(മലയാള ഭാഷയും സാഹിത്യവും സാംസ്കാരിക പൈതൃകവും അറിയാനും പഠിക്കാനുമുള്ള യാത്രയാണ് ഈ പരമ്പര. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമായ അന്നാരയും തുഞ്ചന്‍ പറമ്പും ആയിരുന്നു നവംബര്‍ ലക്കത്തില്‍ പരിചയപ്പെട്ടത്. ആ കുറിപ്പ് വായിക്കാം -മലയാളഭാഷയുടെ പിതാവിനെ അറിയാന്‍ ‘അന്നാര’യിലേക്ക് പോയാലോ?)

 

കൃഷ്ണവനം

ഒരു കാടുണ്ടായ കഥ

 

ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചുമക്കള്‍ക്കുവേണ്ടി
ഒരു തൈ നടാം നൂറു കിളികള്‍ക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി

(നാളേയ്ക്കുവേണ്ടി, സുഗതകുമാരി)

ലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുകയാണ്. 2020 ഡിസംബര്‍ 23-ന് മരണമടഞ്ഞ സുഗതകുമാരിയുടെ സംഭാവനകള്‍ സാഹിത്യരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ സാമൂഹിക, പരിസ്ഥിതി രംഗങ്ങളിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായി ഇടപെട്ടിരുന്നു. ”മൃഗങ്ങളുടെയും പക്ഷികളുടെയും വീടാണ് കാട്. അവിടെ കടന്നുകയറി ഒരു രാഷ്ട്രീയവും മതവും പറയണ്ട. കാട് തെളിച്ച് എടുത്ത ഭൂമികള്‍ അവര്‍ക്ക് (മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും) പതിച്ചു കൊടുക്കുക” എന്ന പാരിസ്ഥിതിക വീക്ഷണം തന്റെ അവസാനകാലം വരെയും അവര്‍ മുറുകെ പിടിച്ചിരുന്നു. അട്ടപ്പാടിയിലെ ജൈവസമ്പത്തും പ്രകൃതിയും ഇന്നും നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ നേതൃത്വത്തില്‍ വനനശീകരണത്തിനെതിരെ നടത്തിയ സമരങ്ങളും പ്രവര്‍ത്തനങ്ങളുമാണ്.

പ്രശസ്ത സാഹിത്യകാരനും പത്രാധിപരും ഒക്കെ ആയിരുന്ന എന്‍.വി. കൃഷ്ണവാര്യരുടെ സ്മരണയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന കൃഷ്ണവനം സുഗതകുമാരിയുള്‍പ്പടെയുള്ള ഒരു കൂട്ടം സാഹിത്യപ്രമുഖരുടെയും പരിസ്ഥിതി സ്‌നേഹികളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ്. എണ്‍പതുകളില്‍, പാലക്കാട് സൈലന്റ്‌വാലി പ്രദേശങ്ങള്‍ നശിപ്പിക്കുന്ന ഒരു അണക്കെട്ട് നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് സുഗതകുമാരിയുടെ ശ്രദ്ധ അവിടേക്ക് എത്തുന്നത്. 1985ല്‍ അട്ടപ്പാടിയില്‍ എത്തിയ സുഗതകുമാരി അവിടുത്തെ വനംകൊള്ള കണ്ട് ഞെട്ടിത്തരിച്ചുപോയി, പിന്നീട് അവരെ പ്രദേശവാസികള്‍ നയിച്ചത് ഹൃദയഭേദകമായ മറ്റൊരു കാഴ്ചയിലേക്കായിരുന്നു. അഗളിയിലെ ബൊമ്മിയാംപടിയില്‍ മരക്കുറ്റികള്‍ മാത്രം ആവശേഷിച്ച നൂറോളം മൊട്ടകുന്നുകള്‍…! ഒറ്റ മരം പോലും അവശേഷിക്കാത്ത ആ കുന്നുകള്‍ നില്‍ക്കുന്ന പ്രദേശത്ത് മഴ പെയ്തിട്ട് നാളുകള്‍ ഏറെയായെന്നും, കടുത്ത പട്ടിണിയിലാണ് അവിടുത്തെ ജനങ്ങള്‍ എന്നും മനസ്സിലായപ്പോള്‍ സുഗതകുമാരിയുടെ നേതൃത്വത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഒരുവശത്ത് പ്രതിഷേധങ്ങളും സമരങ്ങളും നടത്തുമ്പോള്‍ മറുവശത്ത് അവര്‍ കാടിന് ജീവന്‍ കൊടുക്കാന്‍ രാപ്പകല്‍ അധ്വാനിച്ചു.

