അക്ഷഹൃദയവും അശ്വഹൃദയവും

രിക്കൽ ഒരു രാജകുമാരനെയും വഹിച്ചുകൊണ്ട് തേര് കുതിച്ചു പായുകയായിരുന്നു. രാജകുമാരന്‍റെ ഉത്തരീയം കാറ്റിൽ പറന്നുപോയി. കുമാരൻ കടിഞ്ഞാൺ പിടിച്ച കുതിരക്കാരനോട് രഥമൊന്നു നിർത്താൻ ആവശ്യപ്പെട്ടു.

‘നിമിഷം കൊണ്ട് ഒരു യോജന (ഉദ്ദേശം 8 മൈൽ, ഒരു മൈൽ – 1.6 കിലോമീറ്റർ) മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞു. ഇനി തിരികെ പോയി ഉത്തരീയം എടുക്കുന്നത് ബുദ്ധിയാവില്ല’.

കുതിരക്കാരന്‍റെ മറുപടി കേട്ട രാജകുമാരൻ ഒന്നു ഞെട്ടിയെങ്കിലും ഒന്നും മിണ്ടിയില്ല. അൽപനിമിഷങ്ങൾകഴിഞ്ഞ് നിറയെ ഫലങ്ങൾ നിറഞ്ഞ വലിയൊരു വൃക്ഷത്തിലേക്ക് നോക്കിക്കൊണ്ട് ആ മരത്തിൽ 5 കോടി ഇലകളും 2095 കായ്കളും ഉണ്ടെന്ന് വിളിച്ചു പറഞ്ഞു. ഇത് കേട്ട് കുതിരക്കാരൻ ശരിക്കും ഞെട്ടി.

ഇതെങ്ങനെ സാധിച്ചെന്ന് ആകാംക്ഷാപൂർവ്വം പരസ്പരം തിരക്കുകയും ചെയ്തു. അപ്പോഴാണ് ഇരുവരും തങ്ങൾക്കറിയാവുന്ന അസാധാരണ മന്ത്രവിദ്യയെക്കുറിച്ച് സംസാരിക്കുന്നത് .

അതെ കൂട്ടുകാരെ, ഇവിടെ രഥത്തിലിരുന്ന രാജാവ് ഋതുപർണനും തേരോടിച്ചുകൊണ്ടിരുന്നത് വിധിവൈപരീത്യത്താൽ തേരാളിയായി ജീവിക്കേണ്ടിവന്ന നളമഹാരാജാവും ആണ്.

അക്ഷഹൃദയം എന്ന മന്ത്രവിദ്യയാണ് ഋതുപർണരാജാവ് പ്രയോഗിച്ചത് . ഈ മന്ത്രം അറിയാവുന്നവർക്ക് ഒരു വൃക്ഷത്തിൽ ഉള്ള ഇല, പൂവ്, കായ് എന്നിവയുടെ എണ്ണം നേരിട്ട് എണ്ണതെ തന്നെ അറിയുവാൻ സാധിക്കുമത്രേ. ചൂതുകളിയിലെ രഹസ്യങ്ങൾ അറിയുവാൻ ഈ മന്ത്രം സഹായിക്കും.

അശ്വഹൃദയം എന്ന മന്ത്രവിദ്യയാണ് നളൻ പ്രയോഗിച്ചത്. കുതിരയെ വളരെ വേഗത്തിൽ ഓടിക്കുന്നതിനുള്ള ഒരു വിദ്യ. നിഷധ രാജാവായ നളൻ വിധിയുടെ ചില നിയോഗങ്ങളാൽ ഋതുപർണ രാജധാനിയിൽ കുതിരക്കാരനായി കഴിയുന്ന കാലം.

നളനെ വേർപിരിഞ്ഞ ദമയന്തി നിഷധ രാജ്യത്തിൽ നിന്ന് വളരെ യുക്തിപൂർവ്വമായ ഒരു വിളംബരം പുറപ്പെടുവിക്കുകയാണ്. ചുരുങ്ങിയ കാലഗണന വെച്ചുകൊണ്ട് രണ്ടാംവിവാഹത്തിന് രാജകുമാരന്മാരെ ക്ഷണിക്കുന്നു.

തന്‍റെ പ്രിയതമന് വശമായിട്ടുള്ള അശ്വഹൃദയമന്ത്രം കൊണ്ടുമാത്രമേ ഈ സമയത്തിനകം നിഷധ രാജ്യത്തിലേക്ക് കുതിരകളെ ഓടിച്ചു എത്തിക്കാൻ കഴിയൂ എന്ന് ബുദ്ധിമതിയായ ദമയന്തിക്കറിയാം.

ഋതുപർണ്ണനും ഈ പുനർവിവാഹത്തിനുള്ള ക്ഷണം ലഭിക്കുന്നു. സാധാരണനിലയിൽ എത്താവുന്നതിലധികം ദൂരത്തിൽ ആയിരുന്നു ഒന്നു നിഷധരാജ്യം. മുഹൂർത്തത്തിനു മുമ്പ് എത്തിച്ചേരാൻ വഴികാണാതെ കുഴഞ്ഞ രാജാവിനെ നളൻ സഹായിക്കാമെന്നേറ്റു. അങ്ങനെയവർ യാത്ര പുറപ്പെട്ടു.

ചൂതുകളിയിൽ രാജസ്ഥാനം നഷ്ടപ്പെട്ട നളൻ അക്ഷഹൃദയമന്ത്രം ഋതുപർണ്ണനിൽനിന്ന് വശമാക്കുകയും, പ്രത്യുപകാരമായി അശ്വഹൃദയമന്ത്രവിദ്യ ഋതുപർണ്ണന് പഠിപ്പിക്കുകയും ചെയ്തു.

