ക്രിസ്മസ് ഫ്രണ്ട്

കുറിയന്നൂർക്കാരനായ ജെറിയായിരുന്നു എന്റെ ആദ്യത്തെ ക്രിസ്മസ് ഫ്രണ്ട്. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസിന്റെ ക്ലാസ് ടീച്ചറായ ഗ്രേസി ടീച്ചറാണ് ആ ക്രിസ്മസിന് ക്രിസ്മസ് ഫ്രണ്ട് എന്ന ആശയം മുന്നോട്ടുവച്ചത്. ഏഴാം ക്ലാസു വരെയും നടന്നു പോയി പഠിക്കാവുന്ന നെല്ലിക്കാലയിലെ എം.ടി.യു.പി. സ്കൂളിലാണ് ഞാൻ യു.പി. വിദ്യാഭ്യാസം നേടിയത്. ഞങ്ങളുടെ സ്കൂളിൽ ക്രിസ്മസ് ഫ്രണ്ട് പോയിട്ട് ക്രിസ്മസ് ആഘോഷം പോലുമുണ്ടായിട്ടില്ല. പാറച്ചെരുവിലാണ് സ്ക്കൂൾ. പറങ്കിമാവിൽ കയറി റബ്ബർ തോട്ടത്തിന്റെ ഇടയിൽ കളിച്ച് കളിച്ചുള്ള അന്തം മറിഞ്ഞ് കുത്തിച്ചാട്ടങ്ങളും സ്വാതന്ത്ര്യവുമല്ലാതെ ഐക്കുഴ സ്ക്കൂളിൽ ക്രിസ്മസ് ഫ്രണ്ട് പോലുള്ള പരിഷ്ക്കാരങ്ങളൊന്നുമില്ലായിരുന്നു. കോഴഞ്ചേരി പത്തനംതിട്ടയിലെ ഇടത്തരം മലയോര പട്ടണമാണ്. മാരാമൺ കൺവെൻഷൻ, ആറന്മുള വള്ളംകളി, കോഴഞ്ചേരി പള്ളി, ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷന്‍, ശബരിമല തുടങ്ങി പ്രശസ്തമായ മത കൂട്ടായ്മകളുടെയും തീർത്ഥാടനകേന്ദ്രങ്ങളുടെയും ഇടത്താവളം എന്ന പ്രശസ്തിയുള്ള ചെറുപട്ടണം. മലഞ്ചരക്കുകളുടെ ചന്തയുണ്ട്. സ്വാതന്ത്ര്യസമര സേനാനി സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. അങ്ങനെയുള്ള പട്ടണത്തിൽ ബസിൽ കയറി സ്ക്കൂളിൽ പോയി തുടങ്ങി. ഐക്കുഴ സ്കൂളിലെ യു. പി. പഠനം കഴിഞ്ഞതോടെ കൂട്ടുകാർക്കൊപ്പം ഞാനും കോഴഞ്ചേരിയ്ക്ക് ബസിൽ പോയി തുടങ്ങി. ബോർഡിംഗ് സ്ക്കൂളിൽ ചേർന്ന് പഠിക്കണം എന്നതായിരുന്നു അക്കാലത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹം. സാധാരണ ബോർഡിംഗ് സ്കൂൾ പോര, ഊട്ടിയിലെ ഏതെങ്കിലും ബോർഡിംഗ് സ്ക്കൂളുകളിൽ തന്നെ ചേർന്ന് പഠിക്കണം. ഓലപ്പുരയിൽ കിടന്ന് ഞാൻ ബഹളം വെച്ചു. നിരാഹാരമിരുന്നു. ബോർഡിംഗ് സ്കൂളിൽ ചേർക്കുന്നതിനു പകരം അമ്മച്ചിയെന്നെ കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തു.

ഞങ്ങൾ കുറച്ച് പീക്കിരികളെല്ലാം കൂടി ബസിൽ കയറി അങ്ങനെ സ്ക്കൂളിൽ പോയിത്തുടങ്ങി. പുതിയ സ്ക്കൂളിൽ പുതിയ രീതികളാണ്. വിശാലമായ മൈതാനവും വലിയ പുളിമരവും, ചെറുപട്ടണത്തിന്റെ സാമീപ്യമൊക്കെയുള്ള സ്ക്കൂളാണ്. പത്ത് പൈസ കൊടുത്താണ് ബസിൽ യാത്ര ചെയ്യുന്നത്.

പിള്ളാരെ ബസിൽ കയറ്റാതിരിക്കാൻ കിളിയും കണ്ടക്ടറും ആവുന്നത് ശ്രമങ്ങൾ നടത്തും. ബസിലെ ‘കിളി’ എന്ന പേരുപോലെ ഭാവനാത്മകമായ പേരുള്ളാരു തൊഴിലാളിയെ വേറൊരു തൊഴിൽ മേഖലയിലും കേട്ടിട്ടില്ല.

