നാട്ടുമണം
മഴ ചാറിയേറെ നനഞ്ഞെന്റെ നാട്ടുവഴി,
ഇത്തിരി കാറ്റില്‍ പൊഴിഞ്ഞൊരു മാമ്പഴം,
പേരറിയാ നാട്ടു പൂക്കള്‍തന്‍ പുതുമണം
തെളിവെള്ളമിളകാതെ പായുന്നപരല്‍മീനും.
രാവിലൊരു കുഞ്ഞിനിലാവുമായ് ഊരാകെ
തെണ്ടി നടക്കുന്ന മിന്നാമിനുങ്ങുകള്‍.
അന്നത്തെ ചെമ്പരത്തിക്കിന്നും പരിഭവം
എന്നെ മറന്നുവോ എന്നൊരു പായാരം.
എന്തെയെന്നൊപ്പം കളിയ്കുവാന്‍ കൂടാത്തെ-
യെന്നാ വഴിയോര നാട്ടുമാവും.
ഏറെ വളര്‍ന്നുപോയ് നീയെന്‍റെ പ്രിയസഖീ
ഞാനുമെന്‍ കുറുമ്പൊക്കെ മറന്നുപോയ്.
അമ്മത്തലോടലില്‍ വാത്സല്യമടിയില്‍
കണ്ണടച്ചാക്കാലം ഓര്‍ത്തു മയങ്ങട്ടെ.
എന്നിനിയെന്നിനിയെന്നാരോ ചെവിയോരം
വല്ലാത്ത നോവോടെ തേങ്ങുന്നതാരാവാം?
സൗമ്യ ഗോപന്‍
എന്‍എസ്‌എസ് ജയമഹല്‍ കരയോഗം
ബംഗളൂരു നോര്‍ത്ത് മേഖല