സഹോദരനുമായി ചൂത് കളിച്ച് നഷ്ടപ്പെട്ട രാജ്യം സ്വന്തമാക്കാനും, തന്‍റെ പത്നിയെ തിരികെ ലഭിക്കാനും അക്ഷഹൃദയം നളനെ സഹായിച്ചു.

കൂട്ടുകാരെ, ഇതുപോലെ എത്രയെത്ര കഥകളുടെ ലോകമാണ് മഹാഭാരതമെന്ന നമ്മുടെ ഇതിഹാസം നമ്മൾക്ക് പകർന്നു നൽകുന്നതെന്നറിയാമോ ?

നളദമയന്തി കഥയിൽ ഇനിയും ധാരാളം ശ്രദ്ധേയരായ കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങളെ കണ്ടെത്തുന്നത് മഹാഭാരത കഥാവായനയിലൂടെ തന്നെയാവണം.

‘യൗവനം വന്നുദിച്ചിട്ടും’ എന്ന ഒരു കവിതാഭാഗം നീലക്കുറിഞ്ഞിയിലെ നാലാമത്തെ യൂണിറ്റായ ‘ഉയരുന്ന തിരശീലയിലെ’ ആദ്യ പാഠമാണല്ലോ.

കലാരൂപങ്ങൾക്ക് കുഞ്ഞുമനസ്സിലുള്ള പ്രാധാന്യം ഈ യൂണിറ്റ് നമുക്ക് പരിചയപ്പെടുത്തുന്നു.

കൂത്ത്, കൂടിയാട്ടം, ആട്ടക്കഥ, കഥകളി, തെയ്യം എന്നൊക്കെയുള്ള വിവിധ തരം കലാരൂപങ്ങൾ നമുക്കറിയാം. ഇതിൽതന്നെ, അനുഷ്ഠാനകലകൾ, നാടോടികഥകൾ എന്നിങ്ങനെ പല വകഭേദങ്ങളും കാണാൻ കഴിയും. എന്തുതന്നെയായാലും നമ്മുടെ ഇതിഹാസങ്ങളായ മഹാഭാരതത്തിനും രാമായണത്തിനും ഈ കലാരൂപങ്ങളോടൊക്കെയുള്ള ബന്ധം പ്രത്യേകം പറയേണ്ടതില്ലല്ലോ. രാമനും കൃഷ്ണനും അർജ്ജുനനും ഭീമനും പാഞ്ചാലിയും സീതയുമൊക്കെ നമ്മളിലേക്കെത്തുന്നത് ഈ കലാരൂപങ്ങൾ വഴിയായിരുന്നില്ലേ?

മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു മാത്രമേ ഏതു കലയും നിലനിൽക്കുകയുള്ളൂ; ആസ്വദിക്കപ്പെടുകയുള്ളൂ. ജീവിതരീതികളിൽ വരുന്ന മാറ്റം കലകളുടെ അവതരണത്തിലും ചിലപ്പോൾ രൂപഘടനയിൽ പോലും മാറ്റങ്ങൾ വരുത്തും. പുതിയകലകൾ കാലത്തിന്‍റെ സ്വഭാവത്തിനനുസരിച്ച് ജന്മം കൊള്ളുകയും ചെയ്യും.

ആദ്യകാല കലകളുടെ നിർമ്മിതിക്കു പിന്നിൽ കൂട്ടായ്മ ഉണ്ടായിരുന്നു. ഒത്തുചേരുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന അവസരങ്ങളിലാണ് കലകൾ പ്രയോജനപ്പെട്ടിരുന്നത്. ആധുനിക കാലത്തെത്തുമ്പോൾ സമൂഹം എന്ന നിലയിൽനിന്നു പലപ്പോഴും വ്യക്തി എന്ന നിലയിലേക്ക് ചുരുങ്ങാനുള്ള പ്രവണത വർധിക്കുന്നു.

സ്വന്തം മുറിക്കകത്ത് അടച്ചിരുന്ന് ആസ്വദിക്കാൻ ഉതകുന്ന വിധത്തിൽ കലാവതരണങ്ങൾ സാധ്യമായി. സ്വന്തം സ്വപ്നങ്ങളിൽ കുറച്ചുസമയം മുഴുകിയിരിക്കാൻ സഹായിക്കുന്ന ഒന്നു മാത്രമായി കലകൾ മാറിക്കൊണ്ടിരിക്കുന്നു. അത് മനുഷ്യനെ മാനവികത എന്ന വിശാലമായ തലത്തിൽ നിന്ന് സ്വന്തം കൂടുകളിൽ ഒതുക്കുന്ന തരത്തിലേക്ക് വളരുന്നു.

ഈ അവസ്ഥ തിരിച്ചറിയുകയും അതിൽ നിന്ന് കുതറിമാറി ജീവിതം സാർഥകമാക്കാൻ കലകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയും ഉണ്ടാവേണ്ടതുണ്ട്. അതിന് നമ്മുടെ കലാപാരമ്പര്യത്തെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

കഥകളിയെന്ന കലാരൂപമാണ് ഈ പാഠഭാഗത്തിലൂടെ നമ്മൾ മനസ്സിലാക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിന്റെ കലാ പാരമ്പര്യത്തിൽ കഥകളിക്കുള്ള സ്ഥാനം എന്ത് ? എന്നതായിരിക്കട്ടെ ഇന്നത്തെ പഠന പ്രവർത്തനം.

 

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content