നിറം മങ്ങിയ കാഴ്ചകള്‍
അന്ന്
തുറന്നിട്ട ജാലകം എന്നുമെന്നുള്ളിലെ
സാന്ത്വന സ്പര്‍ശമായിരുന്നു…
ഒരു കുഞ്ഞ് നോവിനെ നുള്ളിയെടുക്കാനും
അന്ധകാരത്തിനെ ഒരു വെട്ടമാക്കാനും
എന്നുമെന്‍ കൂട്ടായി നീ വന്നിരുന്നു
നിന്നിലൂടെന്‍ പ്രിയ ധരണി തന്‍ സൗന്ദര്യം
എല്ലാ മറന്ന് ഞാനാസ്വദിച്ചു .
ഇന്ന്
ജാലകവാതിലൊരു നൊമ്പരമായ്
എന്നുള്ളിന്നുള്ളിലെന്നും നിറഞ്ഞിടുന്നു
ചുറ്റിനും കൂരിരുട്ടില്‍ തപ്പുമെന്‍ കൂടപ്പിറപ്പുകള്‍
നിസ്സഹായയായി ഞാന്‍ തരിച്ചു നില്‍ക്കെ
ജീവവായുവിനായി ഓടിത്തളര്‍ന്ന് പൊട്ടിക്കരയുമെന്‍
ജനനിയെ കണ്ടു ഞാന്‍ ആകെ തളര്‍ന്നങ്ങിരുന്നു പോയി
മുഖംമൂടിയണിഞ്ഞൊരാ ആള്‍ക്കൂട്ടവും
പൊട്ടിക്കരയുമെന്‍ കൂട്ടുകാരും.
എന്നെന്‍റെ ജാലകവാതിലില്‍ ഞാന്‍ കാണും
എന്‍റെയാ കാണാന്‍ കൊതിച്ചൊരാ കാഴ്ചകള്‍
കൊട്ടിയടച്ചൊരാ ജാലകത്തില്‍
വന്നാ വിടവിലൂടെത്തിനോക്കി
നോവും മനസുമായ് നിന്നപ്പോഴും
പ്രകൃതിതന്‍ രോദനം മുഴങ്ങുമ്പോഴും
താണ്ഡവമാടുന്നു മര്‍ത്യജന്മം
എന്നുണ്ണി പൊന്നുണ്ണി ചിരിച്ചു നിന്നു
ഒന്നുമേ ഏതുമേ അറിയാത്തൊരാ
പൊന്‍കവിളില്‍ ഞാന്‍ ഉമ്മ വെയ്‌ക്കെ
അറിയാതെ ഞാനും കൊതിച്ചുപോയി
വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരാ ബാല്യകാലം

ശ്രീമിയ മേലേത്ത് ഷാർജ മേഖല