(ഈ ശിശുദിനത്തില്‍ ‘പൂമൊട്ടുകള്‍ – കുട്ടി എഴുത്തുകാര്‍’ എന്ന സീരീസ് അരംഭിക്കുകയാണ്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കുട്ടി എഴുത്തുകാരെയാണ് ഈ സീരീസില്‍ പരിചയപ്പെടുത്തുന്നത്. എഴുത്തിലെ പുതുമൊഴികളെ കണ്ടെത്താനുള്ള ശ്രമം എന്നതിനപ്പുറം ഭാഷയെയും സാഹിത്യത്തെയും വായനയെയും എഴുത്തിനെയും കുട്ടികള്‍ എങ്ങനെ കാണുന്നു എന്നറിയാനുള്ള യാത്ര കൂടിയാണ് ഈ സീരീസ്. എഴുത്തിന്റെ മേഖലയിലേക്ക് കടന്നു ചെല്ലാന്‍ ആഗ്രഹിക്കുന്ന മറ്റ് കുട്ടികള്‍ക്ക് പ്രചോദനം കൂടിയായിരിക്കും ഈ പംക്തി.)
‘കവിത പൂക്കുന്ന ക്ലാസ് മുറികള്‍’ – ആര്‍ച്ചയുടെ എഴുത്തുകള്‍
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആര്‍ച്ച എ. ജെയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതൊരു കവിതാ സമാഹാരമായിരുന്നു. ‘കവിത പൂക്കുന്ന ക്ലാസ് മുറികള്‍’ എന്ന കവിതാ സമാഹാരത്തില്‍ തന്റെ സ്കൂള്‍ അനുഭവങ്ങളാണ് ആര്‍ച്ച കവിതാ രൂപത്തില്‍ പകര്‍ത്തിവെച്ചത്.
‘കവിത പൂക്കുന്ന ക്ലാസ് മുറികള്‍’ ഉള്‍പ്പെടെ ഇതിനകം മൂന്നു പുസ്തകങ്ങള്‍ ആര്‍ച്ച എ. ജെയുടേതായി പുറത്തുവന്നിട്ടുണ്ട്. ‘കോഡ് നംബര് 11’ എന്ന കഥാസമാഹാരമാണ് രണ്ടാമതായി പ്രസിദ്ധീകരിച്ചത്. ഗ്രീന്‍ ബുക്സ് ആണ് ആദ്യ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്. മൂന്നാമത്തേത് ‘എന്റെ പരിസ്ഥിതി പഠനങ്ങള്‍’ എന്ന ലേഖനസമാഹാരമാണ്.
കവിതയാണ് എഴുതിത്തുടങ്ങിയത്. എല്‍ പി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ എഴുതിയ കവിതകളൊക്കെ അമ്മ ഒരു പുസ്തകത്തില്‍ എഴുതിവെയ്ക്കുമായിരുന്നു. പ്രസിദ്ധീകരിക്കാന്‍ കൊള്ളാവുന്ന കവിതകള്‍ എഴുതിത്തുടങ്ങിയത് എട്ടാം ക്ലാസിലൊക്കെ എത്തിയപ്പോഴാണെന്ന് ആര്‍ച്ച പൂക്കാലത്തിനോട് പറഞ്ഞു.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കഥാസമാഹാരമായ ‘കോഡ് നംബര് 11’ പ്രസിദ്ധീകരിക്കുന്നത്. സ്ത്രീസമത്വം എന്ന പ്രമേയം ചര്‍ച്ച ചെയ്യുന്ന കഥയാണ് സമാഹാരത്തിലെ ‘കോഡ് നംബര് 11.’
മാതൃഭൂമിയുടെ സീഡ് റിപ്പോര്‍ട്ടര്‍ ആയിരുന്നപ്പോള്‍ ചെയ്ത പരിസ്ഥിതി പഠനങ്ങളും പ്രോജക്ടുകളും സ്കൂളില്‍ ചെയ്തിട്ടുള്ള പഠനങ്ങളും ആണ് ‘എന്റെ പരിസ്ഥിതി പഠനങ്ങള്‍’ എന്ന ലേഖന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എഴുത്തും വായനയും
“ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് എഴുത്തിന് വിഷയമാക്കാറ്. എഴുതാന്‍ വേണ്ടി ഇരിക്കാറില്ല. എഴുതണം എന്നു തോന്നുന്ന സമയങ്ങളില്‍ എഴുതുകയാണ് പതിവ്.” ആര്‍ച്ച പറഞ്ഞു.
കഥകളും കവിതകളും നോവലുകളുമൊക്കെ വായിക്കും. വീട്ടില്‍ ചെറിയ ലൈബ്രറി ഉണ്ട്. അമ്മയും അച്ഛനും നല്ല പിന്തുണയാണ് തരുന്നത്. എന്തെങ്കിലും എഴുതാന്‍ സമയം കണ്ടെത്തണം എന്നു അവര്‍ ഓര്‍മപ്പെടുത്താറുണ്ടെന്നും ആര്‍ച്ച പറഞ്ഞു.
സെന്റ് തോമസ് ഹൈസ്കൂള്‍ മൂക്കൊലയ്ക്കലില് നിന്നും കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ആര്‍ച്ച എ ജെ ഇപ്പോള്‍ കഴക്കൂട്ടത്തെ ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍ പ്ലസ് വണ്‍ മാനവിക വിഷയ വിദ്യാര്‍ത്ഥി ആണ്. തിരുവനന്തപുരം നന്ദന്‍കോട് ആണ് താമസം.
അച്ഛന് ഡോ. ജോമന് മാത്യു യൂണിവേഴ്സിറ്റി കോളേജില്‍ സാമ്പത്തിക ശാസ്ത്രം അസിസ്റ്റന്റ് പ്രൊഫസറാണ്. അധ്യാപികയാണ് അമ്മ ആശ.