കുട്ടികളുടെ ആഫ്രിക്ക: ഭാഗം 1
(കുട്ടികളുടെ ആഫ്രിക്ക പരമ്പരയിലെ മറ്റ് ഭാഗങ്ങള്‍ വായിക്കാം)
ഓരോ മൺതരിയിലും അനുഭവങ്ങളും, സ്വപ്നങ്ങളും, പ്രതീക്ഷകളും അടരുകളായി രൂപപ്പെട്ടിരിക്കുന്ന ഭൂമികയാണ് ആഫ്രിക്ക. നിറച്ചും പാട്ടും, മേളവും, ഫുട്ബോളും, പല രൂപത്തിലുള്ള നൃത്ത രൂപങ്ങളും നിറഞ്ഞ നാട്.
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ വീട്ടിലുള്ളവർ സന്തോഷം പങ്കിടുമ്പോൾ തുടങ്ങി, ഒരു കെട്ടിടം പണിയുന്ന പണിക്കാരനിലും, വണ്ടിയോടിക്കുന്ന പീക്കി പീക്കി ഡ്രൈവറിലും, തെരുവ് കച്ചവടക്കാരനിലും, മരണവീട്ടിലെ ആൾക്കൂട്ടങ്ങളിലും സംഗീതമുള്ള, അതിജീവനത്തിന്റെ താളമുള്ള നാട്.
മരുഭൂമിയും, പുൽമേടുകളും, നദികളും, നദീതടങ്ങളും, കാടുകളും ഇടകലർന്ന നിറയെ രഹസ്യങ്ങളുടെ തുറക്കാത്ത നിലവറകൾ ആഫ്രിക്കൻ വൻകരയിലുണ്ട്. കൗതുകം നിറഞ്ഞ കഥകൾ 55 രാജ്യങ്ങൾക്കും പറയാനുണ്ട്.
മനുഷ്യർ എങ്ങനെ അടിമകളാക്കപ്പെട്ടുവെന്നും, നൂറ്റാണ്ടുകളോളം നീണ്ടുനിന്ന അനീതിയുടെ തീച്ചൂളയിലേക്ക് ഒരു വൻകരയിലെ മനുഷ്യർ എങ്ങനെ വലിച്ചെറിയപ്പെട്ടുവെന്നും ആഫ്രിക്ക നമ്മളോട് പറയുന്നുണ്ട്. “ഇരുണ്ട ഭൂഖണ്ഡ”മെന്നും വെള്ളക്കാരുടെയും കറുത്തവരുടേയും എന്ന് മനുഷ്യരെ നിറത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ച അനീതിയുടെ ചരിത്രം വായിക്കേണ്ടതും പഠിക്കേണ്ടതും ഈ ലോകത്തിന്റെ ഭാഗമെന്ന നിലയിൽ നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്.
ആഫ്രിക്കയിലെ 55 രാജ്യങ്ങളുടെ ചരിത്രം വ്യത്യസ്തമാണ്. ഇരയുടെയും വേട്ടക്കാരന്റെയും ചരിത്രം രണ്ടാണ്. വേട്ടക്കാരൻ തന്റെ ധീരതയെ കുറിച്ചും, വീരശൂര പരാക്രമങ്ങളെ കുറിച്ചും പറയുമ്പോൾ, ഇരയാക്കപ്പെട്ടവർ ചൂഷണത്തിന്റെയും, പീഡനത്തിന്റെയും, വേട്ടയാടലിന്റെയും, അതിജീവനത്തിന്റെയും കഥയാകും പറയാനുണ്ടാവുക.
വേട്ടക്കാരനായ സിംഹത്തിന്റെയും ഇരയായ മാൻപേടയുടെയും അനുഭവങ്ങൾ രണ്ടായിരിക്കും. കാട്ടിലെ “രാജാവെന്ന്” വിളിക്കപ്പെടുന്ന സിംഹത്തിന്റെ ധീരതയുടെ കഥകളാകും അടയാളപ്പെടുത്തുക. എന്നാൽ മാന്പേടയുടേതാകട്ടെ തന്റെ കുഞ്ഞുങ്ങളും ഇണയും കൂട്ടുകാരും ഉൾപ്പെടുന്ന കൂട്ടം വേട്ടയാടപ്പെടുമ്പോൾ സ്വയം രക്ഷപ്പെടുവാനും, സ്വന്തം കൂട്ടരെ രക്ഷപ്പെടുത്തുവാനുമായി ജീവനും കൊണ്ട് പലായനം ചെയ്യേണ്ടിവരുന്നവരുടെ അനുഭവങ്ങളും.
ചരിത്രം ഇരയുടെയും വേട്ടക്കാരന്റെയുമാണ്. നീതികേടിന്റെയും, മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ചരിത്രം നമ്മൾ പഠിച്ചാൽ മാത്രമേ നീതിയുടെ ഭാഗത്ത് നിൽക്കുവാനും അനീതിക്കെതിരെ നിലപാടുകൾ എടുക്കുവാനും നമുക്ക് സാധിക്കുകയുളളൂ.
നമ്മൾ ഒരു പുതിയ യാത്ര തുടങ്ങുകയാണ്. മുന്നോട്ടുള്ള യാത്രയിൽ നമ്മൾ ഓരോ ആഫ്രിക്കൻ രാജ്യങ്ങളും കാണും. ഓരോ രാജ്യത്തിന്റെയും പ്രത്യേകതകൾ, ചരിത്രം, പ്രകൃതി, രാഷ്ട്രീയവും സാമൂഹികവുമായ പരിസരങ്ങൾ ഒക്കെ നമ്മൾ പരിചയപ്പെടും.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ഒരു മനോഹരമായ യാത്രയുടെ വിമാനടിക്കറ്റാണ് ഈ പരമ്പര.
(തുടരും)
സോമി സോളമന്
(എഴുത്തുകാരി, കോളമിസ്റ്റ്)
(പരമ്പരയിലെ രണ്ടാം ഭാഗം വായിക്കാം-ലിങ്ക്)