അങ്ങനെ പുതിയ സ്കൂളിലെ ആദ്യ ക്രിസ്മസിനു തന്നെ ടീച്ചർ ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുന്ന ഗംഭീര പരിപാടി സംഘടി പ്പിച്ചു. ക്ലാസിലെ കുട്ടികളുടെയെല്ലാം പേരെഴുതിയിട്ട് കാർഡ്ബോർഡ് പെട്ടി കുലുക്കി കുലുക്കി ടീച്ചർ ഓരോരുത്തരെയായി വിളിച്ച് നറുക്കെടുപ്പിച്ചു. എനിക്ക് എന്റെ ഒപ്പം ബഞ്ചിലിരിക്കുന്ന ജെറിയെയും അവന് എന്നെയും കിട്ടി. ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി.

ഞങ്ങൾ പരസ്പരം സമ്മാനങ്ങൾ കൈമാറി. ആ ക്രിസ്മസിന് ജെറി എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.

ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചു. പിറ്റേദിവസം മുതൽ ക്രിസ്മസ് അവധി തുടങ്ങുകയാണ്. പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഞങ്ങൾ കുട്ടികൾ എല്ലാം സ്കൂൾ ഗേറ്റിൽ വരുന്ന അപ്പാപ്പന്റെ ഐസ് സൈക്കിളിൽ നിന്നും സിപ്പപ്പ് വാങ്ങി തിന്നു. മിക്കവാറും ജെറി ആണ് എന്റെ സിപ്പപ്പിന്റെ സ്പോൺസർ. സിപ്പപ്പ് തിന്നുകൊണ്ട് സ്ക്കൂൾ ഗേറ്റിറങ്ങി കോഴഞ്ചേരി ബസ് സ്റ്റാന്റിലേക്ക് നടന്നു. സ്റ്റാന്റിലെത്തിയപ്പോൾ അവൻ കയറുന്ന ബസ് കാണിച്ചു തന്നു. ഞാനിറങ്ങേണ്ടുന്ന സ്റ്റോപ്പും പറഞ്ഞുതന്നു. കിളിയെ പറഞ്ഞ് ഏർപ്പാടാക്കുകയും ചെയ്തു.

ക്രിസ്മസ് അവധി തുടങ്ങുന്ന ദിവസം ഞാൻ രാവിലെ തന്നെ കിണറ്റിൻ കരയിൽ നിന്ന് കുളിച്ചു. വെള്ളം തൊട്ടിയിൽ പൊക്കിയെടുക്കുന്ന കിണറാണ്. അമ്മച്ചി എന്നെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് കിണ റ്റിൽ ഇട്ടിരിക്കുന്ന തെങ്ങുതടി ഒടിഞ്ഞ് ഞങ്ങൾ കിണറ്റിൽ വീണിട്ടുണ്ട്. അധികം ആഴമില്ലാത്തതിനാലും അയൽവാസി അമ്മച്ചിയുടെ വീഴ്ച കണ്ടതിനാലും തലനാരിഴയ്ക്ക് രക്ഷപെട്ടു.

കുളിച്ച് ഉള്ളതിൽ വൃത്തിയുള്ള ഒരു ഷർട്ടും നിക്കറുമിട്ട് ബസിൽ കയറി. കോഴഞ്ചേരി ബസ്റ്റാന്റിലെത്തി. ജെറിയ്ക്ക് കൊടുക്കാൻ ഒന്നും വാങ്ങിയിട്ടില്ല. അതിനുള്ള കാശില്ല. അവൻ പറഞ്ഞതു പോലെ കുറിയന്നൂർക്ക് പോകുന്ന ചെമ്പക്കരയുടെ നീല കളർ ബസിൽ തന്നെ കയറി. പ്രശസ്തമായ ചരൽക്കുന്ന് ക്യാമ്പ് സെന്റർ ഈ റൂട്ടിലാണ്. പാതയോരത്തെ കാഴ്ചകളും കണ്ട് സൈഡ് സീറ്റിൽ തന്നെ ഞാനിരുന്നു. സ്കൂളുള്ള ദിവസങ്ങളിൽ സാധാരണ കുട്ടികൾക്ക് ബസ്സിൽ ഇരിപ്പിടം നൽകാറില്ല. കൺസഷൻ ടിക്കറ്റുകാരായ കുട്ടികൾ നിൽക്കണം. ഫുൾ ടിക്ക എടുക്കുന്നവർ ഇരിക്കും. ഇന്ന് ഫുൾ ടിക്കറ്റാണ്. ഞാൻ അഭിമാനത്തോടെ സീറ്റിൽ ഉറച്ചിരുന്നു.

