ഞാനും ഒരു ടീച്ചറായി
കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ പോർച്ചുഗീസ് നാവികൻ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിന് അരികിലായി അറബിക്കടലോരം ചേർന്നുനിൽക്കുന്ന കൊച്ചു ഗ്രാമമായ ചെങ്ങോട്ടുകാവിലാണ് ഞാൻ ജനിച്ചത്. എന്റെ പേര് ജ്യോത്സന. ഈ പേര് എന്റെ കുറച്ചു സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും മാത്രമേ അറിയുള്ളൂ. നാട്ടിൽ എവിടെ പോയാലും പപ്പൻ മാഷിന്റെ മോളേ അല്ലെങ്കിൽ പപ്പക്കുട്ടി എന്നൊക്കെ ആണ് എല്ലാവരും എന്നെ വിളിക്കാറുള്ളത്. അച്ഛൻ അധ്യാപകനാണ്, ഇപ്പോഴും അധ്യാപനം തുടർന്നുകൊണ്ടിരിക്കുന്നു. അച്ഛന്റെ സുഹൃദ് വലയങ്ങളിലായാലും കുടുംബാംഗങ്ങളുടെ ഇടയിലായാലും, എങ്ങോട്ടു തിരിഞ്ഞാലും കേൾക്കുന്നത് ടീച്ചറേ, മാഷേ എന്നുള്ള വിളികൾ മാത്രം. അച്ഛന്റെ പേര് പത്മനാഭൻ എന്നാണ്. എല്ലാവരും അത് ചുരുക്കി പപ്പൻ എന്നാക്കി. അങ്ങനെ പപ്പൻമാഷുമായി. ഞാനങ്ങനെ മാഷിന്റെ മോളും. ആ വിളി കേൾക്കുമ്പോൾ അഭിമാനമാണ്. അച്ഛനിലൂടെ അറിയപ്പെടുന്നതില്‍ ഒരു സ്വകാര്യ അഹങ്കാരവും ഉണ്ട്. ഡോക്ടറേറ്റ് ബിരുദം കിട്ടി അച്ഛൻ ഡോ.എം പത്മനാഭൻ മാസ്റ്റർ ആയി എന്നതുതന്നെ.
എനിക്ക് അധ്യാപനം അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. അച്ഛന് എന്നെ ഒരു അധ്യാപികയാക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ നിർബന്ധിച്ചില്ല. എനിക്ക് താല്പര്യമില്ല എന്ന് മനസ്സിലായതുകൊണ്ടാവും അത്. അച്ഛൻ എന്റെ ഇഷ്ടങ്ങൾക്ക് എതിരു നിന്നില്ല. കണക്കിനേയും കംപ്യൂട്ടറുകളുടേയും ലോകത്തേക്കായിരുന്നു എന്റെ യാത്ര. കുറുമ്പിയും വഴക്കാളിയും ഒക്കെ ആയി നടക്കുന്ന കാലത്താണ് വിവാഹം ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്ക് എന്നെ പറിച്ചു നട്ടത്. അറിയാതെ ഞാനും ആ നഗരത്തിന്റെ ഭാഗമായി മാറി. മാഷിന്റെ മകനും വ്യവസായിയുമായ എന്റെ ഭർത്താവിന്റെ തിരക്കുകൾ ശരിക്കും എന്നെ വീർപ്പുമുട്ടിച്ചു. ഈ സമയങ്ങളിലാണ് ഞാൻ അധ്യാപകരുടെ ജീവിതത്തിന്റെ സുഖത്തെയും സന്തോഷത്തെയും ഒക്കെ ഓർത്തെടുക്കാൻ തുടങ്ങിയത്. രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുകയും, അവധി ദിവസങ്ങളിൽ വീട്ടിൽ തന്നെ ഉണ്ടാവുകയും ചെയ്യുന്ന തൊഴിൽ എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയത്.
അച്ഛൻ പഠിപ്പിച്ച, ഞാനും എന്റെ അനിയനും പഠിച്ച ‘പൊയിൽക്കാവ് യു പി സ്കൂൾ’, പരശുരാമനാൽ പ്രതിഷ്ഠ നടത്തിയ പടിഞ്ഞാറെക്കാവ് ഭഗവതി കാവ്, കിഴക്കേക്കാവ് ഭഗവതിയും ഉത്സവങ്ങളും ആരവങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളും ഒക്കെ ഉണ്ടായിരുന്ന എന്റെ കുട്ടിക്കാലം ഞാൻ മനസ്സിൽ താലോലിക്കാൻ തുടങ്ങി.
