തൃപ്‌തി

നോക്കി നിൽക്കാറുണ്ട്, മുറ്റത്തു പൂവിനാ-
യൂട്ടിവളർത്തും ചെടികൾക്കുമപ്പുറ-
മിത്തിരി മണ്ണിൽ പൊടിച്ചു മുതിരുമൊ-
രൊറ്റച്ചെടിയെ ഞാനെന്നും…ഇതേവരെ
പൂത്തിട്ടി,ല്ലായതേക്കാളും മനോഹര-
മാണതിൻ തണ്ടും തളിരും നിറങ്ങളും…

പേരറിയി,ല്ലതു ചോദിച്ചറിയുവാ
നാശയുമില്ല,കളപ്പൊടിപ്പെന്നതാ-
മുത്തരമെന്നൊരു ശങ്കയാൽ..കേൾക്കുകി-
ലെങ്ങാനുമച്ചെടി വാടുമെന്നാകയാൽ.
നീമാത്രമെന്താണു പൂക്കാത്തതെന്നൊന്നു
ചോദിക്കുവാൻ കൂടി വയ്യ..ആ നോവിനാ-
ലപ്പടി വാടിക്കരിഞ്ഞാലോ…?ഇങ്ങനെ
തൃപ്തിയിലെന്നു മുണർന്നു നോക്കുന്നതാ-
മിഷ്ടമെന്നാണെന്റെയൂഹവും ബോധ്യവും.

അസീം താന്നിമൂട്

അസീം താന്നിമൂട്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content