ജെറി പറഞ്ഞ സ്റ്റോപ്പിൽ തന്നെ ഇറങ്ങി. തിളങ്ങുന്ന ഒരു ബി.എസ്.എ. സൈക്കിളിൽ അവൻ എന്നെ കാത്തുനിൽക്കുന്നു. ബി.എസ്.എ. സൈക്കിൾ ആ കാലങ്ങളിൽ എന്റെ സ്വപ്നമാണ്. എന്നെ മുന്നിലിരുത്തി ജെറി അവന്റെ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി.

ഗേറ്റുള്ള ഇരുനില ബംഗ്ലാവിനു മുമ്പിൽ സൈക്കിൾ നിന്നു. അവന് ഗേറ്റ് തുറന്ന് എന്നെയും സൈക്കിളിനെയും അകത്തു കയറ്റി. മുറ്റം നിറയെ ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയ ചെടികൾ, പലതരം തരുലതാദികൾ, മുറ്റത്ത് ചെറിയൊരു പുൽത്തകിടി.

ഓലപ്പുരയെക്കുറിച്ച് ആലോചിച്ച് എനിക്ക് വിഷമം തോന്നി. ജെറിയുടെ വീട് ഇത്രയും വലുതായിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അക്കാലത്ത് ഓടിട്ട ഒരു വീടുതന്നെ കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു.

വീടിനകത്ത് ക്രിസ്മസ് അത്ഭുതങ്ങൾ തന്നെയാണ്. തിളങ്ങുന്ന എൽ.ഇ.ഡി. ബൾബുകൾ അലങ്കരിച്ച് ക്രിസ്മസ് മരം. ഒപ്പം പുൽക്കൂടും റെയിൻഡിയറും മറ്റ് അലങ്കാരങ്ങളും, ജെറിയുടെ മമ്മി എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. എന്റെ വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. പതുപതുത്ത കുഷ്യനിട്ട സോഫയിൽ എനിക്കിരുപ്പുറച്ചില്ല ഇത്രയും പതുപതുത്ത കുഷ്യനുണ്ടോ? എനിക്ക് അത്ഭുതം തോന്നി. വീട്ടിൽ ഞാൻ ചാണകം മെഴുകിയ തറയിൽ പായയിലാണ് കിടക്കുന്നത്. എന്റെ മുമ്പിലേക്ക് ജെറിയുടെ മമ്മി ബേക്കറി പലഹാരങ്ങൾ നിറച്ച ചൈനീസ് പാത്രങ്ങൾ കൊണ്ടുവന്നുവെച്ചു. കോഴഞ്ചേരിയിലെ വലിയ ബേക്കറികളിൽ കിട്ടുന്ന ഐറ്റംസൊക്കെയുണ്ട്. പൊതി കേക്ക് ഒരെണ്ണമെടുത്തു തിന്നു. ജെറിയുടെ പപ്പ ഗൾഫിലാണ്. ഒരു കുഞ്ഞുപെങ്ങളുണ്ട്. അവൾ ഇടയ്ക്ക് വന്ന് എന്നെ നോക്കി അകത്തേക്ക് ഓടിക്കളഞ്ഞു. മഞ്ഞ സ്ക്വാഷും കേക്കും ഞാൻ കഴിക്കുന്നതും നോക്കി ജെറിയും മമ്മിയും ഇരുന്നു.

അലമാരകളിലും ഭിത്തികളിലുമൊക്കെ അലങ്കാരങ്ങളുണ്ട്. അക്കാലത്ത് ഫാഷനായിരുന്ന മുഴുഭിത്തി സീനറികൾ കൊണ്ട് പല ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.