ബാംഗ്ലൂർ എന്ന മഹാനഗരത്തിൽ എനിക്ക് ചുരുക്കം മലയാളികൾ മാത്രമേ പരിചയക്കാരായി ഉണ്ടായിരുന്നുള്ളൂ. അതും പല ജില്ലകളിൽ നിന്നും ഉള്ളവരായിരുന്നു. ഞങ്ങളുടെ പരസ്പരമുള്ള സംസാരശൈലി വാക്കുകളുടെ അർത്ഥവ്യത്യാസങ്ങൾ ഒക്കെ ആയി അങ്ങോട്ടുമിങ്ങോട്ടും ബുദ്ധിമുട്ടി നടക്കുന്ന കാലം. അങ്ങനെയിരിക്കെ എന്റെ ഒരു പ്രിയ സുഹൃത്ത് പറഞ്ഞിട്ടാണ് മലയാളം മിഷനെ പറ്റി കേൾക്കുന്നത്. അവൾ മലയാളം മിഷന്റെ രണ്ടു ദിവസത്തെ അധ്യാപക പരിശീലനത്തിന് പോയെന്നും മലയാളം അദ്ധ്യാപികയായി എന്നും പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. രണ്ടുദിവസം കൊണ്ട് അധ്യാപിക ആകുമോ എന്നൊക്കെ ആയി എന്‍റെ ചിന്തകള്‍. അധ്യാപക പരിശീലനത്തെ പറ്റിയൊക്കെ അവൾ പറഞ്ഞു തന്നപ്പോൾ എനിക്ക് മനസ്സിൽ വല്ലാത്ത ആവേശമായിരുന്നു. മലയാളം കവിതകളും കഥകളും ഒക്കെയുള്ള പരിശീലനം എന്നുകൂടി കേട്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു സന്തോഷം ഉണ്ടായി.
ഒരു മലയാളി കൂട്ടായ്മയുടെ കീഴിൽ മലയാളം ക്ലാസ് തുടങ്ങുന്നു എന്നറിഞ്ഞു ഞാൻ മോനെയും കൂട്ടിപ്പോയി പേര് കൊടുത്തു. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ദൈര്‍ഘ്യമുള്ള ക്ലാസ്സ്. അവിടെ ആദ്യമായി ക്ലാസ്സ് എടുക്കാൻ വന്ന ടീച്ചറുടേയും മറ്റുള്ള ടീച്ചർമാരുടേയും ക്ലാസ്സുകളും മോനേക്കാൾ എന്നെയാണ് ആകർഷിച്ചത്. ഞാൻ ശരിക്കും കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി. മോനേക്കാൾ ആവേശത്തിലായിരുന്നു ഞാൻ. മലയാളം ക്ലാസിൽ പോകാനും അവനെ കൊണ്ടുപോയി അവിടെ ഇരുന്നു ക്ലാസ്സുകൾ കേൾക്കാനും. ആ സന്തോഷവും ആവേശവും അധികനാൾ ഉണ്ടായിരുന്നില്ല. വീട് മാറേണ്ടി വന്നു. പിന്നെയും തിരക്കുപിടിച്ച ജീവിതത്തിലേക്ക് വഴിമാറി. മലയാളം അപ്പോഴും മനസ്സിൽ ഒരു നോവായി കിടക്കുന്നുണ്ടായിരുന്നു. മോനെ മലയാളം പഠിപ്പിക്കണം എന്നുള്ള അത്യധികമായ ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുമ്പോളാണ് ഞങ്ങളുടെ താമസസ്ഥലത്ത് മലയാളം മിഷന്റെ ക്ലാസ്സുകൾ തുടങ്ങുന്നതും ഞാൻ അതിൽ ഒരു അംഗമാവുന്നതും.
