടെ പുത്രന്മാരെയും തന്റെ മാന്ത്രിക ശക്തിയാൽ തേടിപ്പിടിച്ച് ഭക്ഷിക്കുന്ന പരിപാടി തുടർന്നുകൊണ്ടിരുന്നു.
അന്ന് രാത്രി തന്നെ മറ്റൊരു രഹസ്യവും ചന്ദനമരം രാജകുമാരനോട് പറഞ്ഞു. ആത്മഹത്യ ചെയ്ത രാജകുമാരിയുടെ ആത്മാവ് ഒരു തത്തയായി രാത്രികാലങ്ങളിൽ ചേക്കേറാൻ വരുന്നത് തന്റെ ശിഖരത്തിലാണെന്നും ആ തത്തയെ കൊന്നാൽ രാക്ഷസിയും മരണപ്പെടുമെന്നും രാജ്ഞിയുടെ ശരീരത്തിൽ നിന്നും എന്നെന്നേക്കുമായി വിടപറയുമെന്നും ചന്ദനമരം വെളിപ്പെടുത്തി.
അന്ന് രാത്രി തന്നെ രാജകുമാരൻ ആ തത്തയെ പിടിക്കുകയും പിറ്റേന്ന് രാജാവിനെ കണ്ടു കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. രാജസദസിൽ വെച്ച് രാക്ഷസിയെ പ്രത്യക്ഷപ്പെടുത്തിയ രാജകുമാരന് അവൾ ഭക്ഷിച്ച തന്റെ കൂട്ടുകാരനെ അവളുടെ മാന്ത്രിക ശക്തിയാൽ തിരിച്ചു തരാൻ അഭ്യർത്ഥിച്ചു. അവിടെ വെച്ച് തന്നെ തത്തയെ കൊന്ന് രാജ്ഞിയുടെ ശരീരത്തിലെ രാക്ഷസിയെ രാജകുമാരന് ഇല്ലാതാക്കുകയും ചെയ്തു. സന്തോഷവാനായ രാജാവ് ഉടന് തന്നെ മകളെ രാജകുമാരന് വിവാഹം ചെയ്തു കൊടുത്തു.
കൂടുതൽ ചുമതലാബോധവും ഉത്തരവാദിത്തവും ഉള്ളവരായി മാറിയ രാജകുമാരനും മന്ത്രി പുത്രനും സ്വന്തം രാജ്യത്തേക്ക് മടങ്ങി തങ്ങളുടെ കുടുംബങ്ങളോട് ചേർന്ന് പിന്നീടുള്ള കാലം സുഖമായി ജീവിച്ചു.

സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്, ബംഗളൂരു