ബേക്കറി സൽക്കാരത്തിന് ശേഷം ജെറി എന്നെ കളിക്കാനായി ക്ഷണിച്ചു. കാരംസ് ബോർഡ് എടുക്കാൻ അവൻ മമ്മിയോട് അനുവാദം ചോദിച്ചു. എല്ലാത്തിലും ഒരു യാന്ത്രികതയുടെയും അച്ചടക്കത്തിന്റെയും ഭാവം. സ്കൂളിൽ ഞാൻ കാണുന്ന പൊട്ടിത്തെറിച്ച് നടക്കുന്ന ജെറിയല്ല വീട്ടിൽ. അനുസരണയുള്ള ഒരു കുട്ടിയായിരിക്കാൻ അവൻ കഷ്ടപ്പെടുന്നതുപോലെ. ജെറിയും മമ്മിയും കൂടി കാരംസ് ബോർഡ് സ്റ്റൂളിൽ കൊണ്ടുവന്നുവച്ചു. ഞങ്ങൾ കുറച്ചുനേരം കാരംസ് കളിച്ചു. പിന്നീട് അതു മടുത്തപ്പോൾ ഷട്ടിൽ. അതുകഴിഞ്ഞ് ജെറി അവന്റെ ചെറിയ ലൈബ്രറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി, എനിഡ് ബ്ലൈറ്റിന്റെ ‘ഫേമസ് ഫൈവ് സീരീസ്’, ‘ടിൻടിൻ’, ‘കാൽവിൻ ആന്റ് ഹോപ്സ്’ തുടങ്ങിയ പുസ്തകങ്ങൾ. എനിക്ക് ഭയങ്കര നിരാശയും വിഷമവും തോന്നി. വാഴക്കൂട്ടങ്ങൾക്കും മരങ്ങൾക്കുമിടയിൽ ഇഴജന്തുക്കളുടെ ഒരു മാളം പോലെയാണ് ഞങ്ങളുടെ ഓലപ്പുര. ഒരു രാത്രിയിൽ ശരീരത്തിൽ ചെറിയ തണുപ്പും ഇഴച്ചിലും തോന്നി. ഞെട്ടി കാറി വിളിച്ചു. അമ്മച്ചി ടോർച്ചെടുത്തു നോക്കിയപ്പോൾ അതൊരു ചേരപ്പാമ്പായിരുന്നു.

ഉച്ചയ്ക്ക് ജെറിയുടെ വീട്ടിൽ ബിരിയാണിയായിരുന്നു. സിനിമക ളിലൊക്കെ കാണുന്ന പോലെ മേശപ്പുറത്ത് ആപ്പിളും ഓറഞ്ചുകളു മൊക്കെ അലങ്കരിച്ച പഴക്കൂടയൊക്കെ ഞാൻ ആദ്യമായി കാണുകയാണ്. ബിരിയാണി കല്യാണത്തിന് പോകുമ്പോൾ കിട്ടുന്ന അപൂർവ്വ മായ ഭാഗ്യമാണ്. അന്തർമുഖനായിരുന്ന് ഞാൻ ബിരിയാണി തിന്നു. ജെറിയുടെ വീട്ടിൽ എല്ലാം യാന്ത്രികമായി തോന്നുകയാണ്. ഉച്ചകഴിഞ്ഞ് ജെറി മമ്മിയുടെ അനുവാദത്തോടെ വി.സി.ആർ. തുറന്ന് കാസറ്റിട്ട് ഞങ്ങൾ ബ്രൂസ്ലിയുടെ ഒരു കരാട്ടേ സിനിമ കണ്ടു.

മൂന്നരയ്ക്കാണ് എനിക്ക് തിരിച്ചുപോകാനുള്ള ബസ്. സമയത്തിനും പത്ത് മിനിറ്റു മുമ്പേ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. യാത്ര പറയാൻ നേരത്ത് ജെറിയുടെ മമ്മി ഒരു പ്ലാസ്റ്റിക് കവർ എന്നെ ഏൽപ്പിച്ചു. ഞാൻ തുറന്നു നോക്കിയില്ല. ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡിൽനിന്ന് ഞങ്ങൾ കുറേനേരം സംസാരിച്ചു.

ഇങ്ങോട്ടുവന്ന ബസ് തന്നെയാണ്. ജെറിയ്ക്ക് ഹാപ്പി ക്രിസ്മസ് പറഞ്ഞ് ഞാൻ ബസിൽ കയറി. കോഴഞ്ചേരിയിലെത്തി. അവിടെ നിന്നും വീട്ടിലേക്കുള്ള ബസ് കിട്ടി വീട്ടിലേക്കുള്ള വഴിയിലെ റബർ തോട്ടത്തിലെത്തിയപ്പോഴാണ് ഞാൻ ആകാംക്ഷകൊണ്ട് ജെറിയുടെ മമ്മി തന്ന പ്ലാസ്റ്റിക് കവർ ശരിക്കും നോക്കിയത്.

ഉപയോഗിച്ചു പഴകിയ രണ്ടുമൂന്ന് ടീഷർട്ടും നിക്കറും, ക്രിസ്മസ് സമ്മാനമാണ്. ഞാൻ പ്ലാസ്റ്റിക് കവർ സങ്കടത്തോടെ തോട്ടത്തിലെ കമ്മ്യൂണിസ്റ്റ് പൊന്തയിലേക്ക് വലിച്ചെറിഞ്ഞു. കണ്ണുനിറഞ്ഞു. ഓലപ്പുരയിലേക്ക് ഓടിക്കയറി.

ജേക്കബ് ഏബ്രഹാം

ജേക്കബ് ഏബ്രഹാം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content