പ്രളയവും, കൊറോണയും നേരിട്ടുള്ള അധ്യാപക പരിശീലനം തടസ്സപ്പെടുത്തിയെങ്കിലും പിന്നെയുള്ള എല്ലാ ഓൺലൈൻ പരിശീലനങ്ങളും , ചുരുക്കം ചില നേരിട്ടുള്ള ക്ലാസ്സുകളും എന്നില്‍ ധൈര്യവും ആത്മവിശ്വാസവും വളർത്തി. ഓരോ പരിശീലനവും ഒരുപാട് പുതിയ ലോകത്തേക്കുള്ള എന്‍റെ പടവുകളായി മാറി. ഒരിക്കലും അറ്റുപോവാത്ത ആത്മാർത്ഥമായ സൗഹൃദങ്ങളും, അഹംഭാവമോ ലാഭേച്ഛയോ ഒന്നും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു പറ്റം നല്ല ആളുകളുള്ള സമൂഹത്തിലേക്ക് ഞാനും എത്തിച്ചേർന്നു. അതിനിടയിൽ പണ്ട് താഴിട്ടു പൂട്ടിയ എന്റെ ചില കൊച്ചു കുരുത്തക്കേടുകൾ തലപൊക്കിത്തുടങ്ങി. കവിതയും കഥയും എല്ലാമായി എനിക്കു കുട്ടിക്കാലം തിരിച്ചു കിട്ടുകയായിരുന്നു. അങ്ങനെ ഞാനും ഒരു ടീച്ചറായി എന്ന ആത്മവിശ്വാസത്തോടെ മലയാളം പഠിപ്പിക്കുവാൻ വന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി. 6 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ ഉണ്ട്. മലയാളം മിഷന്റെ പരിശീലനത്തിൽ പറഞ്ഞതുപോലെ കഥകളും കവിതകളും പിന്നെ എന്റെ സ്വന്തം സൃഷ്ടികളുമായി മാതൃഭാഷയെ, അമ്മ മലയാളത്തെ, അവരറിയാതെ അവരിലേക്ക് എത്തിച്ചു.
അധ്യാപക പരിശീലനത്തിൽ നിന്നും കിട്ടിയ സുഹൃത്തുക്കൾ എല്ലാവരും പരസ്പരം ടീച്ചർ എന്നേ വിളിക്കാറുള്ളൂ. ടീച്ചർ എന്നുള്ള ആ വിളി വല്ലാത്ത ഒരു ആനന്ദം തന്നെയാണ്. മലയാളം ക്ലാസ് എടുക്കുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല. കുഞ്ഞുങ്ങളോടൊപ്പം ഉള്ള സമയം അത്രയ്ക്ക് രസമുള്ളതായിരുന്നു. നമ്മൾ അറിയാതെ കുഞ്ഞുങ്ങൾ ആവുകയായിരുന്നു. കളിയും കഥകളുമൊക്കെ ആയി ഞാനും ഒരു കുട്ടിയായി മാറി.
ഞാൻ മലയാളം പഠിപ്പിച്ച കുറച്ചു കുഞ്ഞുങ്ങൾ മലയാളം മിഷന്‍റെ ആദ്യത്തെ പഠനോത്സവം ആയ ‘കണിക്കൊന്ന ‘ പഠനോത്സവത്തിൽപങ്കെടുക്കുകയും മനോഹരമായി പൂർത്തീകരിക്കുകയും ചെയ്തു. പഠനോത്സവം കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങൾക്ക് സംശയമായി ഇനി ടീച്ചർ തന്നെയല്ലേ ക്ലാസ് തുടർന്നും എടുക്കുക. സന്തോഷം പറഞ്ഞറിയിക്കാൻ പറ്റിയില്ല. എല്ലാം മലയാളം മിഷനിലൂടെ എനിക്ക് കിട്ടിയ അവസരങ്ങളായിരുന്നു. മലയാളം മിഷൻ എന്നെ ടീച്ചർ ആക്കി. ഇപ്പൊൾ ആ വിളി കേൾക്കുമ്പോൾ അന്ന് അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കാൻ പറ്റിയതിന്റെ അതിയായ സന്തോഷവും എനിക്കുണ്ടായി. അതിലുപരി അഭിമാനത്തോടെ ടീച്ചർ വിളി ഞാന്‍ ഏറ്റെടുത്തു. അങ്ങനെ പപ്പൻമാഷിന്‍റെ മോളും ഒരു ടീച്ചറായി…

ജ്യോത്സന പി എസ്, അധ്യാപിക, സമീക്ഷ സംസ്കൃതി, ബാംഗ്ലൂർ