മലയാളഭാഷയുടെ പിതാവിനെ അറിയാന്‍
‘അന്നാര’യിലേക്ക് പോയാലോ?
പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്ന പഴയ വെട്ടത്തുനാട്ടിലെ അന്നാര എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മലപ്പുറം ജില്ലയിലെ ‘തുഞ്ചന്‍ പറമ്പ്’ അറിയാമോ? ഇപ്പോള്‍ പലര്‍ക്കും സ്ഥലം മനസ്സിലായി കാണും. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മസ്ഥലമാണ് തിരൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനടുത്തുള്ള അന്നാര എന്ന പ്രദേശം. അത് ഇന്നറിയപ്പെടുന്നത് തുഞ്ചന്‍ പറമ്പ് എന്നാണ്. തിരൂര്‍-പൂങ്ങോട്ടുകുളം-പരവണ്ണ റോഡില്‍ തുഞ്ചന്‍ പറമ്പിലാണ് തുഞ്ചന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്.

തുഞ്ചൻ സ്‌മാരകം
പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതുന്ന എഴുത്തച്ഛന്റെ സ്മരണയ്ക്കായി, 1964 ജനുവരി 15നാണ് തുഞ്ചന്‍ സ്മാരകം സ്ഥാപിക്കപ്പെട്ടത്. എഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന എഴുത്താണി ഉള്‍പ്പെടെ മലയാള ഭാഷാചരിത്രവുമായി ബന്ധപ്പെട്ട ലിഖിതങ്ങളും പുരാരേഖകളും, പനയോലയില്‍ എഴുതിയ പുരാതന കൈയെഴുത്തുപ്രതികളും ഇവിടുത്തെ സരസ്വതി മണ്ഡപത്തിലും അതിനോട് ചേര്‍ന്നുള്ള ലൈബ്രറിയിലും മ്യൂസിയത്തിലുമായി സൂക്ഷിച്ചിട്ടുണ്ട്.

തുഞ്ചൻ മണ്ഡപം
എഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന കിഴക്കു ഭാഗത്തെ കുളം, വാക്ദേവി പ്രതിഷ്ഠയുള്ള സരസ്വതിക്ഷേത്രവുമൊക്കെ അതുപോലെതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഏറെ അത്ഭുതമുളവാക്കുക അവിടത്തെ കാഞ്ഞിരമരമാണ്. കയ്പ്പുള്ളതാണല്ലോ കാഞ്ഞിരം. എന്നാല്‍ തുഞ്ചന്‍പറമ്പിലേത് കയ്ക്കാത്ത കാഞ്ഞിരമാണ് എന്നൊരു വിശ്വാസമുണ്ട്. ആചാര്യമഹിമയാല്‍ കയ്പുപോയ കാഞ്ഞിരമെന്നത്രെ പ്രചാരം. ഈ കാഞ്ഞിരമരച്ചോട്ടിലിരുന്നാണ് എഴുത്തച്ഛന്‍ തന്റെ രചനകള്‍ നിര്‍വഹിച്ചതും ശിഷ്യരെ പഠിപ്പിച്ചതും എന്നാണ് കരുതപ്പെടുന്നത്. ആദ്യത്തെ കാഞ്ഞിര മരം നശിച്ചുവെന്നും അതില്‍ നിന്നും മുളച്ചതാണ് ഇപ്പോള്‍ കാണുന്നതെന്നും വാദമുണ്ട്. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്, ശ്രീ മഹാഭാരതം കിളിപ്പാട്ട്, ശ്രീ മഹാഭാഗവതം കിളിപ്പാട്ട് തുടങ്ങിയ കൃതികള്‍ എഴുതിയത് ഇവിടെവച്ചായിരുന്നുവെന്നാണ് ഐതിഹ്യം.

തുഞ്ചൻ പറമ്പ്
മലയാള ഭാഷയ്ക്ക് ക്രമക്കണക്ക് ഉണ്ടാക്കിയത് എഴുത്തച്ഛനാണെന്ന് കരുതപ്പെടുന്നു. ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി ആദ്യ അക്ഷരമെഴുത്ത് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണെന്ന് ഗവേഷര്‍ അഭിപ്രായപ്പെടുന്നു. എഴുത്തച്ഛന്റെ കാവ്യങ്ങള്‍ ഇന്നു കാണുന്ന തരത്തില്‍ തനിമലയാളത്തിലായിരുന്നില്ല. സംസ്‌കൃത പദങ്ങള്‍ അദ്ദേഹം യഥേഷ്ടം ഉപയോഗിച്ചിരുന്നു. എങ്കിലും ഭാഷയേയും സാഹിത്യത്തേയും ഭക്തിപ്രസ്ഥാനമൂല്യങ്ങളിലൂടെ ആവിഷ്‌കരിച്ച് ജനകീയമാക്കിയത് അദ്ദേഹമായിരുന്നു.
എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്താനായി ഇവിടെ എല്ലാവര്‍ഷവും തുഞ്ചന്‍ദിനം ആഘോഷിക്കുന്നുണ്ട്. കൂടാതെ പ്രസിദ്ധമായ ‘തുഞ്ചന്‍ ഉത്സവം’ നടക്കുന്നതും ഇവിടെയാണ്. എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് ‘തുഞ്ചന്‍ ഉത്സവം’ നടക്കുന്നത്. കെ.പി. കേശവമേനോന്‍ ആയിരുന്നു തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ആദ്യ അധ്യക്ഷന്‍. ഇപ്പോള്‍ എം.ടി. വാസുദേവന്‍ നായരാണ് ആ പദവി വഹിക്കുന്നത്.

ഗ്രന്ഥപ്പുര
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്ററും, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്ററും അകലെയാണ് തുഞ്ചന്‍ പറമ്പ് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള വിമാനത്താവളം 33 കി.മീ അകലെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ്.
തുഞ്ചന്‍ പറമ്പില്‍ എത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ മറ്റ് മനോഹരമായ പ്രദേശങ്ങളും തൊട്ടടുത്തുണ്ട്. ചരിത്രവും സംസ്‌കാരവും പ്രകൃതിഭംഗിയും നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശമാണ് തിരൂര്‍. മാമാങ്ക ചരിത്ര ശേഷിപ്പുകള്‍ പേറുന്ന ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ ക്ഷേത്രവും പരിസരവും തിരൂരില്‍ നിന്ന് 11 കി.മീ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. നൂര്‍ തടാകം (2 കി.മീ), പടിഞ്ഞാറേക്കര കടല്‍ത്തീരം (17 കി.മീ), ചെറുപാടി മല (28 കി.മീ), പൊന്നാനി പള്ളിയും കടല്‍ത്തീരവും (23 കി.മീ), പാലൂര്‍ കോട്ട വെള്ളച്ചാട്ടം (30 കി.മീ), മിനി ഊട്ടി എന്ന് അറിയപ്പെടുന്ന അരിമ്പാറ (31 കി.മീ) തുടങ്ങിയ ഒട്ടേറേ മനോഹരമായ പ്രദേശങ്ങളും അടുത്ത് തന്നെയുണ്ട്.

കൃഷ്‌ണഗോവിന്ദ്