കാടിനെ തിരിച്ചുകൊണ്ടുവരാന്‍, 1986-ലെ വരള്‍ച്ചക്കാലത്ത് സാഹസികമായ ഒരു പദ്ധതിക്കായി സുഗതകുമാരിയും ആദിവാസി ജനവിഭാഗവും മണ്ണിലേക്ക് നേരിട്ടിറങ്ങി. ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരുമില്ലാതെ ആദിവാസികള്‍ ശേഖരിച്ച ആയിരക്കണക്കിന് വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കാന്‍ അവരോടൊപ്പം ആ മൊട്ടകുന്നുകളില്‍ സുഗതകുമാരിയും മുന്‍നിരയിലുണ്ടായിരുന്നു. തുടക്കത്തില്‍ മുപ്പത് ഏക്കറില്‍ മരങ്ങളും മുളകളും മറ്റും നട്ടുപിടിപ്പിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്തു. മൊട്ടക്കുന്നുകളിലും പരിസരങ്ങളിലും വെള്ളം ഭൂമിയിലേക്ക് താഴാന്‍ വേണ്ടി കുഴികളെടുത്തു. പതിയെ പുല്ലുകളും ചെടികളും മുളപൊട്ടി തുടങ്ങി. വരണ്ട മലകളില്‍ പച്ചപ്പിന്റെ പ്രതീക്ഷകള്‍ നാമ്പിട്ടു. കിളികളും പുല്‍ച്ചാടികളും പ്രാണികളും ചെറുമൃഗങ്ങളും ഇഴജന്തുക്കളും എത്തിത്തുടങ്ങി. ചെറിയ കാടുകളായി വളര്‍ന്നുതുടങ്ങിയപ്പോള്‍ കൂടുതല്‍ സസ്യ വൈവിധ്യങ്ങള്‍ പ്രകൃതി തന്നെ വളര്‍ത്തി തുടങ്ങി. മണ്ണിന്റെ പോഷണവും ഈര്‍പ്പവും തിരിച്ചെത്തിയതോടെ വറ്റിവരണ്ട നീര്‍ച്ചാലുകളും കാട്ടരുവികളും ഒഴുകിത്തുടങ്ങി. മുപ്പത്ത് ഏക്കറില്‍ തുടങ്ങിയ ആ സാഹസിക പദ്ധതി മൂന്നുവര്‍ഷം കൊണ്ട് വിജയിച്ചപ്പോള്‍, പിന്നീടത് 75 ഏക്കറിലേക്കും നൂറ് ഏക്കറിലേക്കും വളര്‍ന്നു. മാനും, മൈലും, മുയലും, കുരങ്ങനും ഒക്കെ നേരത്തെ തന്നെ എത്തിയ ആ മൊട്ടക്കുന്നുകളിലേക്ക് ആന, പുലി, കാട്ടുപോത്ത് തുടങ്ങിയ വലിയ മൃഗങ്ങളും കുറച്ച് വര്‍ഷങ്ങള്‍ക്കൊണ്ട് തിരിച്ചെത്തി. ആ മൊട്ടക്കുന്നുകള്‍ പഴയതുപോലെ, പൂത്ത മുളങ്കാടുകളടക്കം നിരവധി സസ്യസമ്പത്തുള്ള ഒരു വന്യജീവി വനപ്രദേശമായി മാറി. കേരളത്തിലെ തന്നെ ആദ്യ പരീക്ഷണമായിരുന്ന ഈ പദ്ധതി, വനവത്കരണത്തിന്റെ ഏറ്റവും മികച്ച ഒരു മാതൃക.

പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാരും വനം വകുപ്പും 25 ലക്ഷം രൂപയോളം നല്‍കിയെങ്കിലും 20 ലക്ഷം കൊണ്ട് വനവത്കരണം നടത്തി ബാക്കി പണം തിരികെ നല്‍കുകയാരുന്നു. മാതൃഭൂമി മുന്‍ പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാര്യര്‍, എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ വി സുരേന്ദ്രനാഥ്, പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രസാഹിത്യകാരനുമായ ആര്‍ വി ജി മേനോന്‍, പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. എം കെ പ്രസാദ്, അഗളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി എം അബ്രാഹം, ഡോ. വി കെ ദാമോദരന്‍, വേലായുധന്‍നായര്‍, ടി എന്‍ ഉണ്ണിക്കൃഷ്ണന്‍, രാജന്‍ റോബര്‍ട്ട്, കെ നാരായണന്‍ തുടങ്ങിയവര്‍, സുഗതകുമാരിയോടൊപ്പം അട്ടപ്പാടി ചുരം കയറിയിറങ്ങാനും ആദിവാസി ഊരുകളില്‍ താമസിച്ച് കൃഷ്ണവനത്തിനെ പരിപാലിക്കാനും അണിനിരന്നവരാണ്. 1989 ഒക്ടോബറില്‍ എന്‍ വി കൃഷ്ണവാര്യര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനോടുള്ള ആദരസൂചകമായിട്ടാണ് വനത്തിന് ‘കൃഷ്ണവനം’ എന്ന പേര് നല്‍കിയത്. എന്‍.വിക്കുള്ള ‘യഥാര്‍ഥ സ്മാരകം’ ആണ് ഈ കൃഷ്ണവനം എന്നായിരുന്നു പിന്നീട് പല പ്രമുഖരും പറഞ്ഞത്. ഇപ്പോള്‍ ഔദ്യോഗികമായിട്ടല്ലെങ്കിലും സുഗതകുമാരിയുടെയും ഒരു സ്മാരകമാണ് കൃഷ്ണവനം.

കൃഷ്ണവനം സ്ഥിതി ചെയ്യുന്ന അഗളിയിലേക്ക് എത്താന്‍ പാലക്കാട് നിന്ന് 50 കിലോമീറ്ററും മണ്ണാര്‍ക്കാടില്‍ നിന്ന് 36 കിലോമീറ്ററും കോയമ്പത്തൂരില്‍ നിന്ന് 46 കിലോമീറ്ററും ദൂരമുണ്ട്. അടുത്തുള്ള പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുമാണ്. അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. വിനോദസഞ്ചാരത്തിന് പ്രധാന്യമുള്ള സൈലന്റ് വാലി, അട്ടപ്പാടി റിസര്‍വ് ഫോറസ്റ്റ്, ആനക്കട്ടി, ശിരുവാണി റിസര്‍വോയര്‍, മല്ലേശ്വരന്‍ മുടി തുടങ്ങിയ പ്രകൃതിരമണീയമായ പ്രദേശങ്ങള്‍ അഗളിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

കൃഷ്‌ണഗോവിന്ദ്

കൃഷ്‌ണ ഗോവിന്ദ്

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content