മൂന്ന് ചാച്ചാജി കഥകള്‍
ചാച്ചാജിയുടെ സമ്മാനം
‘ആന കൊടുത്താലും ആശ കൊടുക്കരുത് ‘ എന്ന ചൊല്ല് നമ്മൾ പല സന്ദർഭങ്ങളിലും ഉപയോഗിക്കാറുണ്ട്. ഈ പഴഞ്ചൊല്ല് കേൾക്കുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും ചാച്ചാജിയെ ഓർത്തു പോകാൻ ഇടയുണ്ട്.
അതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കൽ അദ്ദേഹം കുട്ടികൾക്ക് സമ്മാനമായി നൽകിയത് ആനക്കുട്ടിയെ ആയിരുന്നു. കളിപ്പാട്ടമല്ല, ജീവനുള്ള ആനക്കുട്ടിയെ തന്നെ!
ജപ്പാനിലെ കുട്ടികൾക്കായിരുന്നു നെഹ്റുവിന്റെ ഈ അപൂർവ പാരിതോഷികം ആദ്യമായി ലഭിക്കാനുള്ള ഭാഗ്യമുണ്ടായത്. അവിടത്തെ കുട്ടികളുടെ ആവശ്യപ്രകാരം മൈസൂരിൽ നിന്നും ഒരു ആനക്കുട്ടിയെ കൊണ്ടുവന്ന് ടോക്യോയിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ‘ഇന്ദിര’ എന്ന പേരായിരുന്നു ആനക്കുട്ടിക്ക് നൽകിയിരുന്നത്.
ജീവിതത്തിൽ ഒരിക്കൽ പോലും ആനയെ അടുത്തു കണ്ടിട്ടില്ലാത്ത ആ കുട്ടികൾക്ക് ഇതിൽപ്പരം ഒരു സന്തോഷം വേറെയുണ്ടോ? അവർ ഗംഭീരമായ സ്വീകരണമാണ് ആ പാരിതോഷികത്തിനു നൽകിയത്.
ഇതറിഞ്ഞ് ലോകത്തിന്റെ പല ഭാഗത്തു നിന്നും കുട്ടികൾ ആനയ്ക്കു വേണ്ടി ചാച്ചാജിക്ക് കത്തെഴുതി. ആനയെ ആശിച്ച ആരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. അമേരിക്ക, റഷ്യ, ജർമനി, ഹോളണ്ട്, സൗദി അറേബ്യ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കെല്ലാം കുട്ടികൾ ആവശ്യപ്പെട്ട പ്രകാരം പലപ്പോഴായി അദ്ദേഹം ആനകളെ അയച്ചുകൊടുത്തു.
ചാച്ചാജിയും കുട്ടികളും
ഒരിക്കൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തമിഴ്‌നാട്ടിൽ വച്ചു നടക്കുന്ന ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പ്രധാനമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കടന്നു പോകുന്ന പാതയുടെ ഇരുവശങ്ങളിലും അദ്ദേഹത്തെ ഒരുനോക്കു കാണാൻ ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു.
ചാച്ചാജിയുടെ സന്ദർശന വിവരമറിഞ്ഞ് ആദ്ദേഹത്തെ കാണാൻ വഴിയോരത്ത് ധാരാളം കുട്ടികളും കാത്തുനിന്നിരുന്നു. അവർക്കിടയിൽ വർണ ബലൂണുകളുമായി ഒരു കച്ചവടക്കാരനും നിൽപ്പുണ്ടായിരുന്നു.
ആ കാഴ്ച കണ്ട് നെഹ്റു വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇറങ്ങിച്ചെന്ന് ആ ബലൂണുകളെല്ലാം വാങ്ങിച്ച് കുട്ടികൾക്കു സമ്മാനിച്ചു. ചാച്ചാജിയെ അടുത്തു കാണാൻ കഴിഞ്ഞതിലും ബലൂണുകള്‍ സമ്മാനമായി ലഭിച്ചതിലും സന്തോഷം കൊണ്ട് ആ കുട്ടികൾ മതിമറന്നു. കൂട്ടത്തിൽ ചെറിയ കുട്ടിയെ എടുത്തുയർത്തി അവരുടെ ആഹ്ളാദത്തിൽ പങ്കുചേരാനും അദ്ദേഹം മടിച്ചില്ല.
ചാച്ചാജിയുടെ താരാട്ട്
ഒരു ദിവസം നെഹ്റു തീൻമൂർത്തി ഭവനിലെ ഉദ്യാനത്തിൽ ഉലാത്തുകയായിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അദ്ദേഹം ചുറ്റും നോക്കി. അല്പം അകലെയായി ഒരു കുഞ്ഞ് നിലത്തു കിടന്നു കരയുകയാണ്.
അദ്ദേഹം വേഗം അങ്ങോട്ടു ചെന്നു. കുഞ്ഞ് നിർത്താതെ കരയുകയാണ്. അടുത്തൊന്നും ആരെയും കണ്ടതുമില്ല.
നെഹ്റു ആ കുഞ്ഞിനെ എടുത്ത് മടയിൽ വച്ച് ലാളിക്കാൻ തുടങ്ങി. കുഞ്ഞ് കരച്ചിൽ നിർത്തി പുഞ്ചിരി പൊഴിച്ചു. അപ്പോഴേയ്ക്കും കുഞ്ഞിന്റെ അമ്മ അവിടേയ്ക്ക് ഓടിയെത്തി. പൂന്തോട്ടിലെ ജോലിക്കാരിയായിരുന്നു ആ സ്ത്രീ. ജോലിത്തിരക്കിനിടയിൽ അവർക്ക് അല്പനേരം കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
ഭാരതത്തിന്റെ പ്രധാനമന്ത്രി, തന്റെ കുഞ്ഞിനെ മടിയിൽ വച്ച് താരാട്ടുന്ന കാഴ്‌ചയ്ക്കു മുന്നിൽ ആ അമ്മയും കണ്ണും കരളും നിറഞ്ഞു.
കെ.കെ. പല്ലശ്ശന